Skip to main content

ലോകമുലയൂട്ടൽ വാരം - ജീവനക്കാരായ അമ്മമാരും മുലപ്പാൽ ശേഖരണവും മുലപ്പാൽ ബാങ്കും

Breast feeding

കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ പ്രതിധ്വനി വനിതാഫോറത്തിനു വളരെ വ്യത്യസ്തമായ ഒരു മെസ്സേജ് കിട്ടി. ബാങ്ലൂരിൽ നിന്ന് ജോലി മാറ്റമായ് തിരുവനന്തപുരം ടെക്നോപാർക്കിലേയ്ക്ക് വരുന്ന ഫീഡിങ്ങ് മദറായ ഒരു പെൺകുട്ടി, പ്രവർത്തി ദിനങ്ങളിൽ, ആവശ്യക്കാരായ കുട്ടികൾക്ക് തന്റെ മുലപ്പാൽ നൽകാൻ തയ്യാറാണു എന്ന്. അവരുടെ കുഞ്ഞ് ആലപ്പുഴയിൽ, വാരാന്ത്യങ്ങളിൽ മാത്രമേ കുഞ്ഞിനടുത്ത് എത്താനാകുമായിരുന്നുള്ളൂ.

പ്രവർത്തി ദിനങ്ങളിൽ അങ്ങനെ ചെയ്യുമ്പോൾ തന്റെ കുഞ്ഞിന്റെ മുലയൂട്ടൽ നിർത്തേണ്ടിയും വരില്ല, മുലപ്പാൽ ഇല്ലാതെ വിഷമിക്കുന്ന ഏതെങ്കിലും അമ്മയ്ക്കും കുഞ്ഞിനും അത് സഹായകമാകും, എന്നതുമാണു അങ്ങനെ ഒരു ചിന്തയ്ക്ക് കാരണം എന്ന് അവർ പറഞ്ഞു.

അവരിക്കാര്യം വനിതാ ഗ്രൂപ്പ്കളിൽ പറഞ്ഞു എങ്കിലും സ്വീകർത്താക്കൾ ആരും തന്നെ മുന്നോട്ട് വന്നില്ല. ആദ്യ ദിനങ്ങളിൽ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് അവർ പാൽ ശേഖരിക്കയുണ്ടായി എങ്കിലും, സ്വീകർത്താക്കൾ ഇല്ലാത്തതും, കൃത്യമായ ശീതികരണ സംവിധാനങ്ങളുടെ അപര്യാപതതയും മൂലം അവർക്ക് അത് തുടരാൻ കഴിഞ്ഞില്ല. മുലയൂട്ടലും നിർത്തേണ്ടി വന്നു.

വളരെ മഹനീയമായ ഒരാശയമാണു അവർ മുന്നോട്ട് വച്ചത്. ആ വിശാല ചിന്തയ്ക്ക് കൂപ്പ്കൈകൾ. കൂട്ടുകുടുംബ കാലത്ത് കുടുംബത്തിലെ, അമ്മമ്മാരായ മറ്റ് സ്ത്രീകളുടെയും ഒക്കെ പാലുകുടിച്ച് വളർന്ന കഥകൾ കേട്ടിട്ടുണ്ടെങ്കിലും ന്യൂക്ലിയർ കുടുംബ കാലഘട്ടത്തിൽ അതെത്രെ പ്രായോഗികമാണു/ acceptable എന്നത് വ്യക്തതയില്ലാത്ത വിഷയമാണു. എങ്കിലും ആരോഗ്യ കാരണങ്ങളാലോ, മുലപ്പാൽ ഇല്ലാഞ്ഞിട്ടോ ഒക്കെ വളരെ പെട്ടന്ന് മുലയൂട്ടൽ നിർത്തിയ അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായ സാഹചര്യങ്ങളിൽ ശേഖരിക്കപ്പെട്ട മുലപ്പാൽ ലഭ്യമാക്കാൻ കഴിഞ്ഞാൽ അത് നല്ലതാണ്.

ഇന്ത്യയിൽ മുംബെ, ചെന്നെ ഉൾപ്പെടെ ലോകത്തെ പല നഗരങ്ങളിലും ബ്രെസ്റ്റ് മിൽക്ക് ബാങ്കുകൾ നിലവിലുണ്ട്. ആരോഗ്യമുള്ള മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ ദാദാക്കളാകാം. കേരളത്തിലും ഇത് നടപ്പിലാക്കുന്നതിനുള്ള പ്രാരംഭനീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്. ബ്രെസ്റ്റ് പമ്പുകൾ ഉപയോഗിച്ച് പ്രത്യേക കണ്ടയിനറുകളിൽ ശേഖരിക്കുന്ന മുലപ്പാൽ നന്നായി ശീതികരിച്ച് സൂക്ഷിക്കുകയാണു ഈ സംവിധാനത്തിൽ.

ശേഖരിച്ച മുലപ്പാൽ സാധാരണ ഗതിയിൽ 6 മണിക്കൂർ വരെ സൂക്ഷിക്കാം(അന്തരീക്ഷ താപനില 25°c). ഫ്രിഡ്ജിലാണെങ്കിൽ 5 ദിവസം വരെ സൂക്ഷിക്കാം (താപനില 4°c ), ഫ്രിഡ്ജിന്റെ ഫ്രീസറിൽ 2 ആഴ്ച്ച വരെ സൂക്ഷിക്കാം(-15°c). പ്രത്യേകതരം ഫ്രീസറിൽ 6 മാസം മുതൽ 12 മാസം വരെയും സൂക്ഷിക്കാം.

ജോലിക്കാരായ മുലയൂട്ടുന്ന അമ്മമാർക്ക് വലിയൊരു സൗകര്യമാണു ബ്രെസ്റ്റ് പമ്പുകൾ. ജോലിക്കിടയിൽ ഓഫീസിൽ നിന്ന് തന്നെ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് ശേഖരിക്കുന്ന പാൽ, ഫ്രിഡ്ജിൽ സൂക്ഷിച്ചു പിന്നീട് സ്വന്തം കുഞ്ഞിനു തന്നെ നൽകാനാകും. എങ്കിലും കേരളത്തിലെ ജോലി ചെയ്യുന്ന സ്ത്രീകൾടെ ഇടയിൽ ഇനിയും ഇത് വ്യാപകമായിട്ടില്ല. പാൽ സൂക്ഷീക്കുന്നതിനുള്ള ശീതികരണ സംവിധാനം ഒന്നും എല്ലൊ ഓഫീസിലും ലഭ്യമല്ലാത്തതിനാൽ ആണിത്. WHO യുടെ ഈ വർഷത്തെ മുലയൂട്ടൽ വാര സ്ലോഗനുകളിൽ ഒന്ന് "പേരന്റ്സ് ഫ്രെണ്ട്ലി വർക്ക്പ്ലേസ്" എന്നാണ്. അതിന്റെ ഭാഗമായി ലാക്റ്റേഷൻ പോഡുകൾ നമ്മുടെ ഓഫീസുകളിലും സ്ഥാപിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.

തിരുവനന്തപുരം ടെക്നോപാർക്ക് ൽ, ഫേസ് 1, തേജസ്വിനി ബിൽഡിംഗ് ഇൽ സ്റ്റാർട്ടപ്പ് മിഷനും I love 9 months എന്ന കമ്പനിയും സംയുക്തമായി ലാക്റ്റേഷൻ‌ പോഡ് സ്ഥാപിച്ചിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാരായ ടെക്നോപാർക്ക് ജീവനക്കാരികൾക്ക് അവിടെയെത്തി മുലപ്പാൽ ശേഖരിച്ച് സൂക്ഷിക്കാവുന്നതാണു.

ഓരോ അമ്മയ്ക്കും കഴിയുന്നത്ര കാലം കുട്ടികളെ മുലയൂട്ടാൻ കഴിയട്ടെ. സമൂഹവും, തൊഴിലിടവും, സുഹ്രുത്തുക്കളും, സഹപ്രവർത്തകരും, വീടും അതിനവർക്ക് സാധ്യമാകുന്ന വിധത്തിൽ സഹായിക്കേണ്ടതുണ്ട്. മുലപ്പാൽ ഓരോ കുഞ്ഞിന്റെയും അവകാശമാണു അത് സാധ്യമാകാൻ ഉതകുന്ന ഏത് കുഞ്ഞ് പ്രവർത്തിയും നാമോരുത്തർക്കും അഭിമാനകരമാകട്ടെ.

Augue letalis nobis nulla tum voco.