Entry No:002
Reshma Chandran [Infosys]
കുണുങ്ങി നിൽക്കുന്ന ചിങ്ങപ്പുലരി ,തണുത്ത കാറ്റ് ,വിരിഞ്ഞു നിൽക്കുന്ന പൂങ്കുലകൾ,ആളുകളുടെ കൂട്ടായ്മ,കളികൾ ,വർഷത്തിൽ ഒരിക്കൽ വാങ്ങുന്ന ഗൃഹോപകരണങ്ങൾ ,ഓണക്കോടി,ഓണസദ്യ ,ബന്ധുസമാഗമം അങ്ങനെ മനസ്സുനിറക്കുന്ന കാഴ്ചകളാണ് .എന്നാൽ ബാല്യ കൗമാരങ്ങളിൽ ഓണം ആവേശത്തിന്റെ നാളുകളാണ്.എന്റെ ഓണകുറിപ്പു എന്റെ ബാല്യത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ്.
ഓണം നാളുകളിൽ എന്നും രാവിലെ തന്നെ കാണുന്ന ഒരു നല്ല കണി ഉണ്ട് .തൊട്ടടുത്ത വീട്ടിലെ മണി അമ്മൂമ്മ പുലർച്ചെ എഴുന്നേറ്റു കുളിച്ചു മുണ്ടും നേര്യതും ഒക്കെ ഇട്ടു, വിളക്ക് കൊളുത്തി പൂവിടുന്ന കാഴ്ച. അത് കാണാൻ തന്നെ നല്ല ചന്തമാണ് . ആ ദിവസത്തെ ഊർജ്ജമാണ് ആ നല്ല കണി.
പൂവിടാനുള്ള ഒരുക്കങ്ങൾ തലേന്ന് തുടങ്ങും .അപ്പുറത്തെ വീട്ടിലെ മാധവി അമ്മ ഞങ്ങൾ കുട്ടികൾക്കു ഈറ്റ കൊണ്ട് അസ്സല് പൂകുട്ടകൾ ഉണ്ടാക്കി തരും .അവരുടെ കൊച്ചുമക്കളും ഞാനും എന്റെ അനിയനും അയല്പക്കത്തെ കുട്ട്യോളും ആണ് താരങ്ങൾ .ഞങ്ങൾ പിന്നെ കുട്ടയുമായി കറക്കം തുടങ്ങും .കുട്ട നിറക്കാനുള്ള മത്സരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടപ്പാണ്.
ഞങ്ങളുടെ വീടിനു മുന്നിലായി ഉയർന്ന മലപോലെ ഉള്ള പ്രദേശമാണ് .ഓണം അകുമ്പോളേക്കും നിറയെ പെരുവിന്റെ പൂവുകൾ ,കൃഷ്ണ കിരീടം ,തൊട്ടാവാടി ,കാട്ടുചെത്തി,മുക്കുറ്റി ,അരിപ്പൂവ് എന്നിങ്ങനെ ഒരു കൂട്ടം കാട്ടുപൂക്കൾ ഉണ്ടാകും. പിന്നെ കനാലുകളുടെ നാടാണ് ഞങ്ങളുടേത് . കനാലിനു ഇരുവശവും ധാരാളം കദളി പൂക്കൾ ഉണ്ടാകും തലേന്ന് വൈകിട്ട് അത് പറിക്കാൻ കുട്ടയുമായി ഇറങ്ങും .കനാലിനു സമീപത്തായി കൂട്ടുകാരിയുടെ വീടുണ്ട് ,അവളെ കൂട്ടുപിടിച്ചാണ് പോക്ക് .ആ പത്തുദിവസങ്ങളിൽ വീട്ടുക്കാർ എവിടെ പോകാൻ പറഞ്ഞാലും ഞങ്ങൾ കുട്ടികൾ റെഡി ആണ് ,കാരണം ഏതു വഴിക്കുപോയാലാണ് പൂക്കൾ കിട്ടുക എന്ന ചിന്തയിലാണ് .
പൂക്കളമിടാൻ തറ ഉണ്ടാക്കലാണ് അടുത്ത പരിപാടി .മുറ്റത്തിന് നടുവിലായി നടവാതിലിനു മുന്നിലായി മണ്ണുകൊണ്ട് തറ ഉണ്ടാക്കും എന്നിട് അത് ചാണകം കൊണ്ട് മെഴുകും .ഓണത്തിന് ഉള്ള ആകെ ഉള്ള വിഷമം എന്താന്ന് വെച്ചാൽ ഈ ചാണകം മെഴുകലാണ്. "ചാണകം അറച്ചാൽ അമ്മയെ അറയ്ക്കും " എന്നൊരു ചൊല്ല് ഉണ്ടത്രേ . അതുകൊണ്ട് പേടിച്ചു അറക്കാതെ അങ്ങിട്ടു മെഴുകും .പിന്നെ ബാക്കി മണ്ണുകൊണ്ട് ഓണത്തപ്പനെയും ഉരലും അമ്മിക്കല്ലും ഒക്കെ ഉണ്ടാക്കും .അത് ഉത്രാടത്തിനു വേണ്ടിയാണു.
അത്തം തുമ്പയും തുളസിയും മാത്രം മതി , അത് വൃത്താകൃതിയിലുള്ള തറക്കു നടുവിലായി ചാണക ഉരുളവെച്ചു തുളസിയും തുമ്പയും കുത്തി നിർത്തും . ചിത്തിര കുറച്ചുകൂടി വെള്ള പൂക്കൾ ഇടും.അതിൽ മന്ദാരവും മുല്ലയും പിച്ചിയും നന്ത്യാർവട്ടവും വെള്ള ചെമ്പരത്തിയും ഒക്കെ പെടും .ചോതി മുതൽ നിറങ്ങളുള്ള പൂക്കൾ ഇടാം.മൂലം മുതൽ മൂന്ന് പൂക്കളങ്ങൾ ,പൂരാടത്തിനു പടിക്കു പുറത്തു പൂക്കളം.അങ്ങനെ ഉത്രാടം ഇങ്ങെത്തി.ഉത്രാടം വരെയേ പൂക്കളം ഉള്ളു.അന്ന് വലിയ പൂക്കളമാണ്.അമ്മയുടെ ഊഴം അന്ന് മാത്രമാണ് .അന്ന് ഞങ്ങൾ കിട്ടാവുന്നപൂക്കൾ വെച്ച് ഏറ്റവും വല്യപ്പൂക്കളം തന്നെ ഒരുക്കും .വാഴ കുടപ്പന് വെച്ച നെറ്റിപ്പട്ടം അമ്മയുടെ ഒരു സ്ഥിരം ഐറ്റം ആണ്.
വായനശാലയിലെ ഓണമത്സരങ്ങൾ പൂരാടത്തിനു തുടങ്ങും ,പൂക്കളമത്സരത്തിന്റെ ബാക്കി പൂവുകൾ ഞങ്ങൾ ഉത്രാടത്തിനു വീട്ടിൽ ഇടും .അന്നൊക്കെ പൂക്കൾ പുറത്തു നിന്ന് വാങ്ങുന്ന ഒരു പരിപാടി ഇല്ല.
തെങ്ങിന്റെ പൂങ്കുല തൊട്ടു മുക്കുറ്റി വരെ അപ്രാപ്യമല്ലാത്ത വസ്തു ഇല്ല .
പറമ്പിലെ ഇലകൾ വരെയും പൂക്കളത്തിനു തയ്യാറാണ് .തേക്കിന്റെ കൂമ്പു ഇല അരിഞ്ഞെടുത്തൽ നല്ല ചുവന്ന നിരത്തിലിരിക്കും .
ഉത്രാടത്തിനു വൈകിട് പൂ മാറ്റി തറ മെഴുകി തുളസിക്കതിർ വെയ്ക്കും .ബാക്കി ദിവസങ്ങളിൽ രാവിലെയേ പൂ മാറ്റുകയുള്ളു .തിരുവോണത്തിന് പുലർച്ചെയാണ് തൃക്കാക്കരയപ്പനെ എതിരേൽക്കുന്നതു .ഇതിനു നിറയെ തുമ്പക്കുടം(തുമ്പച്ചെടി മുഴുവനോടെ ) വേണം. പൂക്കൾ ഇടുന്ന തറയിൽ (നാലു സ്ഥലങ്ങൾ)തുമ്പക്കുടം , ഓണത്തപ്പൻ ,ഉരൽ ,അറക്കല് ,വടി,കുട പിന്നെ മഹാബലിക്കു സ്പെഷ്യൽ ആയിട്ട് തുമ്പപ്പൂവിട്ടു ഉണ്ടാക്കിയ അട ഇതെല്ലം നിരത്തും. വെളുപ്പിന്നെ അച്ഛൻ തൃക്കാക്കരയപ്പനെ എതിരേൽക്കും .വിളക്ക് കൊളുത്തി ,തേങ്ങാ ഉടച്ചു കിണ്ടിയിൽ വെള്ളമെടുത്തു അടയൊക്കെ കൊടുത്തു എതിരേൽക്കും .മഹാബലിക്കു വഴികാണിക്കാനായി അരിമാവ് കലക്കി തളിച്ച് അച്ഛൻ അടുക്കള വരെ പോകണ കാണാം .ബാക്കി അരിമാവ് ഞങ്ങൾ കൈമുക്കി വാതിലിൽ അടിക്കും. ഒരു തണുത്ത കാറ്റ് വന്നുപോകണതു കാണാം ,മഹാബലി വന്നു പോകുന്നതാണത്രേ. പിന്നെ ഓണം കൂവലായി ആർപ്പോ വിളിയായി.
പിന്നെ രാവിലെ മുതൽ പൂവട റാഞ്ചി എടുക്കാനുള്ള തത്രപ്പാടിൽ ആയിരിക്കും .റോഡിൽ വെയ്ക്കുന്ന പൂവട കിട്ടാറില്ല .അതുമിക്കവാറും ആരെങ്കിലും റാഞ്ചിയിട്ടുണ്ടാകും.പിന്നെ കുളിയും ഓണക്കോടി ഇട്ടു അമ്പലത്തിൽ പോക്കും വരവും നാട്ടുകാരുടെ കുശലാന്വേഷണങ്ങളും.
ഓണ വിഭവങ്ങളുടെ പങ്കു വെയ്പ്പും നല്ല ഓർമകളാണ് .
പിന്നെ അമ്മയുടെ വക സ്പെഷ്യൽ സദ്യ .സദ്യ കഴിഞ്ഞു കുട്ടികളെല്ലാം ഒത്തുകൂടും പിന്നെ കളിയാണ് .കുട്ടിയും കോലും,പിന്നിട്ടു കളി,കസേരകളി ,ഓട്ടമത്സരം, ആനയ്ക്ക് വാല് വരക്കൽ ,സുന്ദരിക്ക് പൊട്ടുകുത്തൽ,സ്പൂൺ റേസ്,നടത്ത മത്സരം,തുമ്പി തുള്ളൽ അങ്ങനെ പോകുന്നു കളികൾ.ഓണാഘോഷത്തിന് വിരാമമിട്ട് വായനശാലയുടെ കലാ സന്ധ്യ.പൂരം തീർന്ന പൂരപ്പറമ്പ് പോലെ വീണ്ടും ഒരു ആഘോഷ വിരാമവും.
ഓണം ആവേശവും ആഹ്ലാദവും പേറി വർഷത്തിൽ ഒരിക്കലെത്തുന്ന എന്റെ വിരുന്നുകാരൻ .ഒരു വർഷത്തേക്കുള്ള ഊർജ്ജം നിറച്ചു സന്തോഷത്തോടെ വിടവാങ്ങി ഇനിയും വരുമെന്ന വാഗ്ദാനവുമായി പോകുന്ന എന്റെ സ്വന്തം വിരുന്നുകാരൻ.