Skip to main content
banner
Srishti-2022   >>  Article - Malayalam   >>  സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

സ്ത്രീധനം - സ്ത്രീ തന്നെയാണ് ധനം എന്നാണ് പൊതുവെ പറയാറ് പക്ഷെ സ്ത്രീക്ക് മുകളിൽ പൊന്നിനും പണത്തിനും സമ്പത്തിനും മാറ്റ് കൂടിയപ്പോൾ അത് സ്ത്രീധനമായി പിന്നെ പല കുടുംബങ്ങളിലും സമാധാനം നശിക്കാൻ ഉള്ള ഒരു കാരണവും. ഒരു പെണ്ണിന്റെ ജീവിതത്തിൽ ഏറ്റവും മഹത്തരമായതു എന്ന് നമ്മളൊക്കെ ഇന്നും കരുതുന്ന അല്ലെങ്കിൽ വിശേഷിപ്പിക്കുന്ന ഒന്നാണ് കല്യാണം അല്ലെങ്കിൽ വിവാഹം. പക്ഷെ ആ ചടങ്ങു പോലും ഇന്നു  തീരുമാനിക്കുന്നത് പെണ്ണിന് കൊടുക്കുന്ന പൊന്നിന്റെയും സമ്പത്തിന്റെയും കണക്കു തൂക്കി  നോക്കിയിട്ടാണ് എന്ന് പറയേണ്ടി വരുന്നത് ദുർഭാഗ്യകരം  ആയിപോകുന്നു. എന്താണ് സ്ത്രീധനം? എന്തിനാണ് സ്ത്രീധനം? വര്ഷങ്ങളായി പലരും പലയിടത്തും പറഞ്ഞും ചർച്ച ചെയ്തും വാഗ്‌വാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടും ഇന്നും ഉത്തരം കിട്ടാത്ത ഒന്നായി തുടർന്നു കൊണ്ടേ ഇരിക്കുന്നു.
കാലങ്ങളായി സ്ത്രീധനം ഏറ്റവും കൂടുതൽ നൽകുന്നതും യാതൊരു ഉളുപ്പുമില്ലാതെ ചോദിച്ചു വാങ്ങുന്നതും മലയാളികൾ തന്നെയാണ് എന്നുള്ളതാണ് ഒരു വസ്തുത. അത് എന്ത് കൊണ്ട് എന്ന ചോദ്യം വരുന്നിടത്തു നമ്മൾ മലയാളിയുടെ വിവാഹ സംസ്കാരം കൂടി പരിശോധിക്കേണ്ടതുണ്ട്. പണ്ട് കാലത്തൊക്കെ ഒരു പുടവയിലും മാലയിലും തീർന്നിരുന്ന വിവാഹം ഇന്ന്  പക്ഷെ  പലരുടെയും പ്രൗഢി വിളിച്ചോതുന്ന നിലയിലേക്കു എത്തപ്പെട്ടത് ഒരിക്കലും പെണ്കുട്ടിയുടെ ഭാവിയോടുള്ള ഉൽകണ്ഠ കൊണ്ടു മാത്രമല്ല  മറിച്ചൊ ഓരോ കുടുംബക്കാർക്കും അവരുടെ പത്രാസ് കാണിക്കാനുള്ള ഒരു അവസരമായി കാണാനേ ഇപ്പോ സാധിക്കുള്ളു. മക്കളുടെ നല്ല ഭാവി ഓർത്തു വീട്ടുകാർ ചെയ്യുന്നതൊക്കെ അവർക്കു തന്നെ കൊലക്കയർ ആകുന്നതാണ് അടുത്തിടെ ആയി നമ്മൾ കാണുന്നത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഉത്രയുടെയും വിസ്മയയുടെയും ആഡംബര വിവാഹവും പിന്നീടുള്ള അവരുടെ മരണവും. . സ്വത്തിനു വേണ്ടി സ്വന്തം ഭാര്യയെ എത്ര മൃഗീയമായും കൊല്ലാൻ  യാതൊരു മടിയുമില്ലാത്ത ഒരു തലമുറയെ വാർത്തെടുത്തു കൊണ്ട് വന്നതിൽ നാമോരോരുത്തർക്കും ഉള്ള പങ്കു നമ്മൾ വിസ്മരിക്കരുത്. വിസ്മയയുടെ കാര്യം തന്നെ നോക്കാം. നൂറു പവനും പത്തു ലക്ഷം രൂപ വിലയുള്ള കാറും സ്ത്രീധനമായി കൊടുത്താണ് വിസ്മയയെ ഒരു സർക്കാർ ഉദ്യോഗസ്ഥന് വിവാഹം ചെയ്തു കൊടുത്തത്. എന്നാൽ അയാൾ ചെയ്തതോ പാട്ട കാറും വേസ്റ്റ് പെണ്ണും ഇവിടെ തന്നെ നിക്കട്ടെ എന്ന് പറഞ്ഞു വിസ്മയയെ സ്വന്തം വീട്ടിൽ കൊണ്ട് പോയി വിടുന്നു. പിന്നീട് കൂട്ടികൊണ്ടു പോയി ഇഞ്ചിഞ്ചായി ദ്രോഹിച്ചു കൊല്ലുന്നു  അല്ലെങ്കിൽ ആത്മഹത്യയിലേക്കു തള്ളി വിടുന്നു. നമ്മുടെ നിയമങ്ങൾ എന്താ പറയുന്നേ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്. പക്ഷെ ഏറ്റവും കൂടുതൽ സ്ത്രീധനം വാങ്ങുന്നതോ സർക്കാർ ഉദ്യോഗസ്ഥരും. എന്തൊരു വിരോധാഭാസം അല്ലെ?  ഉത്രയുടെ കാര്യം പിന്നെ പറയണ്ടല്ലോ. പറയാൻ പോലും അല്ലെങ്കിൽ ഒന്ന് ചിന്തിക്കാൻ പോലും മടിക്കുന്ന രീതിയിൽ സ്വന്തം ഭാര്യയെ, സ്വന്തം കുഞ്ഞിന്റെ അമ്മയെ ഇല്ലാതാക്കിയതും ഈ പറഞ്ഞ സ്ത്രീധനത്തിന്റെ ബാക്കി പത്രം തന്നെയാണ് എന്ന് ചിന്തിക്കുമ്പോൾ എത്രത്തോളം മനുഷ്യ മനസ്സിനെ അത്യാഗ്രഹത്തിന്റെ പടുകുഴിയിലേക്ക് സ്ത്രീധനം കൊണ്ട് ചെന്നെത്തിച്ചു എന്ന് നമ്മൾ മനസിലാക്കേണ്ടി ഇരിക്കുന്നു.
ഈ വിഷയം അവസാനിപ്പിക്കുമ്പോൾ സങ്കടകരമെങ്കിലും പറയട്ടെ, ഇതൊന്നും മാറാൻ പോകുന്നില്ല എന്ന യാഥാർഥ്യം നമ്മൾ ഉൾകൊണ്ടേ  പറ്റൂ . നോർത്ത് ഇന്ത്യയിലൊക്കെ കണ്ടു വന്നിരുന്ന മെഹന്ദിയും സംഗീതും ഒക്കെ ഇന്ന് മലയാളിയുടെ വിവാഹ ചടങ്ങുകളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. പല തരത്തിലുള്ള, പാശ്ചാത്യ വിഭവങ്ങളും വിവാഹ വസ്ത്രങ്ങളും എന്തിനേറെ ഡെസ്റ്റിനേഷൻ വിവാഹങ്ങൾ വരെ ഇന്ന് മലയാളിയുടെ വിവാഹ സങ്കല്പ്പങ്ങളിൽ അഭേദ്യമെന്നോണം നിലനിൽക്കുന്നു. ആർഭാടങ്ങൾ നമുക് ഒഴിവാക്കാം. ആഘോഷങ്ങൾ നമ്മുടെ സന്തോഷങ്ങൾക്കു മാറ്റു കൂട്ടാൻ  മാത്രം ആകട്ടെ. നമ്മുടെ മക്കളെ നമുക് നല്ല വിദ്യാഭാസം ഉള്ളവരായി വളർത്താം. അധ്വാനിക്കാൻ മനസും അതിനായി ആരോഗ്യമുള്ളവരുമായി നമുക്ക്  അവരെ വാർത്തെടുക്കാം. പരസ്പരം ഒരു തുണയാകാൻ, സ്നേഹിക്കാൻ മാത്രം അവർ പഠിക്കട്ടെ.അല്ലാതെ സ്ത്രീധനത്തിനായി നമ്മുടെ ആൺകുട്ടികൾ വളരാതിരിക്കട്ടെ. ഒരു സ്ത്രീധന ചരക്കായി നമ്മുടെ പെൺകുട്ടികൾ മാറാതിരിക്കട്ടെ.