Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  യാത്ര

യാത്ര

ബസിൽ ഇരുന്നു പുറം കാഴ്ചകളിലേക്കു കണ്ണുകളെ മേയാൻ വിട്ടിരുന്നെങ്കിലും മനസ് ആ കൂടെ പോയിരുന്നില്ല. അത് വേറെ ഏതോ ലോകത്ത്‌ എന്തൊക്കെയോ കണ്ടെത്താനുള്ള ശ്രമത്തിൽ ആയിരുന്നു. അവസാന സ്റ്റോപ്പ് എത്തി ബസ് അവിടെ നിർത്തി എല്ലാരും ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് മനസും, കണ്ണുകളും യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നത്. വളരെ വേഗത്തിൽ തന്നെ അയാളും ആ ബസിൽ നിന്നിറങ്ങി.

അധികം തിരക്കില്ലാത്ത സ്ഥലം. ഒരു ചെറിയ തീർഥാടന കേന്ദ്രമാണിവിടം. കാടിനോട് ചേർന്ന പ്രദേശം, തൊട്ടടുത്ത കാടിനോട് ചേർന്നുള്ള ആ ചെറിയ മലയിൽ ഒരു ആരാധനാലയം ഉണ്ട്. അവിടെ സന്ദർശിക്കാൻ വരുന്ന തീർഥാടകർ ആണ് കൂടുതലും. എന്നാൽ ഇപ്പോൾ തീർഥാടന കാലം അല്ലാത്തതിനാൽ തിരക്ക് തീരെ ഇല്ല. അയാൾ ചുറ്റുപാടും നോക്കി കുറച്ചു നേരം എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് നിന്നു. എന്നിട്ടു പതുക്കെ ആ കുന്നിൻ മുകളിലെ ആരാധനാലയം ലക്ഷ്യമാക്കി നടന്നു തുടങ്ങി.

ആരാധനാലയത്തിലേക്കു അധികം ദൂരമില്ലെങ്കിലും വളരെ ദുർഘടമായ പാതയാണ്. വലിയ കയറ്റവും, പാറക്കൂട്ടങ്ങളും നിറഞ്ഞ ചെറിയ പാത. പാതയ്ക്കിരുവശവും കാടാണ്. ആരോഗ്യമുള്ളവർക്കെ ഇതിലൂടെ സഞ്ചരിക്കാൻ പറ്റു. അയാൾ പതിയെ ആ മല കയറിക്കൊണ്ടിരുന്നു.

അയാൾ കുറച്ചു ദൂരം കയറിയതിനുശേഷം ചുറ്റുപാടും നോക്കി. അയാളുടെ മുൻപിൽ കുറച്ചു ആൾക്കാർ മല കയറുന്നതു കണ്ടു. പക്ഷെ അയാളുടെ കൂടെയോ, പുറകിലോ ആരും തന്നെ ഇല്ല. അയാൾ കുറച്ചുനേരം അവിടെ അടുത്തുകണ്ട പാറയിൽ ഇരുന്നു. അല്പസമയം വിശ്രമിച്ചതിനു ശേഷം അയാൾ എഴുന്നേറ്റു, "ഇപ്പോൾ ആരും തന്നെ തന്റെ മുൻപിലോ, പിറകിലോ ഇല്ല! , ഇത് തന്നെ പറ്റിയ സമയം" അയാൾ സ്വയം പിറുപിറുത്തുകൊണ്ട് വളരെ വേഗത്തിൽ ആ വഴിയിൽ നിന്ന് മാറി ആ കാടിനുള്ളിലേക്ക് നടക്കുവാൻ തുടങ്ങി.

അയാൾ തന്റെ നടത്തത്തിന്റെ വേഗം കൂട്ടികൊണ്ടിരുന്നു. ഇപ്പോൾ കാടിനുള്ളിൽ വളരെയേറെ ദൂരത്തിലേക്കു എത്തി പെട്ടിരിക്കുന്നു എന്ന് അയാൾക്ക്‌ മനസിലായി. അയാൾ ചുറ്റും നോക്കി, ചുറ്റും മരങ്ങളും, പച്ചപ്പും. വളരെ മനോഹരമായ സ്ഥലമാണിതെന്നു അയാൾക്ക് തോന്നി. "മരണത്തെ കൂട്ട് വിളിക്കാൻ സമയമായി" അയാൾ സ്വയം പറഞ്ഞു. ചെറിയ ഒരു പുഞ്ചിരി അയാളുടെ ചുണ്ടുകളിൽ വിരിഞ്ഞു.

"ഈ മണ്ണ് എന്നെ വിഴുങ്ങും... എന്റെ രക്തം ഈ മണ്ണിൽ ഒഴുകിയിറങ്ങും... ഈ മരങ്ങളും, ചെടികളും എന്നെ അവയുടെ വേരുകളിലേക്കു വലിച്ചെടുക്കും... അവ തളിർക്കും, പൂക്കും... അങ്ങനെ ഞാൻ ഈ പ്രകൃതിയിൽ ലയിക്കും..." അയാൾ അൽപ്പം സ്വരമുയർത്തി പറഞ്ഞു കൊണ്ട്, കീശയിൽ നിന്ന് ഒരു ചെറിയ കത്തി കൈകളിൽ എടുത്തു. എന്നിട്ടു തന്റെ ഇടതു കൈത്തണ്ടയിലെ ഞരമ്പു മുറിക്കുവാൻ തയ്യാറായി നിന്നു.

എന്നാൽ അയാൾക്ക്‌ അതിനു കഴിഞ്ഞില്ല, എന്തോ ഒന്ന് അയാളെ പിന്തിരിപ്പിക്കുന്നത് പോലെ അയാൾക്ക് അനുഭവപെട്ടു. അത് മനസ്സിനുള്ളിലെ ഭയമാണോ? അതോ ഈ പ്രകൃതി ആണോ? എന്തായാലും മനസ്സിനും , ശരീരത്തിനും ഒരു കുളിർമ അനുഭവപ്പെടുന്നത് പോലെ അയാൾക്ക് തോന്നിത്തുടങ്ങി. കൂടാതെ മനസിനുള്ളിൽ ഒരു ശാന്തതയും അയാൾക്കനുഭവപ്പെട്ടു. ഈ പ്രകൃതി തന്നെ ആശ്വസിപ്പിക്കുന്നതു പോലെ അയാൾക്കനുഭവപ്പെട്ടു.

മരണത്തെ ഇപ്പോൾ കൂട്ട് വിളിക്കേണ്ട എന്നയാൾ തീരുമാനിച്ചു. ഈ പച്ചപ്പിലേക്ക്, ഈ പ്രകൃതിയിലേക്ക് സഞ്ചരിക്കാൻ അയാൾ തീരുമാനിച്ചു. അയാൾ വീണ്ടും മുൻപോട്ടു നടന്നു തുടങ്ങി. "എന്റെ ഈ യാത്രയിൽ മരണം എന്നെ പിടികൂടട്ടെ, അത് ചിലപ്പോൾ വിഷപാമ്പുകളുടെ രൂപത്തിലോ, അല്ലെങ്കിൽ വന്യജീവികളുടെ രൂപത്തിലോ ആകട്ടെ." അയാൾ ശബ്ദമുയർത്തി പറഞ്ഞു കൊണ്ട് കൂടുതൽ കൂടുതൽ ദൂരത്തിലേക്കു നടന്നുപ്പോയിക്കൊണ്ടേയിരിന്നു.

വളരെയേറെ ദൂരം നടന്ന അയാൾ മനോഹരമായ ഒരു കാട്ടു ചോല കണ്ടു. നല്ല തെളിഞ്ഞ ജലം പാറക്കൂട്ടങ്ങൾക്കിടയിലൂടെ വഹിച്ചുകൊണ്ട് പോകുന്ന കാട്ടു ചോല. അയാൾ ആ ചോലയിലെ ഒഴുക്കിൽ നിന്ന് മതിയാവോളം വെള്ളം കുടിച്ചു ദാഹം അകറ്റി. എന്നിട്ടു തന്റെ വസ്ത്രങ്ങൾ എല്ലാം ഊരി  മാറ്റി, നഗ്നനായി  അയാൾ ആ തെളിഞ്ഞ വെള്ളത്തിൽ ഇറങ്ങി. ആ തണുത്ത വെള്ളത്തിൽ അയാൾ മുങ്ങി കിടന്നു. ശരീരത്തിന്റെയും , മനസിൻെറയും ക്ഷീണമെല്ലാം ആ ചോലയിലെ ജലത്തോടൊപ്പം ഒഴുകി പോകുന്നതുപോലെ അയാൾക്ക് തോന്നി.

പതിയെ ആ ചോലയിൽ നിന്ന് കയറി വസ്ത്രമെല്ലാം ധരിച്ചതിനുശേഷം അവിടെ കണ്ട ഒരു വലിയ പാറയിൽ കയറി കിടന്നു. ചിന്തകൾ മുറിവേൽപ്പിക്കാൻ തുടങ്ങിയപ്പോൾ ആണ് അയാൾ നാടും വീടും വിട്ടിറങ്ങി ഈ കാട് കയറിയത്. മുറിവേൽപ്പിക്കുന്ന ചിന്തകൾ ഇപ്പോൾ തന്നെ വിട്ടുപോയതായി അയാൾക്ക്‌ തോന്നി. എന്നാൽ മരണത്തെ കൂട്ട് വിളിക്കണം എന്ന ചിന്ത മാത്രം അയാളെ വിട്ടു പോയിരുന്നില്ല !