Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  കാഴ്ചകൾ

Angel M S Raj

Cognizant

കാഴ്ചകൾ

പ്രഭാതത്തിൽ ആ ഫ്ളാറ്റിലെ ഒൻപതാം നിലയിലെ തന്റെ മുറിയിൽ ആയിരുന്നു മീര. ഒരു ദീർഘനിശ്വാസത്തോടെ അവൾ ഓർത്തു, ഇവിടെ ഇരുന്നാൽ ചുറ്റുമുള്ള എല്ലാ കാഴ്ചകളും ജാലകത്തിലൂടെ കാണാം. തൊട്ടടുത്തായി വലിയ ഒരു പാടം ആണ്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ മുറിയാണ് മീരയുടെ ലോകം. അവൾ ചുറ്റും നോക്കി. വയലിൽ തലേന്നത്തെ മഴയിൽ വെള്ളം നിറഞ്ഞിരിക്കുന്നു. രണ്ടു ദിവസം മുൻപ് ആ വയലിൽ നിറയെ ചെടികൾ ആയിരുന്നു. എന്നാൽ ഇന്ന് രാവിലെയാകട്ടെ ചെടികളെല്ലാം വെള്ളത്തിൽ മുങ്ങിപ്പോയിരിക്കുന്നു. പക്ഷെ രണ്ടു ദിവസത്തിനകം അവ വെള്ളത്തിന്റെ മുകളിലൂടെ അതിശക്തിയായി  വളർന്നു വരുന്ന കാഴ്ചകൾ മീര മനസ്സിൽ കണ്ടു. മീര കുറച്ചു നാളുകളായി ഈ കാഴ്ചകളെല്ലാം നോക്കി ജാലകവാതിലിന്റെ അടുത്തുള്ള കട്ടിലിൽ തന്നെയാണ്. ഒരു വർഷമായി അവൾക്കു പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. അജ്ഞാതമായ രോഗം ബാധിച്ച് അവളുടെ കാലുകൾ തളർന്നു പോയിരുന്നു.
          പെട്ടെന്നാണ് മുറിയിലേക്ക്  അമ്മ കടന്നു വന്നത്. മീരയെ കൂടാതെ അമ്മയും  അവളുടെയൊപ്പമുണ്ട്. അവളുടെ വിഷാദം നിറഞ്ഞ മുഖം കണ്ടു അമ്മയ്ക്കും സങ്കടമായി. "മോളേ, നേരം നന്നായി വെളുത്തു. നിനക്ക് വിശക്കുന്നില്ലേ?".
          "എനിക്ക് ഇപ്പോൾ വേണ്ടമ്മേ!" അവൾ പറഞ്ഞു. അവളുടെ വിഷമങ്ങൾ അറിയാമായിരുന്ന അമ്മ പിന്നെ ഒന്നും പറയാൻ നിന്നില്ല. "എങ്കിൽ അൽപ സമയം കഴിയട്ടെ. ഞാൻ വരാം." അമ്മ മുറിയിൽ നിന്നും പോയി. ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്ന മകളെക്കുറിച്ചോർത്തു അമ്മ നെടുവീർപ്പിട്ടു.
                  മീര വീണ്ടും പുറത്തേക്കു നോക്കിയിരുന്നു. ആരും ഇല്ലാതിരിക്കുന്ന സമയം അവളുടെ  ആശ്വാസം വായനയും പിന്നെ ജനാലയിലൂടെ ഉള്ള ഈ നയനാനന്ദകരമായ കാഴ്ചകളുമാണ്. മഴ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ആകാശം നന്നായി തെളിഞ്ഞിരിക്കുന്നു. പക്ഷികൾ പല തരം ശബ്ദങ്ങൾ ഉണ്ടാക്കി പറക്കുന്നു. രണ്ടു ദിവസത്തെ നിർത്താതെയുള്ള മഴയിൽ ആ പാവങ്ങളുടെ ചിറകുകൾ നനഞ്ഞൊട്ടിയിരുന്നിരിക്കാം. എന്നാൽ ഇന്ന് അവ നല്ല സന്തോഷത്തിലാണ് എന്ന് മീരക്ക് തോന്നി. ചില കുഞ്ഞു പക്ഷികൾ ഫ്ലാറ്റിന്റെ ഒൻപതാം നിലയുടെയും മുകളിലൂടെ ആണ് പറക്കുന്നത്. സാധാരണ ഈ കുഞ്ഞു പക്ഷികളൊന്നും ഇത്രയും ഉയർന്നു പറന്നു കാണാറില്ല. എന്നാൽ ഇന്ന് അവ കൂടുതൽ ശബ്ദമുണ്ടാക്കി ഉയർന്നു പറന്നുല്ലസിക്കുകയാണ്. മീരയ്ക്ക് അവയെ കണ്ടപ്പോൾ ഉള്ളിൽ അല്പം സന്തോഷം തോന്നി.

തനിക്കും ഇങ്ങനെ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ ലോകം മുഴുവനും പറന്നു നടക്കാമായിരുന്നു. അവൾ മനസ്സിലോർത്തു. ഒരു വിമാനത്തിൽ ഇരുന്നു പോകുന്നത് പോലെ... വീടുകൾ ചെറിയ തീപ്പെട്ടി കൂടുകൾ പോലെയും ആളുകൾ കുഞ്ഞു ഉറുമ്പുകളെ പോലെയും തോന്നുമായിരുന്നു. കുറച്ചു നേരം അവൾ തന്റെ ഭാവനയിൽ അങ്ങനെ പറന്നു നടന്നു.
"മോളേ.." പെട്ടെന്നാണ് അമ്മ വിളിച്ചത്. അവൾ തന്റെ ഭാവനയിലെ ചിറകുകൾ കൊഴിഞ്ഞു വീണതറിഞ്ഞു വീണ്ടും വിഷാദമഗ്നയായി.
                      അന്ന് വൈകുന്നേരം ആയപ്പോൾ വീണ്ടും നല്ല മഴ തുടങ്ങി. തന്റെ ചേട്ടന്റെയും ചേച്ചിയുടെയും ഒപ്പം മഴ നനഞ്ഞു കളിച്ചതും പേപ്പർ ബോട്ട് ഉണ്ടാക്കിയതും എല്ലാം അവൾ ഓർത്തു. ഇപ്പോഴോ... ഒന്ന് അനങ്ങുവാൻ പോലുമാകാതെ താനിങ്ങനെ....... അവളുടെ മിഴികൾ നിറഞ്ഞൊഴുകി.
       സാധാരണ ഇത്രയും കാറ്റുണ്ടാവാറില്ല. മീര പുറത്തേക്കു നോക്കി. എന്നാൽ ഈ കാറ്റിൽ വലിയ പക്ഷികളും ഇലകളും വരെ കാറ്റിന്റെ ദിശയിൽ പറക്കുകയാണ്. അതിനിടയിൽ തീരെ ചെറിയ ഒരു കുഞ്ഞിക്കിളി കാറ്റിന്റെ എതിർ ദിശയിലേക്കു പറക്കുന്നു. "ഇതെങ്ങനെ ഇവൾക്ക് സാധിക്കുന്നു?" മീര അത്‍ഭുതപ്പെട്ടു. സാമാന്യം ഒരു വലിയ പക്ഷിക്ക് പോലും ഈ കാറ്റിനെ അതിജീവിക്കാൻ കഴിയില്ല. മഴയത്തു എത്രയും പെട്ടെന്ന് തന്റെ കൂട്ടിലെത്തിച്ചേരാൻ ദൈവം ഈ കുഞ്ഞിക്കിളിയെ സഹായിക്കുന്നതാണ്. മീര മനസ്സിൽ ഉറപ്പിച്ചു. "ഓ! എന്റെ ദൈവമേ... നീ എന്നെ കാണുന്നില്ലേ? ഞാൻ എത്ര ദിവസങ്ങളായി ഈ കിടക്കയിൽ ആയിരിക്കുന്നു. നീ ഒരു നിമിഷം എന്റെ വേദനകൾക്കും ആശ്വാസം നല്കില്ലേ?..." അവൾ മനസ്സിൽ അകമഴിഞ്ഞ് ഈശ്വരനോട് പ്രാർത്ഥിച്ചു. പെട്ടെന്നാണ് നിദ്രാദേവി അവളെ തഴുകിയത്....

ഒരു സുന്ദരിയായ മാലാഖയെ പോലെ ഉള്ള ഒരു പെൺകുട്ടി. "അവളും തന്നെ പോലെ കാലുകൾ തളർന്നു കിടക്കുകയാണോ?" മീര അവളെ സൂക്ഷിച്ചു നോക്കി. ആ പെൺകുട്ടി അവളെ സ്നേഹപൂർവ്വം നോക്കി. "നീ എന്തിനാണ് ഇത്രയും വിഷമിക്കുന്നത്? എപ്പോഴും സന്തോഷമായിരിക്കണം. നീ ഇന്ന് രാവിലെ വയലിൽ കണ്ട ചെടികൾ രണ്ടു ദിവസത്തിനകം ശക്തിയായി വളർന്നു വെള്ളത്തിന്റെ മുകളിൽ വരുമെന്ന് നീ ചിന്തിച്ചില്ലേ? അത് അപ്രകാരം വളരുകയും ചെയ്യും. ആ കിളിക്കുഞ്ഞു കൂടണയാനായി നിഷ്പ്രയാസം കൊടുങ്കാറ്റിലൂടെ പറന്നു പോയത് കണ്ടില്ലേ? പ്രകൃതിയിലെ കാഴ്ചകൾ  പലതും ഇങ്ങനെ നോക്കി മനസിലാക്കേണ്ടതുണ്ട്. ദൈവം ഈ ചെറിയ പക്ഷികളെയും പുല്ലിനെയും പോലും സംരക്ഷിക്കുന്നുവെങ്കിൽ, നിന്നെ അതിലേറെ സ്നേഹിക്കുന്നു. നീ നിന്റെ കട്ടിലിൽ നിന്ന് എണീറ്റ് നടക്കാൻ ശ്രമിക്കൂ. ദൈവം നിനക്ക് അതിനുള്ള ശക്തി തരും. താൻ പാതി ദൈവം പാതി എന്ന് നീ കേട്ടിട്ടില്ലേ? നിന്റെ മനോധൈര്യം ഒരിക്കലും ഉപേക്ഷിക്കരുത്. നിന്റെ ഹൃദയം വിജയം കൈവരിക്കും നിശ്ചയം!!!" ആ പെൺകുട്ടി മീരയെ സ്നേഹപൂർവ്വം ആശ്ലേഷിച്ചു. പെട്ടെന്ന് മീര തന്റെ ഉറക്കത്തിൽ നിന്നും ഉണർന്നു. അവൾക്കു വിശ്വസിക്കാനായില്ല. എന്താണ് സംഭവിച്ചത്? ആരാണ് ഇപ്പോൾ തന്നെ കാണാൻ വന്നത്? ദൈവം അയച്ച ഒരു മാലാഖ ആയിരുന്നോ അവൾ? മീരയ്ക്ക് നടന്നതെല്ലാം ഒരു സ്വപ്നം പോലെ തോന്നി. എന്നാൽ അവളുടെ ഉള്ളിൽ ഒരു ദൃഢനിശ്ചയം ഉടലെടുത്തിരുന്നു. തന്റെ ശോഭനമായ ഭാവിയിലെ കാഴ്ചകളിലേക്ക് അവൾ ഉറ്റുനോക്കി.....