Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  ആ സ്നേഹമിഴികൾ

ആ സ്നേഹമിഴികൾ

"ഏട്ടാ, മോളുടെ മുടി ഒന്ന് വെട്ടണം, പിറകിലൊക്കെ ജട  പിടിക്കാൻ തുടങ്ങി. മൊട്ട അടിച്ചോളൂ. ഇതിന് മുൻപ് ഒരു വർഷം മുൻപല്ലേ വെട്ടിയത് "

 

മീനുവിന്റ വാക്കുകൾ എനിക്ക് ഒരു ചെറിയ ടെൻഷൻ ഉണ്ടാക്കി. എന്നാലും ഞാൻ ശരിയെന്നു  പറഞ്ഞു.

 

നിവി മോൾക്ക്‌ രണ്ട് വയസ്സായി, അപ്പോഴാണ് മീനു രണ്ടാമത്  പ്രെഗ്നന്റ് ആകുന്നത്. അതറിഞ്ഞത്  മുതൽ നിവി മോളുടെ ഓരോ കാര്യവും എനിക്ക് കൈകാര്യം ചെയ്യാൻ ടെൻഷൻ ആണ്.അവളുടെ എല്ലാ കാര്യവും,ഇത്രയും നാള് ചെയ്തുകൊണ്ടിരുന്നത്  മീനു ആണ്.  ഒരാഴ്ച മുൻപാണ് മീനുന്റെ പ്രെഗ്നൻസി കാര്യങ്ങൾ ടെസ്റ്റ്‌ ചെയ്തു മനസ്സിലായത്. ഡോക്ടർ റസ്റ്റ്‌ പറഞ്ഞതിനാൽ ഭാരിച്ച   ജോലികൾ ചെയ്യിപ്പിക്കാൻ പറ്റില്ല. ഒരു കാര്യത്തിനും അമ്മയെ കിട്ടാത്തതിനാൽ നിവി മോൾക്കാണെങ്കിൽ നല്ല വാശിയും.  മീനുവിന്, ഞാൻ വർക്ക്‌ ഫ്രം ഹോം ആണെന്നുള്ളത് ആശ്വാസമാണെങ്കിലും, നിവി മോളുടെ ദൈനദിന കാര്യങ്ങൾ എങ്ങനെ വാശി പിടിപ്പിക്കാതെ ചെയ്യും എന്നാലോചിച്ചാണ് എനിക്ക് ടെൻഷൻ. അമ്മയില്ലാത്തതിന്റെ വില ഇപ്പോഴാണ് ശരിക്കും അറിയുന്നത്.

 

എല്ലാ ദിവസവും രാവിലെത്തോട്ടു വാശിയാണ്, നിവി മോൾക്ക്‌ പല്ല് തേയ്ക്കാനും, പാല്  കുടിക്കാനും, കുളിപ്പിക്കാനും കഴിപ്പിക്കാനും ഒക്കെ. ഓരോ ദിവസവും രാവിലെ ഇത് എങ്ങനെ ചെയ്യിക്കും എന്നുള്ള ടെൻഷനിൽ  ആണ് എഴുന്നേൽക്കുന്നത്. എന്തായാലും ഇന്നത്തേക്കുള്ള അധിക ടെൻഷൻ ആയി.

 

ഒരു വർഷം മുൻപ് ബ്യൂട്ടി പാർലറിൽ പോയിട്ടാണ് മുടി വെട്ടിയത്.  ഹോ അന്ന് മീനു പറഞ്ഞിട്ട് പോലും നിവി മോള് കരച്ചിൽ നിർത്തിയില്ല. കരച്ചിൽ കാരണം വൃത്തിയായിട്ട് വെട്ടാനും കഴിഞ്ഞില്ല. അത് ആലോചിക്കുമ്പോൾ ഇപ്പോൾ എങ്ങനെ ഇതൊക്കെ ചെയ്യും എന്ന് ആലോചിച്ചു നല്ല ടെൻഷൻ ഉണ്ട്. ഇത്തവണ ബാർബർ ഷോപ്പിൽ കൊണ്ട് പോകാം എന്ന് ഞാൻ വിചാരിച്ചു.  ഒരു സഹായത്തിന്  അച്ഛനും വരട്ടെ. അച്ഛനോട് റെഡി ആയിക്കോളാൻ ഞാൻ ആവശ്യപ്പെട്ടു. 

 

ഒരു ദിവസം മീനു എടുക്കണം എന്ന് പറഞ്ഞു നിവി മോള്‌ നല്ല കരച്ചിലായിരുന്നു. കരഞ്ഞു  കരഞ്ഞു അവസാനം അത് ഛർദിലായി മാറി. കണ്ടു നിന്ന അച്ഛനും ഞാനും പേടിച്ചു പോയി.

 

മുടിവെട്ടുമ്പോൾ കരഞ്ഞു കരഞ്ഞു ഛർദിക്കാതിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. അതുകൊണ്ട്  ഞാൻ ഒരു പ്ലാസ്റ്റിക് കവർ സ്കൂട്ടറിലേക്ക് എടുത്ത് വച്ചു.

 

ഈ ഈയിടെ ആയി മാസ്ക് ഇട്ടു കൂടെ സ്കൂട്ടറിൽ വരാൻ മോൾക്ക്‌ നല്ല ഇഷ്ടമാണ്. അപ്പോൾ ടാറ്റാ പോകുകയാണെന്നു പറഞ്ഞാൽ  കൂടെ വന്നോളും.

 

ഇത് പോലെ ഒരു ദിവസം പുറത്തേക്കു സാധങ്ങൾ മേടിക്കാൻ പോയപ്പോൾ, കുറച്ചു നേരത്തെക്കല്ലേ എന്ന് വിചാരിച്ച്, ഡയപ്പർ ഇടീച്ചില്ല. പക്ഷെ കടയിലെത്തിയപ്പോൾ അവളെനിക്ക് പണി തന്നു. " അച്ഛാ, പിസ്സ് " ഇതാണ് കോഡ്. എന്നിട്ട് കാര്യം സാധിക്കും. ഹോ! അന്ന് ഞാൻ ശരിക്കും പ്രയാസപ്പെട്ടു. പിന്നെ, വീട്ടിലുണ്ടായിരുന്നിട്ടും എനിക്ക് വേറെ ഡയപ്പറും, നിക്കറും മേടിക്കേണ്ടി വന്നു,

 

നിവി മോളെ അടക്കി നിർത്താൻ പറ്റുന്ന ഏറ്റവും നല്ല ഉപാധിയാണ് യൂട്യൂബിൽ ഞാൻ ഇടയ്ക്ക് കാണിക്കുന്ന കാത്തു എന്നാ പൂച്ചയുടെ കാർട്ടൂൺ. അത് കണ്ടുകൊണ്ടിരിക്കുമ്പോൾ പിന്നെ ചുറ്റുമുള്ളതൊന്നും അവളുടെ  കണ്ണിൽപ്പെടില്ല, അതാണ്‌ എന്റെ പ്രധാന  ബലം. ബാർബർ ഷോപ്പ് എത്തുമ്പോൾ കാത്തുവിന്റെ കാർട്ടൂൺ കാണിക്കാം എന്നുള്ള ധാരണയിൽ, ഞാൻ അതിനെ വിശ്വസിച്ചിരുന്നു.

 

ഇങ്ങനെ ജെയിംസ് ബോണ്ട് സ്റ്റണ്ടിനു മുൻപ് പോകുന്നത് പോലെ ഉള്ള തെയ്യാറെടുപ്പുകളായിട്ടാണ് ഞാൻ ഇറങ്ങിയത്. കാര്യങ്ങൾ മീനുനും  അച്ഛനും വിശദീകരിച്ചപ്പോൾ മീനു ഒന്നും മിണ്ടിയില്ല. ഒരു പക്ഷെ എന്റെവസ്ഥ  അറിയാവുന്നതുകൊണ്ടായിരിക്കും. 

 

"ശരി ശരി, ഇവൻ SSLC ക്കു പോലും ഇത്രേം ടെൻഷൻ അടിക്കുന്നത് ഞാൻ കണ്ടട്ടില്ല " അച്ഛൻ അതിനിടക്ക് ഗോൾ  അടിച്ചു.

 

നിവി മോളെ ഡയപ്പറും ഡ്രെസ്സും, മാസ്ക് ഒക്കെ ധരിപ്പിച്ചു റെഡിയാക്കിയിരുത്തി. അച്ഛനോട് സ്കൂട്ടർ ഓടിക്കാൻ ആവശ്യപ്പെട്ട്, ഞാനും മോളും പിറകിൽ  ഇരുന്നു.

 

ബാർബർ ഷോപ്പ് എത്തിയപ്പോൾ, വേഗം യൂട്യൂബ്  എടുക്കാനായി മൊബൈൽ എടുത്തു. സ്വിച്ച് ഓൺ ചെയ്യാൻ നോക്കിയപ്പോൾ, എന്ത് ചെയ്തിട്ടും ഓൺ ആയില്ല.

 

" അച്ഛാ, മൊബൈൽ  എടുത്തിട്ടുണ്ടോ? " ഞാൻ അച്ഛനോട് ടെൻഷനോടെ ചോദിച്ചു.

 

"ഈ അടുത്തുവരെ വന്നാൽ മതിയല്ലോ എന്നു വിചാരിച്ച് ഞാൻ മൊബൈൽ എടുത്തില്ല " അച്ഛൻ മറുപടി പറഞ്ഞു 

 

"ഹോ! അല്ലേലും പ്രശ്നം വരുമ്പോൾ എല്ലാം കൂടി ഒരുമിച്ചേ വരൂ " ഞാൻ മനസ്സിൽ ചിന്തിച്ചു. പരീക്ഷക്ക്‌ question പേപ്പർ കിട്ടുമ്പോൾ, പഠിച്ച questions ഒന്നും വരാത്ത ഒരാളുടെ മാനസികാവസ്ഥ ആയിരുന്നു അപ്പോൾ എനിക്ക്. 

 

വരുന്നത് വരട്ടെ എന്നാ കാഴ്ചപ്പാടിൽ ഞാൻ ബാർബർ ഷോപ്പിന്റെ ഉള്ളിൽ കയറി. അധികം തിരക്കില്ലാതിരുന്നതിനാൽ, പെട്ടെന്ന് തന്നെ ഇരിപ്പിടം കിട്ടി.

 

"മോളുടെ തല മൊട്ടയടിച്ചോളൂ" ഞാൻ ആവശ്യം അറിയിച്ചു

 

മോളെ ഒറ്റയ്ക്ക് ഇരുത്തിയാൽ മതിയല്ലോ എന്നാ ധാരണയിൽ നിവി മോളെ, ഞാൻ പൊക്കിയെടുത്തു. ആ ശ്രമം തടഞ്ഞുകൊണ്ട്, ബാർബർ ഷാപ്പുകാരൻ പറഞ്ഞു, " കൊച്ചിനെ ഒറ്റക്ക് ഇരുത്താൻ പറ്റില്ല റിസ്ക് ആണ്, കുതറി മാറും. താങ്കൾ ഇരുന്നിട്ട് കൊച്ചിനെ മടിയിൽ വയ്ക്കു. അതാണ്‌ ഞങ്ങൾ ചെയ്യിപ്പിക്കാറ് "

 

അത് ഒരു നല്ല കാര്യാമായിട്ട് എനിക്ക് തോന്നി. ഓക്കേ എന്ന് പറഞ്ഞു, മോളെ മടിയിൽ വച്ചു ഞാൻ കസേരയിൽ കയറി ഇരുന്ന്. കരഞ്ഞാൽ, എന്തും ചെയ്യാൻ ഞാൻ റെഡി ആയിരുന്നു.

 

പക്ഷെ പിന്നെ ഞാൻ അങ്ങോട്ട്‌ അത്ഭുതപ്പെട്ടു. ബാർബർ ഷോപ്പിൽ കയറുമ്പോഴും, മറ്റുള്ളവരുടെ മുടി വെട്ടുമ്പോഴും, കസേരയിൽ എന്നോടൊപ്പം, ഇരുന്ന് മുടി വെട്ടുമ്പോഴും അവൾ കരഞ്ഞില്ല. മുടി വെട്ടി കഴിയുന്നത് വരെ അവൾ അവളെ തന്നെ കണ്ണാടിയിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

 

എല്ലാം കഴിഞ്ഞപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു "ഇതിപ്പോൾ വളരെ ഈസി ആയിപ്പോയല്ലോ?"

 

" കാര്യം നിസ്സാരം, അല്ലേ? നമ്മുടെ ജീവിതത്തിൽ ഒട്ടുമിക്ക കാര്യങ്ങളും ഇങ്ങനെ ആണ്. ഒരു കാര്യം നേരിട്ടാലല്ലേ, പ്രശ്നം വിഷമമുള്ളതാണോ അതോ എളുപ്പമുള്ളതാണോ എന്ന് അറിയൂ. അപ്പോൾ നാം, പ്രശ്നങ്ങൾ നേരിടാൻ ഭയക്കരുത്. പിന്നെ നിവി മോളുടെ കാര്യം. നീ ആ ടെൻഷൻ മാറ്റിവച്ചിട്ട്, മനസ്സിലുള്ള മുഴുവൻ സ്നേഹം വച്ചു അവളുടെ കാര്യങ്ങളിൽ ഇടപെട്ട് നോക്കിക്കേ, കാര്യങ്ങളിൽ വ്യത്യാസമുണ്ടാകും. ആ കണ്ണുകൾ ഒന്ന് നോക്കിക്കേ, ഒരിറ്റു സ്നേഹമല്ലേ മോള്‌ ആ കണ്ണുകളിൽ കൂടെ ചോദിക്കുന്നുള്ളു. അത് നിന്റെ അടുത്ത് നിന്ന് കിട്ടാത്തതുകൊണ്ടല്ലേ അമ്മയുടെ അടുത്ത് പോകാൻ എപ്പോഴും വാശി പിടിക്കുന്നത്. " ഇത്രയും പറഞ്ഞു അച്ഛൻ എന്റെ തോളിൽ തട്ടി " എല്ലാം ശരിയാകും " എന്ന് കൂടി കൂട്ടിച്ചേർത്തു പറഞ്ഞു.

 

സ്കൂട്ടറിൽ തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ നിവി മോൾ സീറ്റിൽ എഴുന്നനേറ്റു നിന്നു " അച്ഛാ.... " എന്ന് കൊഞ്ചുന്ന പോലെ പറഞ്ഞു ഒന്ന് ചിരിച്ചിട്ട് എന്നെ കെട്ടിപിടിച്ചു. ആ സന്തോഷത്തിൽ ഞാൻ ആ സ്നേഹ മിഴികളിൽ നിന്ന് വായിച്ചെടുത്തു. " ശരിയാണ്, മോളും ആഗ്രഹിക്കുന്നത് , സ്നേഹമാണ്"