Skip to main content
Srishti-2022   >>  Poem - English   >>  Wonder of the night

Angel M S Raj

Cognizant

Wonder of the night

She is the queen of the night
Always born for the nights
She is as white as snow
Looks like a seraph in the gloom!
Even though born in the darkness
She always lavish like an angel…
Are you a piece from heaven! Oh beauty
Which came down to earth
To show the glory of heaven to us!
Oh! Bethlehem Lily*, the queen of night
What a pleasure to see you in the dark
A star which shines in the night sky
Will resemble like her when she blooms!
She whispers in my ears so sweetly:
“See my friend…
Like I’m spreading beauty in the darkness
You can spread love to others
Even if you are in the darkest hours…
Trust me, you will be blessed from above
If you have tenderness to others!
Like I have sweet fragrance in the darkness
You spread your sweet aroma my friend
Having love, peace and kindness always”
I felt so refreshed to hear from you oh purest
I thought in my mind with a sweet smile on my face:
“You are truly a wonder of the night!”
* Bethlehem Lily is Nishagandhi flower which blooms only in the night.

Srishti-2022   >>  Short Story - Malayalam   >>  ജീവൻ

Ajin K Augustine

Cognizant

ജീവൻ

ആംസ്റ്റർഡാമിന്റടുത്തുള്ള ഒരു പഴയ മ്യൂസിയത്തിലേക്ക് രാത്രി കാർ ഓടിച്ചു പോകുമ്പോൾ മനസ്സിൽ മുഴുവനും അപ്പച്ചൻ ആയിരുന്നു.. അര മണിക്കൂർ മുൻപുള്ള ഫോൺ കോളിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് മനസ്സു മുഴുവനും മരവിച്ചു.. 

 

എന്റെ പേര് മാത്യു.. കട്ടപ്പനയിലാണ് എന്റെ വീട്.. പഠിപ്പ് കഴിഞ്ഞു ആംസ്റ്റർഡാമിലുള്ള അപ്പച്ചന്റെ പഴയ ഒരു സുഹൃത്തിന്റെ  സഹായത്തോടെ ഇവിടെ എത്തി.. ദൈവകൃപ കൊണ്ട് ജോലിയും വിവാഹവും കഴിഞ്ഞു.. ഇപ്പോൾ ഞാൻ 3 പിള്ളേരുടെ അപ്പനാണ്.. നാട്ടിൽ എനിക്ക് അമ്മയും അപ്പനും  3 ചേട്ടന്മാരാ പിന്നെ 2 പെങ്ങൾമാരും.. 

ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ആയി പോകുമ്പോഴാ വീട്ടിലെ അപ്പൻ വണ്ടി ഓടിച്ചു അസിസിഡന്റായി വീഴുന്നത് അറിഞ്ഞത്.. 

 

6 കൊല്ലത്തോളം അപ്പനെ നാട്ടിലെ ചേട്ടന്മാർ ചികിത്സിച്ചു.. വീട്ടിലേക്ക് അപ്പന് വേണ്ട പൈസ എല്ലാം മുടക്കം വരുത്താതെ അയച്ചു.. പക്ഷെ കിടന്ന കിടപ്പിൽ തന്നെ ഒന്നും ചെയ്യാൻ ആവാതെ അപ്പൻ വലിയ ഒരു രോഗിയായി.. നോക്കി നോക്കി അമ്മയ്ക്കും ചെറിയ രോഗങ്ങളും തുടങ്ങി.. 

 

ഇന്ന് മൂത്ത ചേട്ടനായ ബേബിയുടെ ഫോൺ കാൾ ഉണ്ടായിരുന്നു.. അവർ 3 പേരും അപ്പച്ചന്റെ കാര്യത്തിൽ ഒരു തീരുമാനം എടുത്തു.. ഒന്നുങ്കിൽ എന്റെ അടുത്തേക്ക് വിമാനം കയറ്റി അപ്പച്ചനെ ഞാൻ നോക്കണം.. അല്ലെങ്കിൽ ആരും അറിയാതെ ചെറിയ മരുന്ന് അപ്പച്ചന് സുഖമരണം കൊടുക്കാം..

 

അപ്പച്ചന്റെ മുഴുവൻ കാര്യങ്ങളും എനിക്ക് നോക്കാൻ സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങളുണ്ട്.. രണ്ടാമത്തെ വഴി ദൈവം പോലും പൊറുക്കൂല..

മറുപടി പറയാൻ പോലും കഴിയാതെ നിന്നപ്പോഴാണ് എന്റെയും അപ്പച്ചന്റെയും സുഹൃത്തായ ഫ്രാൻസിസ് ചേട്ടന്റെ അടുത്തു പോകാൻ തീരുമാനിച്ചത്..

 

ഫ്രാൻസിസ് ചേട്ടന്റെ അടുത്ത് കാര്യങ്ങൾ പറഞ്ഞു..

 

"എടാ മാത്യു.. നിനക്ക് ഞാൻ ഇവിടെ ആംസ്റ്റർഡാമിൽ വന്നത് എങ്ങനെ ആണെന് അറിയാമോ"

 

"ഇല്ല.."

 

"ഒരു പഴയ ചൈനക്കാരിയാണ് എനിക്ക് ആദ്യമായി ജോലി തന്നത്.. അതും ഒരു ഹോട്ടല് ക്ലീനർ ആയി.. പിന്നീട് അവരുടെ കൊച്ചു മുറിയിൽ എന്നെ താമസിച്ചു ഭക്ഷണം തന്നു"

 

"ഈ കഥ എനിക്കറിയില്ല"

 

"എന്നാൽ പറയാം.. അന്നം തേടി വന്ന എന്നെ ഊട്ടി ജോലി തന്ന ആ അമ്മച്ചി പിന്നീട് എന്നെ കൊറേ കാലം നോക്കി.. ജോലി തേടി ഞാൻ ഒരുപാട് അലഞ്ഞു.. അങ്ങനെ അത്യാവശ്യം നല്ല സ്ഥിതിയിൽ പിന്നീട് അവരെ കാണാൻ പോയപ്പോൾ ദയാവധത്തിന് കൊല്ലാൻ ഇവിടെത്തെ സർക്കാർ വിധിയെഴുതിക്കുവാ അവർക്ക്.. കാരണം മാരകമായ രോഗം.. വയസ്സായി കഴിഞ്ഞാൽ ബന്ധുക്കാർക്ക് അങ്ങനെ കൊടുക്കാൻ ഇവിടെ നിയമം ഉണ്ട്..  ഈ ദയാവധം അനുവദിക്കുന്ന 2 രാജ്യങ്ങളാ ലോകത്തുള്ളത്.. ഒന്ന് നെതിർലാണ്ട്സും പിന്നെ ബെൽജിയും.. ഞാൻ ഒരുപാട് നിയമയുദ്ധം നടത്തി പണം ചിലവാക്കി അവരെ നോക്കി.. ഒന്നും രണ്ടും അല്ല.. 8 കൊല്ലത്തോളം എന്നെ കൊണ്ട് പറ്റുന്ന പോലെ നോക്കി.. പിന്നീട് അവർ നല്ല മരണം പ്രാപിച്ചു.. ഇനി നീ ചിന്തിക്ക്.. അപ്പനെ ഇങ്ങോട്ട് കൊണ്ട് വാ.. നിനക്ക് വേണ്ടെങ്കിൽ ഞാൻ നോക്കാം.. ജീവന്റെ വില എനിക്കറിയാം.. തമ്പുരാൻ തന്ന ജീവൻ കളയാൻ നമ്മൾ വളർന്നാട്ടില്ലല്ലേടാ.."

 

തിരിച്ചു ഒരു മറുപടിയും പറഞ്ഞില്ല.. വീട്ടിലേക്ക് ഞാൻ വിളിച്ചു പറഞ്ഞു.. അപ്പച്ചൻ ഇനി എന്റെ കൂടെ ഇവിടെ ഉണ്ടാവുമെന്ന്..

Srishti-2022   >>  Short Story - Malayalam   >>  കാഴ്ചകൾ

Angel M S Raj

Cognizant

കാഴ്ചകൾ

പ്രഭാതത്തിൽ ആ ഫ്ളാറ്റിലെ ഒൻപതാം നിലയിലെ തന്റെ മുറിയിൽ ആയിരുന്നു മീര. ഒരു ദീർഘനിശ്വാസത്തോടെ അവൾ ഓർത്തു, ഇവിടെ ഇരുന്നാൽ ചുറ്റുമുള്ള എല്ലാ കാഴ്ചകളും ജാലകത്തിലൂടെ കാണാം. തൊട്ടടുത്തായി വലിയ ഒരു പാടം ആണ്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ മുറിയാണ് മീരയുടെ ലോകം. അവൾ ചുറ്റും നോക്കി. വയലിൽ തലേന്നത്തെ മഴയിൽ വെള്ളം നിറഞ്ഞിരിക്കുന്നു. രണ്ടു ദിവസം മുൻപ് ആ വയലിൽ നിറയെ ചെടികൾ ആയിരുന്നു. എന്നാൽ ഇന്ന് രാവിലെയാകട്ടെ ചെടികളെല്ലാം വെള്ളത്തിൽ മുങ്ങിപ്പോയിരിക്കുന്നു. പക്ഷെ രണ്ടു ദിവസത്തിനകം അവ വെള്ളത്തിന്റെ മുകളിലൂടെ അതിശക്തിയായി  വളർന്നു വരുന്ന കാഴ്ചകൾ മീര മനസ്സിൽ കണ്ടു. മീര കുറച്ചു നാളുകളായി ഈ കാഴ്ചകളെല്ലാം നോക്കി ജാലകവാതിലിന്റെ അടുത്തുള്ള കട്ടിലിൽ തന്നെയാണ്. ഒരു വർഷമായി അവൾക്കു പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. അജ്ഞാതമായ രോഗം ബാധിച്ച് അവളുടെ കാലുകൾ തളർന്നു പോയിരുന്നു.
          പെട്ടെന്നാണ് മുറിയിലേക്ക്  അമ്മ കടന്നു വന്നത്. മീരയെ കൂടാതെ അമ്മയും  അവളുടെയൊപ്പമുണ്ട്. അവളുടെ വിഷാദം നിറഞ്ഞ മുഖം കണ്ടു അമ്മയ്ക്കും സങ്കടമായി. "മോളേ, നേരം നന്നായി വെളുത്തു. നിനക്ക് വിശക്കുന്നില്ലേ?".
          "എനിക്ക് ഇപ്പോൾ വേണ്ടമ്മേ!" അവൾ പറഞ്ഞു. അവളുടെ വിഷമങ്ങൾ അറിയാമായിരുന്ന അമ്മ പിന്നെ ഒന്നും പറയാൻ നിന്നില്ല. "എങ്കിൽ അൽപ സമയം കഴിയട്ടെ. ഞാൻ വരാം." അമ്മ മുറിയിൽ നിന്നും പോയി. ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്ന മകളെക്കുറിച്ചോർത്തു അമ്മ നെടുവീർപ്പിട്ടു.
                  മീര വീണ്ടും പുറത്തേക്കു നോക്കിയിരുന്നു. ആരും ഇല്ലാതിരിക്കുന്ന സമയം അവളുടെ  ആശ്വാസം വായനയും പിന്നെ ജനാലയിലൂടെ ഉള്ള ഈ നയനാനന്ദകരമായ കാഴ്ചകളുമാണ്. മഴ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ആകാശം നന്നായി തെളിഞ്ഞിരിക്കുന്നു. പക്ഷികൾ പല തരം ശബ്ദങ്ങൾ ഉണ്ടാക്കി പറക്കുന്നു. രണ്ടു ദിവസത്തെ നിർത്താതെയുള്ള മഴയിൽ ആ പാവങ്ങളുടെ ചിറകുകൾ നനഞ്ഞൊട്ടിയിരുന്നിരിക്കാം. എന്നാൽ ഇന്ന് അവ നല്ല സന്തോഷത്തിലാണ് എന്ന് മീരക്ക് തോന്നി. ചില കുഞ്ഞു പക്ഷികൾ ഫ്ലാറ്റിന്റെ ഒൻപതാം നിലയുടെയും മുകളിലൂടെ ആണ് പറക്കുന്നത്. സാധാരണ ഈ കുഞ്ഞു പക്ഷികളൊന്നും ഇത്രയും ഉയർന്നു പറന്നു കാണാറില്ല. എന്നാൽ ഇന്ന് അവ കൂടുതൽ ശബ്ദമുണ്ടാക്കി ഉയർന്നു പറന്നുല്ലസിക്കുകയാണ്. മീരയ്ക്ക് അവയെ കണ്ടപ്പോൾ ഉള്ളിൽ അല്പം സന്തോഷം തോന്നി.

തനിക്കും ഇങ്ങനെ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ ലോകം മുഴുവനും പറന്നു നടക്കാമായിരുന്നു. അവൾ മനസ്സിലോർത്തു. ഒരു വിമാനത്തിൽ ഇരുന്നു പോകുന്നത് പോലെ... വീടുകൾ ചെറിയ തീപ്പെട്ടി കൂടുകൾ പോലെയും ആളുകൾ കുഞ്ഞു ഉറുമ്പുകളെ പോലെയും തോന്നുമായിരുന്നു. കുറച്ചു നേരം അവൾ തന്റെ ഭാവനയിൽ അങ്ങനെ പറന്നു നടന്നു.
"മോളേ.." പെട്ടെന്നാണ് അമ്മ വിളിച്ചത്. അവൾ തന്റെ ഭാവനയിലെ ചിറകുകൾ കൊഴിഞ്ഞു വീണതറിഞ്ഞു വീണ്ടും വിഷാദമഗ്നയായി.
                      അന്ന് വൈകുന്നേരം ആയപ്പോൾ വീണ്ടും നല്ല മഴ തുടങ്ങി. തന്റെ ചേട്ടന്റെയും ചേച്ചിയുടെയും ഒപ്പം മഴ നനഞ്ഞു കളിച്ചതും പേപ്പർ ബോട്ട് ഉണ്ടാക്കിയതും എല്ലാം അവൾ ഓർത്തു. ഇപ്പോഴോ... ഒന്ന് അനങ്ങുവാൻ പോലുമാകാതെ താനിങ്ങനെ....... അവളുടെ മിഴികൾ നിറഞ്ഞൊഴുകി.
       സാധാരണ ഇത്രയും കാറ്റുണ്ടാവാറില്ല. മീര പുറത്തേക്കു നോക്കി. എന്നാൽ ഈ കാറ്റിൽ വലിയ പക്ഷികളും ഇലകളും വരെ കാറ്റിന്റെ ദിശയിൽ പറക്കുകയാണ്. അതിനിടയിൽ തീരെ ചെറിയ ഒരു കുഞ്ഞിക്കിളി കാറ്റിന്റെ എതിർ ദിശയിലേക്കു പറക്കുന്നു. "ഇതെങ്ങനെ ഇവൾക്ക് സാധിക്കുന്നു?" മീര അത്‍ഭുതപ്പെട്ടു. സാമാന്യം ഒരു വലിയ പക്ഷിക്ക് പോലും ഈ കാറ്റിനെ അതിജീവിക്കാൻ കഴിയില്ല. മഴയത്തു എത്രയും പെട്ടെന്ന് തന്റെ കൂട്ടിലെത്തിച്ചേരാൻ ദൈവം ഈ കുഞ്ഞിക്കിളിയെ സഹായിക്കുന്നതാണ്. മീര മനസ്സിൽ ഉറപ്പിച്ചു. "ഓ! എന്റെ ദൈവമേ... നീ എന്നെ കാണുന്നില്ലേ? ഞാൻ എത്ര ദിവസങ്ങളായി ഈ കിടക്കയിൽ ആയിരിക്കുന്നു. നീ ഒരു നിമിഷം എന്റെ വേദനകൾക്കും ആശ്വാസം നല്കില്ലേ?..." അവൾ മനസ്സിൽ അകമഴിഞ്ഞ് ഈശ്വരനോട് പ്രാർത്ഥിച്ചു. പെട്ടെന്നാണ് നിദ്രാദേവി അവളെ തഴുകിയത്....

ഒരു സുന്ദരിയായ മാലാഖയെ പോലെ ഉള്ള ഒരു പെൺകുട്ടി. "അവളും തന്നെ പോലെ കാലുകൾ തളർന്നു കിടക്കുകയാണോ?" മീര അവളെ സൂക്ഷിച്ചു നോക്കി. ആ പെൺകുട്ടി അവളെ സ്നേഹപൂർവ്വം നോക്കി. "നീ എന്തിനാണ് ഇത്രയും വിഷമിക്കുന്നത്? എപ്പോഴും സന്തോഷമായിരിക്കണം. നീ ഇന്ന് രാവിലെ വയലിൽ കണ്ട ചെടികൾ രണ്ടു ദിവസത്തിനകം ശക്തിയായി വളർന്നു വെള്ളത്തിന്റെ മുകളിൽ വരുമെന്ന് നീ ചിന്തിച്ചില്ലേ? അത് അപ്രകാരം വളരുകയും ചെയ്യും. ആ കിളിക്കുഞ്ഞു കൂടണയാനായി നിഷ്പ്രയാസം കൊടുങ്കാറ്റിലൂടെ പറന്നു പോയത് കണ്ടില്ലേ? പ്രകൃതിയിലെ കാഴ്ചകൾ  പലതും ഇങ്ങനെ നോക്കി മനസിലാക്കേണ്ടതുണ്ട്. ദൈവം ഈ ചെറിയ പക്ഷികളെയും പുല്ലിനെയും പോലും സംരക്ഷിക്കുന്നുവെങ്കിൽ, നിന്നെ അതിലേറെ സ്നേഹിക്കുന്നു. നീ നിന്റെ കട്ടിലിൽ നിന്ന് എണീറ്റ് നടക്കാൻ ശ്രമിക്കൂ. ദൈവം നിനക്ക് അതിനുള്ള ശക്തി തരും. താൻ പാതി ദൈവം പാതി എന്ന് നീ കേട്ടിട്ടില്ലേ? നിന്റെ മനോധൈര്യം ഒരിക്കലും ഉപേക്ഷിക്കരുത്. നിന്റെ ഹൃദയം വിജയം കൈവരിക്കും നിശ്ചയം!!!" ആ പെൺകുട്ടി മീരയെ സ്നേഹപൂർവ്വം ആശ്ലേഷിച്ചു. പെട്ടെന്ന് മീര തന്റെ ഉറക്കത്തിൽ നിന്നും ഉണർന്നു. അവൾക്കു വിശ്വസിക്കാനായില്ല. എന്താണ് സംഭവിച്ചത്? ആരാണ് ഇപ്പോൾ തന്നെ കാണാൻ വന്നത്? ദൈവം അയച്ച ഒരു മാലാഖ ആയിരുന്നോ അവൾ? മീരയ്ക്ക് നടന്നതെല്ലാം ഒരു സ്വപ്നം പോലെ തോന്നി. എന്നാൽ അവളുടെ ഉള്ളിൽ ഒരു ദൃഢനിശ്ചയം ഉടലെടുത്തിരുന്നു. തന്റെ ശോഭനമായ ഭാവിയിലെ കാഴ്ചകളിലേക്ക് അവൾ ഉറ്റുനോക്കി.....

Srishti-2022   >>  Short Story - Malayalam   >>  ഒരു മിനിക്കഥ

Praveen Parameswaran

Cognizant

ഒരു മിനിക്കഥ

ദിനേശൻ ഓഫീസിലേക്കിറങ്ങാൻ ഉമ്മറത്തെത്തിയ നേരം മിനിയും അടുക്കളയിൽ നിന്നോടി  ഉമ്മറത്തേക്കു വന്നു. ദിനേശൻറെ അച്ഛൻ ഉമ്മറത്ത് പതിവ് പോലെ തൻറെ ഇഷ്ട ഇംഗ്ലീഷ് പത്രം വായിച്ചിരിപ്പുണ്ട്. അമ്മയെ ഒന്ന് പരതിയ അവൾ അകത്തു മുറിയിൽ കട്ടിലിൽ ഏതോ വാരികയും പിടിച്ചു കിടക്കുന്നത് കണ്ടു.

 

"അമ്മേ ഞാൻ ഇറങ്ങാണ്..." ദിനേശൻ നീട്ടി വിളിച്ചു.

 

ഒരു മിനിട്ട് നിൽക്കൂ എന്ന് ദിനേശേട്ടനോട് ആംഗ്യം കാണിച്ച്‌ മിനി പതിഞ്ഞ സ്വരത്തിൽ അച്ഛനെ വിളിച്ചു

"അച്ഛാ... ഞാനൊന്ന് വീടുവരെ പോയി രണ്ടീസം നിന്നിട്ട് വന്നാലോന്നാ..."

 

മ്... എന്താപ്പൊ വിശേഷിച്ച്‌..?

 

അതുശരി; എൻറെ സ്വന്തം വീട്ടിൽ പോയി രണ്ടു ദിവസം നിൽക്കാൻ എനിക്ക് പ്രത്യേകിച്ച് വിശേഷം വല്ലതും വേണോ അച്ഛാ..?

 

എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്നറിയാതെ ദിനേശൻ അന്തംവിട്ട് നിന്നു.

അച്ഛൻ കണ്ണടക്കും പുരികത്തിനുമിടയിലൂടെ അവളെ രൂക്ഷമായി നോക്കി.

 

നോക്കി പേടിപ്പിക്കണ്ട... ഇവിടെ എന്ത് വിശേഷമുണ്ടായിട്ടാണ് എൻറെ അനിയത്തിയുടെ കല്യാണത്തിന് രണ്ടീസം മാത്രം എൻറെ വീട്ടിൽ വന്നു നിന്ന ദിനേശേട്ടൻ കല്യാണപ്പിറ്റേന്ന് കാലത്തു തന്നെ ഇങ്ങോട്ട് പോന്നത്..!? ഇത്ര പെട്ടെന്ന് പോണോ എന്ന് അമ്മ ചോദിച്ചപ്പോ ഏട്ടൻ പറഞ്ഞത് ഇവിടെ അമ്മയും അച്ഛനും തനിച്ചാണെന്നാന്ന്..! അനിയത്തീടെ കല്യാണ ശേഷം ഇത്രയും കാലം എൻറെ അമ്മ വീട്ടിൽ തനിച്ചാണ്... അത് പറഞ്ഞാ ദിനേശേട്ടന് ഉത്തരമില്ല... സിനിമ സ്റ്റൈലിൽ പറയും നീ ഇപ്പൊ പോണ്ടാ എന്ന്...

 

ഇവിടെ നിങ്ങളെന്നെ ദ്രോഹിക്കുന്നു എന്നൊന്നുമല്ല ഞാൻ പറഞ്ഞു വരുന്നത്... ചിലപ്പോ ചില സമയത്തു അമ്മയെയും അച്ഛനെയും ഞാൻ വല്ലാതെ മിസ് ചെയ്യും... അപ്പൊ അച്ഛനില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന അമ്മയെ ചെന്നൊന്ന് കെട്ടിപ്പിടിക്കാൻ തോന്നും. ഉടനെ ഒന്ന് ഫോൺ വിളിക്കും. അത് കണ്ടു വരുന്ന ദിനേശേട്ടൻ പറയും ഞാനിപ്പൊഴും ഇള്ളക്കുട്ടിയാണെന്ന്!! എൻറെ അമ്മക്ക് നിങ്ങളെ ആരെയും വിശ്വാസമില്ല. മകളെ ദ്രോഹിക്കുണ്ടോന്ന് ഇടക്കിടക്ക് വിളിച്ചു ചോദിക്ക്യാണ് എന്നൊക്കെ...

 

എടി നിർത്തടീ... നീ ആരോടാണ് സംസാരിക്കുന്നതെന്ന് ഓർമ്മ വേണം...

ദിനേശനിലെ പൗരുഷം സടകുടഞ്ഞു.

 

എന്താടാ അവിടെ ഒരു ബഹളം..? മാസികയും പിടിച്ചു അമ്മ പതിയെ ഉമ്മറത്തേക്ക് വന്നു. അച്ഛൻ ഒരക്ഷരം മിണ്ടാതെ അനങ്ങാതെയിരുന്നു. ഇത്തവണ ദൃഷ്ടി പത്രത്തിലായിരുന്നു.

 

ഒന്നൂല്യമ്മേ ഞാൻ രണ്ടീസം എൻറെ വീട്ടിൽ പോയി നിന്നോട്ടെ എന്ന് ചോദിച്ചതാ..?

ഏഹ്..? എന്താപ്പൊ അവിടെ വിശേഷം..? ഒന്നുമറിയാതെ അമ്മയും അതേ ചോദ്യമാവർത്തിച്ചു.

 

അതോ... എൻറെ തള്ള ചത്തു. അതെന്നെ... എന്തേ ഇക്ക് രണ്ടീസം അവിടെ പോയി നിന്നൂടെ..!!?

അങ്ങന്യാച്ച രണ്ടീസല്ല പത്തു പതിനാലു ദിവസം നിക്കാലോ ലെ.!!? ന്നിട്ടെന്തിനാ...??

സകല നിയന്ത്രണവും നഷ്ട്ടപ്പെട്ട് മിനി പൊട്ടിത്തെറിച്ചു.

 

മിനി... എടി മിനിയേ... നീയല്ലേ അച്ഛനോട് എന്തോ ചോദിക്കണം എന്ന് പറഞ്ഞത്...? ഇപ്പൊ ചോദിച്ചോ...

ഗാഢനിദ്രയിൽ നിന്നാരോ തട്ടി എഴുന്നേൽപ്പിച്ചാലെന്നപോലെ മിനി ഒരു നിമിഷത്തേക്ക് സ്ഥലകാല ബോധമില്ലാതെ സ്തബ്ധയായി.

 

എന്താ മോളെ..? അച്ഛൻ പത്രവായന നിർത്തി അവളെ നോക്കി.

 

അല്ലാച്ചാ അതുപിന്നെ അമ്മക്ക് നല്ല സുഖമില്ല.. രണ്ടീസായത്രേ തുടങ്ങീട്ട്... ഞാൻ പോയി ഒന്ന് ഡോക്ടറെ കാണിക്കാൻ കൊണ്ടോയാലോന്നാ...

 

അതിനെന്താ പോയിട്ടുവാ...

 

അല്ല രണ്ടീസം അമ്മക്കൊരു കൂട്ടായി അവിടെ നിന്നാല്ലോന്നുണ്ട്...

 

അതിനു മറുപടിയൊന്നും പറയാതെ അച്ഛൻ പത്രത്തിലേക്ക് മുഖം തിരിച്ചു.

 

മോളേ... ഒന്നിങ്ങട് വന്നേ... ആ ഫാനൊന്ന് ഇട്ടിട്ട് പോ... രാവിലെത്തന്നെ നല്ല ചൂട്...

വായനക്ക് ഭംഗം വരുത്താതെ അമ്മ മുറിയിൽ നിന്ന് വിളിച്ചു പറഞ്ഞു.

 

മിനി ദിനേശേട്ടനെ ഒന്ന് നോക്കി അകത്തേക്ക് പോയി. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ ദിനേശൻ ബാഗുമെടുത്തു ഓഫീസിലേക്ക് പുറപ്പെട്ടു.

 

(അല്പസമയത്തിന് ശേഷം ദിനേശന്റെ മുറിയിൽ മിനി അമ്മയോട് ഫോണിൽ സംസാരിക്കുന്നു)

 

ഇല്ലമ്മ... അങ്ങനെ സമ്മതമൊന്നും കിട്ടീട്ടല്ല. പിന്നെ മൗനം സമ്മതം എന്ന് കേട്ടിട്ടില്ലേ... അവൾ ഉണ്ടാക്കിച്ചിരിച്ചത് അമ്മക്ക് പെട്ടെന്ന് മനസിലായി.

 

എന്നാപ്പിന്നെ മോള് ഇപ്പൊ വരണംന്നില്ല രണ്ടാഴ്ച കഴിഞ്ഞാ സൗമ്യയും ഭർത്താവും വരിണ്ടല്ലോ... അപ്പൊ ദിനേശനേം കൂട്ടി വാ...

 

നടന്നതെന്നേ... അമ്മക്കറീലെ... ദിനേശേട്ടന് കല്യാണ ശേഷം വേറെ ഒരിടത്തു കിടന്നാലും ഒറക്കം വരില്ലാന്ന്... പിന്നെ ദിനേശേട്ടൻറെ കല്യാണം കഴിഞ്ഞ ആ സെക്കൻഡിൽ ഇവിടുത്തെ അച്ഛനും അമ്മയ്ക്കും വയസ്സായി... ഒറ്റയ്ക്ക് ഭക്ഷണം വെക്കാനും പാത്രം കഴുകാനും ഒന്നും വയ്യാണ്ടായി... എന്നാ ഒന്നരക്കൊല്ലം മുന്നേ ദിനേശേട്ടൻറെ ഏട്ടന്റെ കല്യാണം കൈഞ്ഞപ്പോ ഇപ്പറഞ്ഞ ഒരു പ്രശ്നവും ഉണ്ടായില്ലട്ടോ... ഏട്ടനും ചേച്ചിയും കൂടി സിംഗപ്പൂർക്ക് പോയപ്പോ അച്ഛന് നാലാളോട് മേനിപറയാൻ ഒരു കാര്യം കൂടി ആയി.

 

എന്താടി പെണ്ണേ നീയിന്ന് നല്ല ദേഷ്യത്തിലാണല്ലോ... ദിനേശൻ വഴക്ക് പറഞ്ഞോ..?

 

ഏയ് ദിനേശേട്ടൻ എന്ത് പറയാൻ... അതാരോടും ഒന്നും പറയില്ലല്ലോ!!

അതൊന്നല്ലമ്മാ... രണ്ടീസം മുന്നേ അച്ഛൻ സ്വപ്നത്തിൽ വന്നു. അമ്മ ഒറ്റക്കല്ലേടി രണ്ടീസം അവിടെ പോയി നിക്ക് എന്നൊക്കെ പറഞ്ഞു. അപ്പൊ മുതൽ ഒരു വിമ്മിട്ടം. അത്രേള്ളൂ.

ഇന്ന് ഉച്ചതിരിഞ്ഞു ഞാൻ ഇവിടുന്ന് ബസ് കേറും. സാരി അടുക്കിവെക്കുന്നതിനിടെ മിനി അമ്മയോട് വാചാലയായി.

 

ഹമ്... ശരി നീ വാ...

 

ആ അമ്മേ... പിന്നൊരു കാര്യം അത് പറയാനാ ഇപ്പൊത്തന്നെ വിളിച്ചത്... അങ്ങോട്ട് വരാൻ സമ്മതം ചോദിക്കാൻ നേരം ഞാൻ ഇവിടുത്തെ അച്ഛനോട് അമ്മക്ക് സുഖമില്ലാന്ന് കള്ളം പറഞ്ഞു... പറഞ്ഞു കഴിഞ്ഞപ്പോ ഏതോ വല്ലാതെ പോലെ തോന്നി. പെട്ടെന്ന് വായിൽ വന്നത് പറഞ്ഞതാ... അമ്മക്ക് കുഴപ്പൊന്നൂല്യാല്ലോ...?

 

അമ്മക്കെന്ത് കുഴപ്പം... ഒരു കൊഴപ്പോല്യാ... അങ്ങനെ പറഞ്ഞതൊന്നും കാര്യാക്കണ്ട... നീവിടെ വന്നിക്കണത് അമ്മക്ക് സന്തോഷള്ള കാര്യല്ലേ... നീ വാ... ഇത്തവണ ഉണ്ടാക്കി ചിരിച്ചത് അമ്മയാണ്. പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്‌തു അമ്മ നന്നായൊന്നു ചുമച്ചു.

 

എന്താ ദേവകിയമേ... മോള് വന്നോ... അവളോട് വിളിച്ചു പറഞ്ഞിട്ടുണ്ട്ന്ന് പറഞ്ഞിട്ടെന്തായി... അധികം വൈകാതെ ഒരു ഡോക്ടറെ കാണുന്നതാ നല്ലത്... രാത്രി ഒക്കെ വയ്യാണ്ടായ എപ്പോഴും ഞങ്ങള് കണ്ടൂന്ന് വരില്ല്യാ... പശുവിനെ കെട്ടാൻ കൊണ്ടുപോകും വഴി അയൽക്കാരൻ നാണു നായര് വിളിച്ചു പറഞ്ഞു.

 

ഇങ്ങള് പേടിക്കണ്ട നായരേ... ഇന്നെൻറെ മോള് വരും. അവള് വന്നാ തീരാവുന്ന പ്രശ്‌നേ പ്പക്ക്ള്ളൂ...

ദേവകിയമ്മ ഫോണും പിടിച്ചു പതിയെ ഉമ്മറപ്പടിയിൽ നിന്നെഴുന്നേറ്റ് ഇടനാഴിയുടെ ഇരുട്ടിലേക്ക് നടന്നു.

Subscribe to Cognizant