Skip to main content
Srishti-2022   >>  Article - Malayalam   >>  മാറ്റത്തിൻറെ അടിസ്ഥാനം

SHERIN MARIAM PHILIP

Envestnet Pvt Ltd

മാറ്റത്തിൻറെ അടിസ്ഥാനം

 ഈയിടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ കണ്ടു. ഒരു പെൺകുട്ടി തൻറെ സുഹൃത്തിനോട് പറയുന്നു എൻറെ അച്ഛൻ എനിക്ക് പഠനശേഷം ജോലിയും വാങ്ങി തരും 101 പവൻ സ്വർണവും നൽകി കെട്ടിച്ചു വിടുകയും ചെയ്യും. മറുപടിയായി സുഹൃത്ത് പറയുന്നു എൻറെ അച്ഛൻ എന്നെ എൻറെ ആഗ്രഹത്തിനനുസരിച്ച് പഠിപ്പിക്കും. പക്ഷേ കല്യാണത്തിന് ആവശ്യമായത് ഞാൻ തന്നെ ജോലി ചെയ്ത് സമ്പാദിച്ചു നടത്തണമെന്ന്. മുപ്പതോ അറുപതോ സെക്കൻഡ് ഉണ്ടായിരുന്ന ആ വീഡിയോ കണ്ടയുടനെ ഒരു നിമിഷം കണ്ണടച്ച് അതിനെകുറിച്ച് ചിന്തിക്കാൻ ആണ് തോന്നിയത്. മാറുന്ന കേരളത്തിൻറെ മാറുന്ന ധ്വനിയാണ് എനിക്ക് അവിടെ കേൾക്കാൻ കഴിഞ്ഞത്.

       ഒരു പെൺകുട്ടിക്ക് 18 വയസ്സ് ആകുമ്പോൾ കേൾക്കാൻ തുടങ്ങുന്നതാണ് കല്യാണം ഒന്നും ആയില്ലേ എന്ന്.  അവൾ  പഠിക്കുക അല്ലേ പക്വത വന്നില്ലല്ലോ എന്ന് പറഞ്ഞാൽ കേൾക്കുന്ന ആദ്യത്തെ മറുചോദ്യം വോട്ട് ചെയ്യാൻ 18 വയസ്സ് മതിയല്ലോ, പിന്നെ എന്തുകൊണ്ട് ആ പക്വത വച്ച് ഒരു കുടുംബം നോക്കി കൂടാ എന്നാണ്.  22 വയസ്സ് കഴിഞ്ഞാൽ പലർക്കും പെൺകുട്ടികൾ 44 വയസ്സായ മട്ടാണ്.

            വിവാഹം എന്നതിൽ തുടങ്ങി പിന്നീട് കേൾക്കുന്ന അടുത്ത വാക്കാണ് സ്ത്രീധനം. സ്ത്രീ തന്നെ ധനം അല്ലേ എന്ന് ചോദിച്ചു തുടങ്ങിയിട്ട് പതിയെ അരികിൽ വന്നിരുന്നു ചോദിക്കും,"എന്നാലും നിങ്ങൾ മോൾക്ക് എന്തു കൊടുക്കും"? സാധാരണയായി കഴിക്കുന്ന എല്ലാം കൊടുക്കും എന്നു പറഞ്ഞ് മടക്കി അയക്കാൻ ആണ് പലപ്പോഴും മനസ്സിൽ തോന്നുക.പക്ഷേ  അതിഥി മര്യാദ..... അത് കാത്തുസൂക്ഷിക്കേണ്ടത് കൊണ്ട് പാവം അച്ഛന്മാർ പലപ്പോഴും മൗനികളാകും. കുറച്ചു പേരാകട്ടെ കുറച്ചുകൂടെ വൃത്തിയായി പറയും "ഞങ്ങൾ ഞങ്ങളുടെ മകൾക്ക് ഇത്രേം കൊടുത്തു എന്ന്".ഇങ്ങോട്ട് അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നു എന്നതിൻറെ ആധുനിക രൂപവത്കരണം ആണ് ആ ചോദ്യം.പലപ്പോഴും കടകളിൽ പ്രൈസ് ടാഗും ആയി വെച്ചേക്കുന്ന സാധനങ്ങളെ പോലെയാണ് ചിലർ മക്കളുമായി പെണ്ണുകാണാൻ ഓരോ വീടും കയറിയിറങ്ങുന്നത്.

    വിവാഹമെന്നത് രണ്ടു മനസ്സുകളുടെയും രണ്ട് കുടുംബത്തിനെയും ഒത്തുചേരലാണ്.എന്നാൽ പലപ്പോഴും കൊടുക്കൽ വാങ്ങലിൻറെ ഉടമ്പടി ആയി രൂപമാറ്റം സംഭവിക്കുന്ന ഒന്നായി വിവാഹം മാറ്റപ്പെടുന്നു.പണം കൊടുത്ത് വാങ്ങുന്ന സ്നേഹത്തിൻറെ ആയുസ്സ് എത്രയാണെന്ന് പെൺമക്കളുടെ മനസ്സിൻറെ തെമ്മാടിക്കുഴിയിൽ അടക്കം ചെയ്യപ്പെടുന്ന പൊതു സത്യമായി മാറുന്നു.  പണം കൊടുത്തു വാങ്ങുന്ന ഇല്ലാത്ത സ്നേഹം ആണ് പലപ്പോഴും സ്ത്രീധനത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

       സ്ത്രീധനം എന്നതിൻറെ പാർശ്വ ഫലങ്ങൾ  ഓരോ ഉത്തരയും വിസ്മയയുമായി മുന്നിൽ വരും.അടുത്ത വാർത്ത  വരുന്ന വരെ ആഘോഷിക്കപ്പെടാൻ മാത്രം........  അത്രമാത്രമേ പലപ്പോഴും സ്ത്രീ ജന്മങ്ങളുടെ പ്രാണ ത്യാഗത്തിന് ശക്തി ഉള്ളൂ.  പിന്നീട് സമൂഹം അടുത്തതായി വരുന്ന വാർത്തയുടെ പുറകെ നിർത്താതെ ഓടിക്കൊണ്ടിരിക്കും.പ്രാണൻ നഷ്ടപ്പെട്ട ഓരോ പെൺകുട്ടിയുടേയും ഘാതകൻമാർക്ക്  ശിക്ഷ ലഭിച്ചാൽ മാത്രം തീരുമോ സമൂഹമനസാക്ഷിയെ കാർന്നുതിന്നുന്ന ഈ സ്ത്രീധന  മോഹികളുടെ എണ്ണം.സൗന്ദര്യവും പണവും അല്ല  വിവാഹത്തിൻറെ അളവുകോൽ,മറിച്ച് വ്യക്തിത്വമാണ് എന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

      പെണ്ണായും പന്നി ആയും ജനിക്കാതെ ഇരുന്നതിന് ദൈവത്തിന് നന്ദി എന്ന് പ്രാർത്ഥിച്ച പുരാതന കാലത്തിൻറെ ബാക്കിപത്രമാണ്  സ്ത്രീധനത്തിൽ ഇന്ന് നാം കാണുന്നത്.കുടുംബം പോറ്റാൻ വേണ്ടി  വണ്ടിക്കാളകാരനായി ഒടുവിൽ വണ്ടി കാളകളെ പോലെ ആകുന്ന മനുഷ്യൻറെ കഥ പി. ഭാസ്കരൻറെ "ഓർക്കുക വല്ലപ്പോഴും" എന്ന കൃതിയിൽ കാണാം.കുടുംബത്തെ നോക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഓരോ അച്ഛനമ്മമാരുടെ മുഖമാണ്, തേങ്ങലാണ്,നൊമ്പരമാണ് ആ കൃതിയുടെ ഓരോ അക്ഷരത്തിലും ഞാൻ കണ്ടത്. അവരുടെ ചുമലിൽ കൂർത്ത ആണി അടിച്ചിറക്കുന്നത് ആണ് സ്ത്രീധനവും മലയാളികളുടെ വിവാഹ സംസ്കാരവും.

 

     സ്ത്രീധനത്തോടെ കൂട്ടു വരുന്ന അടുത്ത സാമൂഹിക തിന്മയാണ് ആർഭാടം.വിവാഹ സൽക്കാരങ്ങൾ പലപ്പോഴും പൊങ്ങച്ചത്തിന് വേദികൾ ആയിരിക്കുന്നു. നഷ്ടപ്പെടുത്തി ഉപേക്ഷിച്ചു കളയുന്ന ഓരോ ധാന്യമണിക്കും പലപ്പോഴും വിശന്നു കരയുന്ന  കുട്ടിയുടെ മുഖവും അവരുടെ കണ്ണുനീർ തുള്ളിയുടെ രുചിയും ആണ്. ആ  കാഴ്ച്ചയുടെ നേരെ പലപ്പോഴും അറിഞ്ഞുകൊണ്ടുതന്നെ ഞാൻ ഉൾപ്പെടുന്ന സമൂഹം കണ്ണുകൾ  പൂട്ടിയും ചെവികൾ കൊട്ടിയും അടയ്ക്കുന്നു. വെട്ടി കുഴിച്ചു മൂടാതെ ആ ഭക്ഷണത്തെ  ആവശ്യക്കാരൻറെ മുന്നിലെത്തിച്ചു കൊടുത്താൽ കിട്ടുന്ന പുണ്യം ഏത് അമ്പലത്തിൽ ശയനപ്രദക്ഷിണം നടത്തിയാലും, ഏത് പള്ളികളിൽ നേർച്ച ഇട്ടാലും കിട്ടില്ല. കാരണം അന്നം ദൈവമാണ്.

കല്യാണം, കല്യാണ  സൽക്കാരം, സ്ത്രീധനം ഇത്രയും ആകുമ്പോൾ കടമെടുത്തു നടുവൊടിയും ഓരോ അച്ഛനമ്മമാരുടെയും. പിന്നീടുള്ള ജീവിതം കടം വീട്ടാനുള്ള ദുരിതത്തിലും. സ്ത്രീധനം വേണ്ട സ്ത്രീധനം ഇല്ലാതെ വിവാഹം നടത്തുമെന്ന് ഘോരഘോരം പ്രസംഗിക്കാനും ലേഖനങ്ങളായി എഴുതാനും ആർക്കും സാധിക്കും. എന്നാൽ ഇത്തരം ചിന്തകൾ നമ്മുടെ ജീവിതത്തിൽ എത്ര ശതമാനം പ്രാവർത്തികമാക്കാൻ കഴിയുന്നു എന്ന് നാം നമ്മോട് തന്നെ ചോദിക്കേണ്ട കാര്യം ആണ്. കാരണം ഞാൻ മാറിയെങ്കിൽ മാത്രമേ സമൂഹം മാറൂ. സമൂഹം മാറിയെങ്കിൽ മാത്രമേ സാമൂഹിക പ്രശ്നം മാറൂ. സാമൂഹ്യപ്രശ്നം മാറിയെങ്കിൽ മാത്രമേ ഭൂമി സ്വർഗ്ഗത്തേക്കാൾ സുന്ദരം ആകൂ. ഏത് മാറ്റത്തിൻറെയും അടിസ്ഥാനം ഞാനാണ്.

നല്ല വിദ്യാഭ്യാസം നൽകി നല്ല മൂല്യങ്ങൾ നൽകി ശക്തമായി പ്രതികരിക്കാൻ ആകുന്ന മനസ്സും നൽകിയാണ് നമ്മുടെ പെൺകുട്ടികൾ വളരേണ്ടത്. പെൺകുട്ടിയുടെ ഭാരത്തിന് അനുസരിച്ചുള്ള സ്വർണാഭരണങ്ങളും ഇട്ടു മൂടാൻ ഉള്ള പണവും അല്ല വിവാഹത്തിൻറെ മാനദണ്ഡം. ശരീരം കൊണ്ടും മനസ്സു കൊണ്ടും മൂല്യങ്ങൾ  കൊണ്ടും ശക്തി ഉള്ളവരാകണം നമ്മുടെ പെൺകുട്ടികൾ. സ്ത്രീധന മോഹികൾക്ക് നമ്മുടെ മക്കളെ കുരുതി നൽകുന്നതിലും എത്രയോ നല്ലതാണ് സാമൂഹിക പ്രശ്നങ്ങളെ തോൽപ്പിച്ച് സ്വതന്ത്രരായി പ്രതിബന്ധങ്ങളുടെ  കെട്ടുപൊട്ടിച്ച്   ജീവിതത്തെ ആസ്വദിക്കുന്നവർ ആയി അവരെ മാറ്റി തീർക്കുന്നത്. അതെ മാറ്റമില്ലാതെ തുടരുന്ന മാറ്റം വരേണ്ടുന്ന കാലചക്രം ഏറെ മുന്നേറിയിരിക്കുന്നു.മാറ്റം വരേണ്ടത് എന്നിൽ നിന്നാണ്. കാരണം  മാറ്റത്തിൻറെ അടിസ്ഥാനം ഞാനാണ്.