Skip to main content

ടെക്നോപാര്‍ക്ക് ലഹരി വിരുദ്ധ പ്രചാരണ ഉദ്ഘാടനം : ഉദ്ഘാടകൻ മടങ്ങിയത് കാര്യമറിയാതെ, കാരണമില്ലാതെ.

https://prathidhwani.org/index.php/taekanaeapaarakaka-laharai-vairaudadha-paracaarana-udaghaatanam-udaghaataka-matananaiyata

 

IMG-20160811-WA0002

 

കേരള സർക്കാരിന്റെ ലഹരി-മയക്കുമരുന്ന് വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി എക്സൈസ് ഡിപ്പാർട്മെന്റിന്റെ അഭ്യർത്ഥന പ്രകാരം പ്രതിധ്വനിയുടെയും ടെക്‌നോപാർക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ടെക്‌നോപാർക്കിനുള്ളിൽ ഈ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവും ടെക്കികൾക്കായി ഒരു ലഹരി വിരുദ്ധ കാമ്പയിനും 2016 ആഗസ്ത് 9 ന് വൈകുന്നേരം 3 മണി മുതൽ 5 മണി വരെ നടത്താൻ തീരുമാനിക്കുകയും ആ വിവരം ഇമെയിൽ വഴിയും ഫേസ്ബുക് പേജ് വഴിയും നിരവധി പത്രവാർത്തയിലൂടെയും പോസ്റ്ററിലൂടെയും ടെക്‌നോപാർക്കിലെ എല്ലാ ജീവനക്കാരെയും അറിയിക്കുകയും ചെയ്തിരുന്നു. എക്സൈസ് കമ്മീഷണർ ശ്രി ഋഷി രാജ് സിംഗ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ഏൽക്കുകയും അദ്ദേഹത്തിന്റെ സൗകര്യാർത്ഥം വൈകുന്നേരം 3 മണി മുതൽ 5 മണി വരെയുള്ള സമയത്ത് തന്നെ പരിപാടി നിശ്ചയിക്കുകയുമാണുണ്ടായത്. പ്രസ്തുത പരിപാടിയില്‍ ടെക്കികളുമായി അദ്ദേഹം സംവദിക്കുകയും ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും എന്നുറപ്പു നൽകുകയും ചെയ്തിരുന്നു.

കൂടുതൽ ടെക്‌നോപാർക് ജീവനക്കാരെ പങ്കെടുപ്പിക്കുന്നതിനു വേണ്ടിയും, സാമൂഹിക പ്രാധാന്യമുള്ള വിഷയമെന്ന നിലയില്‍ കൂടുതല്‍ ജീവനക്കാരിലേക്കു ലഹരിവിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുമാണ് ടെക്‌നോപാർക്കിലെ ഭവാനി കെട്ടിടത്തിന്റെ നടുത്തളത്തിൽ സ്റ്റേജ് ഒരുക്കിയത്. പരിപാടിക്ക് അര മണിക്കൂർ മുൻപ് പ്രൊജക്ടർ, സ്‌ക്രീൻ എന്നിവ കൂടി ഒരുക്കണമെന്ന് എക്സൈസ് ഡിപ്പാർട് മെന്റിൽ നിന്നും അറിയിച്ചതിനെ തുടർന്ന് അതും ഉടൻ തന്നെ ഒരുക്കി. കൃത്യ സമയത്ത് തന്നെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയും ടെക്‌നോപാർക്ക് സി ഇ ഓ യും നിരവധി കമ്പനി സി ഇ ഓ മാരും സമയത്ത് തന്നെ എത്തിച്ചെരുകയും ചെയ്തു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഫേസ് 3 യിൽ നിന്നുൾപ്പെടെ 100 ലധികം ജീവനക്കാരും ഭവാനിയിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ 3pm മണിക്ക് എത്തുമെന്ന് അറിയിച്ചിരുന്ന ഉദ്ഘാടകനായ ശ്രീ ഋഷിരാജ് സിംഗ് , എത്തിച്ചേർന്നപ്പോൾ 4.10pm മണി കഴിഞ്ഞു. ഒരു മണിക്കൂറോളം പരിപാടി തുടങ്ങുന്നതിനായി കാത്ത് നിന്നിരുന്ന ടെക്കികളിൽ ചിലരൊക്കെ പരിപാടി തുടങ്ങുന്ന മുറക്ക് തിരിച്ചെത്തിക്കൊള്ളാമെന്ന് ഉറപ്പു നൽകി തിരിച്ച് പോകുകയും ചെയ്തിരുന്നു.

എന്നാൽ വന്ന പാടെ സ്റ്റേജും ഓഡിയൻസിനെയും കണ്ട ഉടൻ തന്നെ അദ്ദേഹം ക്ഷുഭിതനാകുകയും അദ്ദേഹത്തെ കാത്ത് നിന്നിരുന്ന സി.ഇ. ഒ മാർ ഉൾപ്പെടെയുള്ള ബഹുമാന്യ വ്യക്തികളെയൊന്നും തന്നെ ഒന്ന് അഭിവാദ്യം ചെയ്യുകയോ സംസാരിക്കുകയോ ചെയ്യാതെ തിരിച്ചു പോവുകയാണുണ്ടായത്. ഒരു മിനിറ്റ് കൊണ്ട് എത്താവുന്ന പ്രോഗ്രാം സ്ഥലത്തു പ്രോഗ്രാം തുടങ്ങി എന്നറിയുമ്പോഴാണ് മഹാ ഭൂരിപക്ഷം ജീവനക്കാരും എത്തുക. പ്രത്യേകിച്ചും യു എസ് ടി ഗ്ലോബൽ , അലയൻസ്, ഇൻഫോസിസ് , ഇൻവെസ്‌റ് നെറ്റ് എന്നീ കമ്പനികൾ പ്രവർത്തിക്കുന്ന ഭവാനിയിൽ. 100 ലധികം പേർ ഉണ്ടായിരുന്ന സദസ്സിൽ, പരിപാടി തുടങ്ങുന്നതിനൊപ്പം കൂടുതൽ ജീവനക്കാർ വരുമെന്നറിയിച്ചിട്ടും അതൊന്നും കേൾക്കാൻ അദ്ദേഹം തയ്യാറായില്ല.

എന്താണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നോ എന്ത് കാരണത്താൽ ആണ് പരിപാടി വേണ്ടെന്ന് വെക്കുന്നതെന്നോ വ്യക്തമായി വെളിപ്പെടുത്താതെ ആണ് അദ്ദേഹം തിരിച്ചു പോയതെന്നത് അത്യന്തം ഖേദകരമാണ്. "പിന്നീടൊരിക്കൽ വരാം, ഇപ്പൊ മറ്റൊരു പ്രോഗ്രാമിന് പോകണം, സമയമില്ല" എന്നാണ് സംഘാടകരോട് പറഞ്ഞത് . ലഹരി വിരുദ്ധ പരിപാടി ഉത്‌ഘാടനം ചെയ്യുന്നതിന് എന്തെങ്കിലും ഡിമാൻഡുകൾ സംഘാടകരായ ഞങ്ങളോട് അദ്ദേഹം പറഞ്ഞിട്ടും ഉണ്ടായിരുന്നില്ല. പരിപാടിയിൽ പങ്കെടുത്ത് ഇതായിരുന്നില്ല അദ്ദേഹത്തിൻറെ പ്രതീക്ഷ എന്നും അദ്ദേഹത്തിന് പറയാമായിരുന്നു.

ടെക്‌നോപാർക്ക് സി.ഇ ഓ യും മറ്റ് സ്ഥാപന മേധാവികളും ഉൾപ്പെടെ ഒരു മണിക്കൂറായി അദ്ദേഹത്തെ പ്രതീക്ഷിച്ച് നിന്നിരുന്ന ടെക്കികളെയും മൊത്തത്തിൽ ടെക്‌നോപാർക്ക് സമൂഹത്തെ തന്നെ വ്യക്തമായും അപമാനിച്ച അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ നടപടിയിൽ ഞങ്ങൾക്ക് വിഷമവും പ്രതിഷേധവുമുണ്ട്. പ്രതിധ്വനിയുടെ ക്ഷണം സ്വീകരിച്ചു ലഹരി വിരുദ്ധ ക്യാമ്പയിൻറെ ഭാഗമാകാൻ എത്തിയ എല്ലാ ബഹുമാന്യ വ്യക്തികൾക്കും ടെക്‌നോപാർക്ക് ജീവനക്കാർക്കും പ്രതീക്ഷിക്കാതെ വന്നു ചേർന്ന ഈ അസൗകര്യത്തിൽ/ സമയ നഷ്ടത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

ടെക്‌നോപാർക്ക് ഒരു ലഹരി കേന്ദ്രമാണെന്ന ധാരണ പരത്താനുള്ള ശ്രമങ്ങൾക്കെതിരെയും സമീപ കാലത്ത് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ കർശനമായി പ്രതിരോധിക്കുന്നതിന് വേണ്ടിയും മയക്കു മരുന്ന് വിരുദ്ധ പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അതിനായി തുടർ നടപടികൾ സ്വികരിക്കുകയും ചെയ്യുമെന്ന് കൂടി ഈ അവസരത്തിൽ ഞങ്ങൾ അറിയിച്ചു കൊള്ളുന്നു.

 

---പ്രതിധ്വനി, ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന, ടെക്‌നോപാർക്ക് ---