Skip to main content

വീട്ടിൽ ഇരു'ന്നോണം'

onakkurippu19

Entry No:019

ആനന്ദ് രഘുകുമാർ [ RR Donnelley India Outsource Private Limited ]

 

" ഒരു വൈറസ് വരുത്തി വെച്ച പൊല്ലാപ്പ്.."എന്നൊക്കെ പറയാൻ വരട്ടെ!

കൊറോണ അല്ല ഇനി എന്തൊക്കെ വന്നാലും ഓണം മറക്കാൻ മലയാളികൾ മുതിരുമോ?

ശ്രീപാർവതിയുടെ പാദം പോലെ തൊടിയിൽ ആകെ വിരിഞ്ഞ് നിറയുന്ന തുമ്പ പൂവിന്റെ വിശുദ്ധി! മഹാബലി തമ്പുരാന്റെ മെതിയടി ഒച്ചക്ക് കാത്തോ൪ത്ത് പൂക്കളത്തിൽ എന്നെ തന്നെ മന്നൻ മുടിയിൽ ചൂടുമെന്ന് അക്ഷമയോടെ തിങ്ങി നിറഞ്ഞ് കലപില കൂട്ടുന്ന മറ്റു വർണ്ണപൂക്കള്‍!

പറമ്പിലെ മാമരങ്ങളിൽ ഓണപൊന്നൂഞ്ഞാല്...പിന്നെ പുലികളി, ഓണപ്പാട്ട്, വടംവലി, കുമ്മാട്ടി, ഓണപ്പൊട്ടൻ, പിന്നെ എല്ലാരും ചേർന്ന് ഒരു ഓണസദ്യ... തൂശനിലയിട്ട് ചൂട് ചോറു വിളമ്പി പരിപ്പും നെയ്യും ചേർത്ത്..കുഴച്ച് പപ്പടം ചേർത്ത് പൊട്ടിക്കുമ്പോ ഒരു ഒച്ചയുണ്ട്...ഉഫ്..

സദ്യവട്ടം കഴിഞ്ഞ് ഉപ്പേരിയും കായവറുത്തതും കീശയിലാക്കി ഉള്ള ഒരു ഓട്ടം.ഇതൊക്കെ മറന്നാൽ പിന്നെ എന്ത് മലയാളി...

കസവും പൂവും നിറപുഞ്ചിരിയും...

മനസ്സാകെ നിറയുന്ന ആഘോഷങ്ങൾ..

പലതരം പായസങ്ങളുടെ കൊതിയൂറുന്ന രുചി ഭേദങ്ങൾ.

കുട്ടി കുറുമ്പ് നിറയുന്ന പകലിരവുകള്‍

അത്തം മുതൽ തിരുവോണം വരെ മാത്രം ഒതുക്കി നിർത്താനാവില്ല നമുക്ക്... ഏത് ആഘോഷങ്ങളിലും 'ഓണം പോലെ' എന്നുള്ള ശൈലിയാണ് നമ്മൾ മലയാളികൾക്ക്.

ഇത്തവണ ഓണത്തിന് മാസ്ക്കും സാനിറ്റൈസറും ഇല്ലാതെ ഒരു ആഘോഷങ്ങളും വേണ്ടേ വേണ്ട...ഉള്ളത് കൊണ്ട് ഓണം പോലെ കഴിയാം... ഓണം ഇനിയും വരും...ഈ ഒരു സമയത്ത് ജാഗ്രത പാലിച്ചാൽ വരും നാളുകളിൽ നമുക്ക്‌ പറയാം ഓണം കുറേ ഉണ്ടതാ മക്കളേ എന്ന്... വീട്ടിൽ ഇരുന്ന് ഓണം അതാണ്‌ ഇക്കൊല്ലത്തെ ഓണച്ചിന്ത...

എന്തൊക്കെ ആയാലും നമ്മൾ മലയാളികൾ കൊറോണയെ കൊറോണം ആക്കി മാറ്റി..ഏതു പ്രതിസന്ധികളെയും ഒത്തൊരുമിച്ചു തരണം ചെയ്യാനുള്ള നമ്മൾ മലയാളികളുടെ ഈ ചങ്കൂറ്റം ഉണ്ടല്ലോ..അത് മതിയെടൊ...

അപ്പോ ആരോ പറഞ്ഞ പോലെ

ഈ കൊറോണ കാലത്തെ ഓണത്തിനു

സോപ്പിട്ടോണം...

മാസ്ക്കിട്ടോണം...

ഗ്യാപ്പിട്ടോണം...

വീട്ടിലിരുന്നോണം...

ആഘോഷിച്ചോണം...

ഓണാശംസകൾ!!!