Skip to main content

പിള്ളേച്ഛൻ പൊളിച്ചടുക്കിയ ഒരോണം.

onakkurippu7

Entry No:007

Saranya T Pillai[Polus Software Private Limited]

 

1996 ലെ ഒരോണക്കാലത്തു ത്രിസന്ധ്യയ്ക്ക് ഓണത്തപ്പൻ എൻ്റെ അമ്മയ്ക്കു കനിഞ്ഞു കൊടുത്ത ഒരു ഉത്രാട പൂനിലാവാണ് ഈ ഞാൻ. ആ എനിക്ക് നല്ലൊരു പിള്ളേച്ചൻ അപ്പൂപ്പനായുണ്ടായിരുന്നു. പിള്ളേച്ഛൻ എന്ന് പറഞ്ഞാൽ ഒരുകിടിലൻ പിള്ളേച്ഛൻ.

പതിവ് പോലെ കുട്ടികളായിരുന്ന ഞാനും എൻ്റെ ചേട്ടനും ഓണമാഘോഷിക്കുവാൻ വേണ്ടി അവധി ആയപ്പോളേക്കും പിള്ളേച്ഛൻ്റെ വീട്ടിലേക്ക് വച്ച് പിടിച്ചിരുന്നു. പിള്ളേച്ഛൻ്റെ കൈപ്പുണ്യം എന്നു പറഞ്ഞാലൊ അതൊരു സംഭവമാ. ഓണത്തിന് ഉപ്പേരി വറപ്പു മുതൽ എല്ലാ പലഹാരങ്ങളും പിള്ളേച്ഛൻ ഉണ്ടാക്കി ഭരണികളിൽ നിറയ്ക്കും. അക്കൊല്ലവും ഓണത്തിന് ഒരാഴ്ച മുൻപ് തന്നെ പിള്ളേച്ഛൻ ചന്തയിൽ പോയി. നല്ല അസ്സല് കുല തന്നെ നോക്കി വാങ്ങി. ഉപ്പേരി വറത്തു, പിന്നെ കൊതിയൂറുന്ന ശർക്കര വരട്ടി, പിള്ളേച്ഛൻ്റെ സ്പെഷ്യൽ മുറുക്ക്, കളിയോടയ്ക്ക, അച്ചപ്പം എന്ന് വേണ്ട കമ്പു (ഒരു പഴയ പലഹാരം ), ഡയമണ്ട് തുടങ്ങി എല്ലാം ഉണ്ടാക്കി ഭരണികളിൽ നിറച്ചു. ശരിയ്ക്കും പറഞ്ഞാൽ ആ ഭരണികളും പിള്ളേച്ഛൻ ഉണ്ടാക്കുന്ന കൊതിയൂറന്ന പലഹാരങ്ങളുമാണ് ഞങ്ങളുടെ ഏറ്റവും വലിയ ഓണ സന്തോഷം.

അങ്ങോട്ടോടുമ്പോൾ ഒന്ന് കയ്യിട്ടു, ഹാ കിട്ടിയത് മുറുക്ക്, ഇങ്ങോട്ടൊടുമ്പോൾ ഒന്ന് കയ്യിട്ടു കിട്ടിയത് ശർക്കര വരട്ടി, ഇങ്ങനെ ഓണം ഇങ്ങനെ രുചിച്ചു തീർക്കുബോൾ ഇടയ്ക്കു പിള്ളേച്ഛൻ്റെ ഉത്തരവുണ്ട്. പിള്ളേരെ തിരുവോണത്തിനേക്കു എന്തേലും ബാക്കി വച്ചേക്കണേ. അങ്ങനെ തിരുവോണം വന്നെത്തി. ഓണസദ്യ ഒക്കെ കഴിഞ്ഞു പിള്ളേച്ഛൻ ഒരു പോക്കങ്ങു പോയി. ഓണം മിനുങ്ങാൻ. ഞാനും ചേട്ടനും പിള്ളേച്ഛൻ്റെ മുറുക്കും ഉപ്പേരിയും കമ്പുമൊക്കെ കഴിച്ചോണ്ട് പിള്ളേച്ഛനെ കാത്ത് തിണ്ണയിൽ ഇരുന്നു. സന്ധ്യ ആയിട്ടും പിള്ളേച്ഛൻ വന്നില്ല. ഇരുട്ട് കനത്തു തുടങ്ങിയപ്പോളേക്കും പിള്ളേച്ഛൻ ദൂരെ നിന്നു വരുന്നത് വഴി വിളക്കിൻറെ വെളിച്ചത്തിൽ ഞങ്ങൾ കണ്ടു. "അമ്മുമ്മേ പിള്ളേച്ഛൻ വരുന്നു. തലേക്കെട്ടുണ്ട്." ചേട്ടൻ വിളിച്ചു പറഞ്ഞു. പിന്നെ ഞാനും ചേട്ടനും അമ്മുമ്മയും കൂടി ഓടി മുറിയിൽ കയറി ഇരുപ്പായി. ഇനിയിപ്പോ പിള്ളേച്ഛൻ ഉറങ്ങണം വെളിയിലിറങ്ങാൻ.

പിള്ളേച്ഛൻ വീടിനകത്തെത്തി. ഉച്ചത്തിൽ കണക്കു പറച്ചിൽ തുടങ്ങി റബ്ബർ ഷീറ്റ് വിറ്റ കണക്കു, കിട്ടാനുള്ള കാശിൻറെ കണക്കു, ഷാപ്പില് കൂട്ടുകാരൻ പറ്റാക്കിയ കണക്കു എന്നുവേണ്ട എന്തേല്ലാമോ പറഞ്ഞു തുടങ്ങി. ഇടയ്ക്കു ഞങ്ങൾ കതകത്തിൻ്റെ വിടവിലൂടെ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു. പിള്ളേച്ഛൻ ഇന്നിത്തിരി കൂടുതലായി കുടിച്ചിട്ടുണ്ടെന്നു ഞങ്ങൾക്ക് മനസിലായി. പറഞ്ഞു തീർന്നിട്ടും പിള്ളേച്ഛൻ്റെ കാലിപ്പടങ്ങുന്നില്ല. പിന്നെ ഞങ്ങള് കണ്ടത് നെഞ്ച് പിളർക്കുന്ന കാഴ്ച ആയിരുന്നു. ആദ്യം മുറ്റത്തേക്ക് പറന്നു പോയത് മുറുക്ക് ഭരണിയായിരുന്നു. പുറകെ ഓരോരുത്തരായി എത്തി തുടങ്ങി. ഈശ്വര ശർക്കര വരട്ടി എങ്കിലും അവിടെ കാണണെന്ന് ഞങ്ങൾ മാണിക്യമലത്തെവരെ വിളിച്ചു പ്രാത്ഥിച്ചു. പക്ഷെ തൊട്ടു പിന്നാലെ അതും പോയി. അങ്ങനെ തിരുവോണം ഞങ്ങൾ അടിച്ചു പൊളിച്ചു. പിള്ളേച്ഛൻ്റെ ഉപ്പേരിയും മുറുക്കുമെല്ലാം പൂവനും പിടയും കൂടി കൊത്തി കൊത്തി കഷ്ടപെടുന്നുണ്ടായിരുന്നു. രാവിലെ ഈ കാഴച്ചയൊക്കെ കണ്ടു നെടുവീർപ്പുമിട്ടു ഞാനും ചേട്ടനും തിണ്ണയിൽ ഇരിക്കുമ്പോളാണ് നമ്മടെ പിള്ളേച്ഛൻ കെട്ടൊക്കെ വിട്ടു എഴുന്നേറ്റു വന്നത്. മുറ്റം കണ്ടപ്പോൾ പിള്ളേച്ചന് ഒരു ചമ്മലുണ്ടായിരുന്നു. സാരമില്ലെടാ പിള്ളേച്ഛൻ ഇനിയും ഉണ്ടാക്കി തരില്ലേ എന്ന് പറഞ്ഞു ഞങ്ങളെ നോക്കി. അപ്പൊ ഞങ്ങൾ മനസ്സിൽ പറഞ്ഞു "എന്നാലും പിള്ളേച്ചാ ഈ ചതി ഞങ്ങളോട് വേണ്ടാരുന്നു. വേറെ എത്ര സാധങ്ങളൊണ്ടായിരുന്നു എടുത്തെറിയാൻ".

അങ്ങനെ ആ വർഷം ഓണം ഞങ്ങടെ പിള്ളേച്ഛൻ പൊളിച്ചടുക്കി. കുറച്ചു വർഷങ്ങൾ കൂടെ പിള്ളേച്ഛനും ഞങ്ങളും കൂടി ഓണം അടിച്ചു പൊളിച്ചു. എന്തോ പിന്നീട് ഒരോണത്തിനും പിള്ളേച്ഛൻ ഭരണി പറത്തുന്ന സാധനം മാത്രം കുടിച്ചു മിനുങ്ങിയില്ല.

ഇന്ന് പിള്ളേച്ഛനും പിള്ളേച്ഛൻ്റെ ഓണം മിനുങ്ങലുമെല്ലാം ഓർമകൾ മാത്രം. എടുത്തു പറയേണ്ടത് പിള്ളേച്ഛൻ്റെ പലഹാരങ്ങൾ തന്നെ. പിള്ളേച്ഛൻ അങ്ങ് സ്വർഗത്തിലിരുന്നു ഓണം മിനുങ്ങുന്നുണ്ടാകും .