Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  സ്നേഹത്തിന്റെ പേറ്റുനോവ്

Kannan Divakaran Nair

Infosys

സ്നേഹത്തിന്റെ പേറ്റുനോവ്

ബോധം തെളിഞ്ഞപ്പോൾ ശരീരം മരവിച്ച അവസ്ഥയിലായിരുന്നു.മിഴിനീർതുള്ളികൾ വീണലിയുംപോലെ നോർമൽ സലൈൻ സിരകളിലേക്ക് അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരുന്നു ഡ്രിപ്പിലൂടെ. ഫാനിന്റെ കറക്കം ശരീരത്തെ മറച്ചിരുന്ന നീലപ്പുതപ്പിൽ ചലനങ്ങളുണ്ടാക്കി.ചുറ്റും മരണത്തിന്റെ മണമുള്ള ഏകാന്തത.മുൻപെങ്ങോ സ്വപ്നത്തിൽ കണ്ടുമറന്ന കറുത്തദിനം. 

    ഇന്നലെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി,  അല്പസമയത്തിനുശേഷം നട്ടെല്ലിനരികെ സൂചിയിറങ്ങിയതോർമ്മയുണ്ട്.ആഴ്ചകളായി ഹോസ്പിറ്റലിലെ കിടക്കയിലായിരുന്നു.ഒന്നരാടൻ ഡയാലിസിസ് റൂമിലേക്ക്‌ സ്‌ട്രെച്ചറിൽ പോകുമ്പോൾ മാത്രമായിരുന്നു ആ മുറിയുടെ നിശ്ശബ്ദതയിൽ നിന്നൊരു മോചനം.

 പണത്തിനു പഞ്ഞമില്ലാത്തതിനാൽ സിറ്റിയിലെ മുന്തിയ ഹോസ്പിറ്റലിൽ താങ്ങായി ഉറ്റവരുടെ സഹായമാവശ്യമില്ലായിരുന്നു.

പെറ്റുവളർത്തിയ അമ്മയെ പണത്തിനായുള്ള തിരക്കിട്ട  പാച്ചിലിനിടയിൽ അഗതിമന്ദിരത്തിലുപേക്ഷിച്ചപ്പോൾ ആവോളം സ്നേഹം വിളമ്പിയ നീട്ടിയ കരങ്ങൾ തിമിരം ബാധിച്ച അവന്റെ കണ്ണുകൾ കണ്ടില്ല.

പണത്തിനു പകരംവെയ്ക്കാനാവാത്ത വിലയേറിയ പലതുമുണ്ടെന്നുള്ള തിരിച്ചറിവ് നേടിയപ്പോഴേക്കും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഭാര്യയെയും മക്കളെയും വരെ, ഇരുകൈകളും അറ്റുപോകുന്നത് സ്വപ്നം കണ്ട് ദിവസങ്ങൾക്കുശേഷം.

 അസ്വസ്ഥമായ മയക്കങ്ങളവനെ  സ്വപ്നലോകത്തിലേക്കെത്തിച്ചു.

 മരുഭൂമിയുടെ നടുവിലവൻ ഒരിറ്റു ദാഹജലത്തിനായി കേണുകൊണ്ടലഞ്ഞുതിരിയുന്നു.ചൂടുപടരുന്ന പരുപരുത്ത മണലിൽ  നഗ്‌നപാദങ്ങൾ വേച്ചു പൊയ്ക്കൊണ്ടിരുന്നു.പാതികൂമ്പിയ കണ്ണുകളിൽ ക്ഷീണം.സൂര്യകിരണങ്ങൾ തളർത്തിയ മേനിയിൽ വിയർപ്പുകണങ്ങൾ വറ്റിയ അവസ്ഥ.മരുപ്പച്ചകൾ തേടിയുള്ള യാത്രയിൽ കണ്ണെത്താദൂരത്തോളം നിരാശയുടെ പൊടിക്കാറ്റുകൾ.

ദൂരെനിന്നും  പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ.മുട്ടിലിഴഞ്ഞവൻ ദിവസങ്ങൾ മാത്രം പ്രായമെഴുതിയ പൈതലിനരികിലെത്തി.നുണയുന്ന ചെഞ്ചുണ്ടിൽ രക്തത്തുള്ളികൾ.കുരുന്നുജീവൻ നിലനിർത്താൻ അവസാനശ്രമവും പാഴായി, സ്നേഹത്തിന്റെ പാലാഴിചുരത്തുന്ന മാറിൽ രക്തക്കറകളും ബാക്കിയാക്കി ചലനമറ്റ ദേഹം ആ പിഞ്ചുകൈകളോട്  ചേർന്നങ്ങനെ കിടന്നു.

"അമ്മേ..." അയാൾ ഞെട്ടിയുണർന്നു.സൂചികയറ്റിയ കൈകൾ ഉയർന്നുതാണപ്പോൾ ഡ്രിപ്പ് തൂക്കിയിരുന്ന മുക്കാലൻ സ്റ്റാൻഡ് ആടിയുലഞ്ഞു.

മാസങ്ങൾക്കു ശേഷം ആളൊഴിഞ്ഞ മാളികയിലേക്കു ഡിസ്ചാർജാകാനൊരുങ്ങുമ്പോൾ അവൻ ആശുപത്രി രേഖകൾ പരിശോധിച്ചു.

"അമ്മക്കിളിക്കൂട്" എന്നെഴുതിയ  ഗേറ്റിനു മുൻപിലെത്തി കാർ നിന്നു.തലേന്നാൾ നടന്നൊരു പ്രോഗ്രാമിന്റെ തോരണങ്ങളും ആളൊഴിഞ്ഞ കസേരകളും വേദിയും അവനെ ആ   അങ്കണത്തിലേക്ക് വരവേറ്റു .മുൻപെങ്ങോ കണ്ടുമറന്ന ദൃശ്യം.

കണ്ണീർ കവിളിൽ നീർച്ചാലുകൾ തീർത്തനർഗനിർഗ്ഗളം ഒഴുകി.അഗതിമന്ദിരത്തിലെ ഓഫീസ് മുറിയിൽ നിന്നും റൂം നമ്പർ നൂറ്റിയൊന്നിലേക്കവൻ ഓടി.വിറയാർന്ന കൈകൾ വാതിലിന്റെ വശങ്ങളിൽ താങ്ങിനിന്നവൻ വിങ്ങിപ്പൊട്ടി.മുറിയിലെ ആ കാഴ്ചകണ്ട് മുട്ടുകുത്തി നിലത്തിരുന്നുപോയി.

കത്തിച്ചുവെച്ച നിലവിളക്കിനു മുൻപിൽ,  നിലത്തു കൈയൂന്നി വെണ്ണകട്ടുണ്ണുന്ന പൊന്നുണ്ണിക്കണ്ണനോട് കരഞ്ഞുപ്രാർത്ഥിച്ചുകൊണ്ട് ഒരമ്മ.ഉണ്ണിക്കണ്ണന്റെ കാല്പാദങ്ങളിലർപ്പിച്ച ചുളിവാർന്ന വിരലുകൾക്കിടയിൽ,   അമ്മയുടെ മാറോടണഞ്ഞു  വാത്സല്യത്തേനുണ്ണുന്ന അവന്റെ മങ്ങിയ ചിത്രം.

 

അമ്മയെ തോളോടുചേർത്ത് "അമ്മക്കിളിക്കൂടി"ന്റെ കിളിവാതിലിലൂടെ വാതിലിലൂടെ വെളിയിലേക്കിറങ്ങുമ്പോൾ വേദിയിലെ ക്യാൻവാസിൽ ചായം കൊണ്ടെഴുതിയ വാചകം കണ്ണീരോടെയവൻ തിരിഞ്ഞുനോക്കി വായിച്ചു.

"വൃക്കദാനം ചെയ്ത ശാരദാമ്മയ്ക്ക് സ്നേഹാദരം"

ആ  സുവർണലിപികൾ പതുക്കെ കണ്ണുനീർത്തുള്ളികളിൽ മറഞ്ഞു.