Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  അധരക്കച്ച

Shine Shoukkathali

EY

അധരക്കച്ച

“He wears a mask, and his face grows to fit it.” - George Orwell, Shooting an Elephant

നരച്ച മുഖക്കച്ചകൾ കൂട്ടിയിട്ട് തീ കൊടുത്തപ്പോൾ വൈറസുകൾ കൂട്ടത്തോടെ ചത്തിട്ടുണ്ടാകുമെന്ന് ശോകം കെട്ടിത്തൂക്കിയ പിരടിക്ക് കൈ കൊടുത്ത് ശങ്കരൻ  ദീർഘശ്വാസം വലിച്ചു. ചിതറിയ നാളിലെ മാസ്ക്കുകൾ കേവലം മുഖാവരണങ്ങൾ മാത്രമല്ല മറിച്ച് കെട്ട കാലത്തിൻറെ അടയാളം കൂടിയാണെന്ന കഴിഞ്ഞ ദിവസത്തെ പ്രഭാഷണത്തിലെ പരാമർശം കൊള്ളിയാൻ പോലെ മിന്നി.

വാങ്ങുന്ന മാസ്‌ക്കുകൾ ഒന്നും തന്നെ മക്കൾക്ക് പിടിക്കുന്നില്ല.

ഡിസ്കൗണ്ടിൽ വാങ്ങിച്ച മാസ്ക്ക് മക്കൾക്ക് ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങൾ പലതുമുണ്ടാകാം. സൗന്ദര്യം അളക്കാനുള്ള സൗന്ദര്യമാപിനി കൈവശം ഇല്ലെങ്കിലും അച്ഛൻ വാങ്ങിയ മാസ്ക്ക് നിലം തുടയ്ക്കാൻ കൊള്ളാമെന്ന കുട്ടികളുടെ ഉത്തരത്തിൽ എല്ലാം അടങ്ങിയിരുന്നു. ഏതു തരം വേണമെന്ന ചോദ്യത്തിന് വ്യത്യസ്ത മറുപടികളാണ് ലഭിച്ചത്.

മൂത്ത മകൾക്ക് വെള്ള പശ്ചാത്തലത്തിൽ വയലറ്റ് പൂക്കൾ നിറഞ്ഞത്.

രണ്ടാമത്തെ മകന് സ്പൈഡർമാൻ ചിത്രമുള്ളത്.

ഇളയ മകൾക്ക് ബാർബി ചിത്രമുള്ളത്.

ഭാര്യക്ക് മഴവില്ലിൻ നിറമുള്ളത്.

ഓഡർ എടുക്കുന്ന ഹോട്ടൽ സപ്ലയറെ പോലെ അയാൾ വിവരങ്ങൾ  മനസ്സിൽ കുറിച്ചു. മാസ്ക്ക് വീട്ടിൽ തന്നെ നിർമിക്കാമെന്ന നിലപാട് അവർ ചെവിക്കൊണ്ടില്ല.

പെർഫെക്ഷൻ ഉണ്ടാകില്ല പോലും.

മാസ്ക്കിന് കൊറോണയെ പ്രതിരോധിക്കാനുള്ള  ധർമ്മത്തിന് പുറമെ അഭിമാനത്തെ പോളിഷ് ചെയ്യാനുള്ള ഉത്തരവാദിത്തവുമുണ്ട്; പ്രത്യേകിച്ച് ദുരഭിമാനികളായ ചിലരുടെ.

അവരുടെ കാൽപനിക സൗന്ദര്യബോധത്തെ ഉൾക്കൊള്ളാൻ തക്കവണ്ണം മൂഡിലല്ല അയാൾ. അച്ഛന് കലാബോധം പണ്ടേയില്ലായെന്ന മൂത്ത മകളുടെ പരാമർശം അമ്മയും ശരി വച്ചു.

"ഒരു ദിവസം ഞാൻ കൊറോണ വന്ന് ചത്താ നിനക്ക് സന്തോഷാകും. അത് വരെ ഈ കളി നടക്കും."

ഗത്യന്തരമില്ലാതെ അയാൾ പുറത്തേക്കിറങ്ങി. ഭാര്യയുമായി തല്ല് കൂടി തീവണ്ടി പ്ലാറ്റഫോമിൽ കിടന്ന് ഉറങ്ങുമ്പോൾ മരണത്തിലേക്ക് വഴുതി വീണ റഷ്യൻ ഇതിഹാസം ലിയോ ടോൾസ്റ്റോയി എവിടെ നിന്നോ മനസ്സിലേക്ക് ഓടി വന്നു. ഒരു പക്ഷെ അത്തരത്തിലുള്ള വിധിയായിരിക്കും തന്നെ കാത്തിരിക്കുന്നതെന്ന് അയാൾ ഭയപ്പെട്ടു.  

കടയിൽ എതിരേറ്റത് പരിചയമുള്ള സ്റ്റാഫ് കണ്ണൻ.

"ചാര നെറള്ള മാസ്‌ക്കൊന്നും കുട്ടികള്ക്ക് പറ്റിയില്ല. ഡിസൈനുള്ള കൊറച്ചെണ്ണം എടുക്ക്. നോക്കട്ടെ."

ഏതൊരു സുന്ദരമുഖവും അണിയാൻ വെമ്പൽ കൊള്ളുന്ന ഡിസൈനർ മാസ്കുകൾ.

ചതുരക്കള്ളികൾ  നിറഞ്ഞത്.

പുള്ളികൾ നിറഞ്ഞത്.

കടുത്ത വർണ്ണങ്ങളുള്ളത്.

മിനുസമുള്ളത്.

മടക്കുകളുള്ളത്.

അങ്ങനെ പോകുന്നു ലിസ്റ്റ്. അയാൾ തിടുക്കത്തിൽ വർണ്ണപ്പൊലിമയുള്ളവ  തെരഞ്ഞെടുത്തു. കണ്ണൻ മൂകനായി.

"ന്താ കണ്ണാ. ന്റെ സെലെക്ഷൻ പോരാന്നുണ്ടോ."

"പുതിയ സംഗതി വന്നു. കാലം മാറി."

മാസ്ക്കിൽ മുഖം പ്രിൻറ് ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യയെ പറ്റി വിവരിച്ചപ്പോൾ ശങ്കരന്റെ മുഖത്ത് സന്തോഷം പ്രസരിച്ചു.

"ഒരെണ്ണത്തിന് ഇരുനൂറ്.  വാങ്ങിയില്ലെങ്കി രണ്ട് ദിവസം കഴിഞ്ഞാ പിള്ളേര് ചേട്ടനെ വീണ്ടും കടേല്ക്ക് പറഞ്ഞുവിടും."

"ഫാഷൻ ഒക്കെ കൊള്ളാം. കൊറോണ വരാതെ നോക്കിയാ മതി."

അൽപം കഴിഞ്ഞു വരാമെന്ന് പറഞ്ഞുകൊണ്ട് കൂട്ടുകാരൻ  ശിവന്റെ കയ്യിൽ നിന്ന് ആയിരം രൂപ കടം വാങ്ങാനായി  ശങ്കരൻ സ്ഥലം കാലിയാക്കി. മരുന്നിനാണെന്ന് നുണ പറയുമ്പോൾ അയാളുടെ തൊണ്ടയിടറി.

അഞ്ചു ദിവസം കഴിഞ്ഞപ്പോൾ  മുഖം പ്രിൻറ് ചെയ്ത മാസ്‌ക്കുകൾ  അയാളെ തേടിയെത്തി. മൂത്ത മകൾ ഓരോന്നായി പരിശോധിച്ചു.

"അച്ഛന്റെ മാസ്ക്കിലെ ഫോട്ടോ ഏതാ. വേറെ ആളുടെ."

മകൾ പറഞ്ഞത് ശരി തന്നെയെന്ന് അയാൾക്ക് ബോധ്യമായി. പരിചയമില്ലാത്ത ഏതോ ഒരുത്തന്റെ മുഖം. പരസ്‌പരം മാറിക്കാണും.

ഭാഗ്യത്തിന് മുഖം മാത്രമേ മാറിയിട്ടുള്ളൂ. ആത്മാവ് മാറിയിട്ടില്ല. അധികം താമസമില്ല. അതും മാറും. ഇല്ലെങ്കിൽ മാറ്റും.

“പോയി മാറ്റാനൊന്നും വയ്യ. ഒരിക്കൽ  മാറിയതല്ലേ. മാത്രല്ല ഉപയോഗിച്ചതാന്ന് കരുതും.“

ഭാര്യ കയർത്തു.

"എന്തെങ്കിലും പണ്ടാറം ചെയ്യ്. വല്ലോന്റേം മോന്തേം വച്ച് നടക്കാൻ നാണമില്ലേ."  

ഭാര്യയ്ക്ക് തന്റെ മുഖത്തിനോട് ഇത്രയും താത്പര്യമുണ്ടെന്ന വസ്തുത ശങ്കരന് പുതിയ അറിവായിരുന്നു. തന്റെ ഒരു മുഖങ്ങളും അവൾ ആസ്വദിച്ചിട്ടില്ല. ഒരു കാലത്തും.

പ്രണയ മുഖമായാലും സൗഹൃദ മുഖമായാലും മാനുഷിക മുഖമായാലും.  

മാറിപ്പോയ മാസ്ക്ക് ധരിച്ച് ശങ്കരൻ പുറത്തേക്ക് പോയി. അൽപം കഴിഞ്ഞപ്പോൾ ഒരു സംഘം ആളുകൾ പിന്തുടർന്നു. അയാൾ ഭയചികിതനായി ചുറ്റുപാടും നിരീക്ഷിച്ചു.

വഴിയിൽ ആരുമില്ല.

സംഘത്തലവൻ മറ്റംഗങ്ങളോട് ഇതവൻ തന്നെയെന്ന് സൂചിപ്പിച്ചു. തേടിക്കൊണ്ടിരിക്കുന്നയാളെ  ഓർമിപ്പിക്കുന്ന മുഖം. തലവൻ കത്തിയെടുത്തു.

"ഇവനെ ഇപ്പൊ തീർക്കണം. അല്ലെങ്കി കാശിന്റെ ബാക്കി പകുതി കിട്ടില്ല."

"ആശാനേ. അവൻ തന്നെയല്ലേ. മാസ്ക്ക് കാണുമ്പോ അങ്ങനെ തന്നെ."

തലവൻ അതെയെന്ന് തലയാട്ടി മുണ്ട് വളച്ച് കുത്തി വീണ്ടും ശങ്കരന്റെ പിറകിൽ നടന്നു. ഒരു സ്ത്രീ കുട്ടിയുമായി കടന്ന് പോകുന്നത് കണ്ടപ്പോൾ കത്തി അരയിൽ തിരുകി. വീണ്ടും ആരുമില്ലായെന്ന് മനസ്സിലായപ്പോൾ കത്തി പുറത്തേക്കെടുത്തു. വളവ് തിരിയുന്നതിന് മുൻപ് കുത്താനായി തയ്യാറായപ്പോഴാണ് കണ്ണൻ ശങ്കരന്റെ നേർക്ക് വന്നത്.

"സാമുവലിന്റെ മാസ്‌ക് അഴിച്ച് തരണം. ഇതാ ചേട്ടന്റെ മാസ്ക്ക്."

തന്റെ യഥാർത്ഥ മുഖം പ്രിൻറ് ചെയ്‌ത മാസ്ക്ക് അയാൾ ആവേശത്തോടെ അണിഞ്ഞു. ഇപ്പോഴാണ് ചേട്ടൻ ചേട്ടനായതെന്ന് കണ്ണൻ കമന്റ് പാസാക്കി.

"മാസ്ക്കിൽ ചിരിക്കണ മുഖമാണെങ്കിലും മുഖത്ത് അങ്ങനെ വല്യ സന്തോഷമൊന്നുമില്ലടോ. ഇതിന്റെ കാശന്നെ കടം വാങ്ങിയതാ."

" പ്രശ്നങ്ങൾ മാറിയിട്ട് ചിരിക്കാൻ കഴിയില്ല."

ഒപ്പമുള്ളവർ സാമുവലിനെ പോയി നോക്കാമെന്ന് ഉണർത്തി. ശങ്കരൻ തലനാരിഴയ്ക്ക് കൊലപാതക മരണത്തിൽ നിന്ന് രക്ഷപ്പെട്ടു.

ചില യാദൃച്ഛിക സന്ദർഭങ്ങൾ ജീവിതകാലം മുഴുവനും വേട്ടയാടുമെന്ന് തലവന് ബോധ്യമായി. അയാൾ തന്റെ അമളിയോർത്ത് കത്തി അരയിൽ തിരുകി തലയ്ക്ക് കൈവച്ചു.

ശങ്കരൻ തന്റെ സ്വത്വം തിരികെ കിട്ടിയ ആവേശത്തിൽ നടപ്പിന്റെ വേഗത കൂട്ടിയെങ്കിലും പുതിയകാലത്തെ മാറ്റങ്ങളെ പറ്റി പിറുപിറുത്തു.

ജീവിതക്ലേശങ്ങൾ മൂലം ചിരിക്കാൻ കഴിയാത്തവരും  ചിരിക്കുന്ന മുഖമൂടി ധരിച്ച് നടക്കണമെന്ന തിട്ടൂരം അസഹനീയം. കപട സദാചാരങ്ങൾക്ക് വെള്ളവും വളവുമേകുന്ന പരിഷ്‌ക്കാരങ്ങൾ. മാസ്ക്ക് ധരിക്കാൻ വയ്യ എന്ന് അയാൾ ഉറപ്പിച്ചു.

ചാറ്റൽമഴ പൊടിഞ്ഞു തുടങ്ങി. മാസ്ക്ക് ഓടയിലേക്ക് വലിച്ചെറിഞ്ഞു. പോലീസിനെ കണ്ടപ്പോൾ എന്തോ ഓർത്ത മട്ടിൽ പോക്കറ്റിൽ നിന്ന് തൂവാലയെടുത്ത് മുഖം മറച്ചു. എന്നിട്ട് മൂളിപ്പാട്ട് പാടി നീങ്ങി.

രോത്തെ ഹുവേ ആതേ ഹേ സബ്... ഹസ്താ ഹുവാ ജോ ജായേഗാ.

ഇടിവെട്ടിയപ്പോൾ കുടയുമായി വന്ന ഭാര്യ അതിവേഗത്തിൽ അയാളിലേക്ക് നടന്നുകൊണ്ടിരുന്നു.

ഇത്രയും നാൾ കാണാതിരുന്ന ഭർത്താവിന്റെ പല മുഖങ്ങളും അവർക്ക് ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്. പ്രണയ മണ്ണിൽ കുഴച്ച രൂപത്തിൽ മുകളിലേക്ക് വളഞ്ഞു നിൽക്കുന്ന ചിരി കൊത്തിവെച്ചിരിക്കുന്നു.

പ്രിയതമന്റെ അധരക്കച്ച അഴിച്ചു മാറ്റി ചുംബിക്കണം. അധരങ്ങളിൽ മധുരം വിതറണം.

മറ്റൊരാളുടെ മുഖം തെറ്റി പ്രിൻറ് ചെയ്ത മാസ്ക്കിലെ ചിത്രം ഓർത്തെടുക്കാൻ ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ നോട്ടത്തിൽ മുഖാവരണമില്ലാത്ത ഭർത്താവിനെ ദൂരെ നിന്ന് തന്നെ അവർ തിരിച്ചറിഞ്ഞു.

"ഏതെങ്കിലും മുഖം  മതി. ഇല്ലെങ്കിലും വേണ്ട. മതി ചേട്ടാ അലഞ്ഞു തിരിഞ്ഞു നടന്നത്. കൊറോണ വരും."

കൊറോണയാണെങ്കിലും വണ്ടികളുടെ പ്രവാഹം അനിയന്ത്രിതം. മാസ്ക്കില്ലാത്ത ഭർത്താവിന്റെ ചുണ്ടുകളിൽ ചുംബിക്കാൻ അവർ തിടുക്കം കൂട്ടി. ട്രാഫിക്ക് സിഗ്നലിനെ ഭേദിച്ച് നടപ്പിന് വേഗത കൂട്ടി.  

പെട്ടെന്നാണ് അത് സംഭവിച്ചത്. എന്താണെന്ന് മനസ്സിലാക്കാൻ അവർക്ക് സ്വന്തം മാസ്ക്ക് ഊരേണ്ടി വന്നു. ശങ്കരൻ നിലത്ത് കിടക്കുന്നു.

ഒരു ട്രെയിലർ ഇടിച്ച് വീഴ്ത്തിയതാണ്. ചെളി പുരണ്ട ടയറുകൾ മുഖത്തിലൂടെ കയറിയിറങ്ങി.

ഭാര്യ നിലവിളിച്ചു കൊണ്ട് പാഞ്ഞു. മാസ്ക്കില്ലാതെ ഓടി വരുന്ന സ്ത്രീയെ ജനം ഭയത്തോടെ നോക്കി. ഡബിൾ ലെയറുള്ള മൂന്ന് മാസ്‌ക്കുകൾ ധരിച്ച ഒരു മധ്യവയസ്ക്കനാണ് കൂടുതൽ രോഷം പ്രകടിപ്പിച്ചത്.

ഭാര്യ നിലത്ത് കിടക്കുന്ന ശങ്കരന്റെ ഛിന്നഭിന്നമായ മുഖത്ത് കെട്ടിയ കീറിയ വെള്ളത്തൂവാല  പൊക്കി നോക്കി. ചോര തളം കെട്ടിയ മുഖം കണ്ടിട്ട് മനസ്സിലാകുന്നില്ല. അധരങ്ങൾ മാത്രം ചുംബനം ഏറ്റുവാങ്ങാനായി ഒരു കേടും കൂടാതെ അത് പോലെ ബാക്കി നില്പുണ്ട്.

മുഖമില്ലാത്ത ആത്മാവ് എല്ലാ മുഖമൂടിയും അഴിച്ച് വച്ച് ഉറങ്ങുകയാണ്.