Entry No :012
Sreedev N[UST Global]
ഓണമുൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങളും ഓർമ്മകളുടെ ഉത്സവങ്ങളാണ് മലയാളിക്ക് .'ഭൂതകാലക്കുളിരിൽ ' ഒന്ന് മുങ്ങി നിവരാതെ മതി വരാറില്ല നമുക്ക് .കോവിഡ് എന്ന സമസ്യയാൽ അടിമുടി ഉഴുതുമറിയ്ക്കപ്പെട്ട ഈ കാലാവസ്ഥയിൽ , വർത്തമാനത്തിന്റെ യാഥാർത്ഥ്യത്തിൽ ഊന്നി നിന്നുകൊണ്ട് , നാളെയുടെ ആശയങ്ങളുമായി ചേർത്ത് , ഓണത്തെ എങ്ങനെ വായിക്കാം എന്നാണ് ഞാൻ ആലോചിയ്ക്കുന്നത് .
രണ്ടു കാര്യങ്ങളാൽ ഈ ഓണം വ്യത്യസ്തമായി തോന്നുന്നു.
ഒന്ന് - നഗരത്തിലേക്ക് ചേക്കേറിയിരുന്നവരിൽ പലരും സ്വന്തം നാടിന്റെ സ്വച്ഛതയിലേക്ക് പതുക്കെയിറങ്ങിയ ഒരു കൊറോണക്കാലം .
രണ്ട് - കമ്പോള മാത്സര്യത്തിന് പൂർണമായും പിടി കൊടുക്കാതെ കുതറിയ ഒരോണക്കാലം .
ഓഫീസുകൾ അടച്ചിടപ്പെട്ടതോടെ നമ്മളിൽ മിക്കവരും മാസങ്ങൾക്കു മുമ്പേ ,നഗരങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങി.വിരുന്നുകാരെപ്പോലെ രണ്ടു ദിവസത്തേക്ക് തിരക്കിട്ടു വന്നു പോവുന്ന പതിവല്ല ഇത്തവണ ഉണ്ടായത് .
ബാല്യകാലത്തെ ഒരു ചിത്രമുണ്ട് , ഇന്നും മായാതെ മനസ്സിൽ .
ഓണാവധി കഴിഞ്ഞു , ഞങ്ങൾ പേരക്കുട്ടികൾ തിരിച്ചു പോവുന്നതും നോക്കി നിൽക്കുന്ന മുത്തച്ഛന്റേയും അമ്മമ്മയുടെയും ചിത്രം.കളിചിരികളുടെ ഒരു ഋതുവിനെ, ഏതോ ഒരു വേനൽ പൊടുന്നനെ കണ്മുന്നിൽ വെച്ച് വറ്റിച്ചു കളയുന്നു.അവർ അനാഥരാവുന്നു .
ഒത്തു കൂടുമ്പോഴുള്ള 'ഇമ്പമാണ് ' കുടുംബം എന്ന് ഇപ്പോൾ തിരിച്ചറിയുന്നു .'ഒന്നിച്ചുണ്ണുന്നതാണ് ഓണം' എന്നും.
കാർഷിക സംസ്കൃതിയിൽ തളിർത്ത ജീവിതമാണ് ഓണത്തിന്റെ സത്ത. പ്രകൃതിയും പൂക്കളുമാണ് അതിന്റെ മുദ്ര .
പക്ഷേ , നമ്മളിൽ എത്ര പേർക്കുണ്ട് , കാർഷിക കേരളത്തിന്റെ തനത് ചിത്രങ്ങളുള്ള ഒരു ബാല്യം ..?
തൊണ്ണൂറുകളിൽത്തന്നെ വിപണി , പതുക്കെ മലയാളിയുടെ ജീവിതത്തിൽ പിടി മുറുക്കിത്തുടങ്ങിയിരുന്നു.ചെറുഗ്രാമങ്ങളേയും അർദ്ധ നഗരങ്ങളേയും കടന്ന് വലിയൊരൊറ്റ നഗരമായി കേരളം വളരുന്നതാണ് വികസനം എന്ന് മലയാളിക്ക് തോന്നിത്തുടങ്ങി. ആഘോഷങ്ങളെ വിപണികൾ ഹൈജാക്ക് ചെയ്തു .ഓണക്കാലം , എക്സ്ചേഞ്ച് ഓഫറുകളുടെ മാത്രം കാലമായി .ഒരു വര്‍ഷം പഴക്കമുള്ള നിങ്ങളുടെ ചിന്ത,വേഷം,രുചി എന്നിവയെ ഒരു നിമിഷം കൊണ്ട് എക്സ്ചേഞ്ച് ചെയ്ത് പുതിയതാക്കൂ എന്ന് ഓരോ വർഷവും കമ്പോളം നമ്മോട് പറഞ്ഞു കൊണ്ടിരുന്നു .
എന്നാൽ കൊറോണക്കാലം ചില പുതിയ പാഠങ്ങളും വെളിച്ചങ്ങളും മുന്നോട്ടു വെച്ചു .ദൗർലഭ്യം എന്ന ഭീതിയിൽ നിന്നാവണം പൊടുന്നനെ , ഭക്ഷ്യോത്പാദനത്തിന്റെ ചെറിയ മാതൃകകളെക്കുറിച്ച് മലയാളി ചിന്തിച്ചു തുടങ്ങിയത് .ഇത്തിരി മണ്ണിലും ടെറസിലും ബാൽക്കണിയിലുമൊക്കെ വിത്തുകൾ മുളച്ചു തുടങ്ങി .
സ്വാശ്രയത്വത്തിൻറെ പുതു നാമ്പുകൾ..!!
കാർഷികോത്പാദനത്തിലൂടെയുള്ള സ്വയംപര്യാപ്‌തതയാണ് ,
സ്വാശ്രയത്വമെന്ന വലിയ ആശയത്തിലേക്കുള്ള ചെറിയ ചുവട് .
കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് പതുക്കെ കര കേറണമെങ്കിൽ ചെറുതും വികേന്ദ്രീകൃതവുമായ സ്വാശ്രയ, ഉത്പാദന സംഘങ്ങളെ ശക്തിപ്പെടുത്തിയേ തീരൂ.കുത്തകകൾ കാലിടറുന്നിടത്ത് , ഇത്തരം ചെറു സ്വാശ്രയ സംഘങ്ങൾക്ക് വിജയിക്കാനാവും .
കമ്പോളത്തിന്റെ സൃഷ്ടിയായ ദുരകളിൽ നിന്നകന്ന് , താൻ വിളവെടുത്ത ചെറിയ ഉത്പന്നങ്ങൾ കൊണ്ട് ലളിതമായി ഓണമാഘോഷിക്കുന്ന മലയാളി എന്നത് മനോഹരമായ ഒരു സങ്കൽപമായി എനിക്കു തോന്നുന്നു.ഓണമെന്ന ആഘോഷത്തിന്റെ യഥാർത്ഥ മിത്തിനോട് ചേർത്തുവെക്കാവുന്ന സങ്കൽപം ...