Skip to main content
Srishti-2022   >>  Article - Malayalam   >>  സ്ത്രീ ധനവും മലയാളിയുടെ വിവാഹ സംസ്കാരവും

സ്ത്രീ ധനവും മലയാളിയുടെ വിവാഹ സംസ്കാരവും

ഒരു പിടി കൗതുക കാഴ്ചകൾ പൂക്കുല വിടർത്തി നിൽക്കുന്ന ഒരു വേദിയാണ് മലയാളിയുടെ വിവാഹ പന്തൽ. മുന്നമേ നടന്ന വിവാഹ നിശ്ചയ ദിനം മോതിരം മാറുന്നതിനു മാത്രമല്ല, സ്ത്രീ ധനം കൂടി കൈ മാറുന്നതിനുള്ള ദിവസം കൂടിയാണ്. തീയതി ഓർമ്മിപ്പിക്കലിൻെറ (സേവ് ദി ഡേറ്റിൻെറ) പരിസമാപ്തിയുടെ ആഘോഷം വിവാഹ ദിനത്തിൽ ഒരു ഭാഗത്ത് നടക്കുമ്പോഴും,  'ഇനി എന്താകും' എന്ന ആധി മാതാ പിതാക്കളുടെ, ഒരു പക്ഷെ വധുവിൻെറ, മനസ്സിൽ കൂടി മറു ഭാഗത്ത് കടന്നു പൊയ്കൊണ്ടിരിക്കയാവും. 

കുടുംബം എന്ന ആവശ്യത്തിനും, ആൺ പെൺ തുണക്കും വേണ്ടി മത, ധാർമികതകളിലൂന്നി നടത്തുന്ന വിവാഹം എന്ന ചടങ്ങ് കാലാ കാലങ്ങളായി മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. മാറ്റം എന്നും അനിവാര്യമാണല്ലോ. ആണും പെണ്ണും കുടുംബമായി സന്തോഷത്തോടെയും, ഐശ്വര്യത്തോടെയും  ജീവിക്കണം എന്ന അടിസ്ഥാന ഉദ്ദേശത്തിന് ഇപ്പോഴും മാറ്റം ഇല്ല. എല്ലാവരും കാംഷിക്കുന്നതും അതു തന്നെ. 

തലമുറയും കാലവും മാറുന്നതനുസരിച്ച് ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. സേവ് ദ ഡേറ്റ്, വിവാഹ കുറികളിൽ വന്ന മാറ്റങ്ങൾ, വിലപിടിപ്പുള്ള വസ്ത്ര വിധാനങ്ങൾ,  ആർഭാടത്തോടെയുള്ള വിവാഹ സൽക്കാര-ചടങ്ങുകൾ, ബിഗ് ബജറ്റ് ഫോട്ടോ, വീഡിയോ ചിത്രീകരണങ്ങൾ, ഓൺലൈൻ ലൈവ് സ്ട്രീമിങ്, വിവാഹത്തിനു മുന്നും പിന്നും ഉള്ള ഫോട്ടോ ഷൂട്ടുകൾ, ടീസർ വീഡിയോകൾ.. അങ്ങനെ അങ്ങനെ..     

മുൻപുണ്ടായിരുന്ന ലളിതമായ രീതികളിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ കടന്നു വന്നിരിക്കുന്നു. സിനിമയും, സോഷ്യൽ മീഡിയായും, പരിഷ്ക്രിത രാജ്യങ്ങളിലെ രീതികളും എല്ലാം ഇക്കാര്യത്തിൽ സ്വാധീനം ചെലുത്തുന്നു. പക്ഷെ ഇതൊക്കെ കണ്ട് മൂക്കത്ത് വിരൽ വെച്ച് മുൻ തലമുറ പറയും 'ഇത്രയൊക്കെ വേണോ? എന്തൊരു മാറ്റം. എല്ലാം നന്നായി കണ്ടാൽ മതി'. മാറ്റങ്ങളും ആർഭാടവും ആഡംബരവും കൂടുമ്പോഴും എല്ലാവരും ആഗ്രഹിക്കുന്നത് ഇതൊരു നല്ല തുടക്കം ആകട്ടെ എന്നു മാത്രം.  

കേരളത്തിലെ വിവാഹ സംസ്കാരത്തിൽ വരുന്ന മാറ്റങ്ങൾ നമ്മുടെ കൺ മുന്നിൽ കൂടി നാം കണ്ടു കൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും കഴിഞ്ഞ ഒരു പത്തു വർഷത്തിനുള്ളിൽ. മാറ്റങ്ങൾ എന്നും 'കൂടുതൽ നല്ലതിനാവണം'; അല്ലാതെ പിന്നോക്കം പോകാൻ പാടില്ല. വിവാഹം അല്ലല്ലോ, അതിനു ശേഷം ഉള്ള ജീവിതമാണ് പ്രധാനം. അങ്ങനെ നോക്കുമ്പോൾ അമ്പരപ്പിക്കുന്ന കണക്കുകളും സംഭവങ്ങളും പിന്നാമ്പുറങ്ങളിൽ ഉണ്ട്. ഇന്ത്യയിൽ തന്നെ വിവാഹ മോചന കേസുകൾ ഉയർന്ന നിരക്കിലുള്ള സംസ്ഥാനങ്ങളിൽ കേരളം മുൻ പന്തിയിലാണ്.

ഇതിൻെറ പിന്നാമ്പുറങ്ങൾ തിരയുമ്പോൾ പല കാരണങ്ങൾ ഉണ്ട്. ഒന്നാമതായി വിവാഹം കഴിക്കുന്ന ആണും പെണ്ണും - അവർക്കിടയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ. രണ്ടാമതായി വീട്ടുകാർ, സമൂഹം, സമൂഹ മാധ്യമങ്ങൾ എന്നിവയുടെ ഇടപെടൽ.    

ഓരോ വ്യക്തിയും, ഓരോ വിവാഹ ജീവിതങ്ങളും വ്യത്യസ്തങ്ങൾ ആണ്. കൃത്യമായി നിർവചിക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും ഒരു പൊതു രീതി വെച്ച് ഇങ്ങനെ കാണാം:

പ്രണയ വിവാഹം - നന്നായി പോകാം; വല്യ കുഴപ്പമില്ലാതെ പോകാം; പിരിയാം.    

ആലോചിച്ചു നടത്തിയ വിവാഹം - നന്നായി പോകാം; വല്യ കുഴപ്പമില്ലാതെ പോകാം; പിരിയാം.

എങ്ങനെ ആണെങ്കിലും, മുകളിൽ പറഞ്ഞ സാധ്യതകളിൽ കൂടി ആയിരിക്കും എല്ലാ വിവാഹ ജീവിതങ്ങളും കടന്നു പോവുക.  

 

ചില സാഹചര്യങ്ങൾ നോക്കാം: 

അതിലൊന്ന് താൻ വിവാഹം കഴിക്കുന്നത് എന്തിനാണെന്ന് ഉള്ളിൽ വ്യക്തതയില്ലാത്ത ഒരു വിഭാഗം. ഒരു പ്രായം ആയാൽ ആണും പെണ്ണും വിവാഹം കഴിക്കാറായി എന്ന സമൂഹത്തിൻെറ പൊതു രീതി പിൻ തുടരുന്നവർ. പ്രണയം എന്താണെന്നു അറിയുവാൻ, വീട്ടിലെയോ സമൂഹത്തിലെയോ വിലക്കുകൾ കാരണമോ; അല്ലെങ്കിൽ പ്രണയിക്കുവാൻ ഉള്ള സാഹചര്യം അവർക്ക് ലഭിച്ചിട്ടില്ല. 

എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ചിലർക്ക് പറയാൻ കഴിഞ്ഞു എന്ന് വരില്ല. മറ്റേ ആളെ കൂടാതെ എനിക്ക് ജീവിക്കാൻ വയ്യാ ; മറ്റെയാളെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ എന്ന് ഉത്തരം പറയാൻ ഒരു ആണിനോ പെണ്ണിനോ കഴിഞ്ഞാൽ, അത് വളരെ നല്ല കാര്യം. 

പ്രണയത്തിൻെറ മധുരവും വേദനയും വിവാഹത്തിനു മുന്നേ ആണും പെണ്ണും അറിയട്ടെ; എങ്കിലേ വിവാഹ കാര്യത്തിൽ ഏറെക്കുറെ പക്വതയാർന്ന തീരുമാനങ്ങൾ എടുക്കാൻ അവർക്ക് കഴിയൂ. നല്ല ആൺ പെൺ ബന്ധങ്ങളും പ്രണയങ്ങളും പ്രോത്സാഹിക്കപ്പെടട്ടെ.   

 പ്രണയിച്ചിട്ടാണെങ്കിലും വീട്ടുകാർ ആലോചിച്ചു നടത്തിയതാണെങ്കിലും, വിവാഹ ശേഷം ഒത്തൊരുമിച്ചു പോകുന്നതിലും വലിയ വെല്ലു വിളികൾ ഉണ്ട്. വലിയ പ്രതീക്ഷയോടെയും സ്വപ്നങ്ങളോടെയും വിവാഹ ജീവിതത്തിലേക്ക് കടന്നു വരുന്നവർ സ്നേഹത്തിൻെറ വലിയ ആഴങ്ങൾ ആഗ്രഹിക്കുന്നു. അതു നഷ്ടപ്പെടുമ്പോൾ ബന്ധങ്ങൾക്ക് മങ്ങലേൽക്കുന്നു. പക്വതയും, കാഴ്ചപ്പാടും, പുതിയ വീട്ടിലെ അന്തരീക്ഷവും,വിവാഹ ശേഷം സ്വഭാവത്തിൽ വരുന്ന മാറ്റവും എല്ലാം പ്രധാനമാണ്.

മറ്റൊരു കാര്യം, വിവാഹത്തിനു മുൻപും ശേഷവും ഉള്ള ജീവിതത്തിലെ വ്യത്യാസങ്ങൾ ആണ്. വിവാഹത്തിന് മുൻപ് ആഗ്രഹിച്ച പോലെ ആകില്ല പ്രായോഗികമായ വിവാഹ ജീവിതം. പങ്കാളികളുടെ സ്വഭാവത്തിൽ അത് മാറ്റങ്ങൾ ഉണ്ടാക്കാം. അത് മറ്റേ വ്യക്തിയിൽ അമ്പരപ്പും അകൽച്ചയും ചിലപ്പോൾ ഉണ്ടാക്കും.     

പ്രണയ വിവാഹം ആണെങ്കിലും വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹം ആണെങ്കിലും ഒട്ടും ചേർന്നു പോകാൻ പറ്റാതെ വരിക. മുൻ പരിചയം അധികം ഇല്ലാത്ത വ്യക്തികൾ തമ്മിൽ ചേർന്നാൽ പിന്നീടാവും അവർ രണ്ട് പേരും മനസ്സിലാക്കുന്നത് - തങ്ങൾ ചേരുന്നില്ലല്ലോ! രണ്ടു തരം അഭിരുചികൾ ആണല്ലോ എന്നത്. പ്രണയ വിവാഹം ആണെങ്കിൽ, വിവാഹ ശേഷം വരുന്ന വിരസത, മാറ്റങ്ങൾ.. ഇതും പ്രശ്നമാണ്. 

ഒരുപാട് കാര്യങ്ങൾ ഒരു വിവാഹ ജീവിതത്തിൽ പ്രധാനമാണ്; അതിലൊന്ന് വിട്ടു വീഴ്ച മനോ ഭാവം. പക്ഷേ വീഴ്ചകളുടെ ഒരു ഘോഷ യാത്രയാണ് സംഭവിക്കുന്നതെങ്കിൽ പിന്നെ എന്തു ചെയ്യാം. മറ്റെയാളെ ചൂഷണം ചെയ്യുന്ന രീതിയിൽ എപ്പോഴും കാര്യങ്ങൾ പോവുകയാണെങ്കിൽ അത് നന്നായി അധിക നാൾ പോവുകയില്ല. 

ചില അപൂർവം ആളുകളിൽ സഹന ശക്തിയുടെ അളവും ഒരു വിഷയമാണ്. ചിലർ വളരെ ക്ഷമ കാട്ടുമ്പോൾ , ചിലർക്ക് അത്രത്തോളം പറ്റിയെന്നു വരില്ല. പണ്ടത്തെ നാളിനെ അപേക്ഷിച്ച് ഇപ്പോഴത്തെ കാലത്ത് ഇത് വളരെ പ്രകടമാണ്. ലോകം ഒത്തിരി മുന്നേറിയപ്പോൾ വ്യക്തികളുടെ സഹന ശക്തി കുറഞ്ഞിരിക്കുന്നു. സെൻസിറ്റീവ് ആയിരിക്കുന്നു.    

മറ്റൊരു കാര്യം അബോധമായി ഇടപെടുന്ന സമൂഹവും, സമൂഹ മാധ്യമങ്ങളുമാണ്. അവയെ തൃപ്തിപ്പെടുത്താനായി കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ, സാമ്പത്തിക ബാധ്യതകൾ. ഇതൊക്കെയും പങ്കാളികൾക്കോ, കുടുംബത്തിനോ, സമൂഹത്തിനോ പ്രത്യക്ഷമായോ പരോക്ഷമായോ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം.   

ഈ പറഞ്ഞ കാര്യങ്ങൾ ആണിനും പെണ്ണിനും ഒരേ പോലെ ബാധകമാണെങ്കിലും, പെണ്ണിനെയാണ് മലയാളി സമൂഹത്തിൽ ഇത് കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. മുൻപത്തെ പോലെ അല്ല, ഇപ്പോഴത്തെ പെൺ കുട്ടികൾക്ക് വിദ്യാഭ്യാസവും ജോലിയും ഉണ്ട്. അതിനാൽ ഒരു പരിധി കഴിഞ്ഞാൽ അവർ പ്രതികരിക്കും, തീരുമാനങ്ങൾ എടുക്കും. ഒട്ടും യോജിച്ചു പോകാൻ പറ്റില്ലെങ്കിൽ ഇനി പിരിയാം എന്ന തീരുമാനം അവർ എടുത്തു തുടങ്ങും. മുൻ തലമുറയിലെ പോലെ, എന്തും കേട്ടും സഹിച്ചും നിന്നു പോകാൻ ഇനി അവർ നിൽക്കില്ല. വ്യക്തിത്വവും, അഭിമാനവും, ജോലിയും,  സാമ്പത്തിക സ്വാതന്ത്ര്യവും ഇന്നവൾക്കുണ്ട്. അതു കൊണ്ട് ഇന്നത്തെ കാലത്ത് വിവാഹ മോചനം കൂടുന്നു എന്ന് കേൾക്കുമ്പോൾ അതിൽ ഒരു കാര്യം പെണ്ണുങ്ങൾക്ക് ഉണ്ടായ മാറ്റങ്ങൾ കൂടിയുണ്ട്. അടുക്കളയിൽ നിന്നും അവർ അരങ്ങത്തേക്ക് വന്നു കഴിഞ്ഞു! ഇപ്പോഴത്തെ തലമുറകൾക്ക് ബന്ധങ്ങളുടെ വില അറിയാൻ വയ്യാഞ്ഞിട്ടല്ല; ഒട്ടും യോജിച്ചു പോകാൻ പറ്റാത്ത ആളിനൊപ്പം ജീവിതം ഹോമിച്ചു കളയാനുള്ളതല്ല എന്ന് ആണും പെണ്ണും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

വിവാഹം എന്നത് രണ്ട് വ്യക്തികൾ മാത്രമല്ല, രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കൂടിയാണ്. അതിനാൽ ഇവർക്കെല്ലാവർക്കും പരസ്പരം ബന്ധങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയും. മിക്ക ഇടങ്ങളിലും പ്രശ്നനങ്ങൾ കൂടുന്നതായാണ് കാണുന്നത്. 

അമ്മായി 'അമ്മ പോര്, നാത്തൂൻ പോര്.. ഇങ്ങനെ പലതും ഇപ്പോഴും മലയാളി വീടുകളിൽ ഉണ്ട്. സ്ത്രീ തന്നെ സ്ത്രീക്ക് ശത്രു എന്നത് മിക്കയിടങ്ങളിലും ശെരി തന്നെ. മാറ്റം വരേണ്ടിയിരിക്കുന്നു. കൂട്ടു കുടുംബം നല്ലതാരുന്നു, ഇപ്പോൾ അത് ഇല്ലാതാകുന്നു എന്നു പറയുമ്പോഴും, എത്ര കൂട്ടു കുടുംബങ്ങൾ സ്നേഹത്തിൽ വർത്തിക്കുന്നു എന്നത് പ്രധാനമാണ്.       

പങ്കാളികൾ തമ്മിലാണെങ്കിലും വീട്ടുകാരിൽ നിന്നാണെങ്കിലും സ്നേഹവും, കരുതലും, ഇഷ്ടവും, ബഹുമാനവും കുറഞ്ഞു ഇല്ലാതെയാവുകയാണെങ്കിൽ ആ ബന്ധവും ഒരു ഭാരമാകും. ഈ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും ഒക്കെ ഉള്ളപ്പോഴാണ് വിവാഹേതര ബന്ധങ്ങൾ ഉടലെടുക്കുന്നത്.

മലയാളിയുടെ വിവാഹത്തിനോട് ചേർത്തു വെച്ച് പറയേണ്ട ഒന്നാണ് സ്ത്രീ ധനം! സ്ത്രീ തന്നെ ധനം എന്നൊക്കെ മേമ്പൊടി പറയുമെങ്കിലും സംഗതി അതല്ലാ. സ്ത്രീ-ധനം (ലോകത്ത് പല ഭാഗങ്ങളിലും ഉണ്ടെങ്കിലും) മലയാള നാട്ടിൽ ഒരു വൻകാര്യം തന്നെ ആണ്. ബന്ധം ഉറപ്പിക്കുന്നതിനും, അതിനു ശേഷം മുന്നോട്ടുള്ള പ്രയാണത്തിനും ഗതി നിശ്ചയിക്കുന്ന ഒരു പ്രധാന ഇന്ധനം! സ്ത്രീ ധനത്തിൻെറ ഒരു ചരിത്രം പെട്ടന്നു പരിശോധിക്കുകയാണെങ്കിൽ അത് വിവാഹ സമയം വധുവിനു ലഭിക്കുന്ന ധനം,വധുവിൻെറ ഉപയോഗത്തിനായി വരനു നൽകുന്ന ധനം, സ്ത്രീകൾക്ക് പ്രത്യേക അവകാശമുള്ള ധനം, വധുവിൻ്റെ  ബന്ധുക്കൾ വരനു നൽകുന്ന ധനം എന്നൊക്കെ കാണാം. ഇതിൻെറ എല്ലാം പിന്നിൽ വധുവിനെ നന്നായി നോക്കാൻ അല്ലെങ്കിൽ അവളുടെ ജീവിതം നന്നായി പോകുവാൻ ഉപകരിക്കും വിധം നൽകുന്ന ഒന്നായി  സ്ത്രീ ധനത്തെ ലളിതമായി പറയാം. പക്ഷേ ഇന്ന് ഒട്ടു മിക്ക സ്ത്രീകളും ദുരിതം അനുഭവിക്കുന്നതും ഇതിൻെറ പേരിൽ തന്നെ.

നിയമ പരമായി സ്ത്രീ ധനം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും മലയാളി സമൂഹത്തിൽ അതുണ്ട്. നിയമ വശത്തിനപ്പുറം, സ്ത്രീ ധനം എന്നത് പീഡനത്തിന് ഒരു കാരണം ആകുന്നുണ്ടെങ്കിൽ അതിൻെറ കാരണം യഥാർത്ഥത്തിൽ സ്ത്രീ ധനം അല്ല, വരൻെറയും വരൻെറ വീട്ടുകാരുടെയും സ്വാർത്ഥ മനസാണ്, സ്നേഹിക്കാൻ അറിയാത്ത ഇരുണ്ട മനസുകളാണ്. സ്ത്രീ ധനം കാരണം പ്രശ്നങ്ങൾ പണ്ടും ഉണ്ട് ഇപ്പോഴും ഉണ്ട്. സ്ത്രീ ധനം വാങ്ങിയിട്ടും ഒരു പ്രശ്നവും അതിൻെറ പേരിൽ ഉണ്ടാക്കാത്ത അനേകം ആൾക്കാർ പണ്ടും ഉണ്ട് ഇപ്പോഴും ഉണ്ട്. മാത്രമല്ലാ, സ്ത്രീ ധനത്തിൻെറ പേരിൽ മരുമകളെ ഉപദ്രവിക്കുമ്പോൾ അയാളുടെ അമ്മയ്ക്കും അച്ഛനും പെങ്ങൾക്കും അയാളെ ഉപദേശിച്ചു കൂടേ? മരുമകൾക്ക് സംരക്ഷണം കൊടുത്ത് മകൻെറ തെറ്റ് ചൂണ്ടി കാട്ടി കൂടെ? അപ്പോൾ അത് ആ ചെന്നു കയറുന്ന വീട്ടിലെ സ്നേഹ രാഹിത്യത്തിൻെറ പ്രശ്നമാണ്. സ്ത്രീ ധനം അല്ലെങ്കിൽ മറ്റെന്തെങ്കിലും അവിടെ പ്രശ്നം സൃഷ്ടിച്ചു കൊണ്ടിരിക്കും! എന്തായാലും സ്ത്രീ ധനം എന്നത് നിയമ വിരുദ്ധം തന്നെയാണ് ഒരിക്കലും അത് പ്രോത്സാഹിക്കപ്പെടേണ്ടതല്ല.   സ്‌നേഹമില്ലായ്മയാണ് ഇവിടുത്തെ പ്രശ്നം. ഉള്ളു തുറന്ന് കപടതയില്ലാതെ മറ്റൊരാളെ ഇഷ്ടപ്പെടാൻ കഴിയാത്തതാണ് മലയാളിയുടെ ഒന്നാമതായി പരിഹരിക്കപ്പെടേണ്ട പ്രശ്നം. രണ്ടാമതായി സമൂഹത്തിൻെറ മുൻപിൽ പൊങ്ങച്ചവും ദുരഭിമാനം കാട്ടാൻ ചെയ്യുന്ന അഭിനയവും!        

പാശ്ചാത്യ നാടുകളെ അനുകരിക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട പല കാര്യങ്ങളും പിൻ തുടരാൻ വിട്ടു പോകുന്നു. വിവാഹം ചെയ്തു കൊടുത്താൽ മാത്രമേ ഒരു വ്യക്തി ജീവിതം പൂർണ്ണമാകൂ, ഒറ്റക്ക് ജീവിച്ചാൽ 

സമൂഹത്തിൻെറ മുൻപിൽ എന്തോ കുറച്ചിലാണ് എന്ന വിചാരം. എന്തെങ്കിലും കുറവുണ്ടെങ്കിൽ സ്ത്രീ ധനം കൂട്ടി കൊടുത്ത് അതിനെ പരിഹരിക്കാൻ ശ്രമിക്കുന്നു മലയാളി! സ്ത്രീ ധനം മോഹിച്ചു വരുന്ന ആണ് പിന്നീടും പല ആവശ്യങ്ങളുമായി വന്നു കൊണ്ടിരിക്കും! വൈകല്യമുള്ള മകളെയോ, ഭർതൃ വീട്ടിൽ നിന്നും പിരിഞ്ഞു വരുന്ന പെണ്ണിനെയോ പിന്നെയും നിർബന്ധിച്ചു വിടാതെ ചേർത്ത് നിർത്തുക. വീണ്ടും മാനസിക ശാരീരിക പീഡനത്തിന് വിട്ടു കൊടുക്കാതിരിക്കുക.    

വിവാഹം എന്നത് തുടക്കത്തിൽ സാമൂഹിക ആവശ്യം ആയിരുന്നു. പിന്നെ മലയാളി അതിൽ കുറച്ചൊക്കെ പൊങ്ങച്ചവും ആഡംബരവും കൂടി കാട്ടാനുള്ള വസ്തു വകകൾ ചേർത്തു തുടങ്ങി. ഇപ്പോൾ അതൊക്കെ ഈ ആധുനിക യുഗത്തിൽ അതിൻെറ മൂർദ്ധന്യാവസ്ഥയിലേക്ക് യാത്ര ചെയ്‌തു കൊണ്ടിരിക്കുന്നു. വികസിത രാജ്യങ്ങളിലെ സംസ്കാരം, സമൂഹ മാധ്യമങ്ങൾ, സമൂഹത്തിൻെറ മുന്നിൽ കാണിക്കുന്ന നാട്യം എല്ലാം അതിൻെറ ഭാഗങ്ങളാണ്. ഇതെല്ലം സമൂഹ മനസ്സിനെ ബാധിക്കുന്നു. പാവപ്പെട്ടവർക്കും വിവാഹം എന്നത് വലിയൊരു ഭാരവും ബാധ്യതയും അയി മാറുന്നു.         

 മലയാളിയുടെ വിവാഹം വലിയ മാറ്റങ്ങളിൽ കൂടിയാണ് കടന്നു പോയ്കൊണ്ടിരിക്കുന്നത്. ഒന്ന് കാലുറച്ച് നില്ക്കാൻ ഇനിയും വർഷങ്ങൾ വേണ്ടി വരും. പ്രണയ സാഫല്യമോ, പ്രണയിക്കുന്നതിനോ വേണ്ടി ആകട്ടെ മലയാളിയുടെ വിവാഹം. പങ്കു വെക്കൽ മധുരമാണെന്നും, ജീവിതം ഇനി മറ്റൊരാളുമായി പങ്കു വെക്കുമ്പോൾ കൂടുതൽ മധുരതരമാകും എന്ന് തിരിച്ചറിഞ്ഞിട്ടാകണം ആണും പെണ്ണും വിവാഹ പന്തലിലേക്ക് കാലെടുത്തു വെക്കാൻ. സ്നേഹത്തിൻെറ വലം കൈ പിടിച്ചാകണം പുതു വീട്ടിൽ അവർ സ്വീകരിക്കപ്പെടാൻ. അതിന് ഒന്നാമതായി സ്നേഹം എന്താണെന്ന് എല്ലാവരും അറിയണം. ആണും പെണ്ണും വീട്ടുകാരും സമൂഹവും എല്ലാവരും. അതിൻെറ തുടക്കം ഓരോ വീടുകളിലും തുടങ്ങണം, വിദ്യാലയങ്ങളിൽ അത് കുട്ടികളെ കാട്ടി കൊടുക്കണം, സമൂഹത്തിൽ അത് പരിശീലിക്കപ്പെടണം. സർക്കാറിനും ഒരുപാട് കാര്യങ്ങൾ ഇതിനായി ആവിഷ്കരിക്കാൻ പറ്റും.

സ്നേഹമാണഖില സാരമൂഴിയിൽ എന്ന നിത്യ നിതാന്ത സത്യം ആചരിക്കപ്പെടണം. എങ്കിലേ കരുത്താർന്ന വിവാഹ ജീവിതങ്ങൾ ഉണ്ടാവൂ. നാളത്തെ നല്ല സമൂഹം ഉണ്ടാവൂ. നല്ല കുടുംബങ്ങൾ ഉണ്ടാകേണ്ടത് സമൂഹത്തിൻെറ ആവശ്യം ആണ്. ഇല്ലെങ്കിൽ ഞെട്ടിക്കുന്ന വാർത്തകളും കെട്ടുറപ്പില്ലാത്ത പ്രശ്നങ്ങൾ നിത്യം ഉണ്ടാവുന്ന ഒരു സമൂഹമായി മാറും. 

ചുരുക്കി പറഞ്ഞാൽ മലയാളി ഇപ്പോഴും വിവാഹ കാര്യത്തിൽ വികസ്വരത്തിൽ ആണ്.  ഇല്ലത്തൂന്ന് പുറപ്പെട്ടിട്ടേ ഉള്ളൂ.. ഒരുപാട് നല്ല സഞ്ചാരങ്ങൾ, പഠിക്കലുകൾ ഇനിയും ബാക്കി ഉണ്ട്.    

മുഖ്യമായി സ്നേഹവും, അറിവും, നല്ല ജീവിത കാഴ്ച്ചപ്പാടുകളും ഉണ്ടാവട്ടെ... വീടുകളിൽ, വിദ്യാലയങ്ങളിൽ, സമൂഹത്തിൽ. മലയാളി അവിടെ എത്തും, വിദൂരമല്ല അത്. ദുഃഖ വാർത്തകൾ ഇടക്ക് കേൾക്കുമ്പോഴും ഇപ്പോഴും ഉണ്ട് സന്തോഷത്തിലും സ്നേഹത്തിലും വസിക്കുന്ന മലയാളി വീടുകൾ. കൂടുമ്പോൾ ഇമ്പമുള്ള ഭവനങ്ങൾ. സാരമില്ലെടാ പോട്ടെ എന്നു പറയുന്ന തലോടലുകൾ. ഇവൾ മരുമകളല്ല എൻെറ മോളാണ്/മോനാണ്  എന്ന് പറയുന്ന വീടുകൾ. എല്ലാം നന്നാവട്ടെ. ശുഭ പ്രതീക്ഷയോടെ നമുക്ക് മുന്നേറാം.