Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  മുക്തി

AISWARYA P M

Experion Technologies

മുക്തി

തുടർച്ചയായുള്ള മൊബൈലിൻ്റെ ബെല്ലടി ശബ്ദം കേട്ട് സഹിക്കാൻ വയ്യാതെ ആണ് മായ കിടന്നലറിയത് മോഹൻ സ്വന്തം ഫോൺ അല്ലെ റിങ് ചെയ്യണെ. ഒന്ന് അറ്റൻഡ് ചെയ്തൂടെ എനിക്കിനിയും ഒരുങ്ങുവാൻ ഉണ്ട്. നാട്ടിൽ നിന്നാകും ഇന്ന് വരില്ലാന്ന് പറഞ്ഞതല്ലേ പിന്നേം എന്തിനാ അവർ കിടന്ന് വിളിക്കണെ.

ഒരിടത്ത് ഇരിക്കാനും സമ്മതിക്കില്ലല്ലോ എന്നും പറഞ്ഞു ഫോണിനടുത്തേക്ക് വന്ന മോഹൻ ഒരു നിമിഷം അതിലേക്ക് നോക്കി ആലോചിച്ചു നിന്നു നാട്ടിന്നു അമ്മയാണല്ലോ ഇന്ന് അമ്മയുടെ പിറന്നാളാ. ഇന്നലെ അമ്മ വിളിച്ചു പറഞ്ഞപ്പോഴാ ഓർക്കുന്നെ സാധാരണ അമ്മയുടെ പിറന്നാൾ അറിയുക പോലുമില്ല. എന്നാലും ഞാൻ ഒറ്റ മോനായതു കൊണ്ട് എൻ്റെ എല്ലാ പിറന്നാളും ആഘോഷിച്ചിട്ടുണ്ട്. ഇപ്പോ എന്താ അമ്മയ് ക്കൊരു പുതുമ.

ഇനീപ്പോ കാറോട്ടിച്ച് അവിടം വരെ പോകാന്ന് വച്ചാ. നാളെ ഓഫീസും ഉള്ളതാ. ജോലി ബാഗ്ലൂർ ലേക്ക് ആയപ്പോ ഭാര്യയേയും മക്കളേയും കൂട്ടി ഇങ്ങു പോന്നതാ. 10 വർഷം കഴിഞ്ഞിരിക്കുന്നു. നാട്ടിൽ അമ്മ മാത്രേ ഉള്ളൂ. വർഷത്തി ലൊരിക്കൽ പോയി ഒരാഴച്ഛ തങ്ങാർ ഉണ്ട്. കുട്ടികൾക്കും ഭാര്യയ്ക്കും ഇവിടെ ത്തന്നെയാ ഇഷ്ടം. ഇവിടെ ത്തേപ്പോലെ ടേസ്റ്റി ഫുഡ് അവിടെയില്ലല്ലോ കളിക്കാൻ പാർക്കില്ലല്ലോ എ.സി ഇല്ലല്ലോ എന്തൊരു ചൂടാ എല്ലാരും എന്ത് ഭാഷയാ സംസാരിക്കണെ ആർക്കും ഇംഗ്ലീഷ് അറിയില്ല. അവിടത്തെ കുട്ടികൾക്ക് മൊബൈൽ ഉപയോഗിക്കാൻ കൂടി അറിയില്ല. ഇവിടുത്തെ വിശേഷങ്ങൾ പറയുമ്പോൾ എന്തോ അതിശയം കേട്ടതു പോ ല യാ. ഒന്നു ഉറങ്ങാൻ കൂടി അമ്മൂമ്മ സമ്മതിക്കില്ല. രാവിലെ തട്ടിയുണർത്തി അമ്പലത്തിലേക്ക് കൊണ്ടോകും. ഞങ്ങൾക്ക് പറ്റില്ല. പരാതി പ്രളയം തന്നെയാകും അതു മടുത്താ അങ്ങോട്ടു പോകാൻ തന്നെ മടിയ്ക്കണെ. എന്താ മോഹൻ... മായ തട്ടി വിളിച്ചപ്പോഴാണ് ബോധത്തിലേക്ക് വന്നത്. അപ്പോഴേക്കും ഫോൺ ബെല്ലടിച്ചു നിന്നിരുന്നു. ഇന്നലെ വിളിച്ചപ്പോ കുറച്ച് ദേഷപ്പെടുകയും ചെയ്തു. എന്നും രാവിലെയും വൈകിട്ടും പതിവു തെറ്റാതെ അമ്മ വിളിച്ചിരുന്നു. ഞങ്ങടെ ഇവിടുത്തെ തിരക്കു പറഞ്ഞാൽ അമ്മയ്ക്ക് മനസ്സിലാകില്ലല്ലോ. എന്നാൽ ഒരിക്കൽ പോലും ഞാൻ അങ്ങോട്ട് വിളിച്ചിട്ടില്ല. അമ്മ ഇങ്ങോട്ട് വിളിക്കാതെ ഇരുന്നിട്ടുമില്ല. ഈ അമ്മയക്ക് ബോർ അടിക്കില്ലേ ചോദിച്ചത് തന്നെ വീണ്ടും ചോദിക്കാനും കേട്ടതു തന്നെ വീണ്ടും കേൾക്കാനും.

പതിവു കാര്യങ്ങളും വിശേഷങ്ങളും വീണ്ടും വീണ്ടും കേക്കേണ്ടിയും പറയേണ്ടിയും വന്നില്ലല്ലോ എന്നാലോചിച്ച് ഒരു നീർഘനിശ്വാസത്തേടെ തിരിഞ്ഞു നടക്കവേ ദാ വീണ്ടും...

ഒന്നു പെട്ടെന്ന് വാ മോഹൻ ഞങ്ങൾ റെഡിയായി. ഇനിയും വൈകിയാൽ സിനിമ തുടങ്ങും. അമ്മയോട് വിശേഷം പറഞ്ഞു നിന്നാൽ ഒന്നും നടക്കില്ല. ഇതിനിടയിൽ മക്കൾ അവർക്കു എന്തൊക്കെ ഫുഡ് വേണം എന്ന് അമ്മയോട് പറഞ്ഞു ഉറപ്പിക്കുന്നുണ്ടായിരുന്നു. എന്തായാലും ഫോൺ എടുത്തിട്ടു പോകാം ഇല്ലെങ്കിൽ വിളിച്ചോണ്ടേയിരിക്കും.

ഹലോ ... എന്താ മ്മേ.... ഞാൻ രാവിലെ പറഞ്ഞതല്ലേ വിശേഷങ്ങളൊക്കെ. പിന്നെ എന്തിനാ ഇങ്ങനെ കിടന്ന് വിളിക്കണെ. ഇവിടെ പുതിയ വിശേഷങ്ങൾ ഒന്നുമില്ല. എൻ്റെ വിഷമങ്ങൾ അമ്മയക്ക് അറിയണ്ടല്ലോ. ഞങ്ങൾ ഒരിടം വരെ പോകാൻ നിക്കാ. നാളെയെങ്ങാനും വിളിക്കാം. മോനേ..... ആ വിളി കേട്ടതും എൻ്റെ ശബ്ദം താനെ നിന്നു പോയി. നല്ല പരിചയമുള്ള ശബ്ദം അമ്മയുടെ അല്ല. മോനേ.... ഞാൻ വീടിനടുത്തുള്ള ശ്രീദേവി ടീച്ചറാ. അമ്മയ്ക്ക് നല്ല സുഖമില്ല. മയങ്ങു വാ ഹോസ്പിറ്റലിന്ന് കൊണ്ടു വന്ന യുള്ളൂ.... നല്ല ക്ഷീണമുണ്ട് ആരേലും കൂടെ വേണം നിങ്ങളൊന്ന് നാട്ടിലേക്ക് വരാവോ. ശരി ടീച്ചറമ്മേ എന്നു പറഞ്ഞു ഫോൺ വയ്ക്കുമ്പോ തൊണ്ട ശരിക്കും വരണ്ടുണങ്ങി ശബ്ദം ഇടറിയിരുന്നു.

ശരിക്കും ചമ്മിപ്പോയോ ഞാൻ അമ്മയാ ണെന്നു കരുതിയാ ഞാൻ ശരിക്കും അങ്ങനെ യൊക്കെ പറഞ്ഞേ. ഒരു ചെറിയ കുറ്റബോധം ഉള്ളിലെവിടയോ തട്ടി മുറിവേൽപ്പിച്ചുവോ.

രാവിലെ ഏണീറ്റപ്പോ തന്നെ 10 കഴിഞ്ഞിരുന്നു. തലേന്ന് സിനിമയും ഡിന്നറും കഴിഞ്ഞു വന്നപ്പോ വൈകിയിരുന്നു. ഉറക്കച്ചടവോടെ ഒരാഴ്ച്ചത്തേക്ക് കുട്ടികൾക്കും എനിക്കും സ്കൂളിന്നും ഓഫീസിന്നും ലീവും പറഞ്ഞു ഒരുങ്ങാൻ തുടങ്ങിയപ്പോ ഇന്നലെ വൈകിട്ട് പുറത്ത് പോയ അത്രേം സന്തോഷം ആരിലും കണ്ടില്ല. ഈ എന്നിൽ പോലും.

യാത്ര തുടങ്ങി പകുതി ആയപ്പോ വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. മേനേ അവിടുന്ന് തിരിച്ചോ... വീണ്ടും ശ്രീദേവി ടീച്ചറുടെ ശബ്ദം കാറിൽ മുഴുവൻ മുഴങ്ങി കേട്ടു. തിരിച്ചു പകുതിയോളമായി. അപ്പോഴേയ്ക്കും ഭാര്യ ഫോൺ വാങ്ങി ഓഫ് ചെയ്തു. ഇവർക്കെന്താ ഇത്ര ധൃതി. വേറെ ജോലി ഒന്നുമില്ലല്ലോ. കുറച്ചൊന്നവിടെ ഇരുന്നൂടെ. നമ്മൾ ഇത്ര ദൂരം അങ്ങ് ചെല്ലണ്ടെ.

നമ്മൾക്ക് അമ്മയെ കൂടെ കൂട്ടിയാലോ മായേ... വയ്യാതെ ഇരിക്കയല്ലേ. ചോദിച്ചു തീരു മുന്നേ ഉത്തരം തന്നു അവൾ. അതെന്തായാലും വേണ്ട. നൂറു കൂട്ടം ഉപദേശങ്ങളാ. നമ്മളിപ്പോഴും കൊച്ചു കുഞ്ഞാന്നാ വിചാരം. എനിക്കാണേൽ പിള്ളേരുടെ കാര്യം തന്നെ നോക്കാൻ സമയമില്ല. ഒരാഴ്ച തന്നെ കൂടുതലാ. എന്തെല്ലാം കാര്യങ്ങളാ മുടങ്ങണെ. ഒരു നിസ്സഹായനെ പ്പോലെ യാത്ര തുടർന്നു.

വീട്ടിലെത്താറയതും കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തൊക്കെ ആളുകൾ. എന്തോ പന്തികേട് പോലെ. ഉള്ളിലൂടെ ഒരു തീക്കനൽ ആഴ്ന്നിറങ്ങിയ പോലെ. വണ്ടിയൊതുക്കുക പോലും ചെയ്യാതെ കാർ നിർത്തി ഞാൻ അകത്തേയ്ക്ക് എന്തു പറ്റിയ ന്നറിയാതെ കൂടി നിന്നവരുടെ മുഖത്തേയ്ക്ക് അക്ഷമയോടെ നോക്കി അകത്തേയ്ക്ക് വച്ച കാൽപ്പാദങ്ങളിൽ ഒരു തണുപ്പു അരിച്ച് കയറി. കണ്ണുകളിൽ ഇരുട്ടു കയറുന്നതു പോലെ ആ കാഴ്ച എൻ്റെ എന്നേയ്ക്കും ഉള്ള നോവായി. വെള്ള പുതപ്പിച്ച് നിത്യ നിദ്രയിലാണ്ട് കത്തിച്ചു വച്ചു നിലവിളക്കിനു കീഴെ. ഞാൻ ഇതുവരെ ആസ്വദിച്ച മണമായിരുന്നില്ല ആ ചന്ദനത്തിരികൾക്ക്. ഇനി എന്നെ ശല്യപ്പെടുത്താൻ അമ്മയിനി വരില്ല എന്ന യാഥാർത്ഥ്യം പതിയെ ഞാൻ മനസ്സിലാക്കി...

ചടങ്ങുകൾ കഴിഞ്ഞ് കണ്ണുകൾ അടച്ച് ഉമ്മറക്കോലായിലെ ചാരുകസേരയിൽ തളർന്നിരുന്ന എൻ്റെ തോളിൽ ഒരു ചൂടു കരസ്പർശം. ശ്രീദേവി ടീച്ചർ..ഈ വിവരം പറയാനാ ഞാൻ വിളിച്ചേ. അപ്പോഴേക്കും ഫോൺ കട്ടായി. ദാ ഈ കത്ത് അമ്മ നിനക്കായി തന്നതാ. ഞാൻ പോകുന്നു. ഒരു ആശ്വാസവാക്കും ഞാൻ അർഹിക്കുന്നില്ലാവാം.

ആ ഉമ്മറക്കോലായിൽ നിന്ന് എത്ര ദൂരം ഞാൻ സഞ്ചരിച്ചു അല്ലേ. ഈ വൃദ്ധസദനത്തിൻ്റെ പടിവാതിൽ വരെ. എന്നെത്തന്നെ ബോധ്യപ്പെടുത്തി കണ്ണുകൾ തുറന്നപ്പോൾ സന്ധ്യ മയങ്ങിയിരുന്നു. കണ്ണുകൾ ഈറനണിഞ്ഞില്ല. കരയാൻ മറന്നിരിക്കുന്നു. ചുരുട്ടി പിടിച്ച കൈകൾ അയച്ച് അതിൽ എഴുതിയ അമ്മയുടെ വാക്കുകൾ വീണ്ടും വായിച്ചു. മോനേ.... ആ വാക്കിൽ അമ്മയുടെ സാന്നിധ്യം എപ്പോഴും അനുഭവിക്കുന്നു ഞാൻ. മോൻ്റെ സന്തോഷമാണ് മോനേ അമ്മയുടേതും. അമ്മയക്കൊരു യാത്ര പോകാൻ നേരമായി നീ വരുമ്പേഴേക്കും അമ്മയുണ്ടാകുമോന്നറിയല്ല. എൻ്റെ മോൻ എപ്പോഴും സന്തോഷവാനായിരിക്കണം. അമ്മയുടെ കർമ്മങ്ങളെല്ലാം കഴിഞ്ഞിരിക്കുന്നു.

അമ്മയുടെ ശല്യപ്പെടുത്തലുകൾ കൊതിച്ചു തുടങ്ങിയ കാലം. എനിക്കിന്ന് അതിനു പോലും അവകാശമില്ലമ്മേ....

അമ്മേ.... അമ്മ എൻ്റെ സന്തോഷമല്ലേ ആഗ്രഹിച്ചത്. പക്ഷേ ഞാനിപ്പോൾ അമ്മയുടെ അതേ പാതയിലല്ലേ. അമ്മയീ കത്തെഴുതോ മ്പോഴും ഞാൻ വരും എന്ന വിശ്വാസം അമ്മയ്ക്കുണ്ടായിരുന്നു. എനിയ്ക്ക് ഇന്ന് ഇല്ലാത്തത് അതാണ്. നല്ല വിദ്യാഭ്യാസം തന്നു. നല്ല ജോലി നേടി തന്നു.നല്ല ശീലങ്ങൾ പഠിപ്പിച്ചു. എന്നിട്ടും എനിക്ക് ഇന്ന് അമ്മ ആഗ്രഹിച്ച സന്തോഷം ഇല്ലെങ്കിൽ എവിടെയാണമ്മേ എനിക്കും അമ്മയ്ക്കും നമ്മളെ പോലുള്ളവർക്കും തെറ്റു പറ്റിയത്. ഞാനും അതു പോലെ എൻ്റെ മക്കളുടെ സന്തോഷമല്ലേ ആഗ്രഹിച്ചത്. അമ്മ എന്നെ പഠിപ്പിച്ച അതേ പാഠങ്ങളാണ് അവർക്കും ഞാൻ കൊടുത്തത്.

അതെ നമ്മളെല്ലാവരും നമ്മുടെ മക്കളുടെ എന്നത്തേയും സന്തോഷം ആഗ്രഹിക്കുന്നെങ്കിൽ പാഠപുസ്തങ്ങൾക്കോ, പണത്തിനോ, ഉയർന്ന പദവികൾക്കോ മാത്രം അത് നേടി കൊടുക്കാനാകില്ല. മത്സരബുദ്ധിയും വാശിയും ഉണ്ടങ്കിലേ മുന്നോട്ട് നയിക്കൂ എന്ന് നമ്മെ പഠിപ്പിച്ചത് മുതിർന്നവർ തന്നെയല്ലേ. അവിടെ നഷ്ട്ടപ്പെട്ടത് പരസ്പര സ്നേഹവും ദയയും ആയിരുന്നോ?

ഒന്നും മനസ്സിലാകുന്നില്ല അമ്മേ. എൻ്റെ മക്കളാഗ്രഹിച്ചതിനപ്പുറവും ഞാൻ നൽകി എന്നിട്ടും ജരാനരകൾ മനസ്സിനെയും ശരീരത്തെയും ബാധിക്കുമ്പോൾ ഇരുട്ടിൻ്റെ ഉള്ളറകളിലേയ്ക്ക് തള്ളിക്കളയുന്ന നമ്മുടെ പുതു തലമുറയ്ക്ക് നമ്മൾ കൊടുക്കുന്ന അറിവിൽ എന്തോ നമ്മൾ മുതിർന്നവർ വിട്ടു പോകുന്നു. എന്താണത്? ഇന്ന് അമ്മയെ പ്പോലെ ഞാനും ഒറ്റപ്പെട്ടു പോയങ്കിൽ അമ്മ ആഗ്രഹിച്ച സന്തോഷം എന്നിലോ... എന്നേപ്പോലെ എൻ്റെ മക്കളിലും ഇല്ലാതായാൽ അതിനർത്ഥം എൻ്റെയും അമ്മയുടേയും കർമ്മം പൂർത്തിയായിട്ടില്ല. അതല്ലേ സത്യം. മനസ്സിലാകുന്നില്ല അമ്മേ.. ലാഭേശ്ച ഇല്ലാത്ത കർമ്മം. സുഖഭോഗങ്ങളെക്കാൾ ധർമ്മമാണ് വലുതെന്ന് നാം പഠിപ്പിക്കാൻ മറന്ന് പോയതു കൊണ്ടാണോ?

എൻ്റെ കർമ്മം തീരുന്നതുവരെ എൻ്റെ മോക്ഷവും ബാക്കിയാകുകയാണോ?