Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  ഏകാന്തതയുടെ മണലാഴി

ഏകാന്തതയുടെ മണലാഴി

ഉഷ്ണക്കാറ്റേറ്റുള്ള പകൽ യാത്രയും അതിലുപരി ഹൃദയത്തെ പറിച്ചെടുക്കുന്ന പോലുള്ള വ്യഥയും ചേർന്നുണ്ടാക്കിയ ക്ഷീണത്താൽ കിടന്നയുടനുറക്കത്തിലമർന്ന തൃലോക് നാഥിനെ പാതിരാത്രിയിലെ

പ്പോഴോ ഉപേക്ഷിച്ച് നിദ്രാദേവി കടന്നു കളഞ്ഞു. ത്രിലോകിന്റെ നേത്രാ ന്തരപടലത്തിൽ, ഇരുളിലും റാമിന്റെ പ്രതിഛായ പതിഞ്ഞു. റാം അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് നാലു വർഷങ്ങൾ പിന്നിടുമ്പോൾ ത്രിലോ കിന്റെ ഒരു ചെറുവിരലനക്കം പോലും റാമിനെ ബോധ മണ്ഡലത്തിലേക്കു ണർത്തുവാൻ മാത്രം ഗാഢമായിരുന്നു അവർക്കിടയിലെ ആത്മ                            ബന്ധം. അയാളുടെ ഇടം കൈത്തലം അവന്റെ മുതുകിലൂടെ മുൻ കാലുകളുടെ മുകളിലേക്കും അവിടെ നിന്ന് കഴുത്തിലേക്കും തഴുകി. റാം സ്നേഹത്താൽ തലകുനിച്ച്, മുഖം അയാൾക്കരികിലേക്ക് നീട്ടി. അയാൾ ഇരു കൈകൾ കൊണ്ടും അവന്റെ മുഖത്തെ ഒരു കൊച്ചു കുട്ടിയെയെന്ന പോലെ  ചേർത്തു പിടിച്ചു. അവന്റെ നെറ്റിത്തടത്തിൽ അയാൾ തന്റെ ചുണ്ടുകൾ ചേർത്തു.അയാളുടെ ഹൃദയത്തിൽ നിന്നും പൊട്ടിയൊഴുകിയ നീരുറവ മിഴിനീർ ചാലുകളായി.

 

                       ആ രാത്രിയുടെ ബാക്കിയിൽ ഉണർന്നിരുന്ന ത്രിലോകിന്റെ മനസ്സിലൂടെ മടങ്ങി വരാത്ത കാലത്തിന്റെ മായാത്ത കാഴ്ചകൾ മദ്യത്തിൽ നിന്നും നുരയെന്ന പോലെ പതഞ്ഞു പൊങ്ങി.നന്നേ ചെറുപ്പം മുതൽ തന്റെ പിതാവ് കൈലാഷ് നാഥിനൊപ്പം, വലിയ ഒട്ടകകൂട്ടങ്ങളെയും തെളിച്ച് ഹനുമൻഗറിൽ നിന്നും ദിവസങ്ങൾ നീണ്ട യാത്ര പുഷ്കറിൽ വന്നവസാനിക്കു ന്നതും , ബഹുവർണ്ണങ്ങളിൽ കുളിച്ചു നിൽക്കുന്ന പുഷ്ക്കറിലെ തെരുവോ രക്കാഴ്ചകളെ അദ്ഭുതക്കണ്ണുകൾ ഒപ്പിയെടുക്കുന്നതും,തങ്ങളുടെ ഒട്ടകങ്ങളെ വില പറഞ്ഞ് വിൽക്കുന്നതും, പുതിയവയെ വിലപേശി വാങ്ങുന്നതും ഒടുവിൽ കാർത്തിക പൂർണ്ണിമയിൽ പുഷ്കറിലെ സ്നാനഘട്ടങ്ങളിൽ ഒന്നിൽ മുങ്ങി നിവർന്ന് , വീണ്ടും ഒരു വർഷത്തേക്കുള്ള കർമ്മചിന്തകളുമായി പിൻവാങ്ങു ന്നതും എല്ലാം .

 

                     യാത്ര തുടങ്ങിയതിന്റെ ആറാം പകൽ അവർ പുഷ്കറിൽ എത്തി ച്ചേർന്നു. ലോകത്തുള്ള എല്ലാ പാതകളും പുഷ്കറിലേക്ക് നീണ്ടു. ഒട്ടകക്കൂട്ടങ്ങൾ, കുതിരകൾ, ഈ ലോകത്തെ മുഴുവൻ ജനങ്ങൾ, നാടൻ കലാകാരന്മാർ, കച്ചവട ക്കാർ, എല്ലാവരുടെയും കാലുകൾ ചലിക്കുന്നതും, എല്ലാ ചക്രങ്ങളും ഉരുളുന്ന തും ഒരേ ദിശയിലേക്ക് തന്നെ. ശബ്ദായമാനമായ അന്തരീക്ഷം.

 

                     നവമിക്ക് ഇനി രണ്ടു നാൾ കൂടി ബാക്കി. വിലപേശലുകളും കച്ചവട ങ്ങളും തുടങ്ങിക്കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് തരിശായി കിടന്നിരുന്ന ആ മണൽ മൈതാനത്ത്,മഴയത്ത് പൊട്ടി മുളച്ച കൂണുകൾ പോലെ ആയിരക്കണ ക്കിന് കൂടാരങ്ങൾ ഉയർന്നു കഴിഞ്ഞു. അതിലൊന്ന് തൃലോകിന്റേതായി രുന്നു.നഗരമാകെ നിറങ്ങളിൽ മുങ്ങി, ഒരുങ്ങിയിറങ്ങിയ നവോഢയെ പോലെ പ്രശോഭിച്ചു.മേള മൈതാനത്തിന്റെ മറ്റൊരു ഭാഗത്ത് ഭീമൻ ചക്രങ്ങളും, യന്ത്ര ഊഞ്ഞാലുകളും, യന്ത്ര ക്കുതിരകളും രാവിനെ പകലാക്കി.

              

                    ഒട്ടകവണ്ടികളിൽ നിറച്ചു കൊണ്ടു വന്നിരുന്ന പാത്രങ്ങളും, ധാന്യ ങ്ങളും, വസ്ത്രങ്ങളും എല്ലാം തൃലോകും  മൂത്ത മകൻ ആഞ്ജനേയും രണ്ടാമൻ ഭോലാറാമും, മരുമകൻ ശിവറാമും മറ്റുള്ളവരും ചേർന്ന് കൂടാരത്തിലേക്ക് എടുത്തു വച്ചു. കൂടാരത്തിന് പുറത്ത് മടക്ക് നിവർത്തിയ രണ്ടു ചൂടിക്കട്ടിലുകൾ നിരത്തിയിട്ടു. കാലങ്ങളായുള്ള ഒരു സമ്പ്രദായം. സമ്പ്രദായം മാത്രമല്ല, ഇത് അവരുടെ ജീവിതമാണ്.

 

                  കുറച്ചു നേരത്തിനകം തൃലോക് നാഥിന്റെ ഭാര്യ അംബാദേവി അവരുടെ ഒട്ടകങ്ങൾക്കായുള്ള  ഗോതമ്പും മറ്റു ധാന്യങ്ങളും പ്രത്യേക അനു പാതത്തിൽ ചേർത്ത് പാകപ്പെടുത്തിയ പ്രത്യേക ഭക്ഷണവുമായി വന്നു. അവ അവരുടെ എല്ലാ ഒട്ടകങ്ങൾക്കുമായി വീതിച്ച് അവയുടെ പാത്രങ്ങളിലാക്കി കൊടുത്തു.

 

ചൂടിക്കട്ടിലിൽ കിടന്നു വിശ്രമിക്കുകയായിരുന്ന തൃലോക് പതുക്കെ റാമിനരികിലേക്ക് നീങ്ങി. അതാണല്ലോ അയാളുടെ ശീലം.

 

            ത്രിലോക് അവനെ പാൽ നുകരുന്ന കുഞ്ഞിനെ അമ്മയെന്ന പോലെ തലോടിക്കൊണ്ടിരുന്നു.റാം ആ തലോടൽ ആസ്വദിക്കുന്നുണ്ടായിരുന്നു.

 

             ത്രിലോക്  തലോടൽ  ഒന്ന്  നിർത്തിയപ്പോൾ അവൻ തീറ്റയും നിർത്തി.  " ഖാവോ ബേട്ടാ... ഖാവോ" യെന്ന് തൃലോക് വീണ്ടും തലോടി.

      

           തൃലോകിന്റെ മുഖത്ത് വ്യഥകൾ തീർത്ത ഭൂപടം വ്യക്തമായിരുന്നു. അയാൾ കടന്നു വന്ന വഴികളുടേയും അനുഭവങ്ങളുടേയും അടയാളങ്ങൾ നെറ്റിത്തടങ്ങളിലും കൺകോണുകളിലും കവിൾ ത്തടങ്ങളിലും  ജരകളായി പതിഞ്ഞു കിടന്നു. അയാൾ ധരിച്ചിരുന്ന വെളുത്ത അങ്കോർഖയും ധോത്തിയും പഴക്കത്താൽ നരച്ച മഞ്ഞ നിറമുള്ളതായി മാറിയിരുന്നു. അയാളുടെ തലയുടെ ഇരട്ടി വലുപ്പമുള്ള,വർണ്ണാഭമായ തലേക്കെട്ടിന്റെ ഭാരം പോലും എല്ലിച്ച ആ ശരീരത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണെന്ന് തോന്നി.ചുട്ടുപൊള്ളുന്ന വരണ്ട മണലിലൂടെ കാലങ്ങൾ സഞ്ചരിച്ചു എന്നതിന് അയാളുടെ വിണ്ട് കീറിയ ഉപ്പൂറ്റികൾ സാക്ഷി.പഴക്കത്താൽ പതിഞ്ഞതും ദ്വാരങ്ങളുള്ളതുമായ വില കുറഞ്ഞ തുകൽ ചെരുപ്പുകൾ അയാളുടെ പാദങ്ങളോട് പൊരുത്തപ്പെടാതെ നിന്നു.

                തൃലോക്റാമിന്റെ സഹധർമിണി റൊട്ടിയും ദാലും സബ്ജിയും പാകം ചെയ്യുന്ന തിരക്കിലായിരുന്നു. അവരുടെ മരുമകളായ കഞ്ചനും മകൾ ആര്തി യു  ,  അവരെ  സഹായിക്കുന്നുണ്ടായിരുന്നു.

                 തൃലോക് അത്താഴം കഴിച്ചെന്ന് വരുത്തി ഉറങ്ങാൻ കിടന്നു. രാവേറേ ച്ചെന്നിട്ടും ഉറങ്ങാൻ പറ്റാതെ കൂടാരത്തിൽ വിരിച്ച കനം കുറഞ്ഞ മെത്തയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ത്രിലോകിനെ ശ്രദ്ധിച്ച അംബാദേവി തന്റെ, ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്ന  ചുളിഞ്ഞ കൈത്തലം കൊണ്ട് അയാളുടെ ചുമലുകൾ ആഞ്ഞു കുലുക്കി " എന്താണ് ഉറക്കത്തെ കെടുത്തുന്ന ചിന്ത"യെന്ന് ആരാഞ്ഞു.  

 

                " നമ്മുടെ മോളെ ക്കുറിച്ച്"

" നിങ്ങൾ പേടിക്കാതെ. അവൾ സുരക്ഷിതയാണല്ലോ. സാധ്ന മാമിയെന്നാൽ അവൾക്ക് ജീവനാണ്."

 അൽക്കയെ കുറിച്ചുള്ള ഓർമ്മകൾ അയാളുടെ ഒരോ കോശങ്ങളിലൂടെയും ഇരമ്പിപ്പാഞ്ഞു.

" അവൾ എത്ര മിടുക്കിയായിരുന്നു. എന്തിനാ ഇങ്ങനെ ഒരു ഗതി അവൾക്ക് കൊടുത്തത്. ഹേ... ഭഗവാൻ"" എന്ന് ത്രിലോക് പരിതപിച്ചു.

" ഓപ്പറേഷൻ നടത്തിയാൽ എല്ലാം ശരിയാകും എന്നല്ലേ ഡോക്ടർ പറഞ്ഞത്....  ആ വാക്കുകൾ ഭഗവാന്റേതാണ്..നിങ്ങൾ അവ വിശ്വസിക്കൂ." എന്നവർ ആശ്വസിപ്പിച്ചു.

   " എല്ലാം നടക്കും..... പക്ഷെ..." എന്നിങ്ങനെ തൃലോക് അർദ്ധോക്തിയിൽ നിർത്തി.

" നമുക്ക് നമ്മുടെ അൽക്കയല്ലേ വലുത്....??? എന്ന് തൃലോകിന്റെ മനസ്സ് കൃത്യമായി വായിച്ചെടുത്ത് അംബാദേവി ചോദിച്ചു." ഇന്നത്തെ ഉറക്കം കെടുത്തിയിട്ടോ നാളെ ഉണരാതിരുന്നിട്ടോ ഭൂമി ഉരുളാതിരിക്കില്ല; സൂര്യനുദിക്കാതെയും...." എന്ന്  അംബാദേവി ദാർശനികയായി.

 

            മേള മൈതാനം കൺ തുറന്നത് നിറച്ചാർത്തുകൾക്കിടയിലേക്കാണ്. അങ്കോർഖയും ധോത്തിയും ധരിച്ച്, വലുപ്പമുള്ള തലപ്പാവുകൾ ചൂടി,കൈയിൽ നീളൻ ചൂരൽ വടികളേന്തി ഒട്ടകങ്ങളെ ആജ്ഞാനുസൃതം ചലിപ്പിക്കുന്ന വൃദ്ധരും ചെറുപ്പക്കാരും പകിട്ടാർന്ന ഖാഗ്രയും ചോളിയും ധരിച്ച് ഓഡ് നിയാൽ ശിരസ്സു മറച്ച സ്ത്രീകളും, ചെമ്പിച്ച മുടി അലസമായി പാറിക്കിടക്കുന്ന കുട്ടികളും , ഒരു പിടി മണൽ വാരി മുകളിലേക്കെറിഞ്ഞാൽ ഒരു തരി പോലും താഴെയെത്താത്ത വണ്ണം മൈതാനത്ത് നിറഞ്ഞു കഴിഞ്ഞു.

 

               റാമിന്റെ നീളമുള്ള കഴുത്തിൽ പല നിറങ്ങളിലുള്ള മുത്തുകൾ കൊരുത്തെടുത്ത മാലകൾ അയാൾ അണിയിച്ചു. റാം അത് ഇഷ്ടപ്പെടുന്നത് പോലെ തലകുലുക്കി.കാൽ മുട്ടുകൾക്ക് മുകളിലായി ചരടിൽ കെട്ടിയ കിലുങ്ങുന്ന മണികൾ അലങ്കാരങ്ങളായി ശോഭിച്ചു. പാദ ചലനങ്ങൾക്കാപ്പം താളം തുള്ളുന്ന ചിലങ്കകളും കെട്ടിയ റാം" ഖൂബ് സൂരത്താണ്".

 

                ഒരു  മദ്ധ്യവയസ്ക്കനും മകനെന്ന് തോന്നിപ്പിക്കുന്ന  ചെറുപ്പക്കാരനും വന്ന് റാമിനെ കണ്ടു. മറ്റ് ഒട്ടകങ്ങളെ കണ്ടിട്ടും അവർക്ക് റാമിലാണ് താത്പര്യം ജനിച്ചത്.

              

               തൃലോക് പറഞ്ഞു. യേ മേരാ ബേട്ടാ... യേ ഖൂബ് സൂരത്ത് ഹേ, ബുദ്ധിമാൻഹേ ഔർ പ്യാരാ ഭീ ഹേ".അവൻ സുന്ദരനാണ്, ബുദ്ധിമാനാണ്, സ്നേഹധനനാണ്. റാമിനെ വർണ്ണിക്കാൻ തൃലോകിന് ഭാഷാജ്ഞാനം പോരാതെ വന്നു.

 

                അവന്റെ നീണ്ട കഴുത്ത് നോക്കൂ...., ചെറുതും കൂർത്തതുമായ കർണ്ണങ്ങൾ നോക്കൂ, ഉരുണ്ട കണ്ണുകളും, ചെറിയ വാലും നിങ്ങൾ കാണുന്നില്ലേ.... വർണ്ണന നീണ്ടു.

 

   " ഒക്കെ ശരി തന്നെ. വിലയെത്രയെന്ന് പറയൂ".

   "അറുപതിനായിരം".

 

   " അത് കുറച്ചു കൂടുതലല്ലേ"

 

  " അമ്പതിനായിരം വരെ പറഞ്ഞിട്ട് കൊടുത്തില്ല." തൃലോക് ഈ പറഞ്ഞത് ഒരു നുണയായിരുന്നു. ആ അച്ഛനും മകനും പിന്നെ അവിടെ നിന്നില്ല.

 

            പലരും വില ചോദിച്ചു വന്നെങ്കിലും എല്ലാരും വില കൊണ്ടടുക്കാതെ പിന്തിരിയുകയാണുണ്ടായത്.

 

             തൃലോകും സംഘവും അവിടെയെത്തിച്ചേർന്നതിന്റെ രണ്ടാം ദിവസ മാണ് സമ്പന്നൻ എന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്ന ഒരാളും ശിങ്കിടിയും വന്നത്. അയാൾ പകിട്ടാർന്ന വിലയേറിയ വസ്ത്രങ്ങൾ ധരിച്ചിരുന്നു. പട്ടിന്റെ തലപ്പാവ് വച്ചിരുന്നു. അയാൾ അമൂല്യങ്ങളായ രത്നങ്ങൾ പതിച്ച സ്വർണ്ണാ ഭരണങ്ങൾ അണിഞ്ഞിരുന്നു. വൃത്തിയായി താടിരോമങ്ങൾ ക്ഷൗരം ചെയ്ത മുഖത്ത്, മീശ പിരിച്ച് വച്ചിരുന്ന അയാൾ പാൻ മസാല ചവച്ചു കൊണ്ടിരുന്നു.

 

     തൃലോക് നാഥ്, റാം ഒഴികെയുള്ള മറ്റു ഒട്ടകങ്ങളെയാണ് ആദ്യം അയാൾക്ക് പരിചയപ്പെടുത്തിയത്." യേ നഹീ.... മുഛെ വോ വാലാ ചാഹിയെ" അയാളുടെ ചൂണ്ടുവിരൽ റാമിനു നേരെയായിരുന്നു.

 

         " ഉസ്കാ കീമത് ഹേ ഏക് ലാഖ്"

 

അയാൾ കട്ടിയുള്ള പുരികങ്ങൾ ഉയർത്തി, നാവിനാൽ പാൻമസാലയെ കവിളിലേക്കൊതുക്കി മുഖമൊന്നുയർത്തി അമർത്തിമൂളുകയല്ലാതെ മറുപടി പറഞ്ഞില്ല.

 

   അന്നേ ദിവസം കനിഷ്ക് എന്നു പേരായ ഒരു ഒട്ടകത്തെ തൃലോക് മുപ്പതി നായിരം  രൂപയ്ക്ക് വിറ്റഴിച്ചു. ഇരുട്ട് വ്യാപിച്ചു. ആരാവല്ലി മലനിരകൾ പ്രൗഢഗംഭീരമായി ഉയർന്നു നിന്നു.

 

           കൂടാരത്തിനുള്ളിൽ അംബാദേവിയും മകളും മരുമകളും ഭക്ഷണം പാകം ചെയ്യുന്ന തിരക്കിൽ മുഴുകിയിരുന്നു. തൃലോക് നാഥ് കൂടാരത്തിന് പുറത്ത് തന്റെ ചൂടിക്കട്ടിലിൽ ചിന്തകളിൽ മുഴുകിയിരിക്കുന്നത് അംബാ ദേവി തന്റെ പണികൾക്കിടയിലും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഭക്ഷണത്തിന് ശേഷം തൃലോക് നാഥും അംബാദേവിയും കോസടി വിരിച്ച് കിടന്നു വെങ്കിലും അയാൾക്ക് ഉറങ്ങാനായില്ല. അയാൾ അസ്വസ്ഥനായിരുന്നു.

 

             " നിങ്ങൾ എന്താണ് ചിന്തിക്കുന്നത്.'' അംബാദേവിക്ക് അയാളുടെ മനസ്സറിയാമെങ്കിലും തുടർന്നു" ഞാൻ നേരത്തേ ശ്രദ്ധിച്ചിരുന്നു. റൊട്ടിയും നിങ്ങൾക്കേറെ ഇഷ്ടപ്പെട്ട സബ്ജിയും കഴിക്കുമ്പോഴും , നിങ്ങളുടെ മനസ്സിൽ വേറെയെന്തൊക്കെയോ ആയിരുന്നു.

 

               " കുഛ് നഹി"

" നിങ്ങളെന്തിനാ റാമിന് ഒരു ലക്ഷം പറഞ്ഞത്? അതല്ലെ ആ സമ്പന്നൻ പോയത്.?""

 

" അയാളെ കണ്ടാലറിയാം.... അയാൾ സമ്പന്നനാണ്... അയാൾക്ക് റാമിനെ അത്രയേറെ ഇഷ്ടപ്പെട്ടിരിക്കുന്നു. അയാൾ ഇനിയും വരുമെന്നുറപ്പാണ്. അതു കൊണ്ടാണ് ഞാൻ വില കൂട്ടി പറഞ്ഞത്."

 

അംബാദേവി അവിശ്വാസത്തോടെ അയാളെ നോക്കി.

തൃലോക് തുടർന്നു." ഇത്രയും തുക കിട്ടിയാലേ അൽക്കയുടെ ഓപ്പറേഷന്റെ ചെലവുകൾക്ക് ശേഷവും ബാക്കിയാവൂ. അടുത്ത മേള വരെ കഴിച്ചു കൂട്ടണ്ടേ?"

 

    പട്ട് തലപ്പാവു വച്ച വില കൂടിയ വസ്ത്രങ്ങൾ ധരിച്ച ആ സമ്പന്നനെ തൃലോ കിന് അപ്പോഴും കൺമുമ്പിൽ കാണാമായിരുന്നു." അയാൾ ഇനി വരരുത് എന്ന് തൃലോക് മനസാ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.അതിനു വേണ്ടി തന്നെയാണയാൾ വില കൂട്ടി പറഞ്ഞതും.

 

                     ഉറക്കം വരാതെ കിടന്ന തൃലോക് കൂടാരത്തിന് വെളിയിലേക്ക് നടക്കുമ്പോൾ അംബാദേവിയുടെ കൂർക്കം വലി മുഴങ്ങുന്നുണ്ടായിരുന്നു. മറ്റു ഒട്ടകങ്ങൾക്കൊപ്പം റാമും നിന്നുറങ്ങുകയായിരുന്നു. റാമിന്റെ ശരീരത്തിലൂടെ അയാളുടെ പരുപരുത്ത വിരലുകൾ തലോടി. ആ വിരലുകൾ അവന്റെ മുഖത്തേക്ക് നീങ്ങി. അവന്റെ നെറ്റിമേൽ അയാൾ ചുണ്ടുകൾ ചേർത്തു. അശ്രുകണങ്ങൾ ഇറ്റു വീണു റാമിന്റെ മുഖത്തെ നനുത്ത രോമങ്ങൾ തൃലോകിന്റെ കണ്ണുനീരാൽ നനഞ്ഞു. റാം തൃലോകിന്റെ മുഖത്തേക്ക് നോക്കി. അവൻ മുഖം അയാളുടേതിനോടടുപ്പിച്ചു. തൃലോക് ഗദ്ഗദ കണ്ഠനായി.

" റാം ബേട്ടാ.... നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല."

 

 റാം എല്ലാം മനസ്സിലാക്കുന്ന പോലെ തലയാട്ടുകയും അയാളുടെ കവിളിൽ മുഖമുരുമുകയും ചെയ്തു. എത്രയോ നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.

 

                     അയാൾ അംബാദേവിയുടെ ഉറക്കത്തെ കെടുത്താതെ അരികിൽ ചെന്നു കിടന്നു. അവർ അയാൾക്കനഭിമുഖമായി ചരിഞ്ഞു കിടന്ന് കൂർക്കം വലിച്ചു കൊണ്ടിരുന്നു.

 

          മണിക്കൂറുകൾ പിന്നെയും പിന്നിട്ടു. നിറമുള്ള പ്രഭാതത്തിലേക്ക് എല്ലാരും കണ്ണ് തുറന്നു. മൈതാനം വീണ്ടും മുഖരിതമായി. ഒട്ടകത്തെ വിൽക്കാനും വാങ്ങാനും വന്നവരുടെ തിരക്കുകൾ. കല്ലുകൾ കൂട്ടിവച്ചു ണ്ടാക്കിയ അടുപ്പ് കത്തിക്കുന്നതിനായി ഒട്ടകത്തിന്റെ കാഷ്ഠം ശേഖരി ക്കുന്നവർ ഒരു ഭാഗത്ത്, ഒട്ടകത്തിന് തിന്നാനായി ആരിവേപ്പില തലച്ചുമടായി കൊണ്ടുവരുന്നവർ മറുഭാഗത്ത്. അന്നും ആ മൈതാനത്ത് എത്രയോ കച്ചവടങ്ങൾ നടന്നു.

 

                ദിവസങ്ങൾ വീണ്ടും കഴിഞ്ഞു. മേള മൈതാനം ഏകദേശം ഒഴിഞ്ഞു തുടങ്ങി. പറ്റം പറ്റമായി ആളുകൾ ഒഴിഞ്ഞു പോയ് തുടങ്ങി.

 

               തൃലോക് റാമും മകൻ ആഞ്ജനേയും ചൂടിക്കട്ടിലിൽ ഇരുന്നു. അവർ വിൽക്കാൻ കൊണ്ടുവന്ന ഒട്ടകങ്ങളിൽ റാം ഒഴികേ എല്ലാത്തിനേയും  വിറ്റഴിച്ചു.

 

                 " ബാപ്പൂ..... ഇനി നമ്മൾ കാത്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. കച്ചവട മൊക്കെ ഏകദേശം കഴിഞ്ഞിരിക്കുന്നു" ഒഴിഞ്ഞു തുടങ്ങിയ മൈതാനത്തേക്ക് നോക്കി ആഞ്ജനേയ്  പറഞ്ഞു.

 

                  " നാളത്തെ ഒരു ദിവസം കൂടി കാത്തിട്ട് നമുക്ക് തിരിക്കാം." അടുത്ത ഒരു ദിവസം കൂടി കഴിഞ്ഞു കിട്ടിയാൽ റാമിനെ പിരിയേണ്ടി വരില്ലല്ലോ എന്ന് തൃലോക് ഉള്ളാലേ ആശ്വസിച്ചു.

                 " പക്ഷെ, ബാപ്പു.. അൽക്കയുടെ ചികിത്സയുടെ ചെലവ് നമ്മൾ എങ്ങനെ കണ്ടെത്തും"

          " അതിനൊക്കെ നമുക്ക് വേറെ വഴി കാണാതിരിക്കില്ല" യെന്ന് തൃലോക് പറയുമ്പോഴും അയാളുടെ ഉള്ളിൽ അതേ ചോദ്യം അലയടിക്കുന്നുണ്ടാ യിരുന്നു.

 

                       വർഷങ്ങൾക്ക് മുൻപ് പിതാജി പറഞ്ഞ വാക്കുകൾ അയാളുടെ കാതുകളിൽ അപ്പോൾ മുഴങ്ങി " ഒട്ടകങ്ങൾ നമുക്ക് കച്ചവടച്ചരക്കുകളാണ്. അവയെ ഒരിക്കലും ഹൃദയത്തിൽ പിടിച്ചിരുത്തരുത്. ഇന്നല്ലെങ്കിൽ നാളെ നമുക്ക് അവയെ പിരിയേണ്ടിവരും."

 

                 റാമിന്റെ തൊട്ടിയിൽ ചനയും ഗോതമ്പും ചേർത്ത അവന്റെ പ്രിയ ഭക്ഷണം വലം കൈ കൊണ്ട് ഇളക്കി യോജിപ്പിച്ച്, റാമിന്റെ മുന്നിലേക്ക് നീക്കി വച്ച ശേഷം അംബാ ദേവി തൃലോകിന് അരികിലായി വന്നിരുന്നു.

" ഇനിയിപ്പോ ആരു വരാനാ...." ആളൊക്കെ ഒഴിഞ്ഞല്ലോ "എന്നവർ പരിതപിച്ചു." നിങ്ങൾ വില കൂട്ടി പറഞ്ഞതു കൊണ്ടല്ലേ വന്നയാൾ മടങ്ങിയത്?" എന്നവർ പരിഭവിച്ചു.

 

                  ഉറക്കമന്യമായ ഒരു രാത്രി കൂടി പിന്നിട്ടു. മടങ്ങാം എന്നു തന്നെ അവർ തീരുമാനിച്ചു. മകളുടെ ചികിത്സക്കാവശ്യമായ തുക കണ്ടെത്താനായില്ല യെന്ന ആധി മനസ്സിലുള്ളപ്പോഴും റാമിനെ പിരിയേണ്ടി വന്നില്ലല്ലോയെന്നതിൽ അയാൾ സ്വകാര്യമായി ആശ്വസിച്ചു. ആഞ്ജനേയും ശിവറാമും ചേർന്ന് ഒട്ടക വണ്ടികളിൽ പാത്രങ്ങളും, വസ്ത്രങ്ങളടങ്ങുന്ന ചണത്തിന്റെ സഞ്ചികളും, കോസടികളും, എന്നു വേണ്ട അവർ കൊണ്ടുവന്ന എല്ലാ സാധനങ്ങളും ഒതുക്കി വച്ചു. മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന ആ സംഘം നാലു ഒട്ടക വണ്ടികളിലായി യാത്ര തുടങ്ങിക്കഴിഞ്ഞു. മേള മൈതാനത്തിൽ അങ്ങിങ്ങായി കാണുന്ന ചിലരൊഴിച്ചാൽ ഏറെക്കുറെ ശൂന്യമായിരുന്നു. ലക്ഷക്കണക്കിന് ആളുകളും ഒട്ടകങ്ങളും നിറഞ്ഞു നിന്ന മൈതാനത്ത് അവശേഷിപ്പുകൾ മാത്രം.

 

                      തൃലോകിന്റെ പേരമകൻ നയിച്ചിരുന്ന ഒട്ടകവണ്ടിയിൽ പുറം തിരിഞ്ഞിരുന്ന തൃലോകിന്റേയും അംബാദേവിയുടേയും കണ്ണുകളിൽ മരുഭൂമിയുടെ ഏകാന്തത നിഴലിച്ചു. അവർക്ക് മുമ്പേ പോയ വണ്ടികൾ ഏറേ ദൂരം മുന്നിലായി കഴിഞ്ഞിരിക്കുന്നു. വണ്ടി ആടിയും ഉലഞ്ഞു നീങ്ങി ക്കൊണ്ടിരുന്നു. മേള മൈതാനം അങ്ങു ദൂരെ ഒരു മഞ്ഞപ്പരവതാനി വിരിച്ചതു പോലെ കാണപ്പെട്ടു. അതിൽ പൊട്ടു പോലെ ഒരു ചെറിയ രൂപം. ഒന്നല്ല രണ്ട് രൂപങ്ങൾ. തൃലോക് കണ്ണുകൾ ഇറുക്കി, കൈപ്പത്തി കൊണ്ട് കണ്ണിനു മേൽ മറ പിടിച്ച് സൂഷ്മമായി വീക്ഷിച്ചു. ആ രൂപങ്ങൾ വലുതായി വരുന്നു. അവ അടുത്തേക്ക് വരുകയാണ്. അയാളുടെ കണ്ണുകളിൽ പതിഞ്ഞ അവ്യക്ത ബിംബങ്ങൾക്ക് വ്യക്തത കൈവന്ന് തുടങ്ങിയിരുന്നു.ആ രൂപങ്ങൾ പൊടി പറത്തിക്കൊണ്ട്  തങ്ങളുടെ അടുത്തേക്ക് കുതിച്ചു കൊണ്ടിരുന്നു. തൃലോകിന്റെ മനസ്സിൽ അകാരണമായ ഒരു ഭയം ജനിച്ചു.

 

                രണ്ടു കുതിരപ്പുറത്തായി പാഞ്ഞു വന്ന രണ്ടു പേർ തൃലോകിന്റെ ഒട്ടകവണ്ടിയെ തടസ്സപ്പെടുത്തി ക്കൊണ്ട് മുന്നിലായി നിലയുറപ്പിച്ചു.

 

  " നിൽക്കൂ ഭായി" എന്ന് പറഞ്ഞ് കൊണ്ട് രണ്ടു ദിവസം മുമ്പു വന്ന ആ സമ്പന്നൻ കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങി. മുറുക്കി ചുവപ്പിച്ച പല്ലുകൾ വെളിവാകും വിധം അയാൾ ചിരിച്ചു. അയാളുടെ മോതിരങ്ങളിലെ രത്നങ്ങൾ അസ്തമന സൂര്യന്റെ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങി , ചുരുട്ടിവച്ചിരുന്ന നീളൻ മീശ, ഇടംകൈവിരലുകളാൽ അയാൾ ഒന്നു കൂടി ചുരുട്ടി. കീശയിൽ നിന്നും അയാൾ നോട്ടു കെട്ടുകൾ പുറത്തെടുത്തു." യേ... ഏക് ലാഖ് ദസ് ഹജാർ...... ദസ് ഹജാർ തോ ജ്യാദാ ഹേ" എന്ന് അയാൾ ധാരാളിത്തത്തിന്റെ ചിരി ചിരിച്ചു.

 

              ഉയരാൻ മടിച്ചു  നിന്ന തൃലോകിന്റെ വലം കരം പിടിച്ചുയർത്തി അതിൽ അയാൾ നോട്ടുകെട്ടുകൾ വച്ചു കൊടുത്തു. അപ്പോഴേക്കും അവരുടെ മുന്നിലായി നീങ്ങിയിരുന്ന ആഞ്ജനേയിന്റേയും ശിവറാമിന്റെയും വണ്ടികൾ ദൃശൃഗോചരമല്ലാതായിരുന്നു. തൃലോകിനു പിന്നാലെ അംബാ ദേവിയും വണ്ടിയിൽ നിന്നു ഇറങ്ങി നിന്നിരുന്നു. വണ്ടിയെ നിയന്ത്രിച്ചിരുന്ന, ആഞ്ജനേയിന്റെ പുത്രൻ ഋഷഭ്, റാമിന്റെ കഴുത്തിൽ നിന്നും വണ്ടിയിലേക്ക് ബന്ധിച്ചിരുന്ന കയറുകൾ അഴിച്ചു മാറ്റി.റാമിന്റെ  കഴുത്തിലെ കടിഞ്ഞാൺ സ്വന്തം കൈകളാലാക്കിയ ധനികൻ കറ പിടിച്ച പല്ലുകൾ ദൃശ്യമാകും വിധം ചുവക്കെച്ചിരിച്ചു.

 

                റാം ഇല്ലാത്ത ആ വണ്ടിയുടെ അരികിൽ തൃലോകും അംബാദേവിയും നിന്നു. കൃഷ്ണമണിക്കു ചുറ്റും വെളുത്ത വലയങ്ങളുള്ള കണ്ണുകളിൽ മിഴിനീർ കണങ്ങൾ ഒരു മറ തീർത്തു. അയാൾ കണ്ണുകൾ ഇറുകെ പൂട്ടി. അപ്പോഴേക്കും ഋഷഭ് തങ്ങളുടെ സംഘത്തിൽ നിന്നും മറ്റൊരു ഒട്ടകത്തെ കൊണ്ടുവന്ന് വണ്ടിയിൽ പൂട്ടിയിരുന്നു. വണ്ടിയിൽ കയറാൻ മടിച്ചു നിന്ന തൃലോകിനെയും അംബാദേവിയെയും ഋഷഭ് നിർബന്ധിച്ചു കയറ്റി. മരുഭൂമിയിലൂടെ അവരുടെ വണ്ടി യാത്ര തുടർന്നു. തൃലോകിന്റെ കണ്ണുകൾ അപ്പോഴും റാമിലായിരുന്നു.

 

                   റാമിൽ നിന്നും തൃലോക് അകന്നു കൊണ്ടിരുന്നു. ധനികൻ അപ്പോൾ റാമിന്റെ പുറത്ത് കയറിയിരിക്കുകയായിരുന്നു.റാം ധനികന്റെ ആജ്ഞകളെ ചെറുത്തു തോറ്റു. അവർ എതിർദിശയിൽ യാത്ര ആരംഭിച്ചു. അയാളുടെ കുതിര അവരോടൊപ്പം ചെറിയ വേഗത്തിൽ ഓടിക്കൊണ്ടി രുന്നു. തൃലോകിന്റെ കണ്ണുകളിൽ റാം ഒരു ബിന്ദുവായ് മാത്രം മാറി. ഏതാനും നിമിഷങ്ങൾക്കകം ശൂന്യം,... മണലാഴി മാത്രം. ഏകാന്തതയുടെ മണലാഴി.