Skip to main content
banner
Srishti-2022   >>  Poem - Malayalam   >>  ഓർമ്മയിലെ തേനച്ഛൻ

Kannan Divakaran Nair

Infosys

ഓർമ്മയിലെ തേനച്ഛൻ

 ഇനിയോർമ്മവഴികളിൽ 

കാത്തുനിൽക്കുന്നച്ഛൻ

ഇനിയോർമ്മവഴികളിൽ

കൈപിടിക്കുന്നച്ഛൻ

കരളിലെ വാത്സല്യം

ഓർമ്മതൻ കൈകൊണ്ട്

കരയുമെൻ കരളിലേക്കു-

രുകുന്നൊരുരുളയായ്

സ്നേഹത്തലോടലിൻ തേനും 

വയമ്പുമായ് ചേർത്തച്ഛൻ.

 

മടിശ്ശീല ചോരുന്ന പഞ്ഞമാസം

പണ്ട് പുസ്തകം വാങ്ങാതെ

പടികടന്നെത്തുമ്പോൾ

പിടിവാശി കാണിച്ചൊരെൻ

പിഞ്ചു കൈപിടിച്ചൊരു-

കുഞ്ഞുതേങ്ങലായ്

മഴയിലേക്കൊഴുകിയോൻ.

 

പിറ്റേന്ന് പള്ളിക്കുടം വിട്ടു-

വാടിയ ചെടിയുടെ പൂവുപോൽ 

കവിളിൽ നിരാശയും പൂശിവരുന്നെന്നെ 

കഥകൾ കിളിക്കൂടു കൂട്ടുന്ന

വായനശാലതൻ മുറ്റത്തുനിർത്തിയി-

ട്ടഴകാർന്ന പുസ്തക

വാതിൽ തുറന്നച്ഛൻ.

 

അച്ഛൻ തുറന്നിട്ടതൊരു കോടി സൗഭാഗ്യം

അച്ഛൻ മെനഞ്ഞുതന്നൊരുനൂറു സ്വപ്നങ്ങൾ 

അച്ഛനെക്കാളുയരാൻ വാരിയെടുത്തെന്നെ 

പ്രാരാബ്ധമുന്തിയ ചുമലിലേറ്റിക്കൊണ്ട്

അറ്റമില്ലാത്ത വിശാലമാമകാശ

മുറ്റത്തു നിർത്തിയിട്ടിരുകൈകളും പിടി-

ച്ചാവോളമാശകൾ അല്ലലറിയിക്കാതെ 

നിറവേറ്റിയതിലൂടെയെന്നെ നയിച്ചവൻ

 

ജീവിതസന്ധ്യയിൽ എന്റെ കയ്യും പിടി-

ച്ചെന്നും കഥകൾ പറഞ്ഞ സായാഹ്നങ്ങൾ

ഒറ്റയ്ക്കു നിന്നു ഞാൻ ആകാശഗോപുര

മുറ്റത്തു തിരയുന്നതെൻ

ബാല്യസ്മരണകൾ

മോതിരവിരലിലാപ്പിടിയില്ല പിന്നെയോ

നിറയുന്ന കൺകളിൽ ഒരായിരം താരകം 

 

നീലയും ചോപ്പും വിരിച്ചൊരാ സന്ധ്യയിൽ

അത്യുന്നതങ്ങളിൽ അച്ഛനാം താരകം

നീറുന്ന ദുഃഖങ്ങൾ കൊത്തിവലിക്കുമ്പോൾ

തേനൂറുമാശ്വാസത്തെന്നലായോർമ്മകൾ