Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  പെയ്ത് തോരാതെ.!

Asish P K

Kyndryl

പെയ്ത് തോരാതെ.!

തിരക്ക് പിടിച്ചൊരു ഓഫീസ് ദിവസത്തിന്റെ അവസാനത്തിലേക്കാണ് പ്രതീക്ഷകളൊന്നും നല്കാതെ വേനൽ മഴ പെയ്ത് തുടങ്ങിയത്. ചെയ്ത് കൊണ്ടിരുന്ന ജോലിക്കിടയിലും അവൻ്റെ ശ്രദ്ധ ജാലകങ്ങൾക്ക് പുറത്ത് പെയ്ത് തുടങ്ങിയ മഴയിലായിരുന്നു. 

മഴയുടെ ശബ്ദങ്ങളുടെ ഏറ്റ കുറച്ചിലുകളൊക്കെ അവനെ അസ്വസ്ഥമാക്കുന്നത് അവൾ നോക്കി കൊണ്ടിരിക്കുന്നതിനിടയ്ക്കാണ്. മെസ്സെഞ്ചറിൽ നോട്ടിഫിക്കേഷൻ വന്നത്.

"ഇലിയാ.. നീ വരുന്നോ ഒരു കോഫി കുടിക്കാൻ.?!" 

അവൾക്ക് പെട്ടെന്ന് ചിരിയാണ് വന്നത്. എനിക്കറിയാമായിരുന്നു അധികനേരം അവനിങ്ങനെ ഈ കോൾഡ് സ്റ്റോറേജിനുള്ളിൽ പിടിച്ചിരിക്കാൻ കഴിയില്ലെന്ന്. ഈ മഴയ്ക്കല്ലാതെ ഇങ്ങനെ നിന്നെ അസ്വസ്ഥനാക്കാൻ മറ്റാർക്കാണ് കഴിയുകയെന്ന്.

കോറിഡോറിൽ രണ്ടു ചായ കപ്പുകൾക്കിടയിൽ ഒരു മഴ പെയ്ത് നിറയുകയായിരുന്നു. 

ഇതിങ്ങനെ കണ്ട് കൊണ്ടിരിക്കാൻ എന്ത് ഭംഗിയാണല്ലേ.?! 

ഒരു മഴക്കാലത്താണ് ഞാൻ ജനിച്ചത്. മഴ കൊണ്ട് കളിച്ചു നടന്നതിനു അമ്മ എന്നെ എത്ര തവണ തല്ലിയിട്ടുണ്ടെന്ന് അറിയാമോ നിനയ്ക്ക്?! അനുസരണക്കേട് കാട്ടുന്നവനായി പിന്നെയും പിന്നെയും ഞാൻ മഴ കൊണ്ടു.

മഴ പെയ്ത് കുത്തിയൊലിക്കുന്ന വെള്ളത്തെ തട്ടി തെറിപ്പിച്ചു കുട വീശി നടന്ന പത്തു വയസ്സുകാരൻ, പാട വരമ്പത്തു നിന്ന് പരൽ മീനുകളെ പിടിച്ച് കുപ്പിയിലിട്ട് അത് പെറ്റു പെരുകുന്നത് സ്വപ്നം കണ്ടിരുന്ന അവൻ്റെ രാത്രികൾ. അത്ര നനുത്ത സ്വപ്‌നവും കാലവും എനിക്ക് പിന്നീട് ഉണ്ടായിട്ടില്ല.!

നിരതെറ്റിയ ഓടിന്റെ ഇടയിലൂടെ പാത്രങ്ങളിൽ ഉറ്റി വീഴുന്ന മഴ കവിതകൾ. തോരാതെ ഇരുണ്ട് പെയ്ത് ഒരു കള്ള കർക്കിടകം കവർന്നെടുത്ത അച്ഛമ്മയുടെ കഥക്കൂട്ടുകൾ.. നനയാൻ കൂട്ട് വന്ന് ഒരു വേനൽ ചൂട് പകുത്തകന്ന അവളോർമ്മകളെ, ഈ തിരക്കിലേക്ക് പറിച്ചു നട്ട ഒരു ജൂൺ മാസത്തിന്റെ ആദ്യ മഴക്കുളിരുകളെ.. ഒറ്റയ്ക്കൊരിടത്തു മഴ ചാറ്റലേറ്റ് പനിച്ച് കിടന്നവന്റെ ഓർമ്മച്ചൂടുകളെ.!

പിന്നെ പപ്പേട്ടൻ സമ്മാനിച്ച മഴയെ.. നമ്മുടെ ക്ലാരയെ.

" ഓ.! അതെന്താ പറയാത്തതെന്നു വിചാരിച്ചിരിക്കുന്നായിരുന്നു.."

അതല്ല.. നീ ആലോചിച്ചു നോക്കിയേ ക്ലാരയ്ക്ക് കൂട്ടായിട്ട് ആ മഴയെ.. അതിന്റെ നനുത്ത കുളിരല്ലാതെ വേറെ എന്തേലും ചേരുവോ.?! വിരഹത്തിൻ്റെ, നഷ്ടത്തിന്റെ, സ്നേഹത്തിന്റെ, സന്തോഷങ്ങളുടെ, കരുതലുകളുടെ ഓർമ്മകൾ അല്ലെ.. ഇലിയാ ഒക്കെ.!

മാനത്തു നിന്ന് ഓരോ തുള്ളിയും തണുത്തുറഞ്ഞു പെയ്ത് നിറയുന്നത് ഈ മണ്ണിലേക്കാണെന്നാണോ?! അല്ലെ.. അല്ല.! 

ഈ ഗന്ധം അത് ഓർമ്മകളുടേതാണ്. ഉഷ്ണക്കാറ്റേറ്റു വരണ്ടു കിടക്കുന്ന ഹൃദയത്തിലേക്കാണ് ഓരോ മഴക്കാലവും പെയ്ത് നിറയുന്നത്.

ഒരു പെരു മഴ പെയ്ത് പോലെ എന്തൊക്കെയോ പറഞ്ഞ് നിർത്തി അവൻ ചോദിച്ചു., ഈ മഴ കാണുമ്പോൾ നിനക്ക് എന്താ തോന്നുന്നേ ഇലിയാ.? 

മഴയെന്ന് കേൾക്കുമ്പോൾ, പെയ്യുമ്പോൾ പിടഞ്ഞെണീറ്റ് ഓടുന്ന നിന്റെ മനസ്സിനെ.. അല്ലാതെ മറ്റെന്താണ് എന്നിലേക്ക് ആദ്യം ഓടിയെത്തുക.

നിന്നോളം ഈ മഴയെ സ്നേഹിക്കാൻ വാചാലനാവാൻ ആർക്കാണ് കഴിയുക.!

അവൾ ഉള്ളിലെ ഉത്തരത്തെ മൗനത്തിൻ്റെ നനവിൽ ഉളിപ്പിച്ച് എന്തോ പുലമ്പി പെയ്യുന്ന മഴയുടെ ഓരത്തേക്ക് ചേർന്നിരുന്നു.!