Skip to main content

Ormakaliloode oru Coronam

onakkurppu10

Entry No :010

Sreelekha V S [Tryzens India Ltd.]

Ormakaliloode oru Coronam

------------------------------------------------------------

ഒരു സാധാരണക്കാരന്റെ ഓണമാണ് ഓണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവർക്കു ഓണം എന്നത് പണം കയ്യിലുണ്ടെങ്കിൽ ഉണ്ടാകും. ഇല്ലേൽ ഉണ്ടാകില്ല! അതായതു ഓണം ഉണ്ടോ ഇല്ലയോ എന്ന് പ്രവചിക്കാൻ കഴിയില്ലെന്ന് സാരം. എന്നിരുന്നാലും ഓണത്തിന്റെ തലേ ദിവസമായ ഉത്രാടം വരെ പരിശ്രമിച്ചു നോക്കും,സദ്യ വട്ടങ്ങൾക്കുള്ള വല്ലതും തടയുമോ?

അങ്ങനെ എന്തേലും ചില്ലറ കിട്ടിയാൽ ഒരു ഓട്ടമാണ് ചാല മാർക്കറ്റിലേക്ക്. എന്തെന്നറിയില്ല, അവിടെ പോയി വാങ്ങിയാലേ ഒരു തൃപ്തി വരുള്ളൂ. ഈ ഉത്രാട തിരക്കിനുള്ള കാരണവും ഇതൊക്കെ തന്നെ ആകണം. ഇഞ്ചി ,മാതള നാരങ്ങ,മാങ്ങ,വെണ്ടയ്ക്ക ,വെള്ളരിക്ക ,പടവലങ്ങ ,തക്കാളി ,കറിവേപ്പില,മല്ലിയില തുടങ്ങി എല്ലാം ഒരാഴ്ചത്തേക്ക് വാങ്ങി ഒരു വരവാണ്. ഇങ്ങനെ പച്ചക്കറികളൊക്കെ മേടിച്ചു 'അമ്മ വരുമ്പോ വീട്ടിലിരുക്കുന്നവരുടെ ആ സന്തോഷമുണ്ടല്ലോ, അത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല.

ഓണക്കോടി കാശു ഉണ്ടെകിൽ മേടിക്കും ഇല്ലേൽ ഉള്ളതിൽ പുത്തനുടുപ്പൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യുന്നവരാണ് ഇക്കൂട്ടത്തിൽ ഏറെയും. എന്തൊക്കെ പറഞ്ഞാലും വീട്ടിലുള്ള അമ്മമാർക്ക് ആണ് വിശ്രമം ഇല്ലാത്തതു. ഇഞ്ചി ,മാങ്ങ, നാരങ്ങ അച്ചാറുകൾ തലേ ദിവസം തയ്യാറാക്കണം.

തിരുവോണ ദിവസം അമ്മയൊക്കെ അടുക്കളയിൽ വലിയ തിരക്കിലാകും.കുട്ടികൾ കുളിച്ചു പുത്തനുടുപ്പൊക്കെ ഇട്ടു അമ്പലത്തിലൊക്കെ പോയി വലിയ സന്തോഷത്തിലാകും. പിന്നെ സദ്യ വിളമ്പാനുള്ള ഒരുക്കങ്ങളായി. വാഴയില വൃത്തിയാക്കലും , ചിപ്സ് ,ഉപ്പേരി ,പപ്പടം എന്നിവ വിളമ്പാൻ തയ്യാറാക്കലും ഒരു മേളമാണ്.

സദ്യ ഒക്കെ കഴിഞ്ഞാലോ, അയലത്തെ വീട്ടിൽ കുട്ടികൾക്ക് കെട്ടിയ വലിയ ഊഞ്ഞാൽ ഉണ്ടാകും.അങ്ങോട്ടേക്കാണ് ഓട്ടം.അവിടെ എല്ലാ കൂട്ടുകാരും ഒത്തു കൂടും. ഏതാ പായസം എന്നറിയാനാ എല്ലാവര്ക്കും കൗതുകം. പിന്നെ ക്രമമായി ഓരോരുത്തർ ഊഞ്ഞാലിലേക്ക്! സര്ക്കസ് കാട്ടി ആടുന്നവരൊക്കെ കൂട്ടത്തിലുണ്ടാകും. ചിലപ്പോൾ വീണെന്നും വരും.എന്നാൽ അതൊന്നും ഞങ്ങൾക്ക് പ്രശ്നമേയില്ല എന്ന മട്ടാണ്‌.

ഇതിനിടയിൽ ക്ലബ്ബുകളുടെ ഓണാഘോഷ മത്സരങ്ങൾ ഒക്കെ ഉണ്ടാകും .ജയിക്കില്ല എന്നറിയാമെങ്കിലും പങ്കെടുക്കാൻ വലിയ ആവേശമാണ്. വില കൂടിയ സമ്മാനങ്ങളൊന്നും ആയിരിക്കില്ല.എങ്ങാനും സമ്മാനം കിട്ടിയാൽ വീട്ടുകാരുടെ മുന്നിൽ ആളാകാമല്ലോ.

ഇജ്ജാതി സന്തോഷങ്ങളൊക്കെ ഈ തലമുറക്കുണ്ടോ ? ഇല്ലേൽ നമ്മൾ അതിനുള്ള അവസരങ്ങൾ ഉണ്ടാക്കുന്നു്ണ്ടോ? അവിടാണ്‌ ഓണം നമ്മളിൽ നിന്നും അകലുന്നത് . എന്നാലും സന്തോഷം വേണ്ടത് അവനവന്റെ മനസിലാണ്. എങ്ങനെ ആയാലും ഓണക്കാലമാകുമ്പോൾ സന്തോഷം മനസ്സിൽ നിറയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവര്ക്കും ഓണാശംസകൾ..