Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  ഒരു മിനിക്കഥ

Praveen Parameswaran

Cognizant

ഒരു മിനിക്കഥ

ദിനേശൻ ഓഫീസിലേക്കിറങ്ങാൻ ഉമ്മറത്തെത്തിയ നേരം മിനിയും അടുക്കളയിൽ നിന്നോടി  ഉമ്മറത്തേക്കു വന്നു. ദിനേശൻറെ അച്ഛൻ ഉമ്മറത്ത് പതിവ് പോലെ തൻറെ ഇഷ്ട ഇംഗ്ലീഷ് പത്രം വായിച്ചിരിപ്പുണ്ട്. അമ്മയെ ഒന്ന് പരതിയ അവൾ അകത്തു മുറിയിൽ കട്ടിലിൽ ഏതോ വാരികയും പിടിച്ചു കിടക്കുന്നത് കണ്ടു.

 

"അമ്മേ ഞാൻ ഇറങ്ങാണ്..." ദിനേശൻ നീട്ടി വിളിച്ചു.

 

ഒരു മിനിട്ട് നിൽക്കൂ എന്ന് ദിനേശേട്ടനോട് ആംഗ്യം കാണിച്ച്‌ മിനി പതിഞ്ഞ സ്വരത്തിൽ അച്ഛനെ വിളിച്ചു

"അച്ഛാ... ഞാനൊന്ന് വീടുവരെ പോയി രണ്ടീസം നിന്നിട്ട് വന്നാലോന്നാ..."

 

മ്... എന്താപ്പൊ വിശേഷിച്ച്‌..?

 

അതുശരി; എൻറെ സ്വന്തം വീട്ടിൽ പോയി രണ്ടു ദിവസം നിൽക്കാൻ എനിക്ക് പ്രത്യേകിച്ച് വിശേഷം വല്ലതും വേണോ അച്ഛാ..?

 

എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്നറിയാതെ ദിനേശൻ അന്തംവിട്ട് നിന്നു.

അച്ഛൻ കണ്ണടക്കും പുരികത്തിനുമിടയിലൂടെ അവളെ രൂക്ഷമായി നോക്കി.

 

നോക്കി പേടിപ്പിക്കണ്ട... ഇവിടെ എന്ത് വിശേഷമുണ്ടായിട്ടാണ് എൻറെ അനിയത്തിയുടെ കല്യാണത്തിന് രണ്ടീസം മാത്രം എൻറെ വീട്ടിൽ വന്നു നിന്ന ദിനേശേട്ടൻ കല്യാണപ്പിറ്റേന്ന് കാലത്തു തന്നെ ഇങ്ങോട്ട് പോന്നത്..!? ഇത്ര പെട്ടെന്ന് പോണോ എന്ന് അമ്മ ചോദിച്ചപ്പോ ഏട്ടൻ പറഞ്ഞത് ഇവിടെ അമ്മയും അച്ഛനും തനിച്ചാണെന്നാന്ന്..! അനിയത്തീടെ കല്യാണ ശേഷം ഇത്രയും കാലം എൻറെ അമ്മ വീട്ടിൽ തനിച്ചാണ്... അത് പറഞ്ഞാ ദിനേശേട്ടന് ഉത്തരമില്ല... സിനിമ സ്റ്റൈലിൽ പറയും നീ ഇപ്പൊ പോണ്ടാ എന്ന്...

 

ഇവിടെ നിങ്ങളെന്നെ ദ്രോഹിക്കുന്നു എന്നൊന്നുമല്ല ഞാൻ പറഞ്ഞു വരുന്നത്... ചിലപ്പോ ചില സമയത്തു അമ്മയെയും അച്ഛനെയും ഞാൻ വല്ലാതെ മിസ് ചെയ്യും... അപ്പൊ അച്ഛനില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന അമ്മയെ ചെന്നൊന്ന് കെട്ടിപ്പിടിക്കാൻ തോന്നും. ഉടനെ ഒന്ന് ഫോൺ വിളിക്കും. അത് കണ്ടു വരുന്ന ദിനേശേട്ടൻ പറയും ഞാനിപ്പൊഴും ഇള്ളക്കുട്ടിയാണെന്ന്!! എൻറെ അമ്മക്ക് നിങ്ങളെ ആരെയും വിശ്വാസമില്ല. മകളെ ദ്രോഹിക്കുണ്ടോന്ന് ഇടക്കിടക്ക് വിളിച്ചു ചോദിക്ക്യാണ് എന്നൊക്കെ...

 

എടി നിർത്തടീ... നീ ആരോടാണ് സംസാരിക്കുന്നതെന്ന് ഓർമ്മ വേണം...

ദിനേശനിലെ പൗരുഷം സടകുടഞ്ഞു.

 

എന്താടാ അവിടെ ഒരു ബഹളം..? മാസികയും പിടിച്ചു അമ്മ പതിയെ ഉമ്മറത്തേക്ക് വന്നു. അച്ഛൻ ഒരക്ഷരം മിണ്ടാതെ അനങ്ങാതെയിരുന്നു. ഇത്തവണ ദൃഷ്ടി പത്രത്തിലായിരുന്നു.

 

ഒന്നൂല്യമ്മേ ഞാൻ രണ്ടീസം എൻറെ വീട്ടിൽ പോയി നിന്നോട്ടെ എന്ന് ചോദിച്ചതാ..?

ഏഹ്..? എന്താപ്പൊ അവിടെ വിശേഷം..? ഒന്നുമറിയാതെ അമ്മയും അതേ ചോദ്യമാവർത്തിച്ചു.

 

അതോ... എൻറെ തള്ള ചത്തു. അതെന്നെ... എന്തേ ഇക്ക് രണ്ടീസം അവിടെ പോയി നിന്നൂടെ..!!?

അങ്ങന്യാച്ച രണ്ടീസല്ല പത്തു പതിനാലു ദിവസം നിക്കാലോ ലെ.!!? ന്നിട്ടെന്തിനാ...??

സകല നിയന്ത്രണവും നഷ്ട്ടപ്പെട്ട് മിനി പൊട്ടിത്തെറിച്ചു.

 

മിനി... എടി മിനിയേ... നീയല്ലേ അച്ഛനോട് എന്തോ ചോദിക്കണം എന്ന് പറഞ്ഞത്...? ഇപ്പൊ ചോദിച്ചോ...

ഗാഢനിദ്രയിൽ നിന്നാരോ തട്ടി എഴുന്നേൽപ്പിച്ചാലെന്നപോലെ മിനി ഒരു നിമിഷത്തേക്ക് സ്ഥലകാല ബോധമില്ലാതെ സ്തബ്ധയായി.

 

എന്താ മോളെ..? അച്ഛൻ പത്രവായന നിർത്തി അവളെ നോക്കി.

 

അല്ലാച്ചാ അതുപിന്നെ അമ്മക്ക് നല്ല സുഖമില്ല.. രണ്ടീസായത്രേ തുടങ്ങീട്ട്... ഞാൻ പോയി ഒന്ന് ഡോക്ടറെ കാണിക്കാൻ കൊണ്ടോയാലോന്നാ...

 

അതിനെന്താ പോയിട്ടുവാ...

 

അല്ല രണ്ടീസം അമ്മക്കൊരു കൂട്ടായി അവിടെ നിന്നാല്ലോന്നുണ്ട്...

 

അതിനു മറുപടിയൊന്നും പറയാതെ അച്ഛൻ പത്രത്തിലേക്ക് മുഖം തിരിച്ചു.

 

മോളേ... ഒന്നിങ്ങട് വന്നേ... ആ ഫാനൊന്ന് ഇട്ടിട്ട് പോ... രാവിലെത്തന്നെ നല്ല ചൂട്...

വായനക്ക് ഭംഗം വരുത്താതെ അമ്മ മുറിയിൽ നിന്ന് വിളിച്ചു പറഞ്ഞു.

 

മിനി ദിനേശേട്ടനെ ഒന്ന് നോക്കി അകത്തേക്ക് പോയി. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ ദിനേശൻ ബാഗുമെടുത്തു ഓഫീസിലേക്ക് പുറപ്പെട്ടു.

 

(അല്പസമയത്തിന് ശേഷം ദിനേശന്റെ മുറിയിൽ മിനി അമ്മയോട് ഫോണിൽ സംസാരിക്കുന്നു)

 

ഇല്ലമ്മ... അങ്ങനെ സമ്മതമൊന്നും കിട്ടീട്ടല്ല. പിന്നെ മൗനം സമ്മതം എന്ന് കേട്ടിട്ടില്ലേ... അവൾ ഉണ്ടാക്കിച്ചിരിച്ചത് അമ്മക്ക് പെട്ടെന്ന് മനസിലായി.

 

എന്നാപ്പിന്നെ മോള് ഇപ്പൊ വരണംന്നില്ല രണ്ടാഴ്ച കഴിഞ്ഞാ സൗമ്യയും ഭർത്താവും വരിണ്ടല്ലോ... അപ്പൊ ദിനേശനേം കൂട്ടി വാ...

 

നടന്നതെന്നേ... അമ്മക്കറീലെ... ദിനേശേട്ടന് കല്യാണ ശേഷം വേറെ ഒരിടത്തു കിടന്നാലും ഒറക്കം വരില്ലാന്ന്... പിന്നെ ദിനേശേട്ടൻറെ കല്യാണം കഴിഞ്ഞ ആ സെക്കൻഡിൽ ഇവിടുത്തെ അച്ഛനും അമ്മയ്ക്കും വയസ്സായി... ഒറ്റയ്ക്ക് ഭക്ഷണം വെക്കാനും പാത്രം കഴുകാനും ഒന്നും വയ്യാണ്ടായി... എന്നാ ഒന്നരക്കൊല്ലം മുന്നേ ദിനേശേട്ടൻറെ ഏട്ടന്റെ കല്യാണം കൈഞ്ഞപ്പോ ഇപ്പറഞ്ഞ ഒരു പ്രശ്നവും ഉണ്ടായില്ലട്ടോ... ഏട്ടനും ചേച്ചിയും കൂടി സിംഗപ്പൂർക്ക് പോയപ്പോ അച്ഛന് നാലാളോട് മേനിപറയാൻ ഒരു കാര്യം കൂടി ആയി.

 

എന്താടി പെണ്ണേ നീയിന്ന് നല്ല ദേഷ്യത്തിലാണല്ലോ... ദിനേശൻ വഴക്ക് പറഞ്ഞോ..?

 

ഏയ് ദിനേശേട്ടൻ എന്ത് പറയാൻ... അതാരോടും ഒന്നും പറയില്ലല്ലോ!!

അതൊന്നല്ലമ്മാ... രണ്ടീസം മുന്നേ അച്ഛൻ സ്വപ്നത്തിൽ വന്നു. അമ്മ ഒറ്റക്കല്ലേടി രണ്ടീസം അവിടെ പോയി നിക്ക് എന്നൊക്കെ പറഞ്ഞു. അപ്പൊ മുതൽ ഒരു വിമ്മിട്ടം. അത്രേള്ളൂ.

ഇന്ന് ഉച്ചതിരിഞ്ഞു ഞാൻ ഇവിടുന്ന് ബസ് കേറും. സാരി അടുക്കിവെക്കുന്നതിനിടെ മിനി അമ്മയോട് വാചാലയായി.

 

ഹമ്... ശരി നീ വാ...

 

ആ അമ്മേ... പിന്നൊരു കാര്യം അത് പറയാനാ ഇപ്പൊത്തന്നെ വിളിച്ചത്... അങ്ങോട്ട് വരാൻ സമ്മതം ചോദിക്കാൻ നേരം ഞാൻ ഇവിടുത്തെ അച്ഛനോട് അമ്മക്ക് സുഖമില്ലാന്ന് കള്ളം പറഞ്ഞു... പറഞ്ഞു കഴിഞ്ഞപ്പോ ഏതോ വല്ലാതെ പോലെ തോന്നി. പെട്ടെന്ന് വായിൽ വന്നത് പറഞ്ഞതാ... അമ്മക്ക് കുഴപ്പൊന്നൂല്യാല്ലോ...?

 

അമ്മക്കെന്ത് കുഴപ്പം... ഒരു കൊഴപ്പോല്യാ... അങ്ങനെ പറഞ്ഞതൊന്നും കാര്യാക്കണ്ട... നീവിടെ വന്നിക്കണത് അമ്മക്ക് സന്തോഷള്ള കാര്യല്ലേ... നീ വാ... ഇത്തവണ ഉണ്ടാക്കി ചിരിച്ചത് അമ്മയാണ്. പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്‌തു അമ്മ നന്നായൊന്നു ചുമച്ചു.

 

എന്താ ദേവകിയമേ... മോള് വന്നോ... അവളോട് വിളിച്ചു പറഞ്ഞിട്ടുണ്ട്ന്ന് പറഞ്ഞിട്ടെന്തായി... അധികം വൈകാതെ ഒരു ഡോക്ടറെ കാണുന്നതാ നല്ലത്... രാത്രി ഒക്കെ വയ്യാണ്ടായ എപ്പോഴും ഞങ്ങള് കണ്ടൂന്ന് വരില്ല്യാ... പശുവിനെ കെട്ടാൻ കൊണ്ടുപോകും വഴി അയൽക്കാരൻ നാണു നായര് വിളിച്ചു പറഞ്ഞു.

 

ഇങ്ങള് പേടിക്കണ്ട നായരേ... ഇന്നെൻറെ മോള് വരും. അവള് വന്നാ തീരാവുന്ന പ്രശ്‌നേ പ്പക്ക്ള്ളൂ...

ദേവകിയമ്മ ഫോണും പിടിച്ചു പതിയെ ഉമ്മറപ്പടിയിൽ നിന്നെഴുന്നേറ്റ് ഇടനാഴിയുടെ ഇരുട്ടിലേക്ക് നടന്നു.