Skip to main content
banner
Srishti-2022   >>  Poem - Malayalam   >>  സ്വർഗ്ഗം

Divya Rose R

Oracle India Pvt Ltd

സ്വർഗ്ഗം

മരണമുടനെ എത്തുമെന്നറിയുന്ന വേളയിൽ
ഹാ എത്ര ഭാഗ്യവാൻ ഓർക്കുന്നു ഞാൻ
മക്കളാറെണ്ണം പന പോലെ നിൽപ്പൂ മുന്നിൽ
മരുമക്കളും കുശലം പറഞ്ഞുണ്ടടുത്തു
പേരക്കിടാങ്ങൾതൻ ചിരി ബഹളത്തിനിടയിലും
അറിയുന്നു പ്രാണസഖിയുടെ ചെറു തേങ്ങലുകൾ
സ്വർഗ്ഗരാജ്യത്തൊരിരുപ്പിടം പണ്ടേ ഉറപ്പിച്ചതാണ്
ദൈവമെന്നിൽ പ്രീതിപ്പെടാൻ വേണ്ടതെല്ലാം ചെയ്തിട്ടുമുണ്ട്
ദൈവസന്നിധിയിൽ മുട്ടിൽ നിന്നേറെ നേരം
നേർച്ചപ്പെട്ടിയിലും നോട്ടുകെട്ടുകൾ ഇടാൻ മറന്നില്ല
കടമുള്ള ദിവസങ്ങളൊന്നും ഒഴിവുകൾ ഓർത്തിട്ടു പോലുമില്ല
എവിടെ നിൻ രൂപം കണ്ടാലും കൈകൂപ്പി നമസ്കരിച്ചിരുന്നു
അതുകൊണ്ടു തന്നെ ഈ മരണമിന്നെനിക്കൊരു ഭാഗ്യം
ജീർണിച്ചു തുടങ്ങിയ ശരീരത്തിൽ നിന്നൊരു മോചനം
ഈ കപട വസ്ത്രം കളഞ്ഞെൻറെ അവകാശങ്ങളിലേക്കു
പറക്കട്ടെ ഉയരട്ടെ സ്വർഗ്ഗരാജ്യം പുൽകട്ടെ
ഇനി നിങ്ങളൊരു കൂട്ടക്കരച്ചിലിനൊരുങ്ങിക്കോളൂ
ഞാനിനി അധികം വൈകിക്കാതെ യാത്ര പറയട്ടെ
എത്തി പുതിയൊരു ലോകത്തു, ദേഹി മാത്രം കൂട്ടിനു
സ്വർഗമിതെവിടെ, എന്റെ പുതിയ ഗൃഹം എവിടെ
എന്നെ സ്വീകരിക്കുവാൻ മാലാഖമാർ ആയിരങ്ങളെവിടെ
ഇടതും വലതും കണ്ണെത്താ ദൂരം നീലാകാശം മാത്രം
ഇടയിലെവിടെയോ കണ്ടു ഞാനൊരു പൊൻ വെട്ടം
അത് തന്നെ സ്വർഗം, ഞാൻ തേടും സ്വർഗം, മന്ത്രിച്ചെൻ അന്തരംഗം
പറന്നിറങ്ങി ഞാൻ വെട്ടം വരും വഴിയിലേക്ക്
പകച്ചു പോയ് ഉള്ളം അഗ്നി എന്നെ ഒന്നായ് വിഴുങ്ങവേ
പുക മറയിലൂടെ തിരഞ്ഞു ഞാൻ കരയുന്ന കണ്ണുകൾക്കായ്
അറിഞ്ഞില്ല, യാത്രയാക്കിയവരെല്ലാം എന്നേ പിരിഞ്ഞു പോയി
ഒരു പിടി ചാരവും എന്റെ ദേഹിയും മാത്രം ബാക്കിയായ്‌
ഞാനോ അവർക്കു ഭിത്തിയിൽ തൂങ്ങിയ വെറുമൊരു ചിത്രമായ്
ദിവസങ്ങൾ ഒന്നൊന്നായ് കഴിയവേ, മക്കൾതൻ പുഞ്ചിരി കൂടവേ
എന്നെ ഓർത്തൊരിറ്റു കണ്ണുനീർ പോലും പൊഴിക്കാത്ത ദുഷ്ടരോ ഇവർ
എന്തിനാണെനിക്കീ വിധി? മരണത്തിലും കഠിനമാം ശിക്ഷ
ദൈവമാണോ അറിയില്ല, ഒരു അശരീരി പോലെ കേട്ടു ഞാനാ സ്വരം
“സ്നേഹമെന്തെന്നറിയാത്തവർക്കു സ്വർഗ്ഗമെന്നന്നേക്കും നിഷിദ്ധം”
താൻ താൻ നിരന്തരം ചെയ്തിടും, ബാക്കി ഓർത്തെടുക്കൂ നിങ്ങളെങ്കിലും