Entry No:001
Vineetha Anavankot [Infosys]
'പൊന്നോണം വന്നോണം ഇരുന്നോണം കണ്ടോണം വായിച്ചോണം പൊക്കോണം'
അയ്യോ പോവല്ലേ ഞാനൊരു ഫ്ളോയിൽ അങ്ങെഴുതിയതാ....
ഇവിടിരിക്കൂ കുറച്ചു വർത്താനങ്ങൾ പറയട്ടേന്നേ... ഒരു കഥയാ...
"ഓണം മലയാളിയുടെ ദേശീയോത്സവമാണ് എന്ന് തുടങ്ങുന്ന ഉപന്യാസം പഠിച്ച ഒരു കുട്ടിയുടെ കഥ! കുഞ്ഞുടുപ്പിൽ തുടങ്ങി പട്ടുപാവാട പിടിച്ചു ദാവണിയിലൂടെ സാരിയിൽ എത്തിനിൽക്കുന്നൊരു ഓണക്കഥ"!!!!
പാലക്കാടാണ് എന്റെ നാട്. അമ്മയും അച്ഛനും ഭർത്താവും എല്ലാരും പാലക്കാടിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ. അതുകൊണ്ടുതന്നെ പാലക്കാടൻ ഓണമാണ് ഞാൻ ഏറ്റവുംകൂടുതൽ കൂടിയിട്ടുള്ളത്. അതും അമ്മവീട്ടിൽ ആയിരിക്കും മിക്കവാറും. പൂക്കളം ഇടാറുള്ള ഓർമ്മ മാത്രമേയുള്ളു അച്ഛനോണത്തിൽ. അമ്മയുടെ വീട്ടിൽ ഓണമൊരു വലിയ ആഘോഷമാണ്. ചിങ്ങം ഒന്നുമുതൽ പൂക്കളമിട്ടുതുടങ്ങുന്ന അയല്പക്കങ്ങൾ ഉണ്ടായിരുന്നു എനിക്കവിടെ. വീട്ടുമുറ്റങ്ങളെല്ലാം ചിങ്ങം പിറക്കുമ്പോഴേക്കും പൊടിതൂത്തുകളഞ്ഞു വെള്ളംതളിച്ചു ആദ്യം മണ്ണുകുഴച്ചും പിന്നീട് ചാണകം കലക്കിയും മെഴുകി വൃത്തിയാക്കും. മുറ്റത്തെ ചെടികൾക്കൊക്കെയും ചാണകം മെഴുകിയ മൺതടങ്ങൾ! അതെല്ലാം ചെയ്യുന്നത് കണ്ടുനിൽക്കാൻതന്നെ രസമാണ്. അടുത്തുള്ള ചേച്ചിമാർ വന്നു ചെയ്തുതരും, കാണാൻ കൂടെ ഞാനും.. ഉണങ്ങിക്കഴിഞ്ഞാൽ ആ മുറ്റത്തിരുന്നു കളിക്കുവാനും ബഹുസുഖം. ഓണാവധി തുടങ്ങുമ്പോൾ കൂട്ടുകാരും ഇങ്ങനെ കൂടിക്കൂടിവരും...
എന്റെ വീട്ടിൽ അത്തം മുതൽക്കാണ് പൂക്കളം ഇട്ടുതുടങ്ങുക. നാട്ടിൻപുറത്തെ സകല പൂക്കളും പലനിറത്തിലുള്ള ഇലകളും കായ്കളും എല്ലാം നിരക്കും ഓരോ ദിവസത്തെ കളങ്ങളിലും. ഇലകൾ തലേന്നുതന്നെ കുനുകുനാ അരിഞ്ഞുവയ്ക്കും പിറ്റേന്നത്തേക്കെടുക്കാൻ. മുറ്റത്തു ഒരുരുള ചാണകം കൊണ്ടുവയ്ച്ചു നനച്ചു വലിയ വട്ടത്തിൽ പരത്തി അതിനുമുകളിലാണ് പൂക്കളമിടൽ. ഒന്നൊന്നര മണിക്കൂറൊക്കെ എടുത്താണ് ഞാനും മേമ(അമ്മയുടെ അനുജത്തി)യും കൂടെ ഓരോ ദിവസവും കളമൊരുക്കുക. ചാണകം ഒരുവിധം പൂക്കളെയൊക്ക പിടിച്ചുനിർത്തും. കാറ്റുവന്നാൽ രക്ഷയില്ല. മഴ തടുക്കാൻ കുടചൂടിക്കൊടുക്കും.
അങ്ങനെ പൂരാടം ദിവസം ഉച്ചതിരിയുമ്പോൾ ഒരു കൊട്ടനിറയെ പശിമയുള്ള ചെമ്മണ്ണുമായി മാതോരുണ്ടാക്കാൻ തുടങ്ങും. ചേർന്നുനിൽക്കുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും നാലു ചെറിയരൂപങ്ങൾ ആയി വേദങ്ങളും, ഇത്രയാണ് മൺരൂപങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. അവരെ ചെമ്പരത്തിയും ചെണ്ടുമല്ലിയും വർണക്കടലാസു പൂക്കളുംവച്ചലങ്കരിച്ചു ഉത്രാടത്തിനു രണ്ടുനേരവും തിരുവോണത്തിന് മൂന്നുനേരവും അവൽ, മലർ, ശർക്കര, പൂവട, പപ്പടം പഴം പായസ സദ്യയും കൊടുത്തങ്ങനെ പൂജിച്ചു അവിട്ടത്തിന്റെ അന്നൊരു ചെറുപൂജകൂടി കഴിച്ചു മാറ്റിവയ്ക്കും, തുടർന്നുവരുന്ന ആയില്യം, മകം നാളുകളിൽ 16 കുട്ടികളെയും മകത്തടിയനെയും അസംഖ്യം കുഞ്ഞുമൺപാത്രങ്ങളെയും പരമ്പരാഗത ഗൃഹോപകരണങ്ങളെയും ഉണ്ടാക്കിവയ്ച്ചു പൂജിക്കാൻ... മാതോരു വയ്ക്കുന്നതിനുമുൻപ് മുറ്റത്തു അരിമാവുകലക്കി നല്ല ഭംഗിയിൽ അണിയും അമ്മമ്മ. കൂടെ പേരക്കുട്ടികളുടെ പേരും നാളും എഴുതിവയ്ക്കും. എന്റെ പേരിൽതുടങ്ങി കസിൻസ് എല്ലാരുടേം കഴിഞ്ഞിപ്പോൾ എന്റെ മകന്റേതു വരെ എത്തിനിൽക്കുന്നു അത്....
സദ്യ അന്നുമിന്നും എന്റെ ബലഹീനതയാണ്. പാലടയും കൂട്ടിയൊരു സദ്യയും ഉണ്ട് വെറ്റിലയും അടക്കയും ചുണ്ണാമ്പും കൂട്ടിയൊന്നു മുറുക്കിക്കഴിയുമ്പോൾ ഉള്ളൊരു സുഖമുണ്ടല്ലോ ഹോ !!!!
ഓണക്കോടികളും ഓണപ്പാട്ടുകളും ഓണച്ചിത്രങ്ങളുമൊക്കെയായി അവധിദിവസങ്ങൾ ഓടിയോടിപ്പോകും എല്ലാതവണയും...
എന്റെ എഞ്ചിനീയറിംഗ് പഠനം കഴിയുന്നതുവരെയുള്ള ഓരോ ഓണവും ഇങ്ങനെ ആഘോഷപൂർണമായിരുന്നു. അതുകഴിഞ്ഞു 2012ൽ ആശുപത്രിക്കിടക്കയിൽ മേമ കൊണ്ടുവന്ന സദ്യയുമായി ഒരു ഡെങ്കിയോണവും കടന്നുപോയി. 2013 അത്തം നാളിലായിരുന്നു ഗുരുവായൂരപ്പന്റെ വല്ല്യ പൂക്കളവും കണ്ടുകൊണ്ട് എന്റെ വിവാഹം. അതുകഴിഞ്ഞുള്ള ആദ്യത്തെ ഓണം ഒരുപാടു ബന്ധുക്കളും ഓണക്കോടി കൊടുക്കൽവാങ്ങലുകളും വിരുന്നുസദ്യകളും ആയി ഗംഭീരമായി... വിവാഹം ഏതു മാസത്തിലാണെങ്കിലും വരൻ വിവാഹവേളയിൽ വധുവിനു സമ്മാനിക്കുന്നൊരു വസ്ത്രത്തിനു 'ഓണപ്പൊട' എന്നാണ് ഇവിടങ്ങളിൽ പറയുക.
തുടർന്ന് 2015ൽ ഓഫീസിലെ ഒരാഴ്ച്ചനീണ്ട ഓണാഘോഷങ്ങളുടെ ആദ്യദിനത്തിലാണ് ഞാനൊരു അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞത്! ചെറുതായെങ്കിലും നാല് തിരുവാതിരച്ചുവടുകൾ വച്ചു അന്നാ സന്തോഷദിനത്തിൽ.. ഓണപ്പാട്ടു പാടിയതും പരിപാടികൾക്ക് സുഹൃത്തുക്കളെ ഒരുക്കിയതും എല്ലാം ഇരട്ടിസന്തോഷത്തിലായിരുന്നു അത്തവണ. എന്റെ ബോളിയോണങ്ങളെല്ലാം എനിക്ക് തിരുവനന്തപുരത്തെ ഓഫീസ് ജീവിതം തന്നതാണ്..
പിന്നീടൊരു പ്രത്യേകത ഓണത്തിനുണ്ടായത് 2017ൽ ആണ്. ഭർത്താവും മകനും ആയി ജർമ്മനിയിൽ ആയിരുന്നു അത്. കിട്ടാവുന്ന പച്ചക്കറികൾകൊണ്ട് കാളൻസാമ്പാറാവിയലുകൾ വച്ചും, പായസംകുടിച്ചും, മഞ്ഞൾപൊടി കലക്കി ഗോപിക്കുറിതൊട്ടു മകനെ കുഞ്ഞിഷർട്ടും മുണ്ടും ഇടീച്ചും, മലയാളിസമാജത്തിന്റെ പരിപാടികൾ കണ്ടും ആ ഓണം അങ്ങനെ മറക്കാനാവാത്തതായി.
ഇത്തവണ തിരുവനന്തപുരത്തു ഫ്ലാറ്റിൽ കഴിയാവുന്നത്ര ഭംഗിയാക്കി ഒരാഘോഷം. വരുന്നതിനടുത്ത ഓണത്തിലേക്ക് എല്ലാം നന്നായി നടന്നാൽ ഒരു വില്ല സ്വന്തമാകും. എന്നിട്ടാ മണ്ണിൽച്ചവിട്ടിനിന്ന് എനിക്ക് സ്വന്തമായുള്ള ഓണനന്മകൾ മുഴുവനും എന്റെ മകന്റെ ഓർമ്മപ്പുസ്തകത്തിലേക്കെഴുതിച്ചേർക്കാൻ
കാത്തിരിക്കുകയാണ് ഞാൻ.....