Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  മടിയൻ

Jinto K Thomas

Infosys

മടിയൻ

രാത്രി 1:36, ഉറക്കത്തിൽ നിന്നും ചുമ്മാ ഉണർന്നെണീറ്റു ഫോണിൽ നോക്കിയ അയാൾ വെറുത ചിരിച്ചു. ഇത്രയും സമയമായതെയുള്ളോ? അലാറം വെച്ചിരിക്കുന്ന സമയത്തിലേക്കു ഇനിയുമുണ്ട് 1.. 2... 3.. 4 മണിക്കൂർ... വിരൽ മടക്കി എണ്ണി അയാൾ ഉറപ്പ് വരുത്തി. കണ്ട സ്വപ്നം കഥയാക്കിയാൽ ആരു വായിച്ചാലും ജഞാനപീഠം ഉറപ്പ്... ആദ്യത്തെ കഥയ്ക്ക് തന്നെ അതൊക്കെ വാങ്ങി വെറുതെ ആൾക്കാരുടെ കണ്ണുകടി കൂടെ വാങ്ങാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് അയാൾ ഉറപ്പിച്ചു അത് വേണ്ടാ. കഥയ്ക്ക് തലക്കെട്ട് വരെ സ്വപ്നത്തിൽ നിന്നും കിട്ടിയതായിരുന്നു എന്നിട്ടും അയാൾ അത് വേണ്ടാന്ന് വെച്ചു...എന്താല്ലേ!

 

ഇനിയിപ്പോൾ എന്ത് ചെയ്യും, ഇഷ്ടം പോലെ സമയം അങ്ങനെ കിടക്കുവല്ലേ, ഇപ്പൊൾ എണീറ്റു ജോലി ചെയ്താലോ? ആവശ്യമില്ലാത്ത ചിന്തകളെ അപ്പോൾ തന്നെ ഞെക്കിക്കൊല്ലാൻ ഓൺലൈൻ ക്ലാസ്സ്‌ കൂടിയ അയാൾ ട്രെയിനർ പറഞ്ഞത് പോലെ തന്നെ ചെയ്തു....സാവധാനം ശ്വാസം ഉള്ളിലേക്കെടുത്തു.... പിടിച്ചു വെച്ചു... എന്നിട്ടെണ്ണി... 1.. 2.. 3.. എപ്പോളോ എണ്ണം തെറ്റി, അപ്പോൾ തന്നെ വിട്ടേച്ചു... നമ്മളില്ലേ.. (വാത്സല്യം മമ്മൂട്ടി.ജെപെഗ്)

 

തിരിഞ്ഞും മറിഞ്ഞും കിടന്ന അയാളുടെ മനസിലേക്ക് ഒരു വഴി തെളിഞ്ഞു വന്നു.. പ്രാർത്ഥിക്കാം... ഈയിടെയായി പ്രാർത്ഥിക്കാൻ അയാൾക്ക്‌ പ്രിത്യേകിച്ചു കാരണം ഒന്നും വേണ്ടല്ലോ.. ചുമ്മാ ഇരിക്കുക, ഒന്ന് ചിരിക്കുക, കണ്ണ് അടക്കുക പിന്നെ പ്രാർത്ഥനകൾ ഇടമുറിയാതെ അങ്ങനെ ശറപറാന്നു വരികയായി. (നാടോടിക്കാറ്റ് ശങ്കരാടി. ജെപെഗ്). ദിവസേന 20 ലിറ്റർ കറക്കുന്ന 2 സിന്ധി പശുക്കളെ വാങ്ങിയ ദാസനും വിജയനും അവസാനം പാലിൽ വെള്ളം ചേർക്കേണ്ടി വന്നതുപോലെ പ്രാർത്ഥനയിൽ വെള്ളം ചേർക്കേണ്ടി വരുന്നത് കണ്ടപ്പോൾ അയാളും അത് നിർത്തി. 

 

പെട്ടെന്ന് കിട്ടിയ ഉൾവിളിയുടെ പ്രേരണയിൽ മൂത്രം ഒഴിച്ച് വന്ന് വീണ്ടും കിടന്നപ്പോൾ സമയം 1.57. നീങ്ങിയിരിക്കുന്നു, നോം അറിയാതെ തന്നെ സമയം വല്ലാണ്ടങ്ങു നീങ്ങിയിരിക്കുന്നു.. (ഏതോ സിനിമ നമ്പൂതിരി.ജെപെഗ്) 

 

ഇനി ഒന്നും നോക്കാനില്ല ഒരു കഥഎഴുതുക തന്നെ. രണ്ടാമത് തോന്നിയ തലക്കെട്ട് തന്നെ ആദ്യം ഫോണിൽ ടൈപ്പ് ചെയ്തു.

 

... ആവശ്യമുണ്ട്.

 

ഇനി കഥ എഴുതിയാൽ മതി.പക്ഷെ എന്തെഴുതും? പേപ്പറിൽ പേന വെച്ചാണ് എഴുതുന്നതെങ്കിൽ പേന ഒന്ന് കുടഞ്ഞു അങ്ങ് തുടങ്ങാമായിരുന്നു. പക്ഷെ ഫോണിൽ മംഗ്ലീഷിൽ കുത്തിക്കുറിക്കുന്നവനെന്തു പേന? എന്ത് പേപ്പർ? നെറ്റ് ഉണ്ടേൽ Englishil കുത്തിയാൽ ഇംഗ്ലീഷ് വരും, അല്ലേൽ Englishum വരും. അങ്ങനെയൊന്നും ജിയോയെ തോൽപ്പിക്കാൻ ആവില്ല മക്കളെ (No movie റഫറൻസ് here! ചേഞ്ച്‌ വേണമത്രേ ചേഞ്ച്‌)

 

പിന്നെ അയാൾ എഴുത്ത് തുടങ്ങി അറഞ്ചം പുറഞ്ചം എഴുത്തോടെ എഴുത്ത്.. കഥാപാത്രങ്ങൾ, സാഹചര്യങ്ങൾ, ട്വിസ്റ്റോടു ട്വിസ്റ്റുകൾ.. 

ഒരെണ്ണമെങ്കിലും നന്നായി വന്നാൽ മതിയായിരുന്നു.അയാൾ എഴുതിയ ആദ്യ കഥ, സോറി 2മത്തെ ആണ് (പണ്ട് നാട്ടിലുള്ള ഒരാളെക്കുറിച്ചു അയാളുടെ ജീവിതം അതേപോലെ എഴുതി വെച്ചു ആരുടെയൊക്കെയൊ കയ്യടി വാങ്ങിയ കാലം പെട്ടെന്ന് ഓർമ വന്നത് കൊണ്ട്)

 

അയാൾ എഴുതിയ രണ്ടാമത്തെ കഥ 

***

... ആവശ്യമുണ്ട്

 

പത്രത്തിലെ ക്ലാസ്സിഫൈയ്ഡ് കോളം ചുമ്മാ വായിച്ചു കോൾമയിർ കൊണ്ടിരുന്ന അവൻ ആ ബോക്സ്‌ കോളം അപ്പോളാണ് കണ്ടത്

 

ആവശ്യമുണ്ട്

അതിഭീകരമായി ലഭിക്കാൻ പോകുന്ന പണം അതി മനോഹരമായി കൈകാര്യം ചെയ്യാൻ അസാമാന്യ കഴിവുള്ള അവിവിവാഹിതനായ യുവാവിനെ ആവശ്യമുണ്ട്. സ്വന്തം കഴിവിൽ അശേഷം സംശയമില്ലാത്തവർ ബന്ധപെടുക 9747******. അടുത്തെങ്ങാനും അതിഭീകരമായി പണം കൈകാര്യം ചെയ്തതിന്റെ തെളിവുണ്ടെങ്കിൽ മുകളിൽ പറഞ്ഞ നമ്പറിൽ വാട്സാപ്പ് ചെയുക. 

 

ഉണ്ടല്ലോ, അതീവ ഭീകരമായി പണം കൈകാര്യം ചെയ്തതിനു നാട്ടുകാർ കൈകാര്യം ചെയ്തതിന്റെ എല്ലാ രേഖകളും അവൻ അപ്പോൾ തന്നെ ആ നമ്പറിലേക്കു വാട്സാപ്പ് ചെയ്തു. ഒന്നും പിന്നത്തേക്കു വയ്ക്കാതെ അന്നത്തെ അപ്പം ചോദിച്ചു വാങ്ങുന്ന എന്നോടോ ബാലാ? 

 

പ്ലിംഗ്. റിപ്ലൈ ഇത്രയും പെട്ടന്നോ? പരസ്യം ഇട്ടവൻ ഏതോ പൊട്ടനാണെന്നു തോന്നുന്നു. Unread മെസ്സേജ് ഞെക്കിത്തുറന്ന അവൻ ചുമ്മാ ഞെട്ടി 

You are appointed.

തുടർന്ന് കുറെ വോയിസ്‌ മെസ്സേജുകൾ. ഒന്നൊഴിയാതെ എല്ലാ മെസ്സേജുകളും കുത്തിയിരുന്ന് ഒറ്റയിരുപ്പിൽ കേട്ട അവൻ തലയിൽ കൈവെച്ചു ശേഷം ഇങ്ങനെ ചിന്തിച്ചു 

"എന്തെ എനിക്ക് ഈ ബുദ്ധി നേരത്തെ തോന്നിയില്ല?"

അപ്പോളാണ് അടുത്ത മെസ്സേജ് കിട്ടിയത്. ഘനഗംഭീര ശബ്ദത്തിൽ അവൻ അത് ഇങ്ങനെ കേട്ടു, 

"ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് മയൂർ!"

 

മയൂർ! അപ്പൻ തനിക്കിട്ട പേര് മറ്റാരേക്കാളും കൂടുതൽ താൻ തന്നെ ഉപയോഗിക്കുന്നതിൽ അവന് പണ്ടൊക്കെ ഒരുപാട് കുറ്റബോധം തോന്നാറുണ്ടായിരുന്നു, പക്ഷെ കൊറോണ വന്നതിനു ശേഷം അതൊന്നും അശേഷം അവനെ ബാധിക്കാറില്ല. 

 

ബോസ്സ് പറഞ്ഞത് പോലെ മയൂർ അവന്റെ ജോലി ആരംഭിച്ചു.

ആദ്യം 3 വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. 256 കോണ്ടാക്ട്സ് വീതം 3 ഗ്രൂപ്പുകൾ, 768 ആൾക്കാർ ഉള്ള 3 ഗ്രൂപ്പുകളുടെ അഡ്മിൻ. സസൂക്ഷ്‌മം ഗ്രൂപ്പുകളുടെ പേരുകൾ ഓരോന്നായി അവൻ ഇട്ടു.

 

പരസഹായം 1

പരസഹായം 2

പരസഹായം 3

 

എല്ലാം സെറ്റ് ആക്കിയതിനു ശേഷം ബോസ് അയച്ച ആദ്യത്തെ വിഡിയോയും വോയിസ്‌ ക്ലിപ്പും ഗാലറിയിൽ നിന്നും ഗ്രൂപ്പുകളിൽ ആഡ് ചെയ്തതിനു ശേഷം അവൻ ആ ടെക്സ്റ്റ്‌ മെസ്സേജ് ടൈപ്പ് ചെയ്തും ഇട്ടു. 

...if you are human enough, kindly donate to the account number of ABC Bank 123456790. Or Google Pay to number 9747******

 

ഇതൊക്കെ ചെയുമ്പോളും അവനു ഉറപ്പായിരുന്നു ബോസിന് മുതുവട്ടാണ്. ബോധമുള്ള ആരെങ്കിലും ചെയുന്ന കാര്യമാണോ അയാൾ എന്നെകൊണ്ട് ചെയ്യിപ്പിച്ചത്? പക്ഷെ സ്വന്തം കോൺടാക്ട് ലിസ്റ്റിലുള്ള പലർക്കും പുറമെ മറ്റു unknown നമ്പറുകളിൽ നിന്നും മെസ്സേജ് വന്ന് തുടങ്ങിയപ്പോളാണ് തന്റെ പേര് അവൻ ഓർത്തത്‌ മയൂർ!

 

Please check and confirm whether you received the amount.

 

കഴുത്തിനു മുകളിൽ തലയുണ്ടെന്നും സ്വന്തം കണ്ണുകൾ അവിടെ തന്നെയുണ്ടെന്നും തപ്പി നോക്കി ഉറപ്പ് വരുത്തിയ അവൻ ബോസിന് മെസ്സേജ് അയച്ചു. ബോസ്, നിങ്ങൾ വെറും ബോസ്സല്ല. നിങ്ങൾ തലബോസ് ആണ് തല.

 

മയൂർ മാത്രമാവണം അഡ്മിൻ എന്നും ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യാനുള്ള ലിങ്കുകളും ഗ്രൂപ്പിൽ ഇടണമെന്ന് ബോസ് സോറി തല പറഞ്ഞത് അവൻ അപ്പോൾ ഓർത്തു. പുറത്തു ഇറങ്ങുന്നില്ലെങ്കിലും മാസ്ക് ധരിച്ചും സാനിറ്റീസെർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയതിനു ശേഷം വേണം ഇതെല്ലാം ചെയ്യണമെന്നും പറഞ്ഞിരുന്ന തലയുടെ 3മത്തെ വോയിസ്‌ ക്ലിപ്പ് ഓർത്ത മയൂർ തലയുടെ ആരോഗ്യപരിരക്ഷശുഷ്‌കാന്തിയോർത്തു വീണ്ടും തന്റെ പേര് സ്വയം വിളിച്ചു. 

 

4 ദിവസങ്ങൾക്കു ശേഷം തലയുടെ ആ വോയിസ്‌ ക്ലിപ്പ് അവനെ ഞെട്ടിച്ചു. എല്ലാ വാട്സാപ്പ് ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്യാനും, പുതിയ സിം എടുക്കാനും പറഞ്ഞതിന് ശേഷം ബോസ് ഒന്ന് കൂടെ പറഞ്ഞു.

Please check and confirm whether you received your agreed lamount.

 

സ്വന്തം അക്കൗണ്ട് ബാലൻസ് പരിശോധിച്ച മയൂർ തന്റെ പേര് വീണ്ടും വിളിച്ചു, അല്പം ഉറക്കെത്തന്നെ... 

 

പുതിയ സിം എടുക്കാൻ പുതിയ മാസ്കും ധരിച്ചു പുറത്തിറങ്ങിയ മയൂറിനെ അകത്തേക്ക് കേറ്റാൻ തയ്യാറായി മാസ്ക് വെച്ച അവർ കാത്തു നിൽപ്പുണ്ടായിരുന്നു, കൂടെ സെൻസേഷണൽ ജേർണലിസത്തിന്റെ പുതിയ വാർത്തകൾക്കിടയിൽ തട്ടിപ്പിന്റെ പഴയ വാർത്തകൾ ചുമ്മാ കുത്തികേറ്റാൻ ഒട്ടും മടിയില്ലാതെ കുറേയേറെ മാധ്യമപ്രവർത്തകരും. 

 

"ഇല്ലാത്ത മാരകഅസുഖത്തിന്റെ വല്ലായ്മകൾ പെരുപ്പിച്ചു കാട്ടി പൊതു ജനത്തിന്റെ പരസഹായ മനസിന് മാസ്കിട്ട പുത്തൻ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ സംഘടകൻ പോലീസ് പിടിയിൽ. പിന്നിലുള്ള അധോലോകബന്ധം തിരയാൻ 12മത്തെ ഏജൻസി'.

 

ദിക്ക് പൊട്ടുമാറ് തൊണ്ട കീറി വിളിച്ചു കൂവുന്ന റിപ്പോർട്ടേഴ്സിന്റെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചിരുന്ന മയൂറിന്റെ നേരെ നീണ്ട ചാനൽ മൈക്കുകൾ പല ചോദ്യങ്ങൾ വിളിച്ചു ചോദിച്ചു 

ആരാണ് നിങ്ങൾ, ആരൊക്കെയാണ് ഇതിനു പുറകിൽ, 

ഇപ്പോൾ എന്ത് തോന്നുന്നു? 

 

എല്ലാത്തിനും അവന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളു 

മയൂർ...

 

കൊറോണകാലവും കഴിഞ്ഞില്ല, മാസ്കിന്റെ കാലവും കഴിഞ്ഞില്ല, പക്ഷെ വിചാരണതടങ്കൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ മയൂർ കുറച്ചു നാളുകൾ കഴിഞ്ഞ് പത്രത്തിൽ ഒരു പരസ്യം ചെയ്തു 

 

ആവശ്യമുണ്ട്... 

****

 

സമയം ഇപ്പോൾ 3:39

അലാറം അടിക്കാൻ ഇനിയുമുണ്ട് 1..2 മണിക്കൂർ 

അയാൾ കഥയെഴുത്തു നിർത്തി... 

ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു... 

പിടിച്ചു വെച്ചു... 

എന്നിട്ട് പ്രാർത്ഥിക്കാൻ തുടങ്ങി 

 

ശറപറാന്ന് മലവെള്ളം പോലെ ഒഴുകി വരുന്ന പ്രാർത്ഥനകൾ കണ്ടും കേട്ടും ഞെട്ടിയ അയാൾ കരുതി.  

 

ഒടിയനെടുത്ത സംവിധായകനെ ഒന്ന് വിളിക്കണം, രണ്ടാമൂഴം നടക്കാത്ത വിഷമത്തിലിരിക്കുന്ന അദ്ദേഹത്തിന് ഒരു മൂന്നാമൂഴത്തിനുള്ള കഥ കൊടുക്കണം.

 

മടിയൻ!