Entry No:017
Jinish Kunjilikkattil [ Allianz Technologies ]
ഓരോ ഓണവും ഗൃഹാതുരത്വത്തിന്റെ മേമ്പൊടികളുമായാണ് കടന്നു വരുന്നത്.മണ്ണിട്ട ഇടവഴിയിലിരുവശത്തും പലതരത്തിലും, നിറത്തിലും നിറഞ്ഞു നിന്നിരുന്ന പൂക്കൾ പറിക്കാനും , മതിലില്ലാത്ത വീടുകളും, പറമ്പുകളും കടന്ന് തുമ്പപ്പൂവും മറ്റുപൂക്കളും കിട്ടാനും ഓടി നടന്നതു ഇന്നലെയെന്നപോലെ തോന്നുന്നു, വർഷങ്ങളിത്ര കഴിഞ്ഞിട്ടും.
പൂക്കളമിടാൻ അന്നൊന്നും അതിർത്തി കടന്ന് വരുന്ന പൂക്കളെ കാത്തിരിക്കാറില്ലായിരുന്നു. വീട്ടിലും ,പറമ്പിലും ഉള്ള പൂവുകൾ കൊണ്ടുതന്നെ നല്ല വലിയ പൂക്കളം തീർത്തിരുന്നു. വയലറ്റ് നിറമുള്ള കോളാമ്പി പൂക്കൾ ഓണമടുക്കുന്നതോടെ റോഡരികിലെ വേലികളിൽ നിറയും. പൂക്കളത്തിലെ പ്രധാന ഐറ്റം അതായിരുന്നു. പിച്ചിയും നുറുക്കിയും,ഇതളുകളാക്കിയും, മുഴുവനോടെയും അതങ്ങനെ പൂക്കളത്തിൽ നിറഞ്ഞു കിടക്കും. ഓരോ ദിവസത്തെയും പൂക്കളം കാണാൻ കൂട്ടുകാരെല്ലാം വീടുകളിൽ കയറിയിറങ്ങും. തുമ്പപ്പൂവിന് ക്ഷാമം നേരിട്ടിരുന്നില്ല. വീടിനടുത്തുള്ള ഒഴിഞ്ഞു കിടക്കുന്ന തമ്പുരാട്ടിയുടെ പറമ്പ് എന്ന് നാട്ടുകാർ വിളിക്കുന്ന ആ ആളില്ലാ പറമ്പിൽ തന്നെ കൊണ്ടുപോകുന്നതും കാത്തു തുമ്പ പൂക്കൾ കൂട്ടമായി കാത്തു കിടക്കും. ഉത്രാടമാകുന്നതോടെ അവിടുത്തെ തുമ്പ പൂക്കൾ പല വീടുകളിലെയും ചായ്പ്പിൽ തൃക്കാക്കരയപ്പനെ അലങ്കരിക്കാൻ വൈകുന്നേരമാകാൻ അക്ഷമയോടെ കാത്തിരിക്കുന്നുണ്ടാകും.അടുക്കളയിൽ തിരുവോണത്തിനുള്ള സദ്യ വട്ടങ്ങളുടെ ഒരുക്കങ്ങൾക്കുള്ള പുകയൂതലിൽ ആയിരിക്കും അമ്മ.ഞങ്ങൾ പിള്ളേർ പാടത്തു കളിച്ചു മദിക്കുകയായിരിക്കും. സന്ധ്യ വരെ യുള്ള കളി കഴിഞ്ഞു പൊടിപിടിച്ചു കോലം കേട്ടു നേരെ അടുക്കളയിലോട്ടു ഒരു വരവുണ്ട്,എന്തായി അടുക്കള നിലവാരം എന്നറിയാൻ. നേരം അത്രയും വൈകിയതിന് ചിലപ്പോ അമ്മയുടെ കൈയ്യിൽ നിന്നും നല്ല ചീത്ത കേൾക്കും. അല്ലങ്കിൽ കടയിൽ പോയി എന്തെങ്കിലും സാധനം വാങ്ങാൻ ഉണ്ടാകും,ഉത്രാടപ്പാച്ചിൽ അല്ലേ! കിഴുത്താണി ആലിന്റെ എതിർവശത്തുള്ള സുബ്രൻ ചേട്ടന്റെ കടയിലേക്കാണ് ഓട്ടം. അവിടുത്തെ തിരക്കിനെ മറികടന്നു സാധങ്ങളൊക്കെ വാങ്ങി വീട്ടിലെത്തിയാൽ പോയി കുളിച്ചിട്ടു വരാൻ അമ്മ പറയും. മണ്ണ് കൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെ അരിപ്പൊടി കലക്കിയത് കൊണ്ട് പുള്ളി കുത്തുന്ന പരിപാടിയാണ് ഞങ്ങൾ ആകെപ്പാടെ മെനക്കെട്ടു ചെയ്യുന്ന ഒരേയൊരു പണി. നൂല് അതിൽ മുക്കി തൃക്കാക്കരയപ്പനെ നന്നായി അണിയിക്കും. അതിൻമേൽ കുത്തി വെയ്ക്കാനുള്ള നല്ല പൂക്കൾ മാറ്റിവെച്ചിട്ടുണ്ടാകും. കൃഷ്ണകിരീടം അല്ലെങ്കിൽ ഹനുമാൻ കിരീടം എന്ന് പേരുള്ള മനോഹരമായ പൂവിനാണ് അതിനു നറുക്കു വീഴുന്നത്. കൂടെ ചെത്തിപ്പൂക്കളും വെയ്ക്കും.
കുളി കഴിഞ്ഞാലും പകലു മുഴുവൻ കളിച്ചു നടന്നതിന്റെ ക്ഷീണം കാരണം ഉറക്കം വന്നു തുടങ്ങും. ഓണം കൊള്ളാൻ ഉണ്ടാക്കിയ അടയുടെ മണമടിച്ചാകും ചിലപ്പോൾ കണ്ണു തുറക്കുക. ഉറക്കച്ചുവയോടെയായിരിക്കും മിക്ക ഓണം കൊള്ളലും. ആർപ്പു വിളിക്കാൻ എന്തോ ഒരു മടിയാണ്. പടിഞ്ഞാറേ വീട്ടിലെ അജയൻ ചേട്ടനായിരിക്കും ആദ്യത്തെ ആർപ്പു വിളി പാസ്സാക്കുന്നത്. ആ ആർപ്പു വിളിയുടെ ഒപ്പം ഒഴ താഴ്ത്തി ഞാനും അനിയനും ആർപ്പു വിളിക്കും. അപ്പോഴേക്കും വടക്കേ വീട്ടിലെ ഗംഗാധരൻ പാപ്പനോ ,സത്യൻ പാപ്പനോ ആർപ്പു വിളിക്കുന്ന ശബ്ദം കേൾക്കാം.സത്യൻ പാപ്പൻ ഇപ്പോഴില്ല. ഗംഗാധരൻ പാപ്പൻ സ്വന്തം വീട് വെച്ചു മാറിപ്പോയി . പിറ്റേന്ന് കാലത്തു ഓണക്കോടിയൊക്കെ ഉടുത്തു അമ്പലത്തിൽ പോകും.ഓണക്കോടിയുടെ കാര്യത്തിൽ നിർബന്ധമൊന്നും ഉണ്ടായിരുന്നില്ല അന്ന് . ചിലപ്പോൾ കഴിഞ്ഞ കൊല്ലം കിട്ടിയ ഓണക്കോടി ഉടുത്തായിരിക്കും പോകുന്നത് . അമ്പലത്തിൽ പോയി വരുമ്പോഴേക്കും സദ്യക്കുള്ള എല്ലാ വിഭവങ്ങളും അമ്മ ഒരുക്കിയിട്ടുണ്ടാകും. പാലട പ്രഥമൻ മാത്രം ഇരിഞ്ഞാലക്കുടയിലെ സ്വാമീസിൽ പോയി വാങ്ങിക്കും. അട വെന്തു നല്ല ഗോതമ്പിന്റെ നിറമാകണം , എന്നാലേ പാലട കൊള്ളത്തുള്ളു.എന്തോ വീട്ടിൽ വെയ്ക്കുമ്പോൾ അതങ്ങോട്ടു ശെരിയാകാറില്ല. പിന്നെ സമയമാകുമ്പോൾ ഓണ സദ്യ കഴിക്കും. അച്ഛൻ മാത്രം ഇലയിൽ ഒന്നും ബാക്കി വെക്കാതെ കഴിക്കും. ഞങ്ങൾ പാലട കുടിക്കാൻ വേണ്ടി ചോറ് കുറച്ചു കഴിക്കും. ബാക്കി സ്പേസിൽ പാലട കുടിച്ചു വയറു നിറയ്‌ക്കും. രണ്ടുംമൂന്നും ഗ്ലാസ് കുടിച്ചു കഴിയുമ്പോഴേക്കും ഇനി വയ്യ എന്ന് തോന്നും. പായസ്സത്തിന്റെ ചെടിപ്പ് മാറാൻ അച്ചാറിൽ വിരൽ മുക്കി തിന്നു ഒന്ന് രണ്ടു ഗ്ലാസ്സ്‌കൂടി കുടിക്കും. പായസം കുടിച്ചതിന്റെ മത്ത് മാറാൻ ചായ കുടി സമയം വരെ എടുക്കും . പിറ്റേ ദിവസമായിരിക്കും അമ്മൂമ്മയുടെ വീട്ടിൽ പോകുന്നത്. അവിടെ വേറൊരു ലോകം തന്നെയാണ് . അച്ചാച്ചനും, അമ്മാമയും ,മാമന്മാരും, വലിയച്ഛനും, മേമയും എല്ലാവരും ഉണ്ടാകും.ഓണത്തിന്റെ ഓർമകളും വിശേഷങ്ങളും പറഞ്ഞാൽ തീരില്ല.
ഇത്തവണ ഇതൊന്നും ഉണ്ടാകില്ല, ആഘോഷങ്ങൾ ഇല്ലാത്ത ഓണമാണ് എല്ലാവർക്കും . പലരും പലയിടങ്ങളിൽ. വീട്ടിൽ എത്താൻ കഴിയാത്തതുകൊണ്ടു ഇത്തവണ ഓണം ഇവിടെ തിരുവനന്തപുരത്ത് തന്നെ. കൂട്ടിനു ആ പഴയ ഓർമകളും ............
എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ