Skip to main content

എന്റെ ഓണം

onakkurippu25

Entry No : 025

Sreehari M [Triassic solutions pvt ltd]

 

അരവയർ നിറയാതെ ദിവസങ്ങൾ പോയവർ ഒരു വയർ ചോറുണ്ട ദിനമാണ് ഓണം ..

മേല്കൂരയിലെ ഓലപ്പഴുതിലൂടെ എത്തി നോക്കിയ വെയിൽ കണങ്ങളിൽ താനേ വിരിഞ്ഞ പൂക്കളത്തെ മറക്കാൻ പുതിയ ഓലകൾ വന്ന ദിവസമാണ് ഓണം. പൊട്ടിയതും ചളുങ്ങിയതുമായ അടുക്കള പാത്രങ്ങൾക്ക് പകരം പുതിയത് വന്ന ദിവസമാണ് ഓണം.

ഓണമാണെന്നറിയാതെ ഉമ്മറത്തു കയറി വന്ന ഭിക്ഷക്കാരന് ഉള്ളതിൽ നിന്ന് എടുത്തു കൊടുക്കാൻ പറഞ്ഞ മുത്തശ്ശിയുടെ മനസ്സാണ് ഓണം .

അരിയും ശർക്കരയും വറുത്തു നല്കാൻ ഇല്ലാത്തതിനാൽ വിളക്കത്തു തൂശനിലയിൽ വച്ച ചോറ് പൊതിഞ്ഞു വച്ച് അത് സന്ധ്യക്കു ഉറുമ്പിന് കൊടുക്കുന്നത് കണ്ടാണ് ഓണം സഹജീവികൾക്കും പങ്കു വക്കാൻ ഉള്ളതാണെന്ന് പഠിച്ചത്.

മണ്ണിൽ കുഴിച്ചിട്ട ചക്കക്കുരു പുറത്തെടുത്തു തോരനു തയാറാക്കുന്നത് കണ്ടപ്പോൾ ഞാൻ പഠിച്ചത് സമ്പാദ്യശീലത്തിന്റെ പാഠങ്ങളാണ്.

ഗോതമ്പുപായസം എനിക്കിഷ്ടമല്ല മക്കളേ എന്ന് പറഞ്ഞ അമ്മയുടെ കണ്ണീരോർമകളാണ് ഓണം. കറികൾ വിളമ്പുമ്പോൾ അമ്മക്കു പല കറികളും ഇഷ്ടമല്ല എന്ന് പറഞ്ഞത് മനസ്സിലാവാൻ കാലം ഏറെ കഴിയേണ്ടി വന്നു

ഓണ ഉടുപ്പ് ഇല്ലാത്തതു ആരും അറിയാതിരിക്കാൻ തിരുവോണ ദിവസം മഹാബലി വരുമ്പോൾ നമ്മളെ കണ്ടില്ലെങ്കിൽ വീട്ടിൽ കയറില്ല മക്കളേ എന്ന് പറഞ്ഞിടത്താണ് ഓണം ഒരു ഒഴിവാക്കപ്പെടേണ്ട ദിവസമാണ് എന്ന് തോന്നിത്തുടങ്ങിയത് .

വിളമ്പി വച്ച ചോറ് ചിതറിത്തെറിപ്പിക്കുന്ന ആടിയാടി വരുന്ന കാലുകളെ ഭയന്ന് കത കിന്റ്റെ മറവിൽ ഒളിക്കുന്ന കുരുന്നുകൾക് എന്നും മറക്കാൻ ആഗ്രഹമുള്ളതാണ് ഓണം .

പ്രതികരിക്കാനാവാത്ത അവസ്ഥയിൽ എല്ലാം ഉള്ളിലൊതുക്കി വിറകടുപ്പിൽ നിന്നും ഉയരുന്ന പുകയോടൊപ്പം ഹോമിച്ച ആ അമ്മയുടെ സഹനശക്തിയാണ് ഇന്നും പ്രതിസന്ധികളെ നേരിടാനുള്ള രാസത്വരകം.

അരപ്പട്ടിണിക്കാരന്റെ ഓണത്തിന്‌ എന്നും ദാരിദ്ര്യത്തിന്റെ ഗന്ധമാണ് . ഇന്നു കാണുന്ന വർണങ്ങളുടെ ഓണം അറിയാനും അനുഭവിക്കാനും കഴിയുന്ന എല്ലാവരും ഭാഗ്യവാന്മാരാണ് . മുൻപ് പറഞ്ഞ പല ജീവിത പാഠ ങ്ങളും അതിൽ ഇല്ലെങ്കിൽ കൂടിയും .

എന്നിരുന്നാലും കണ്ണടക്കുമ്പോൾ ആ കൊച്ചു ഗ്രാമവും ചുറ്റുപാടുകളും മനസ്സിൽ നിറഞ്ഞു നിൽക്കാൻ ഞാൻ ഇന്നും തീവ്രമായി ആഗ്രഹിക്കുന്നു . ആ കാഴ്ച അല്പമെങ്കിലും നിങ്ങൾക് പകർന്നു തരാൻ കവിയുടെ വാചകങ്ങൾ കടമെടുക്കട്ടെ

കർകിടക്കൂട്ടങ്ങൾ മേയുന്ന മടവകൾ .. വയൽചിപ്പി ചിത്രം വരക്കും ചതുപ്പുകൾ ...

മാനത്തു കണ്ണികൾ മാര ശരമെയ്യുന്ന മാനസ സരസാം ജലച്ചെപ്പുകൾ ...

ധ്യാനിച്ചു നിൽക്കുന്ന ശ്വേത സന്യാസികൾ .. നാണിച്ചു നിൽക്കും കുളക്കോഴികൾ ...

എല്ലാവർക്കും ഓണാശംസകൾ ..