കനാലുകളിലൂടെ തോണിയാത്ര, പിന്നെ കായൽ നടുവിൽ കുളിയും കളിയും, വൈകിട്ട് സൂര്യാസ്തമയം കണ്ട് കടലിൽ ആവോളം അർമാദിച്ച് മടക്കം. യാത്രയ്ക്കായി കെ. എസ്. ആർ.ടി. സി യുടെ എ സി ലോഫ്ലോർ ബസ്സും. നമുക്കിനിയും ഇതു പോലേ പോകണമെന്ന് പങ്കെടുത്തവർ ഒന്നടങ്കം.
ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ വുമൺസ് ഫോറം, 2022 ലെ വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി, ടെക്നോപാർക്കിലെ വനിതാ ഐ ടി ജീവനക്കാർക്ക് മാത്രമായി സംഘടിപ്പിച്ച ഒരു ദിവസത്തെ ഉല്ലാസ യാത്രാ പരിപാടിയിലാണ് ഈ ആഹ്ലാദമൊക്കെ.
പ്രതിധ്വനി വുമൺസ് ഫോറവും, പ്രതിധ്വനി ട്രാവൽ ക്ലബ്ബും, കെ എസ് ആർ ടി സിയും സംയുക്തമായി നടത്തിയ യാത്ര, മാർച്ച് 5 ശനിയാഴ്ച രാവിലെ 6:30 നു ടെക്നോപാർക്കിൽ നിന്നും പുറപ്പെട്ട് മൺറോതുരുത്ത്, സാബ്രാണിക്കൊടി, തിരുമുല്ലവാരം ബീച്ച് എന്നിവിടങ്ങൾ സന്ദർശിച്ചു. മണ്രോ തുരുത്തിൽ കനാലുകളിലൂടെയുള്ള തോണിയാത്രയും, സാംബ്രാണിക്കൊടിയിൽ കായൽ നടവിൽ വെള്ളത്തിലിറങ്ങി നടക്കലും ഒക്കെ എല്ലാവർക്കും ഒരു വേറിട്ട അനുഭവമായിരുന്നു. പങ്കെടുത്തവരിൽ പലരും കോവിഡ് കാലത്തിനു ശേഷം ആദ്യമായി ഒരു യാത്ര നടത്തുന്നവരായിരുന്നു. പൂർണ്ണമായും പ്രതിധ്വനി വുമൺ ഫോറം സംഘടിപ്പിച്ച ഉല്ലാസയാത്രയിൽ വിവിധ ഐ ടി കമ്പനികളിൽ നിന്നും ഉള്ള 39 വനിതകളാണ് പങ്കെടുത്തത്. യാത്ര രാത്രി 9:30 നു ടെക്നോപാർക്കിൽ തിരിച്ചെത്തി.
ഇടയ്ക്ക് ജോലിയിൽ ബ്രേക്ക് എടുത്തതിനു ശേഷം ജോലിയിലേക്ക് തിരികെ എത്താൻ നോക്കുന്ന വനിതകൾക്കായി വിവിധ ടെക്നോളജികളിൽ പ്രത്യേകം ട്രെയിനിങ് പ്രോഗ്രാമും ഈ 2022 വനിതാ ദിനത്തിൽ പ്രതിധ്വനി വുമൺ ഫോറം സംഘടിപ്പിക്കുന്നു.