കേരളത്തെ പിടിച്ചു കുലുക്കിയ നൂറ്റാണ്ടിലെ പ്രളയദുരന്തത്തിൽ ആയിരക്കണക്കിന് ജനങ്ങൾക്കാണ് സർവ്വവും നഷ്ടപ്പെട്ടത്. അവരുടെ കുട്ടികളിൽ മിക്കവർക്കും തങ്ങളുടെ പഠനോപകരണങ്ങൾ പൂർണ്ണമായോ ഭാഗീകമായോ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഈ കുട്ടികളെ സഹായിക്കാൻ, അവരുടെ മുന്നോട്ടുള്ള പഠനത്തിന് ഒരു കൈത്താങ്ങാകുവാൻ കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി *മൈ സ്‌കൂൾ കിറ്റ്* എന്ന പരിപാടി ഇന്ന് തുടങ്ങുന്നു.
വിദ്യാർത്ഥികൾക്ക് അവർക്കാവശ്യമായ സ്‌കൂൾ ബാഗ്, നോട്ട്ബുക്കുകൾ, ജ്യോമട്രി ബോക്സുകൾ, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, കുട തുടങ്ങിയ അവശ്യ സാധനങ്ങൾ ഐ ടി എംപ്ലോയീസിൽ നിന്നും സ്വീകരിച്ചു അവ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ പക്കൽ എത്തിക്കാനുള്ള ശ്രമമാണ് പ്രതിധ്വനി നടത്തുന്നത്. ഇവ ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി രക്ഷകർത്താക്കൾക്കോ അധ്യാപകർക്കോ സുഹൃത്തുക്കൾക്കോ പ്രതിധ്വനിയുടെ *keralaneeds.com* എന്ന വെബ് സൈറ്റിൽ രെജിസ്റ്റർ ചെയ്‌താൽ, ആ സ്‌കൂളിനോ കുട്ടികൾക്കോ പഠനോപകരണങ്ങൾ പ്രതിധ്വനി സൗജന്യമായി എത്തിക്കാൻ ശ്രമിക്കും.
പഠനോപകരണങ്ങൾ ശേഖരിക്കുന്നതിലേക്കായി ടെക്‌നോപാർക്കിലെ എല്ലാ ബിൽഡിങ്ങുകളിലും *ഇന്ന് (3 സെപ്റ്റംബർ 2018, തിങ്കൾ ) മുതൽ 14 സെപ്റ്റംബർ 2018 വെള്ളിയാഴ്ച* വരെ പ്രതിധ്വനി ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാരും ഈ ബോക്സുകളിലേക്ക് പുതിയ പഠനോപകാരണങ്ങൾ നിക്ഷേപിച്ചു, പ്രളയ ജില്ലകളിലെ കുട്ടികൾക്കു പ്രളയത്തിന് മുൻപെന്നതുപോലെ പഠിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിക്കുന്നു.