Skip to main content
banner
Srishti-2022   >>  Poem - Malayalam   >>  വേഷം

Rugma M Nair

Ernst&Young

വേഷം

പലതുണ്ടു് വേഷങ്ങൾ അണിയുവാനാടുവാൻ
എന്നുമീ ഉലകമാം നാട്യരങ്ങിൽ.
പൈതലായി പെറ്റുവീണൊരന്നു തൊട്ടെന്നു,
മണ്ണിന്റെ മാറിലായ് ചേരുവോളം.
 
കൈകാൽ കുടഞ്ഞും കമിഴ്ന്നും മലർന്നും,
പാൽപ്പല്ല് കാട്ടി കുലുങ്ങി ചിരിച്ചും,
ഓമൽക്കുരുന്നിന്റ്റെ ലീലകൾ നെയ്യുമീ
വേഷമതീശ്വരതുല്യമതില്ലൊരുസംശയം.
 
വേലത്തരങ്ങളും  കൂട്ടുപിടിച്ചി-
ട്ടോടി നടക്കും പലവഴിയങിലായി,
തർക്കവും പോർക്കളുമുള്ളൊരു വേഷമുണ്ട-
ച്ഛന്റ്റെയുള്ളിലെ  അച്ഛനുണരുവാൻ.
 
പിന്നെയും പോകേ അണിയേണ്ടതായ് വരും
കേവലൻ, വിദ്യാകാംക്ഷകൻ, ഉത്തമൻ.
സഖിയായ്, സഖാവായ്, ഗുരുഭക്ത്യപൂർവ്വമായി,  
ആടുവാനുണ്ടെത്ര വർഷവും ശൈത്യവും.  
 
ചെല്ലേ ഒരുനാൾവരുമൊരാൾ കൂട്ടിനായ്,
പാണി ഗ്രഹിച്ചിടും, ചേർത്തു പിടിച്ചിടും.
താങ്ങായ്, തണലായ്, ദിനരാത്രങ്ങളൊക്കുമേ
പേറാനൊരു വേഷം, താണ്ടാൻ ഒരു കാതം
 
ഒരു ചെറു ജീവനെ തഴുകി വളർത്തി,
വേനൽ ചൂടിലും തണലായ്‌ കാത്തിട്ടാ-
തളിർ വളർന്നൊരു വന്മരമാകും  
വേഷം സൃഷ്ടാവിനു സമമ്മല്ലോ.
 
പൊയ്മുഖമണിയണം, നോവ് മറക്കണം,
ജീവിതമൊന്നേയുള്ളെന്നറിയണം.
വേഷമേതാകിലും ആടിത്തിമിർക്കണം
കാണും മുഖത്തൊരു പുഞ്ചിരി നൽകണം