Skip to main content

കാലത്തിനൊപ്പം ഓണം ഓണത്തിനൊപ്പം ഞാനും..

onakkurippu22

Entry No : 022

Adharsh B [RR Donnelley]

'ഓണം' കേരളീയരുടെ ദേശീയോത്സവം. സന്തോഷത്തിന്റേയും സമാധാനത്തിന്റെയും കൂടിച്ചേരലുകളുടെയും സമൃദ്ധിയുടേയും വമ്പൻ ആഘോഷം. മഹാബലി തമ്പുരാന്റെ കാലത്ത് നിലനിന്നിരുന്നു എന്ന് നമ്മൾ വിശ്വസിക്കുന്ന സമാധാനവും ഒത്തൊരുമയും അത്രത്തോളം ഇല്ലെങ്കിലും കുശുമ്പിനും കുന്നായ്മയ്ക്കും കുറവൊട്ടുമില്ലതാനും.. എന്നാലും നമ്മൾ മലയാളികൾ പൊളിയല്ലേ.. ഒരാവശ്യം വന്നാൽ ഒത്തൊരുമയൊക്കെ പറന്നു വരും.. എന്താച്ചാൽ അതൊക്കെ നമ്മുടെ രക്തത്തിൽ ഉള്ളതാന്നെ... പ്രളയം വന്നാൽ തോണിയായും കൊടുങ്കാറ്റു വന്നാൽ മലയായും ഇനിയിപ്പൊ വരൾച്ച വന്നാൽ പുഴയായും നമ്മൾ മാറും.. അതിപ്പൊ നാട്ടുകാരനായാലും പ്രവാസിയായാലും സഹായ ഹസ്തങ്ങൾ നീണ്ടു കൊണ്ടിരിക്കും. മറ്റ് ദേശക്കാരേം ഭാഷക്കാരേം ഇതൊക്കെ കാണിച്ച് പുളകം കൊള്ളിക്കുന്നതിൽ പരം രോമാഞ്ചിഫിക്കേഷൻ വേറെന്താ ഉള്ളതല്ലേ...

കുട്ടിക്കാലത്തെ ഓണമൊക്കെ അച്ഛന്റെ കുടുംബ വീട്ടിലാണ്. കുടുംബ വീട് എന്നൊക്കെ കേൾക്കുമ്പോ സിനിമയിലെ കണിമംഗലം കോവിലകം ഒക്കെ മനസിൽ തെളിഞ്ഞു വന്നിട്ടുണ്ടേൽ ജെസ്റ്റ് വൈപ് ഇറ്റ് ഓഫ്... ഒരു കുഞ്ഞു ഓടിട്ട കെട്ടിടം. അമ്മൂമ്മയും അച്ഛനും സഹോദരങ്ങളും കുടുംബവും ഒക്കെ അവിടെ തന്നെ.. അത് തന്നെയായിരുന്നു ഞങ്ങളുടെ ലോകം.

ഞങ്ങൾ കസിൻസ് എല്ലാവരും കൂടി 8 കുട്ടികളാണ് വീട്ടിൽ. ആകെ ഒരു മേളമാണ്. അവിടെയായിരുന്നു 10 വയസ് വരെയുള്ള എന്റെ ആഘോഷങ്ങളെല്ലാം.. പിന്നെ പതിയെ ഓരോരുത്തരായി വീടു വെച്ചു മാറി. അമ്മൂമ്മ ഞങ്ങടെ കൂടെ ആയിരുന്നു. അടുത്ത് അജി ചേട്ടന്റെ ഒരു കടയുണ്ട്. ഓണമായാൽ സി.ഐ.ടി മൂസയിൽ പട്ടീടെ മെനുവിന്റെ നീണ്ട ലിസ്റ്റ് പോലെ നീളത്തിലൊരു ലിസ്റ്റ് അച്ഛൻ ചേട്ടന്റെ കടയിൽ കൊടുക്കും. ചാക്കിലാക്കിയ സാധനങ്ങൾ വീട്ടിലെത്തും. പിന്നെ വീടു വൃത്തിയാക്കൽ, അത്തപ്പൂക്കളം, സദ്യ വട്ടം, അമ്മയുണ്ടാക്കുന്ന പലഹാരങ്ങൾ ഉണ്ടാക്കുന്ന മുറയ്ക്ക് പാത്രം കാലിയാക്കി സഹായിക്കൽ ലൈറ്റ് കാണാൻ എന്ന പേരിൽ കനകക്കുന്നിലൊക്കെ ഒരു കറക്കം... ഓണ ഓർമ്മകൾ..... വഴിയോര കച്ചവടക്കാരുടെ കൈയിലെ മിന്നുന്ന സാധനങ്ങളിലാണ് കണ്ണുടക്കുക. ശരിക്കും ഞാൻ ആത്മാർത്ഥമായി ആ ലൈറ്റ് ഒക്കെ കണ്ടത് എന്റെ മകളെ കൊണ്ട് ലൈറ്റ് കാണിക്കാൻ എന്ന് പറഞ്ഞ് ചുറ്റിത്തിരിഞ്ഞപ്പോഴാണ്.

പിന്നെ അമ്മൂമ്മയുടെ മരണം ഓണത്തിന്റെ പരിവേഷം തെല്ലൊന്നു കുറച്ചു. ഇത് എന്റെ അച്ഛനില്ലാത്ത രണ്ടാമത്തെ ഓണമാണ്. പണ്ടത്തെ ഉത്സാഹവും ആഘോഷവും നീണ്ട ലിസ്റ്റും ഒന്നുമില്ലെങ്കിലും ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്കൊപ്പം ആഘോഷിക്കുന്ന ഓണത്തിനും വല്ലാത്തൊരു സുഖമാണ്.. അച്ഛൻ എന്തിനാണ് ഈ നീണ്ട ലിസ്റ്റൊക്കെ കൊടുക്കുന്നത് എന്ന് തോന്നിട്ടുണ്ട്. അതിന്റെ പിന്നിലെ ചേതോവികാരം ഞങ്ങടെ സന്തോഷം മാത്രമായിരുന്നുവെന്ന് എന്റെ മകൾക്കായി ഓരോ കാര്യം ചെയ്യുമ്പോഴും ഞാനോർക്കാറുണ്ട്.

എന്റെ കുഞ്ഞു രാജകുമാരിക്ക് വേണ്ടി അത്തപ്പൂക്കളമിട്ടും സദ്യയൊരുക്കിയും കണ്ണുപൊത്തിക്കളിച്ചും ഊഞ്ഞാലിട്ടും ഉറിയടിച്ചും പാട്ടും ഡാൻസുമൊക്കെയായിഈ "കൊറോണം" ഞങ്ങൾ അങ്ങ് ആഘോഷമാക്കി.

വേണ്ടപ്പെട്ടവരുടെ അസാന്നിധ്യത്തിനും അവരുടെ സ്‌നേഹത്തിനും കരുതലിനും പകരം വയ്ക്കാൻ മറ്റൊന്നുമില്ല തന്നെ.... എങ്കിലും പുതിയ വേഷങ്ങൾ പകർന്നാടി പലരെയും സന്തോഷിപ്പിച്ച് അവരുടെ ജീവിതത്തിലെ പകരക്കാരില്ലാത്ത ഒരാളാകാനായി നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കും....

ഓണം കഴിഞ്ഞ സ്ഥിതിക്ക് ഫ്രഷ് ആയിട്ട് എന്തേലും പറയട്ടേ..... എല്ലാവർക്കും ഓണം കഴിഞ്ഞ ക്ഷീണാശംസകൾ