Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  ബന്ധമോക്ഷം

ബന്ധമോക്ഷം

ആ ഒരു ചോദ്യം കേട്ട് ആദ്യം ഞാൻ പകച്ചു പോയി!

അത് ചോദിച്ചപ്പോൾ അയാളുടെ ബട്ടണുകൾ മുറുകി പൊട്ടിത്തെറിക്കാൻ തുടങ്ങുന്ന വയറു കുലുങ്ങുന്നത് ഞാൻ കണ്ടു . ഇരട്ടത്താടിയ്ക്കിടയിലെവിടെ നിന്നോ കാള അമറുന്നത് പോലെയുള്ള അട്ടഹാസം പ്രവഹിക്കുന്നത് ഞാനറിഞ്ഞു.  

ഒരു കത്തിയെടുത്ത് അയാളുടെ ചീർത്ത പള്ളയിൽ കുത്തിയിറക്കി കൊല്ലണം എന്നുപോലും തോന്നിപ്പോയി.

 എന്റെ ആത്മാഭിമാനത്തിന്റെ പുറത്തിരുന്നാണ് അയാൾ അട്ടഹസിക്കുന്നത് . 

എന്നിലെ ന്യുറോണുകൾ അപമാനം കൊണ്ട് അലറിക്കരഞ്ഞു . ചെറുത് രണ്ടെണ്ണം കട്ടിലിൽ കിടന്ന് ചിരിച്ച് മറിയുന്നു .. 

ഒരു നീണ്ട പുനരാലോചനയ്‌ക്കൊടുവിൽ എനിക്ക് വെളിപാടുണ്ടായി . !

തലയ്ക്കു പിന്നിൽ വട്ടത്തിൽ എൽ ഈ ഡീ ബൾബ് തെളിഞ്ഞു !! 

കുറെ കൊല്ലങ്ങളായി ഇങ്ങനെ ഒരു ഉദ്യമത്തിന് മുതിർന്നിട്ട് . 

ആ നിലയ്ക്ക് , അപമാനവും കുറ്റപ്പെടുത്തലുകളും മറന്ന് , ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ് എന്ന് എനിക്കും തോന്നി. 

 ഫലം എന്താകുമെന്ന് ഉറപ്പുണ്ടെങ്കിലും ...

 വല മൂടി   കിടന്ന പഴയ ഓറഞ്ച് സൂര്യന്റെ പടമുള്ള തുരുമ്പിച്ച ഇൻസ്ട്രുമെന്റ് പെട്ടി തുറന്ന്, പെൻസിലുകളെടുത്ത് ചിന്തേരിട്ടു .

HB ,3B,6B, 8B ,10B ..

ഒരു കുന്ത മുന പോലെ അവയെല്ലാം കൂർത്ത് വരുന്നത് കണ്ട എന്റെ ഓർമ്മകൾ കുറെ നാൾ പിന്നിലേക്ക് സഞ്ചരിച്ചു ...

ജീവിതം ഒരുമാതിരിയൊക്കെ തകർന്ന് തുടങ്ങിയപ്പോഴാണ്  , ആഗ്രഹിച്ച  പണിയെടുക്കാൻ കഴിയാതെ , ഇംഗ്ലീഷ് അക്ഷരമാലയുടെ മൂന്നാമത്തെ അക്ഷരത്തിന്റെ പുള്ളിയും  വള്ളിയും പഠിച്ച്  ,ജനിച്ച  നാട് വിട്ട് , അന്തപുരിയിലേക്കു വന്നത് ..ലോക്കലി തിരോന്തോരം !

കിഴക്കേകോട്ടയിലെ ആസാദ് ഹോട്ടലിലെ ബിരിയാണി തിന്നിട്ട്  , പുറത്തിറങ്ങി   കൈ ഒന്ന് മണപ്പിച്ചു നോക്കി.. ബിരിയാണിയിലെ  കുഴഞ്ഞ നെയ്യിന്റെയും ചിക്കനിലെ  മസാലയുടെയും ഗന്ധം മാത്രം .. അവൾ പോയിട്ടുണ്ടാകുമോ ??

ഈ വിരലുകളിൽ  നിന്നും , എന്റെ ന്യൂറോണുകളിൽ നിന്നും .. 

ഞാൻ വേഗം ഹോസ്റ്റൽ പിടിക്കുന്നു  , ബാഗിൽ  പൊട്ടിക്കിടന്ന ഭൂതകാലത്തിന്റെ ഭൂതകാലം പുറത്തെടുക്കുന്നു..

HB ,3B ,6B ,8B ,10B... 

വരയ്ക്കാൻ ഒരു മോഡലിനെ വേണമല്ലോ . മുഖങ്ങൾക്കു  നേരെ ഒന്നും കുറുകെ മൂന്നും വരകൾ ചേർത്ത് പ്രൊപ്പോഷൻ ശെരിയാക്കി വരയ്ക്കുന്ന വിദ്യ കുറുപ്പ് മാഷാണ് പഠിപ്പിച്ചു തന്നത് . മനുഷ്യശരീരത്തിന് ആകമാനം ഒരു അനുപാതമുണ്ടത്രെ . അങ്ങനെ  അനുപാതം  വരുന്നവരെയാണ് മോഡലാക്കേണ്ടത്. 

അതവളായിരുന്നല്ലോ !..എല്ലാം   നശിപ്പിച്ച മോഡൽ !..എന്നിലൊരു വിറ പടർന്നു തുടങ്ങി .

അവളുടെ മുഖത്തിന്റെ അനുപാതമായിരുന്നു എന്നെ  ആകർഷിച്ചത് . എല്ലാം കൃത്യം , കറുത്ത് അഴകൊത്ത പുരികം , നീണ്ട മൂക്ക് , വിടർന്ന കണ്ണ് .കൃത്യമായ ഘടനയിൽ ചുണ്ട്കൾ , നുണക്കുഴികൾ. ആകെയൊരു സൗന്ദര്യത്തിന്റെ മൂടാപ്പ് ...

വിരലിൽ നിന്നും ബിരിയാണിയുടെ മണം  മാറുന്നതിനും മുൻപ് ഞാൻ പെൻസിലെടുത്ത് ചുര മാന്തി കറുപ്പിച്ചു , അടുത്ത് കിടക്കുന്ന തമിഴൻ കുരുപ്പിനോട് കാണാൻ കൊള്ളാവുന്ന  ഒരു പെണ്ണിന്റെ പടം എടുത്ത് തരാൻ  പറഞ്ഞു .

അവൻ എടുത്തു പൊക്കി കാട്ടിയത് , ഏതോ തമിഴ് വാരികയിൽ വന്ന  സണ്ണി ലിയോണിന്റെ മുഖചിത്രം.. 

'ആ.. ബെസ്ററ് !' ഞാൻ മനസ്സിൽ പറഞ്ഞു. 

‘നിന്നെ തോൽപ്പിക്കാൻ മികച്ചത് ഇവൾ  തന്നെ' - എന്റെ നെഞ്ചിൽ ആത്മരോഷം പുകഞ്ഞു !

പിന്നൊന്നും ആലോചിച്ചില്ല , 

ഞാൻ വരച്ചു തുടങ്ങി , ദീർഘവൃത്താകൃതിയിലുള്ള മുഖം,  അതിനു നേരെയും കുറുകെയും വരകൾ , മുഖത്തേക്ക് വീണുകിടക്കുന്ന മുടിയിഴകൾ , കാമോദ്വിപിതമായ കണ്ണുകൾ , എല്ലാം ഒത്തു വരുന്നുണ്ട് . 

പടം വരച്ചിട്ട് ഞാനാ തമിഴന്  കൊടുത്തു , 

' എന്നണ്ണെ ഇത് ? അക്കാന്ന് ചൊല്ലി  യാരെത്താൻ വരഞ്ചത്? , ഇത് എങ്ക രസികർ മൻഡ്രതൂക്ക് എവളോ പെരിയ അവമാനം!' , അവൻ കെറുവിച്ചു  ബാത്റൂമിലേക്കു പോയി .. 

എന്തിനാണോ എന്തോ ?

ഞാൻ പടത്തിലേക്കു ഒന്ന് പാളി  നോക്കി , ഞെട്ടി !- 

അവിടെ , അവൾ , ചിരിച്ചു കൊണ്ട് .. ദൈവീകാനുപാതത്തിൽ ..

ശവമേ! നീ പോയില്ലേ !

എന്റെ രോഷാഗ്നിയിൽ കയ്യിലെ ബിരിയാണി മണം ആവിയായി പോയി . 

'സീ മിസ്റ്റർ ബാലു , ഇതൊരു തരം ഒബ്സെഷൻ ആണ് , നിങ്ങളെ കളഞ്ഞിട്ടു പോയ നിങ്ങളുടെ മോഡലായിരുന്ന കാമുകിയോടുള്ള ഒരുതരം ഒബ്സെഷൻ ' - വെടിപ്പുള്ള മേശപ്പുറത്ത്  കയ്യൂന്നി, കട്ടിക്കണ്ണാടിക്കിടയിലൂടെ എന്നെ നോക്കി , അജിത്ത്  ശ്യാമലാൽ ത്രിവേദി എന്ന അർദ്ധ ഗോസായി ഡോക്ടർ നല്ല വെണ്ണ തൂവുന്ന മലയാളത്തിൽ പറഞ്ഞു വെച്ചു.

അയാളാണ് പാതകി .. എന്റെ മനസ്സിൽ വേണ്ടാത്ത ആശയങ്ങളുടെ തീവിത്ത് പാകിയ ദുഷ്ടൻ ! 

നിങ്ങൾക്കറിയാം ആളെ .. 

ഓർഹാൻ പാമുക്! 

ഒരു ചിത്രം കണ്ണടച്ച് വരയ്ക്കാവുന്നത്ര ശീലമാകുന്നിടത്തോളം വരയ്ക്കാൻ  പറഞ്ഞ അതേ  പാമുക് ! 

'അവരത്രെ ദൈവത്തിന്റെ ചിത്രം വരക്കാർ  !'

എത്ര തവണയാണ് അത് വീണ്ടും വീണ്ടും വായിച്ചത് ..

എത്ര തവണയാണ് അവളെ വീണ്ടും വീണ്ടും  വരച്ചത് ..

 താളുകളുടെ പരുപരുത്ത പ്രതലത്തിൽ കൂർത്ത ഈയക്കോൽ ഉരസുന്ന ശബ്ദം മാത്രം.ആ ശബ്ദത്തിൽ രതിമൂർച്ഛ നേടിയവനെ പോലെ ഞാൻ വരച്ചു കൊണ്ടേയിരുന്നു ..

അവളുടെ ഓരോ മുടിയിഴകളും എനിക്ക് മനഃപാഠമാകുന്നത് വരെ , അവളുടെ ഓരോ അഴകളവും എന്റെ വിരലുകൾക്ക് ഹൃദ്യസ്ഥമാകുന്നത്  വരെ .

 എത്ര ചിത്രങ്ങൾ ..?? നൂറോ ? അഞ്ഞൂറോ ? ആയിരമോ ? എനിക്ക് കണക്കില്ലായിരുന്നു ..ഭ്രാന്തമായി അവളെ മാത്രം ഞാൻ വരച്ചു കൊണ്ടിരുന്നു .. മൂന്നു വർഷത്തോളം ..

എന്റെ വിരലുകൾ അവളെ മാത്രം വരയ്ക്കാൻ വഴങ്ങി , കണ്ണ് കെട്ടി വിട്ടാലും  കൃത്യമായി കൂടണയുന്ന പ്രാവുകളെ പോലെ  , എന്റെ വിരലുകൾ അവളെ വരച്ചുകൊണ്ടിരുന്നു . 

' നിങ്ങള്ക്ക് മറ്റൊന്നും വരയ്ക്കാൻ കഴിയുന്നില്ലേ .. ?' 

ഞാൻ തലക്കു കൊടുത്തിരുന്ന കയ്യുയർത്തി ത്രിവേദിയെ  രൂക്ഷമായൊന്നു നോക്കി .

 അയാൾ തന്റെ നോട്ട് പാഡിൽ നിന്നും ഒരു താൾ വലിച്ചു കീറി , എനിക്ക് തന്നു . ചുവരിലെ കലണ്ടറിലെ വെള്ളം കുടിക്കുന്ന ഒട്ടകത്തിന്റെ രൂപം വരയ്ക്കാൻ പറഞ്ഞു . 

ഞാൻ വരച്ചു തുടങ്ങി , കാക്കയെ പോലെ തല ഇടത്തേക്കും വലത്തേക്കും ചരിച്ചും ഇടംകണ്ണിട്ടു നോക്കിയും വരച്ചു.

കുറച്ചു സമയത്തിന് ശേഷം പാതി വരച്ച അവളുടെ മുഖം ഞാൻ അയാളുടെ മുന്നിലെ  മേശപ്പുറത്തേക്കു  ഇട്ടു കൊടുത്തു  .

അത്ഭുതത്തോടെ അതിലേക്കു നോക്കിയിട്ട് അയാൾ ചോദിച്ചു 

' ആ ചിത്രം തന്നെയാണോ  ശ്രമിച്ചത് ?' 

അയാളെ ഞാൻ കൊല്ലാതെ വിട്ടു! 

'നമ്മുടെ ശരീര ഭാഗങ്ങളെ കൊണ്ട്  ഓരോന്ന് ചെയ്യിക്കുന്നത് ബ്രെയ്നിൽ നിന്നും ശരീരത്തിലെ പല ഭാഗത്തേക്കും സഞ്ചരിക്കുന്ന ന്യുറോണുകളാണ് . നിങ്ങളുടെ ന്യുറോണുകൾക്കു എന്തെങ്കിലും തകരാറുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയണം ' 

അവൾ എന്റെ ന്യൂറോണുകളിലൂടെ സഞ്ചരിച്ച് , ബുദ്ധിയുടെ നിഗൂഢമായ കോണിൽ നിന്ന് വശ്യമായി പുഞ്ചിരിക്കുന്നു . 

' എറങ്ങിപ്പോടി , നാശമേ ' ഞാൻ പേപ്പർ കീറിയെറിയുന്നതിനിടെ അലറുന്നത് കേട്ട ബാത്റൂമിലിരുന്ത തമിഴ് പയല് അന്തം വിട്ടു . 

'ഇങ്ങള് പടങ്ങളൊക്ക വരക്കാറുണ്ടെന്നു ഇന്റെ ഏട്ടൻ പറഞ്ഞാർന്നു ..ഓര്ക്ക് കുറുപ്പ്  മാഷെയൊക്കെ അറിയാന്ന് ..'

നമ്രമുഖിയായി നിന്ന പെണ്ണ് , തള്ള വിരലിന്റെ  നഖം കൊണ്ട് മേശപ്പുറത്ത് ചുരണ്ടിക്കൊണ്ടു പറഞ്ഞു . എന്റെ പെണ്ണ്  കാണലാണ് ചടങ്ങ് . 

ചെക്കന് തിരുവനന്തപുരത്തു IT പണിയാണ് എന്ന് ബ്രോക്കർ പറഞ്ഞത് കൊണ്ട് മാത്രം നടക്കുന്ന ചടങ്ങാണ് . ടെക്‌നോപാർക്കെന്നു പറഞ്ഞാ ഏതാണ്ട് റിസർവ് ബാങ്ക് പോലുള്ള ഒരു മുട്ടൻ കമ്പനിയാണെന്നും,  IT പണിയെന്നു പറഞ്ഞാ ഒരുമാതിരി  കിണറ്റിൽ നിന്നും കാശ് കോരുന്ന ജോലിയാണെന്നുമാണ്  ഞങ്ങളുടെ നാട്ടിലൊക്കെ  പൊതുവെയുള്ള കരക്കമ്പി . 

' ചേട്ടൻ വേറെന്തൊക്കെ  പറഞ്ഞു ?' ഞാൻ ചോദിച്ചു

' ഇങ്ങള് ആളോൾടെയൊക്കെ  പടം വരക്കുവോ ?'അവൾ മുഖമുയർത്താതെ ചോദിച്ചു 

ഞാനിരുന്ന് വിയർത്തു. എന്റെ തലയിൽ നിന്നും ബിരിയാണിയുടെ  ആവി പറന്നു!  

'ഇന്റെ പടം വരക്കാവോ ?'

ഒരു ചോദ്യം ! ഒരൊറ്റ ചോദ്യം  - ഞാൻ സർവ ശക്തിയും ചോർന്നത് പോലെ കസേരയിൽ ഇരുന്നു. നീണ്ട പുരികക്കൊടി , വിടർന്ന കണ്ണുകൾ , ദിവ്യാനുപാതം .. എന്റെ പാവം പിടിച്ച ന്യുറോണുകൾ .. വഞ്ചകി !

' എന്റെ കൊച്ചെ , ഞാനൊരു പെണ്ണ്മായിട്ട് ഇഷ്ടത്തിലായിരുന്നു . ഇഷ്ടം കൂടീട്ട്  അവളെന്നെ ഇട്ടിട്ടു പോയി . എനിക്കിപ്പോ ആരെ വരച്ചാലും അവൾടെ പടമെന്നെ വരുന്നേ .അത് കൊണ്ട് പടം  വരയ്ക്കാൻ പറയരുത് . എന്തോ  സൈക്കളോജിക്കൽ കൊഴപ്പമാണ് !' - ഞാൻ ആശയറ്റവനെ പോലെ പറഞ്ഞു . 

തക്കാളിയുടെ വില കേട്ടത് പോലെ  അവൾ ഒന്ന് അന്ധാളിച്ചു  നിന്നു . എന്നിട്ടു പതിയെ അവിടെ നിന്നും പോയി . 

(ബ്രോക്കറിന് തല്ലു കിട്ടാത്തത് അയാളുടെ പൂർവികർ ചെയ്ത നന്മ . )

' ചെക്കന്  മുൻപ് പ്രേമമുണ്ടാർന്ന് എന്നത് നമ്മള് ഷമിച്ചേനെ , ഇതിപ്പ പ്രാന്ത് കൂടെ !' കീറിയ ബെനിയന്റെ ഓട്ടയിൽ വിരലിട്ട് പെണ്ണിന്റെ തന്ത വെളിപ്പെട്ടു . 

' ഡെയ് , യെവൻ കൊള്ളാം കേട്ടാ ' എന്റെ വര കണ്ട് പണ്ട് നമ്മുടെ നാട്ടിൽ അഡ്വെർടൈസിങ് കമ്പനി നടത്തിയിരുന്ന പാൽകുളങ്ങര രായണ്ണൻ പറഞ്ഞു ' നമ്മടെ ജൗളിക്കട പരസ്യത്തിന് ഒരു മോഡലിനെ വരയ്ക്കാൻ പറഞ്ഞപ്പ നിമിഷ നേരം കൊണ്ടല്ലേ ലവൻ ഒരു കലക്കൻ പെണ്ണിന്റെ പടം വരച്ചു തീർത്തത് . യെവൻ എന്റെ കൂട നിക്കട്ട് , ചില്ലറ വല്ലോം നമ്മക് കൊടുക്കാം ' 

പടം കണ്ട നാട്ടുകാർ നേരെ ചെന്ന് കാര്യം ബോധിപ്പിച്ചു . ചെക്കന് മെന്റലാണ് ! പെണ്ണിന്റെ കുടുംബക്കാർ വല്ലതും  കണ്ടാൽ പിന്നെ അടി വരുന്ന വഴി കാണില്ല !. 

' ഷെടേയ് .. ഇങ്ങനെ ഒരു സൂക്കേടോ ..' രയണ്ണൻ കിളിർത്തു പൊന്തിയ ചുരുണ്ട താടി തടവി പറഞ്ഞു . 'ചെക്കനെ വല്ല ഡോക്ടറെയും കാണിക്കാൻ  പാടില്ലാരുന്നാ ?' 

ഞാനൊരുമാതിരി മലം പോകാൻ ബുദ്ധിമുട്ടുള്ളുവനെ പോലെ  അയാളെ നോക്കി. 

വീണ്ടും ഗോസായി വൈദ്യൻ ..

' ശ്രമിക്കു .. ഇനിയും ശ്രമിക്കൂ ' അയാൾ പറഞ്ഞു ' നിങ്ങളുടെ ചിന്തകൾ മുഴുവനും നിങ്ങൾ വരയ്ക്കാൻ പോകുന്ന ചിത്രത്തിലേക്ക് കേന്ദ്രീകരിക്കു , മറ്റൊന്നിനെ പറ്റിയും ചിന്തിക്കാൻ അപ്പോൾ നിങ്ങള്ക്ക് കഴിയില്ല എന്നതാണ് സത്യം !' 

ഇത്തവണ, മാസം മാറിയ കലണ്ടറിലിരുന്ന മൂങ്ങ എന്നെ നോക്കി കണ്ണു മുഴപ്പിച്ചു .

ഞാൻ പഴയ ദൂരദർശനിൽ റിലേയ്ക്ക് മുന്നേ വരുന്ന പലനിറമുള്ള ചിത്രത്തിന്റെ നടുവിലെ അമ്പിനെ കണ്ടത് പോലെ ഏകാഗ്രനായി ! മറ്റൊന്നും ശ്രദ്ധിക്കാതെ , ആലോചിക്കാതെ ,  മൂങ്ങയുടെ കണ്ണുകളിലേക്കു തന്നെ ഞാൻ എന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു, വരച്ചു തുടങ്ങി .

 അതങ്ങനെ കറുപ്പഴകിൽ എന്നെ നോക്കി മിനുങ്ങി . വരച്ചു വന്നപ്പോൾ , വിടർന്ന കണ്ണുകളുള്ള മറ്റൊരു മൂങ്ങയുടെ മിഴികൾ ! 

ഞാൻ ദേഷ്യത്തിൽ  പെൻസിലിന്റെ മുന കുത്തിപ്പൊട്ടിച്ചു .

' ഹേ , ദേഷ്യപ്പെടാതിരിക്കൂ , നിങ്ങളുടെ അബോധമനസ്സിൽ നിന്നും ആ പെൺകുട്ടിയുടെ ചിത്രം മായ്ച്ചു കളയുകയാണ് വേണ്ടത് . ഓരോ തവണ നിങ്ങൾ വരയ്ക്കാൻ പെൻസിൽ  എടുക്കുമ്പോഴും അവളാണ് നിങ്ങളുടെ മുന്നിലിക്കുന്നതു എന്നാണ് നിങ്ങളുടെ ബ്രെയിൻ ചിന്തിക്കുന്നത് . അത് അബോധത്തിലൂടെ ഒഴുകി നിങ്ങളുടെ വിരലുകളെ സ്വാധീനിക്കുന്നു, ഒരു റിഫ്ലക്സ്‌ ആക്ഷൻ പോലെ !' 

'  പുറത്തു കടക്കാനുള്ള വഴി പറ ഡോക്ടറെ , നിന്ന് കഥാപ്രസംഗം നടത്താതെ   !' 

 ' ശ്രമിക്കുക! വീണ്ടും വീണ്ടും വീണ്ടും ശ്രമിക്കുക , നമുക്ക് പല മെത്തേഡുകളും പരീക്ഷിച്ചു നോക്കാം..’

ആറ് മാസത്തോളം അതങ്ങനെ തുടർന്നു , എനിക്കവളെ മറക്കാനോ , വേറൊരു പടം വരയ്ക്കാനോ സാധിച്ചില്ല. ഡോക്ടറുടെ ' മെത്തേഡുകളൊക്കെ ' ഒരു വിധം നനഞ്ഞ  പടക്കം പോലെയായി .

' അടുത്ത ആഴ്ച മുതൽ നമുക്ക് ന്യുറോപതിക്കു ട്രീറ്റ്മെന്റ്  ശ്രമിച്ചു നോക്കാം .. നമുക്ക് ശെരിയാക്കാമെന്നേ ..' 

പിന്നെ ഞാൻ അങ്ങോട്ട് പോയില്ല . 

എന്റെ ദുരന്ത കഥ കേട്ട് രായണ്ണൻ പറഞ്ഞു . 

' നീ തിരുവനന്തപുരത്തോട്ടു വാടേ , എല്ലാം മറക്കാൻ പറ്റിയ ബെസ്‌റ് സ്ഥലമല്ല , നീ ബി ടെക് പഠിച്ചവനല്ലേ , പിന്നെന്തരിന് പടം വര എന്നും പറഞ്ഞ് ജീവിതം കളയണത് ?, നല്ല ശമ്പളോം കിട്ടും .' കാശ് നാഥനെ മനസ്സാ വണങ്ങി, പെൻസില് പൂട്ടി വെച്ചു , ഇഷ്ടമില്ലാത്ത പണിയെടുക്കാൻ പത്മനാഭസ്വാമിയുടെ  മണ്ണിലേക്ക് ബസ്സിറങ്ങി  . അണ്ണൻ തന്നെ താമസവും ശെരിയാക്കി തന്നു , കുളത്തൂരിന് അടുത്തോരു ഹോം സ്റ്റേ . ഒരു നാഗര്കോവില്ക്കാരൻ കുരുപ്പിന്റെ കൂടെ . 

വര മറക്കാൻ പാളയം , കിഴക്കേക്കോട്ട , കവടിയാർ , കഴക്കൂട്ടം, ബാൽരാമോരം എന്ന് വേണ്ട സകലമാന സ്ഥലങ്ങളിലും പോയി ബിരിയാണി തിന്നു . വരയും തലവരയും മാറിയില്ല .

 

അപ്പഴാണ് മറ്റവൻ വന്നത് !.. ഏത് !..മറ്റവനേ ... കോവിഡ് !

പിന്നെ വർക് ഫ്രം ഹോം , ഇന്റർനെറ്റ് റീചാർജ് , സ്‌കൈപ്പ് കാൾ , പകലുറക്കം , സാലറി കട്ട് ,സാനിറ്റൈസർ എല്ലാം കൂടെ വന്നു . 

'ഇനി ഈ നശിച്ച നാട്ടിലേക്കില്ലാട്ടോ ' എന്നും പറഞ്ഞ് പണ്ട് ജർമനിയിലേക്ക്  കുടിയേറിപ്പോയ അച്ഛന്റെ സഹോദരിയും ഭർത്താവും  കൂടെയുള്ള രണ്ടു കുരുത്തം കെട്ട പിള്ളേരും, ജീവനും വാരിപ്പിടിച്ച്, സർക്കാരിന്റെ കയ്യും കാലും പിടിച്ച് , ' കേരളം .. കേരളം .. കേളികൊട്ടുയരുന്ന' പാട്ടൊക്കെ  പാടി,

' മേരാ ഭാരത് മഹാൻ !' ഡയലോഗ് ഒക്കെ പറഞ്ഞ്, നാട്ടിലേക്ക് കെട്ടി എടുത്തത് . 

ക്വാറന്റീൻ കഴിഞ്ഞ് വീട്ടിൽ വന്ന് എന്റെ കഥയൊക്കെ അറിഞ്ഞപ്പോ ചിരി നിറുത്താൻ  വയ്യ . രണ്ടു ചെറിയ കുരിപ്പുകളാണേൽ  കട്ടിലിൽ കിടന്നു ചിരിച്ചു മറിയുന്നു 

- കുറച്ചു ഒതളങ്ങാ നീര് പിഴിഞ്ഞ്, നാരങ്ങാ വെള്ളത്തിൽ കലക്കി , നല്ല ഉപ്പിട്ട് കൊടുത്തു കൊല്ലണം രണ്ടിനേം ! ഞാൻ മനസ്സിൽ കരുതി 

' ഡോ താനാ കുട്ടീടെ പടം ഒന്ന് വരച്ചേ . കാണട്ടെ തന്റെ സ്വപ്ന സുന്ദരിയെ ..നമ്മളാരും കണ്ടിട്ടില്ലാലോ !' മാമൻ വയറു കുലുക്കി പറഞ്ഞു . 

(ദിയാളുടെ ചീന ഭരണിയിലേക്കാണ് ഞാൻ ആദ്യം കത്തിയിറക്കണം എന്ന് പറഞ്ഞത് നിങ്ങള്ക്ക് ഇപ്പൊ മനസ്സിലായിട്ടുണ്ടാവും   എന്ന് വിശ്വസിക്കുന്നു !)

ഞാൻ സംശയത്തോടെ നോക്കി , കുറെ കാലമായി കാണും ഏതെങ്കിലും ഒരു പടം വരച്ചിട്ട് ,ഇപ്പൊ പെൻസിലിന്റെ കൂർത്ത മുന കാണുന്നത് തന്നെ എന്റെ ന്യുറോൺ കുഞ്ഞുങ്ങൾക്ക് പേടിയാണെന്ന് വെച്ചോ !.

ഇതിപ്പോ അവളെ തന്നെ വരയ്ക്കാൻ പറയൂമ്പോ ..ആദ്യം ഒന്ന് പകച്ചെങ്കിലും , പിന്നീട് ബോധോദയം വന്നപ്പോ ചിന്തിച്ചു  ,  ഒന്ന് ശ്രമിച്ചു നോക്കാവുന്നതാണ് .

ഇതിൽ കൂടുതൽ എന്ത് വരാനാണ് !

ഞാൻ പെൻസിലൊക്കെ ചെത്തിയൊരുക്കി .. ഡ്രോയിങ് ബുക്കെടുത്തു .. 

എല്ലാവരും എന്റെ ന്യൂറോണുകളിലേക്കു പടർന്നിറങ്ങിയ സർപ്പ സുന്ദരിയുടെ  അഭൗമ സൗന്ദര്യം കാണാൻ ചുറ്റിനും നിരന്നു .. എല്ലാ കണ്ണുകളിലും ആകാംഷ ..

ഞൻ വരച്ചു തുടങ്ങി .. ഒരു വര .. കുറുകെ മൂന്നു വരകൾ ..ദീർഘ വൃത്തം ..ഇനി ...?

ഒന്നുമില്ല ! ശൂന്യം ! ങേ !!

അവളുടെ പുരികം , കണ്ണുകൾ , ചുണ്ടുകൾ .. എല്ലാം .. എല്ലാം മറന്നു . 

ഞാനിരുന്നു വിയർത്തു . 

ഞാൻ ചുറ്റിനും നോക്കി .. അവളെ ഞാൻ മറന്നു .. 

മൂങ്ങയെയും പട്ടിയെയും വരച്ചപ്പോൾ യാന്ത്രികമായി ചലിച്ച വിരലുകൾ അവളുടെ ചിത്രം വരയ്ക്കാൻ മാത്രം മടിച്ചു നിന്നു ..

എന്റെ ബോധമനസ്സേ .. ന്യൂറോണുകളെ ... ഞാൻ ചാടി എഴുന്നേറ്റു . ആർക്കെമിഡിയസിനെ പോലെ ഞാൻ സന്തോഷത്തോടെ അലറിക്കൊണ്ട് പുറത്തേക്കു ഓടി ..

എല്ലാവരും സംശയത്തോടെ പരസ്പരം നോക്കി ..ആർക്കും ഒന്നും മനസ്സിലായില്ല !

എന്റെ ബന്ധമോക്ഷം ! 

പീസ് ഔട്ട് !