Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  തത്വമസി - അത് നീയാകുന്നു

Reshmi Radhakrishnan

Wipro

തത്വമസി - അത് നീയാകുന്നു

ചന്ദനത്താൽ പൊതിഞ്ഞ കുഞ്ഞിക്കണ്ണന്റെ രൂപം കണ്മുന്നിൽ നിറഞ്ഞാടുന്നു. നൂറുദീപങ്ങളുടെ പ്രഭയിൽ ശ്രീകൃഷ്ണൻ കത്തിജ്വലിച്ചു നിൽക്കുകയാണ്. അമ്മയുടെ വാക്കിൽ പറഞ്ഞാൽ "ഭഗവാനെ ഈ രൂപത്തിൽ കാണുന്നത് തന്നെ മുജ്ജന്മ സുകൃതമാ ". അതുകൊണ്ടാണല്ലോ എന്നും ഇവിടെ ഇത്രയും തിരക്ക്. "നന്നായി തൊഴൂ മോളെ ". കേട്ടതും കണ്ണടച്ച് ഭഗവാന്റെ തിരുനടയിൽ ഭഗവാനിലലിഞ്ഞു അവൾ നിന്നു. " ഇനി അഞ്ചാം ക്ലാസ്സിലേക്കാണ്. കൃഷ്ണാ കാത്തോളണേ. " പെട്ടന്ന് മറിയാമ്മ ടീച്ചർ പറഞ്ഞത് അവൾ ഓർത്തു.  നമ്മൾ  അപ്പോഴും നമുക്ക് വേണ്ടി മാത്രം പ്രാർത്ഥിച്ചാൽ ദൈവം കേൾക്കില്ല.  എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം. " ഇത്രയും നാൾ എനിക്കു തന്ന എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി പറയുന്നു. എല്ലാ തെറ്റുകൾക്കും ക്ഷമ ചോദിക്കുന്നു. ലോകത്തിലെ എല്ലാവർക്കും നല്ലത് മാത്രം വരുത്തണേ. " "അയ്യോ " അവൾ പെട്ടെന്ന് തിരിഞ്ഞു.  " പെട്ടെന്ന്  തൊഴുതു മാറൂ  എന്താ കുട്ടീ നടയിൽ നിന്നു തിരിഞ്ഞു കളിക്കുന്നേ.  വേഗം അങ്ങോട്ട് മാറ് " പോലീസിന്റെ വാക്കുകൾ കേൾക്കാതെ അവൾ അങ്ങനെ സ്തംഭിച്ചു നിന്നു. 

 

"എനിക്ക് തോന്നിയതാണോ? പ്രാർത്ഥിച്ചു നിൽക്കുമ്പോൾ ആരോ പിറകിൽ പിടിച്ച പോലെ.  തോന്നിയതാകും."  "ഭഗവാനെ മാത്രം വിചാരിച്ചു നടക്കൂ മോളെ " എന്ന് പറഞ്ഞു അമ്മ അവളുടെ കൈ പിടിച്ച് തൊട്ടടുത്ത ഗണപതി കോവിലേക്ക് കടന്നു. "ദാ ഈ ചില്ലറ മുഴുവൻ നടയിൽ വെക്കണംട്ടോ " വെക്കാം എന്നർത്ഥത്തിൽ അവൾ തലയാട്ടി. "ഗണപതി,  എല്ലാ തടസങ്ങളും മാറ്റണേ " എന്താ മോളെ കണ്ണടക്കാത്തത്. കണ്ണടച്ച് പ്രാർത്ഥിക്കൂ. " അവൾ ലോകത്ത് ഏറ്റവും വിശ്വസിക്കുന്ന ദൈവത്തിന്റെ അടുത്തായിട്ടും  കണ്ണടക്കാൻ അവൾക്ക് പേടി. എന്നാലും കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. "എല്ലാ നന്മകൾക്കും നന്ദി പറയുന്നു. എല്ലാ തെറ്റുകൾക്കും ക്ഷമ ചോദിക്കുന്നു. എല്ലാവർക്കും നന്മ വരുത്ത... " പെട്ടെന്ന് പുറകിലൂടെ അവളുടെ നെഞ്ചിലമർന്ന ബലിഷ്ഠമായ കൈ അവൾ തട്ടിമാറ്റി.അവളുടെ കയ്യിൽ നിന്നും നടയിൽ  വെക്കാൻ  അമ്മ  തന്ന ഉഴിഞ്ഞിട്ട നാണയതുട്ടുകൾ ചിതറി തെറിച്ചു.  "എന്താ മോളെ ഇത്? "  തിരിഞ്ഞു നോക്കിയപ്പോൾ അമ്മ അവളുടെ തല  തിരിച്ചു കൈകൾ കൂപ്പി നിർത്തി.  "പ്രാർത്ഥിക്ക് മോളെ.. കാഴ്ചകണ്ടു നില്കാതെ ". അമ്മ ശകാരിച്ചപ്പോൾ  അതോർത്തല്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. കയ്യും കാലും വിറക്കാൻ തുടങ്ങി. 

 

കോവിലിനു ചുറ്റും വലം വെക്കുമ്പോൾ അവൾ ആലോചിച്ചു. " ആരാണയാൾ?  എല്ലാവരെയും രക്ഷിക്കുന്ന ഭഗവാന്റെ നടയിലാണ് ഞാൻ. എന്നിട്ടും എനിക്കെന്താണിങ്ങനെ?. ഞാൻ അത്രക്കും തെറ്റുകൾ ചെയ്തോ കൃഷ്ണാ. സങ്കടങ്ങളും പേടിയുമൊക്കെ മാറുന്നത് അമ്പലത്തിൽ വരുമ്പോഴാണ് എന്ന് എല്ലാരും പറയാറുണ്ടല്ലോ.  എനിക്ക് മാത്രം  എന്താ ഇങ്ങനെ.  എന്നെ കാണുമ്പോൾ  എന്താ അയാൾക്ക്‌ ഇങ്ങനെ പിടിക്കാൻ തോന്നുന്നത്? അയാൾ ഇതിനാണോ അമ്പലത്തിൽ വരുന്നത്? ". അമ്മ വീണ്ടും അടുത്ത കോവിലിലേക്ക് അവളെ വിളിച്ചു. " ഞാൻ ഇല്ലമ്മേ. നല്ല തിരക്കാണ്. അമ്മ പൊയ്ക്കോളൂ. ". "ദൈവ ദോഷം പറയല്ലേ മോളെ. ഇങ്ങുവാ ". മനസ്സില്ലാ മനസ്സോടെയും അതിലേറെ പേടിയോടെയും ആദ്യമായി പ്രാർത്ഥിക്കാൻ നിന്നു. പ്രാർത്ഥിക്കുന്ന ദൈവത്തെക്കാൾ വിശ്വാസം തൊട്ടപ്പുറത്ത് നിൽക്കുന്ന പോലീസ് മാമനിലായിരുന്നു.  വീണ്ടും തനിക്കു നേരെ വന്ന കൈകൾ അവൾ പിടിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ  അമ്മയുടെ ഒരു ഇളയച്ഛന്റെ പോലെ  മുഖമുള്ള ഒരാൾ." ഞാൻ പിടിച്ചേ " എന്ന് വിളിച്ചു കൂവാൻ ആണ് അവൾക്കപ്പോ തോന്നിയത്. പക്ഷേ കയ്യും കാലും അടിമുടി വിറക്കുകയായിരുന്നു.  ആ തിക്കിലും തിരക്കിലും  അവളുടെ ശബ്‌ദം ആരെങ്കിലും കേൾക്കാൻ തയ്യാറാകുമോ എന്നവൾ ഭയന്നു.  കൈ വിറച്ചിട്ടും അയാളുടെ കൈ മുറുക്കി പിടിച്ചു അവൾ അങ്ങനെ സ്തംഭിച്ചു നിന്നുപോയി.  "എങ്ങനെ പറയും?  അമ്പലമാണ്. ഇത്രയും പരിപാവനമായിടം. ദൈവദോഷമുള്ള കുട്ടി എന്ന് പറഞ്ഞു എല്ലാവരും ഒറ്റപെടുത്തും. ബസ്സിൽ ഒരാൾ എന്തോ ചെയ്തെന്നു പറഞ്ഞ നീനയെ പിന്നെ സ്കൂളിൽ കണ്ടിട്ടില്ല.  ആ ഗതി  തന്നെയാകില്ലേ എനിക്കും. " ആലോചിച്ചു നിന്നപ്പോഴേക്കും അവളുടെ കൈ തട്ടി മാറ്റി അയാൾ തിരക്കിനിടയിലേക്ക് മറഞ്ഞു. "കണ്ണടക്കുമ്പോൾ ആ ബലിഷ്ഠമായ കയ്യും അയാളുടെ മുഖവുമാണ് മനസ്സിൽ വരുന്നത്. എങ്ങനെ ഇനി സമാധാനത്തോടെ അമ്പലനടയിൽ നിന്ന് പ്രാർത്ഥിക്കും?  ". 

 

"തൊഴുതു നീങ്ങൂ,  നടയിൽ ഇങ്ങനെ നില്കാതെ " പെട്ടെന്ന് അവൾ കണ്ണു തുറന്നു. തന്റെ മുൻപിൽ ചേർത്തുനിർത്തിയ മകളുടെ കൈ പിടിച്ചു ഗണപതി കോവിലേക്ക് അവൾ നടന്നു. " അമ്മേ അവടെ നല്ല തിരക്കാ.. ഞാൻ ഇല്ല. അമ്മ പൊയ്ക്കോ ". 

ഒരു നിമിഷം അവൾ ഒന്ന് ഞെട്ടി.  18 വർഷങ്ങൾ..  അമ്പലങ്ങൾ മാറി.. വഴിപാട് വിലകൾ മാറി..  മനുഷ്യൻ മാറി.. സാങ്കേതിക വിദ്യകൾ മാറി.. നിയമങ്ങൾ പോലും മാറി..  എന്നിട്ടും തിരക്കിലും ആരും എല്ലായിടത്തും കുട്ടികളെ ഉപദ്രവിക്കാം.. അവർ ആരോടും പറയില്ല എന്ന വിചാരം ആർക്കും മാറിയിട്ടില്ല. ഇന്നും  അമ്പലനടയിൽ നിൽകുമ്പോൾ  ആ  ദുരനുഭവം മാത്രമാണ് ആദ്യം അവളുടെ  മനസ്സിൽ.. 

"മോളെ ആരാ പിടിച്ചത്.. അമ്മയോട് പറ ".  ആ ചേട്ടനാ  അമ്മേ..  തിരക്കിലേക് ചൂണ്ടി അവൾ പറഞ്ഞു. ചന്ദനക്കുറിയിട്ട ഒരു നിഷ്കളങ്കൻ എന്ന് തോന്നിപ്പിക്കുന്ന  ചെറുപ്പക്കാരൻ. ഓടി ചെന്ന് "അവന്റെ ഒരു കുറി " എന്ന് പറഞ്ഞതും അവന്റെ മുഖത്തു കൈ പതിഞ്ഞതും ഒരുമിച്ചായിരുന്നു. മകളെ വാരിയെടുത്ത് പിൻവാതിൽ നോക്കി അവൾ നടന്നു. 

"ദൈവങ്ങളും മനുഷ്യരും വെറും വിഗ്രഹങ്ങൾ മാത്രമാകുമ്പോൾ നമ്മൾ സ്വയം ദൈവമാകണം.  മോളെ.  അമ്പലങ്ങളിൽ മോളു കണ്ടിട്ടില്ലേ തത്വമസി  എന്ന്.  "