Skip to main content
banner
Srishti-2022   >>  Article - Malayalam   >>  സ്ത്രീധനവും മലയാളിയുടെ വിവാഹസംസ്കാരവും

Ranjini V

Finastra

സ്ത്രീധനവും മലയാളിയുടെ വിവാഹസംസ്കാരവും

ഒരു നാണയത്തിൻെറ  ഇരുവശങ്ങൾ ആയാണ് സ്ത്രീയും ധനവും കണക്കാക്കുന്നത്.മനുസ്മ്രിതിയിൽ നഃ സ്ത്രീ സ്വാന്തന്ത്ര്യമർഹതി എന്ന് രചിച്ച മനു പോലും ചിന്തിക്കാത്ത തലങ്ങളിലേക്ക് സമൂഹം സ്ത്രീയെ കൊണ്ടെത്തിച്ചിരിക്കുന്നു. ഭരണ ഘടന വിവാഹ പ്രായം ഇരുപത്തിയൊന്നിലേക്കു മാറ്റുവാൻ തീരുമാനിക്കുന്നത് പോലും ഇപ്പോഴും ഉൾക്കൊള്ളുവാൻ കഴിയാത്ത ഒരുപാട് "വ്യക്തിത്വങ്ങൾ" ഇന്നും ഈ ഭൂമുഖത്തുണ്ട്. ഒരു സ്ത്രീ ജനനം എടുക്കുമ്പോൾ തന്നെ മാതാപിതാക്കളെക്കാൾ കൂടുതൽ സമൂഹത്തിനാണ് ആധി. അവളുടെ വിദ്യാഭ്യാസം, വസ്ത്രധാരണം, ശീലങ്ങൾ ഇവക്കെല്ലാം നമ്മുടെ സമൂഹത്തിൽ ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട്. ഇവൾ മറ്റൊരു വീട്ടിൽ പോകേണ്ടവൾ ആണ് എന്ന പതിവ് പല്ലവി കേട്ടുകൊണ്ടാണ് മിക്ക പെൺകുട്ടികളും വളരുന്നത് തന്നെ. വിവാഹ പ്രായം എത്തിയാൽ മാതാപിതാക്കളുടെ മനസ്സിൽ ആശങ്ക നിറക്കാൻ കുറച്ചു ബന്ധുക്കളും അയൽക്കാരും എന്നും കാണും. നൂറു പവനിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പോലും ആകാത്ത കുറെ അഭ്യസ്തവിദ്യരായ തറവാടികളും ഈ മലയാള നാട്ടിൽ ഉണ്ട്.
വിവാഹം എന്നത് ഒരു ജീവിതകാലം മുഴുവൻ സ്നേഹമെന്ന താലിച്ചരടിൽ കോർത്തിടേണ്ട രണ്ടു ജീവിതങ്ങളാണ് എന്നൊക്കെ ആലങ്കാരികമായി പറയാം എന്നാണ് ഇവരുടെ നിലപാട്. ഫലമോ, സ്വർണം കൊണ്ടും പണം കൊണ്ടും അവളുടെ ജീവിതം ഭാസുരമാകും എന്ന തെറ്റിദ്ധാരണയിൽ സ്ത്രീധനം കൊടുക്കുവാൻ സ്വന്തം കിടപ്പാടംപോലും പണയപ്പെടുത്തുന്ന മാതാപിതാക്കൾ! എന്നാൽ ഇത്രയൊക്കെ ചെയ്തിട്ടും നമ്മുടെ പെണ്മക്കൾ ഭർതൃവീട്ടിൽ സുരക്ഷിതരാണോ? പത്രങ്ങളിൽ ദിവസവും വരുന്ന സ്ത്രീധന മരണങ്ങൾ മലയാളിയുടെ വിവാഹ സംസ്കാരത്തിനെ പൊളിച്ചെഴുതേണ്ട ആവശ്യകതയെകുറിച്ചു നമ്മെ ഓർമപ്പെടുത്തുന്നു. മിക്ക സ്ത്രീകളും സ്ത്രീധന സംബന്ധമായ പീഡനങ്ങൾ നിശബ്ദമായി സഹിക്കുന്നവരാണ്. ഇതിലെ ഏറ്റവും വലിയ വിരോധാഭാസം സ്ത്രീകൾ തന്നെ സ്ത്രീധനത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോളാണ്. എന്താണ് ഇതിനൊരു പരിഹാരം? വിദ്യാഭ്യാസം, ജോലി, സ്വയരക്ഷ- ഇത്രയും കാര്യങ്ങൾക്കായിരിക്കണം മുൻഗണന. വിവാഹമെന്നത് അവളുടെ ജീവിതത്തിൽ ഒരിക്കലും സ്വപ്നങ്ങളെ ബലികഴിച്ചു കൊണ്ടാകരുത്. വിവാഹത്തിൻെറ പേരിലുള്ള ധൂർത്ത് ഒഴിവാക്കുമെന്ന് ആദ്യമേ തീരുമാനിക്കണം. "മറ്റുള്ളവർ എന്ത് വിചാരിക്കും" എന്ന ചിന്തയേ അരുത്. കുഞ്ഞുങ്ങളെ - അത് ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും നല്ല വ്യക്തികളായി വളർത്തുക. ഒരു പോലെ സ്നേഹിക്കുക. ഏതു പ്രതിസന്ധിഘട്ടങ്ങളിലും നാം അവരുടെ ഒപ്പം ഉണ്ടാകുമെന്നു ഉറപ്പു നൽകുക. എന്തും തുറന്നു പറയാനുള്ള ഒരു അന്തരീക്ഷം ഉറപ്പു വരുത്തുക. ഒരു വിവാഹാലോചന തുടങ്ങുന്നതിനു മുൻപ് തന്നെ പെൺകുട്ടിയുടെ അഭിപ്രായങ്ങൾക്കു മറ്റെന്തിനേക്കാളും മുൻഗണന കൊടുക്കണം. വിവാഹം കഴിഞ്ഞും പഠിക്കാമല്ലോ എന്ന വാഗ്ദാനങ്ങൾക്കു  ചെവി കൊടുക്കാതിരിക്കുക. ഒരു ജോലി നേടി വിവാഹം എന്ന ഉടമ്പടിയിലേക്കു പ്രവേശിക്കുന്നതാകും അഭികാമ്യം. സമ്പന്നത, തറവാടിത്തം, ഉന്നത പദവി, ഉയർന്ന ശമ്പളം എന്നിവയൊക്കെ സ്ത്രീധനം ആവശ്യപ്പെടാനുള്ള അളവുകോലായി നമ്മുടെ സമൂഹം കണക്കാക്കുന്നു. എന്നാൽ ഇങ്ങനെയുള്ള വിവാഹാലോചനകൾ തുടക്കത്തിലേ ഒഴിവാക്കുക. ഏതു വയസിൽ വിവാഹിതയാകണം എന്നുള്ളത് ഓരോ വ്യക്തിയുടെയും തീരുമാനത്തിന് വിട്ടു കൊടുക്കുക. ഒരു ഔപചാരിക പെണ്ണുകാണലിനു അപ്പുറം വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ പോകുന്ന രണ്ടു വ്യക്തികളും തുറന്നു സംസാരിക്കേണ്ട ആവശ്യകത ഏറെയാണ്. ഇതോടൊപ്പം രണ്ടു പേരുടെയും മാതാപിതാക്കളുമായും ഒരു തുറന്ന ചർച്ചയാവാം. ഇതിനു ശേഷം മാത്രം വിവാഹ കാര്യത്തിൽ തീരുമാനം എടുക്കുന്നതാകും ഉചിതം.
വിവാഹം എന്നത് സ്വർഗത്തിൽ നടക്കുന്നു എന്ന് പറയുന്നത് കൊണ്ട് ഒരു മാമാങ്കം അല്ല ഉദ്ദേശിക്കുന്നത്. വരനും വധുവിനും അവരുടെ ബന്ധുക്കൾക്കും സ്വസ്ഥമായി പങ്കെടുക്കാനുള്ളതാണ് വിവാഹദിനം. എന്നാൽ ഈ ദിനം തങ്ങളുടെ ആഢ്യത്വം തെളിയിക്കാനുള്ള ഒരു വേദിയായിടാണ് ഇരു കുടുംബങ്ങളും കണക്കാക്കുന്നത്. ഈ ശക്തി പ്രകടനങ്ങൾക്കിടയിൽ മനസ് നിറഞ്ഞു സന്തോഷിക്കാൻ മിക്കവർക്കും കഴിയില്ല. ഇവയെല്ലാം സാമ്പത്തിക സ്ഥിതി കുറഞ്ഞ കുടുംബങ്ങളുടെ ബാധ്യത കൂട്ടുവാൻ മാത്രമേ ഉപകരിക്കൂ.
ഇനി വിവാഹം കഴിഞ്ഞു ഒരുപാട് സ്വപ്നങ്ങളുമായി ഭർതൃഗൃഹത്തിലേക്കു പ്രവേശിക്കുന്ന ഒരു പെൺകുട്ടിക്ക് എല്ലായ്‌പ്പോഴും അവൾ ആഗ്രഹിക്കുന്ന ജീവിതം തന്നെ ലഭിക്കണം എന്നില്ല. ബന്ധുക്കൾ ആരെങ്കിലും സ്വർണമോ പണമോ ലഭിച്ചത് കുറഞ്ഞു എന്ന് പറഞ്ഞാൽ, ഭർതൃവീട്ടുകാർക്കു കുറച്ചിലായി. പിന്നീടത് അവളോടും അവളുടെ കുടുംബത്തിനോടും ഉള്ള നീരസമായി പതിയെ പുറത്തു വരും. ചെറിയ കുറ്റപ്പെടുത്തലുകളിൽ തുടങ്ങുന്ന ഈ അനിഷ്ടം പിന്നീട് മാനസികവും ശാരീരികവുമായ ഉപദ്രവങ്ങളിലേക്ക് കടക്കും. ആദ്യമൊക്കെ "സഹിക്കാം" എന്ന ചിന്താഗതിയിൽ എല്ലാം മനസ്സിൽ ഒതുക്കുന്ന മിക്ക പെൺകുട്ടികളും ഈ പീഡനങ്ങളുടെ കാഠിന്യം ഏറുമ്പോളാണ് തങ്ങളുടെ ദുരവസ്ഥ മാതാപിതാക്കളെ അറിയിക്കുന്നത്. മിക്ക മാതാപിതാക്കളും "ഒത്തു ചേർന്ന് പോകു മോളെ" എന്നാണ് മകളെ ഉപദേശിക്കുന്നത്. പിനീട് ഒട്ടും സഹിക്ക വയ്യാത്ത അവസ്ഥയിൽ ആശുപത്രികളിൽ അഭയം തേടുന്ന ചില നിസ്സഹായരെ പോലീസും ബന്ധുക്കളും ഇടപെട്ടു ഒത്ത്‌ തീർപ്പുമായി ഇതേ ഭർതൃഗൃഹത്തിലേക്കു തിരികെ വിടുന്നു. അങ്ങനെയാണ് നാം ഇന്ന് കേൾക്കുന്ന പല ആത്മഹത്യകളുടെയും ഉറവിടം. തൻെറ മാതാപിതാക്കൾ ഒന്ന് വന്നു വിളിച്ചിരുന്നെങ്കിൽ എന്ന് മരണത്തിനു മുൻപ് ആ പാവങ്ങൾ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാൽ ഇതിനു കാരണക്കാർ ആയവർക്ക് ശിക്ഷ ലഭിക്കുന്നുണ്ടോ? ഇനി ലഭിച്ചാൽ തന്നെ അത് ഉചിതമായ ശിക്ഷയാണോ? നമ്മുടെ സമൂഹം സ്വയം അവലോകനം ചെയ്യേണ്ടതാണ്. നിയമം നടപ്പാകുന്നതിലുള്ള കാലതാമസം, നിയമത്തിൻെറ പഴുതുകൾ, ശിക്ഷയുടെ അപര്യാപ്തത ഇവയെല്ലാം ഇത്തരക്കാരെ കൂടുതൽ വളർത്തുവാൻ മാത്രമേ ഉതകൂ. അസുഖം വന്നു ചികിൽസിക്കുന്നതിനേക്കാൾ അസുഖം വരാതെ നോക്കുക എന്ന പഴമൊഴി നമുക്കു ഇവിടെയും പ്രാവർത്തികമാക്കാം. മാറ്റങ്ങൾ തുടങ്ങേണ്ടത് നമ്മുടെ ഗൃഹത്തിൽ നിന്ന് തന്നെയാണ്. പതുക്കെ പതുക്കെ അത് സമൂഹത്തിലേക്കും പകർത്താം. ചിന്തകളിൽ ഉള്ള നല്ല മാറ്റങ്ങൾ പ്രവർത്തികളിലും പ്രതിഫലിച്ചു തുടങ്ങട്ടെ. അങ്ങനെ സ്ത്രീധനം ആവശ്യപെടുന്നവരെ- അത് വിവാഹത്തിന് മുൻപായാലും ശേഷമായാലും- നിർദ്ദാക്ഷിണ്യം ഒഴിവാക്കുവാൻ നമ്മുടെ പെണ്മക്കളെ സുസ്സജ്ജരാക്കുക. എന്നാൽ പെണ്മക്കളെ മാത്രം ബോധവത്കരിച്ചാൽ പോരാ. ചെറുപ്പം മുതൽക്കേ നമ്മുടെ ആൺകുഞ്ഞുങ്ങളെ കൂടി സ്ത്രീധനം എന്ന പ്രഹസനം ഒഴിവാക്കേണ്ട ആവശ്യകതയെ കുറിച്ച് പറഞ്ഞു മനസിലാക്കണം. സതി എന്ന അനാചാരം നിര്ത്തലാക്കിയത് പോലെ സ്ത്രീധനവും നമുക്കു നിർത്താലാക്കാം.