Entry No : 026
കിരൺ നരേന്ദ്രൻ [H&R Block]
ഓണം എന്നത് ഒരു ഉത്സവത്തെക്കാളുപരി ഗൃഹാതുരത്വവുമായിട്ടുള്ള കൂടിച്ചേരലാണ്. ഓരോ തലമുറക്കും തങ്ങളുടെ കുട്ടികാലത്തേക്കാൾ ഗൃഹാതുരത്വം തരുന്ന വേറൊരു കാലഘട്ടമുണ്ടാകാൻ വഴിയില്ല. അത്രക്ക് ഊഷ്മളമായ ഓർമ്മകളാണ് കുട്ടിക്കാലത്തെ ഓണങ്ങൾക്ക് പറയുവാനുള്ളത്.
ഇക്കാര്യത്തിൽ എൻ്റെ അനുഭവങ്ങളും വിഭിന്നമായിരുന്നില്ല - കുട്ടിക്കാലത്തെ ഓണങ്ങളെല്ലാം തന്നെ പ്രിയപ്പെട്ടതായിരുന്നു. രാവിലെ എഴുന്നേറ്റ് കുളിച്ചു, പുതിയ ഉടുപ്പൊക്കെ ഇട്ട് അമ്പലത്തിൽ പോയി പ്രാർത്ഥന - പ്രധാനമായും ഓണപ്പരീക്ഷക്ക് നല്ല മാർക്ക് കിട്ടാൻ. ദൈവത്തിന് മാർക്ക് കൂട്ടാനുള്ള കഴിവില്ലെന്ന് കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ബോധ്യമായി. ക്രമേണ അമ്പലത്തിൽ പോകുന്നത് കുറഞ്ഞു കുറഞ്ഞു വല്ലപ്പോഴും വഴിയിൽ വച്ച് കാണുന്ന ആ പഴയ സുഹൃത്തിനെ പോലെ ആയി ദൈവവും.
ഓരോ ഓണം കഴിയുമ്പോഴും ശരീരത്തിന് ഓരോ വയസ്സ് കൂടുകയാണല്ലോ, ഒരു വണ്ടിക്ക് സമാനമായി. പണ്ടൊക്കെ മൂക്കുമുട്ടെ സദ്യ കഴിച്ചാലും അത് കഴിഞ്ഞു പോയി കൂട്ടുകാരോടൊത്തു കളിയും കഴിഞ്ഞു തിരിച്ചെത്തുമ്പോൾ വീണ്ടും വിശപ്പ് മുട്ടിവിളിക്കാൻ തുടങ്ങും. ഇപ്പോഴാണെങ്കിലോ കാറ്റത്ത് പോയ വൈദ്യുതി പോലെ, അന്ന് പിന്നെ വന്നാ വന്നു.
പണ്ട് സൂര്യനുദിക്കുന്നത് മുതൽ അസ്തമയം വരെ കളിച്ചാലും ഒന്നും സംഭവിക്കാത്ത ശരീരത്തിന് പക്ഷെ ഇപ്പോൾ ഒരു മൂന്നു മണി സമയത്തെ ചൂട് പോലും താങ്ങാൻ പറ്റാതെയായി. ശീതീകരിച്ച കെട്ടിടങ്ങളിലിരുന്നു ഉള്ള ജോലിയുടെ ബാക്കിപത്രം.
ഓണക്കാലത്തെ സിനിമ കാണലിൽ പോലും ഈ മാറ്റം പ്രകടമാണ്. അന്നൊക്കെ ദൂരദർശൻ ഓണക്കാലത്താണ് പുതിയ സിനിമകളിടുന്നത്. നിറയെ പരസ്യങ്ങളുണ്ടെങ്കിലും അവയൊക്കെ ആസ്വദിച്ച് കാണുമായിരുന്നു - സിനിമ കഴിഞ്ഞാലേ പഠിക്കാന്‍ പറയൂ എന്ന കാരണം കൊണ്ട്. ഇന്നാണെങ്കിൽ പരസ്യങ്ങൾ കണ്ട് സമയം കളയാൻ താല്പര്യമില്ലാത്തതിനാൽ സിനിമകൾ ഡിവിഡികളായും ഡൗൺലോഡുകളായും ആണ് കാണുന്നത്.
ഇതുകൊണ്ടൊന്നും പഴയ കാലമാണ് ശ്രേഷ്ഠമെന്നും ഈ കാലഘട്ടം മോശമാണെന്നുമുള്ള മൂഢധാരണകളൊന്നുമില്ല. ഈ കാലഘട്ടത്തിൻ്റെ പ്രസക്തി ചിലപ്പോൾ കുറെ വർഷങ്ങൾ കഴിഞ്ഞാകും ബോധ്യമാകുന്നത്. എന്തായാലും നാട്ടുകാരെ മുഴുവൻ മാസ്ക്ധാരികളാക്കിയ ഈ കോറോണക്കാലം ഒരു കാലത്തും ഗൃഹാതുരതയുണ്ടാക്കാൻ സാധ്യതയില്ല. അത് കൊണ്ട് തന്നെ മാസ്കില്ലാത്ത ആ കാലത്തിനെ അക്ഷമനായി കാത്തിരിക്കുകയാണ് ഞാൻ. പനിയൊക്കെ കഴിഞ്ഞ ശേഷം കൂട്ടുകാരോടൊപ്പം കളിക്കാൻ പോകാൻ കാത്തിരിക്കുന്ന കുട്ടിയെപ്പോലെ.