പ്രതിധ്വനി IT ഹെൽപ് ഡെസ്ക് 5 ദിവസം പിന്നിടുമ്പോൾ അഭിനന്ദനത്തിന്റേയും കൃതഞ്ജതയുടേയും നിരവധി സന്ദേശങ്ങളാണു ഞങ്ങൾക്ക് ലഭിക്കുന്നത്.
ദുരന്ത നിവാരണം ആരംഭിക്കുന്ന സമയം മുതൽ സഹായം ആവശ്യപ്പെട്ട് നിരവധി ഫോർവേഡുകൾ ഗ്രൂപ്പുകളിലും പേഴ്സണൽ മെസ്സേജ് ആയും പ്രവഹിക്കാൻ തുടങ്ങി. ഒന്ന് രണ്ട് നമ്പരിലേയ്ക്ക് വിളിച്ചു നോക്കിയപ്പോൾ ആണു മിക്കവാറും ആളുകളെല്ലാം ഫോർവേഡ് ചെയ്യുന്നതല്ലാതെ പലർക്കും ആവശ്യമായ സഹായം കിട്ടുന്നില്ല എന്ന് മനസിലായത്. ആ സാഹചര്യത്തിലാണു പ്രതിധ്വനിയുടെ നേതൃത്വത്തിൽ ടെക്നോപാർക്കിൽ ഒരു IT ഹെൽപ്ഡെസ്ക് ആരംഭിക്കാൻ തീരുമാനിച്ചത്.
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലോ,
എന്തെങ്കിലും വിതരണം ചെയ്യാൻ ഉണ്ടെങ്കിലോ ബന്ധപ്പെടാനുള്ള വാട്ട്സാപ്പ് നമ്പറുകൾ ഉൾപ്പെട്ട മെസ്സേജുകൾ പാസ്സ് ചെയ്തായിരുന്നു തുടക്കം. അഭൂതപൂർവമായിരുന്നു പ്രതികരണം.
തുടർന്ന് പ്രതിധ്വനി ഹെല്പ്ഡെസ്കിനോടനുബന്ധിച്ച് keralaneeds.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്തു. ഞങ്ങൾ ഒരേ സ്ഥലത്തു ഉള്ള ആവശ്യക്കാരേയും വിതരണക്കാരെയും തമ്മിൽ ബന്ധിപ്പിക്കുവാൻ ആണു ശ്രമിച്ചത്.
നൂറോളം ഐ ടി ജീവനക്കാരാണ് അവരുടെ ഓഫീസ് ജോലി മാറ്റി വച്ച് രാപകലില്ലാതെ കഴിഞ്ഞ 5 ദിവസങ്ങളായ് വർക്ക് ചെയ്യുന്നത്. സൈറ്റിലൂടെയും മെസ്സേജുകളിലൂടെയും കിട്ടുന്ന ആവശ്യക്കാരോട് ഫോണിൽ ബന്ധപ്പെട്ട് നമ്മുടെ ഡാറ്റാബേസിൽ ഉള്ള ഉറപ്പ് വരുത്തിയ വിതരണക്കാരുമായ് ബന്ധപ്പെടുത്തി.
ഇത് വരെ മുന്നൂറോളം സത്യാവസ്ഥ ഉറപ്പാക്കിയ സഹായ അഭ്യർത്ഥനകളെ പരസ്പരം ബന്ധിപ്പിക്കാൻ സാധിച്ചു എന്നതിൽ ഞങ്ങൾക്ക് അഭിമാനവും സംതൃപ്തയുമുണ്ട്.
ഞങ്ങൾക്ക് ലഭിച്ച ചില മറുപടി സന്ദേശങ്ങൾ ചുവടെ ചേർക്കുന്നു. പ്രതിധ്വനി ഐ ടി ഹെൽപ് ഡെസ്ക്കിനു ലഭിച്ച ഈ സന്ദേശങ്ങൾ ഐ ടി കമ്യൂണിറ്റിക്കു ലഭിച്ച അഭിനന്ദനങ്ങൾ ആണ്, ഒപ്പം ദുരിതത്തിൽ ഒപ്പം നിൽക്കാനായതിന്റെ അഭിമാനവും.