Skip to main content

മികച്ച ചിത്രത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് നേടിയ ഒഴിവു ദിവസത്തെ കളി പ്രദർശനത്തിനെത്തുന്നു.

ozhivu-divasathe-kali-

 

ഏതാനും മാസങ്ങൾക്കു മുൻപുള്ള ഒരു കേരള കൌമുദി വാരാന്ത്യ പതിപ്പിൽ, വിഖ്യാത ചലച്ചിത്രകാരൻ ശ്രീ. അടൂർ ഗോപാലകൃഷ്ണന്റെ അഭിമുഖം വായിച്ചതോർമ്മ വരുന്നു. സമകാലികനായ ചലച്ചിത്രകാരൻ അരവിന്ദനുമായുള്ള തന്റെ ബന്ധത്തെ പ്രധാനമായും പ്രതിപാദിക്കുന്നതിനാൽ ശ്രദ്ധേയമായ ആ അഭിമുഖത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ശ്രീ അടൂർ പുതു തലമുറയിലെ ചലച്ചിത്ര സംരംഭങ്ങളെ വിലയിരുത്തിയത് ഏതാണ്ട് ഇപ്രകാരമായിരിന്നു. "സുദേവൻ, സനൽ കുമാർ ശശിധരൻ എന്നീ സംവിധായകരെയും അവരുടെ ചലച്ചിത്ര സങ്കല്പങ്ങളെയും എനിക്ക് ബഹുമാനമാണ്. പ്രായത്തിലോ ചലച്ചിത്ര രംഗത്തെ പ്രവർത്തി പരിചയത്തിനോ ഉപരിയായി അവരെ മാതൃകകളായി സ്വീകരിക്കാൻ എനിക്ക് തോന്നുന്നുണ്ട്." ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ചലച്ചിത്ര പ്രതിഭയിൽ നിന്നും ഇത്തരമൊരു അപൂർവ്വമായ അംഗീകാരം ഏറ്റു വാങ്ങിയ സനൽ കുമാർ ശശിധരൻ തന്റെ രണ്ടാമത്തെ ചിത്രവുമായി പ്രേക്ഷകരെ സമീപിക്കുകയാണു. തന്റെ ആദ്യ ചലച്ചിത്രമായ ഒരാൾ പൊക്കത്തെ പോലെ തന്നെ, പുതിയ ചിത്രമായ "ഒഴിവു ദിവസത്തെ കളി" യും മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയിരിന്നു.  

 

 

 

       കഴിഞ്ഞ തലമുറയിലെ ബാല്യം ആഘോഷിച്ചു തീർത്തൊരു വിനോദമുണ്ടായിരിന്നു. പുറം ചട്ട മങ്ങിത്തുടങ്ങിയ നോട്ടു ബുക്കിന്റെ നടുവിലത്തെ താള് പറിച്ചെടുത്ത് അതിൽ രാജാവ്, മന്ത്രി, ന്യായാധിപൻ, പൊലീസ്, കള്ളൻ എന്നിങ്ങനെ എഴുതി അവയോരോന്നിനെയും ഓരോ ചെറു ചുരുളുകളാക്കി മടക്കി അഞ്ച് കൂട്ടുകാര് ചേർന്ന് നറുക്കെടുക്കുന്നു.  പൊലീസിന്റെ കുറിപ്പ് കൈപ്പറ്റിയവൻ ബാക്കിയുള്ള കളിക്കാരിൽ നിന്നും കള്ളനെ കണ്ടു പിടിച്ചെടുക്കാനുള്ള ജോലിയിൽ ഏർപ്പെടുന്നു. ഈ കള്ളനും പൊലീസും കളിയുടെ പുനരാഖ്യാനവുമായി പഴയ കൂട്ടുകാർ ഒത്തു ചേരുകയാണ് ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള ഹൃസ്വവും ദീപ്തവുമായ ചെറുകഥയിൽ. ഈ ചെറു കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് സനൽ കുമാർ ശശിധരന്റെ ഒഴിവു ദിവസത്തെ കളി എന്ന ചലച്ചിത്രം.

 

 

      ശരീരം കൊണ്ടും മനസ്സ് കൊണ്ടും മുതിർന്നു എന്ന ബോധമുൾക്കൊണ്ടതിനു ശേഷം ഒരു നാൾ, ഒരു തെരഞ്ഞെടുപ്പ് ദിനത്തിന്റെ ആലസ്യതയിൽ, അഞ്ച് കൂട്ടുകാർ ഒരു കാടിന്റെ വിജനതയിൽ മുൻകൂട്ടി തീരുമാനിച്ചതിൻ പ്രകാരം ഒത്തു കൂടുന്നു.  കപ്പയും മീനും മദ്യവും  ഭക്ഷണം വെച്ചു വിളമ്പാൻ ഒരു സ്ത്രീയും ഒക്കെ ആയി ഒരു ആഘോഷത്ത്തിമിർപ്പ്, ഒപ്പം വിരസത അകറ്റാൻ പഴയ കള്ളനും പൊലീസും കളിയുടെ വേഷപ്പകർച്ചയും. മദ്യത്തിന്റെ ലഹരിയിൽ അവരിൽ പലരുടെയും  പുരോഗമനത്തിന്റെ  മുഖം മൂടികളിൽ ഒളിച്ചു വെച്ചിരുന്ന യഥാർത്ഥ മുഖം വെളിയിൽ ചാടുന്നു. അങ്ങനെ ഒരു തിരഞ്ഞെടുപ്പു ദിനത്തിൽ വനത്തിന്റെ ഇരുളിമയിൽ അതിലേറെ ഇരുണ്ട മനസ്സുകൾക്കിടയിൽ സംഭവിക്കുന്ന ആകസ്കികവും അപ്രതീക്ഷിതവുമായ സംഭവങ്ങളിലൂടെ ചലിക്കുകയാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ. പരിഷ്കാരത്തിന്റെയും പുരോഗമനത്തിന്റെയും ഒറ്റയവകാശികളെന്ന് സ്വയം നടിക്കുന്ന മലയാളി സമൂഹത്തിന്റെ പൊള്ളത്തരങ്ങളിലേക്ക്, കപട സദാചാര ബോധത്തിലേക്ക്, പൊയ്മുഖങ്ങൾക്ക് പുറകിലൊളിപ്പിച്ചു വെച്ച ദളിതവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ യഥാർത്ഥ മുഖത്തിലേക്ക്  ഒക്കെ തുറന്നു വെച്ച കണ്ണാടി ആയി മാറുകയാണ് ഈ ചലച്ചിത്ര കാവ്യം.

 

 

 

          സഹസ്രാബ്ദങ്ങളായി ഭാരതത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ജാതി എന്ന ഏറ്റവും വലിയ പ്രതി വിപ്ലവ ശക്തിയെയും നവൊത്ഥാനത്തിന്റെ കാറ്റേറ്റിട്ടും ഈ വര്ത്തമാനകാലത്തും യാതൊരു കോട്ടവും തട്ടാതെ ഇന്നും നമ്മുടെ സമൂഹത്തെ പുറകോട്ട് വലിച്ചു കൊണ്ടിരിക്കുന്ന അതിന്റെ നിഷ്ടൂര സ്വാധീനത്തെയും തുറന്നു പറയാൻ ധൈര്യം കാണിച്ചു എന്നതാണ് ഈ ചലച്ചിത്രത്തിന്റെ വലിയ മേന്മകളിലൊന്ന്. പരിഷ്കാരത്തിന്റെയും പുരോഗമനത്തിന്റെയും ബുദ്ധിജീവി ജാഡകൾക്കിടയിലും മലയാളി സമൂഹം കാൻസർ പോലെ മനസ്സിൽ കൊണ്ടു നടക്കുന്ന പുരുഷ മേധാവിത്വത്തിന്റെയും കൊടിയ ജാതീയതയുടെയും സഹ ജീവി സ്നേഹമില്ലായ്മയുടെയും അംശങ്ങളെ പൊളിച്ചു കാട്ടുവാൻ കഴിഞ്ഞു എന്നതിലാണ് ഒരു സാമൂഹ്യ കലാരൂപം എന്ന നിലയിൽ ഒഴിവു ദിവസത്തെ കളി ശ്രദ്ധേയമാകുന്നത്.

 

 

        പുതുമുഖങ്ങളായ അരുൺ കുമാർ, അഭിജ, ഗിരീഷ് നായർ, നിസ്താർ അഹമ്മദ്, ബൈജു നെറ്റോ, പ്രദീപ് കുമാർ , റെജു പിള്ള എന്നിവരാണ് അഭിനേതാക്കൾ. താര പരിവേഷമില്ലാത്ത ചിത്രത്തെ വിതരണം ചെയ്യാൻ മുന്നോട്ട് വന്നത് പ്രമുഖ സംവിധായകൻ ശ്രീ ആഷിക് അബു ആണ്. ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും നേടിയ ഈ ചിത്രം ജൂൺ 17 ന് പ്രദർശനത്തിനു തിയറ്ററുകളിലെത്തുകയാണ്.തിരുവനന്തപുരത്ത് ശ്രീ തിയറ്ററിലും കഴക്കൂട്ടം ക്രിഷ്ണ തിയറ്ററിലും ആയിരിക്കും പ്രദർശനം എന്ന് പ്രതീക്ഷിക്കുന്നു. 

ടെക്നോപാർക്കിനുള്ളിൽ ടിക്കറ്റുകൾ ആവശ്യമുള്ളവർ താഴെ ചേർക്കുന്ന പ്രതിധ്വനിയുടെ  പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്. [2016 ജൂൺ 13 മുതൽ ടിക്കറ്റുകൾ ലഭ്യമായിരിക്കും.]

 

1. മാഗി : 9846500087 

 

2. വിനു : 9895185212 

 

3. ബിമൽ രാജ് : 8129455958 

 

ഒഴിവു ദിവസത്തെ കളിയെക്കുറിച്ച് ആഷിക് അബുവിന്റെ അഭിമുഖവും ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറിന്റെ യുറ്റ്യുബ് ലിങ്കും ചുവടെ ചേർക്കുന്നു, 

 

http://www.azhimukham.com/news/12463/aashiq-abu-ozhividivasathe-kali-cinema-interview-rakesh-azhimukham/share

 

 

https://www.youtube.com/watch?v=t0mVUWuJb6s