ടെക്നോപാർക്കിൽ പ്രതിധ്വനി-മലയാളം പള്ളിക്കൂടത്തിന്റെ കാളവണ്ടിയാത്ര ഇന്ന് -ജൂലൈ 28 ശനി, രാവിലെ 9:30നു നടന്നു. മേയർ ശ്രീ വി കെ പ്രശാന്ത് കാളവണ്ടി യാത്ര ഫ്ലാഗ്ഗ് ഓഫ് ചെയ്തു. കാളവണ്ടിക്ക് നമ്മുടെ കാർഷിക സംസ്കാരത്തിലുണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ചു കവി മധുസൂദനൻ നായർ പറഞ്ഞു. കേരളീയ പാരമ്പര്യത്തെയും സംസ്ക്കാരത്തെയും അടിസ്ഥാനപ്പെടുത്തി, കവി വി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ നടന്നുവരുന്ന മലയാളം പള്ളിക്കൂടം പ്രതിധ്വനിയുടെ നേതൃത്വത്തിൽ ടെക്നോപാർക്കിൽ രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് കാളവണ്ടിയാത്ര സംഘടിപ്പിച്ചത്. ഐ ടി ജീവനക്കാരുടെ കുട്ടികൾ പങ്കെടുക്കുന്ന കാളവണ്ടിയാത്രയിലൂടെ ടെക്നോളജിയുടെ ആദിരൂപങ്ങളെയും കേരളീയ സംസ്കാരത്തിന്റെ നാൾവഴികളെയും കുട്ടികളെ പരിചയപ്പെടുത്തുകയായിരുന്നു ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയുടെ ലക്ഷ്യം.
കവി വി.മധുസൂദനൻ നായർ ഈണം നൽകി, പരിശീലിപ്പിച്ച ഒ.എൻ.വി. യുടെ 'ഒരു കാളവണ്ടിക്കാരന്റെ പാട്ട്' എന്ന കവിത ആലപിച്ചുകൊണ്ടായിരുന്നു കുട്ടികൾ കാളവണ്ടിയിൽ യാത്ര ചെയ്തത്. ടെക്നോപാർക്ക് പാർക്ക് സെന്ററിൽ നിന്നും ആരംഭിച്ച കാളവണ്ടി യാത്ര തേജസ്വിനി -ഭവാനി കറങ്ങി പാർക് സെന്ററിൽ സമാപിച്ചു. 6 തവണ ആയി നൂറോളം കുട്ടികൾ കാളവണ്ടി യാത്രയിൽ പങ്കെടുത്തു. കുട്ടികൾ തന്നെ കാള കൾക്ക് പുല്ലും വൈക്കോലും നൽകി. തിരുവനന്തപുരം നഗരാതിർത്ഥിക്കുള്ളിലെ ഏക കാളവണ്ടിക്കാരനായ വലിയവിള സ്വദേശി ബാബുവിനെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ ടെക്നോപാർക്ക് ക്ലബ് ഹൗസിൽ അണ് പ്രതിധ്വനി-മലയാളം പള്ളിക്കൂടം പ്രവർത്തിക്കുന്നത്.