Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  സുമിത്ര

സുമിത്ര

പ്രണയത്തിന്റെ ദേവതയ്ക് മണ്ണിൽ മരണമുണ്ടോ?

ആവർത്തിച്ചാവർത്തിച്‌ ഒരേ ചോദ്യം മനസ്സിന്റെ ഇടനാഴിയിൽ, വിദൂരതയിൽ കേൾക്കുന്ന അവ്യക്തമായ ഗാനത്തിന്റെ പ്രകമ്പനം പോലെ, അലയായി അലയായി മനസ്സിന്റെ കോട്ടകളെ തഴുകി തഴുകി നിന്നിരുന്നു.

അറുപതിനോടടുക്കുന്നു അയാൾക്ക്. കാഴ്ച്ചയ്ക് പഴയ വ്യക്തതയില്ല. എങ്കിലും കണ്ണെടുക്കാതെ, ഇമകൾ വെട്ടാതെ, ദൂരെ അവളുടെ ശരീരവും നോക്കി, ഊന്നുവടിയിൽ വിരലുകൾ ഇടയ്ക്കിടയ്ക്ക് മുറുക്കി, ആത്മാവിന്റെ ആന്തരിക സ്പന്ദനത്തിൽ മാത്രം ലയിച്ച്, കൂടെയുണ്ടായിരുന്ന ഭാര്യയെപോലും മറന്ന്, കണ്ണുകൾ അവളിലേക്ക് മാത്രം തിരിച്ച്, ശാന്തമായി അയാൾ ആ മരപ്പലകയാൽ നിർമിക്കപ്പെട്ട ബെഞ്ചിൽ ഇരുന്നിരുന്നു.

നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങളുടെ പ്രണയവിരാമം പേറി, കത്തിച്ചു വച്ച ചിരട്ട വിളക്കുകൾക് നടുവിൽ, പൂക്കളാൽ അലങ്കരിക്കപ്പെട്ടു അവൾ കിടന്നിരുന്നു. അതിജീവിക്കപ്പെടുന്ന എല്ലാ പ്രതിബന്ധങ്ങളുടെയും അവസാനമാണ് മരണം. ഇനിയൊരു കൂടിച്ചേരൽ ഉണ്ടാകില്ല. അവൾ ഇനി മുഖത്തു നോക്കില്ല, ചിരിക്കില്ല, പരിഭവം നടിക്കില്ല. എന്നെന്നേക്കും എന്നന്നേക്കുമായി പ്രപഞ്ചത്തിന്റെ ഏതോ കോണിലേക്ക്‌ ഒളിച്ചോടിയിരിക്കുന്നു. അയാളെ ഒറ്റയ്ക്കാക്കി. ഓർമകളുടെ ഒരു തടവുകാരനാക്കി.

ഭാര്യ ഇടയ്ക്കിടയ്ക്ക്  അയാളെ നോക്കിയിരുന്നു, പിന്നെ വിദൂരതയിലേക്കും.അവളുടെ ആത്മാവും ചുട്ടുപൊള്ളുന്നുണ്ടാകണം. തന്റെ ഭർത്താവിന്റെ ഈ പ്രണയിനി ഇങ്ങനെ മരിച്ചു കാണാൻ വളരെ മുൻപേ അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. തനിക്കു മാത്രം വിധിക്കപ്പെട്ട മുതലിനെ തന്നെക്കാളേറെ അനുഭവിച്ചിരുന്ന ആ ആത്മാവിനെ അവൾ ഒരുപാട് ശപിച്ചിരുന്നു.

ഇരുവരുടെയും സമാഗമത്തിന്റെ ആദ്യവർഷങ്ങളിൽ തന്നെ ഭാര്യ ദേവിക ആ രഹസ്യം കണ്ടുപിടിച്ചിരുന്നു. ചോദ്യം ചെയ്യലുകൾക് സ്ഥിരം വേദി ആയി അവരുടെ കുടുംബം മാറിയിരുന്നു. ഒന്നിനും അയാൾ മറുപടി പറഞ്ഞിരുന്നില്ല. നിത്യം കരച്ചിലും ബഹളവും പിന്നെ ബന്ധുക്കളുടെ ശകാരങ്ങൾക്ക് പാത്രനായി അയാൾ ഒന്നും മിണ്ടാതെ ആ വീട്ടിൽ നിന്നും പലപ്പോഴും പുറത്തേക്കിറങ്ങിപ്പോയിരുന്നു.

“നിങ്ങളുടെ ആരാ അവൾ? എന്നെക്കാളും എന്താ അവൾ നിങ്ങൾക്കു കൂടുതൽ തരുന്നെ?”

കരച്ചിലിന്റെ അകമ്പടിയോടെ സ്ഥിരം അരങ്ങേറാറുള്ള ചോദ്യം. മറുപടി അയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു അയാൾ ഒന്നും മിണ്ടിയിരുന്നില്ല. കാലം പഴകുംതോറും ദേവിക ആ സത്യം അംഗീകരിച്ചു ജീവിക്കേണ്ടതായ ആവസ്ഥാന്തരത്തിലേക് മനസ്സിനെ മാറ്റിയെടുത്തു. കാരണം തന്റെ ചോദ്യത്തിനുള്ള ഉത്തരങ്ങൾ അയാളുടെ പക്കലും ഇല്ല എന്നു അവൾക്കു മനസ്സിലായിരുന്നു.

അതു തികച്ചും സത്യമായിരുന്നു. വെറും കണ്ടുമുട്ടലിൽ തുടങ്ങിയ ബന്ധം പിന്നീട് കാന്തങ്ങളെ പോലെ പരസ്പരം ആകർഷിക്കപ്പെടുന്ന പ്രണയമെന്ന വികാരത്തിന്റെ ജനനമായി എപ്പോഴോ മാറിയിരുന്നു. ദിനംപ്രതി കണ്ടുമുട്ടലുകളുടെ ദൈർഘ്യവും എണ്ണവും വർദ്ധിച്ചുകൊണ്ടിരുന്നു. പിന്നീട്‌ സമയവും കാലവും അവരെ സ്വാധീനിക്കാത്തതു പോലെയായി. പ്രപഞ്ചത്തിൽ അവർ മാത്രമായതു പോലെ തോന്നിക്കപ്പെടുന്ന കൂടിച്ചേരലുകൾ.

ഒരുവിൽ ഒരുനാൾ രതീതീരത്താടിതളർന്നു, ശരീരമാസകലം വിയർത്തു കുളിച്ച് , അയാളുടെ നെഞ്ചിലെ രോമങ്ങളിൽ വിരലുകൾ കൊണ്ടു കളംവരയ്ക്കുമ്പോൾ അവൾ ചോദിച്ചു.

“ദേവിക എന്നെ ശപിക്കുന്നുണ്ടാവും, അല്ലെ? ഞാൻ അവളോട്‌ ചെയ്യുന്ന ഈ തെറ്റ്‌ ആവർത്തിച്ചു കൊണ്ടേയിരുക്കുന്നതിന്?”

കളംവരച്ചു കൊണ്ടിരുന്ന വിരലുകളെ കോർത്തു ഹൃദയത്തോട് ചേർത്തു വച്ചു ഞാൻ.

“നീയല്ലലോ സുമിത്രേ, ബന്ധങ്ങളും ബന്ധനങ്ങളും എന്നോടല്ലേ.. അതിന്റെ കെട്ട് പൊട്ടിച്ചതും നിന്നെ ചേർത്തു പിടിച്ചതും ഞാനല്ലേ? ഇതു തെറ്റാണെങ്കിൽ ശിക്ഷ ഞാൻ അനുഭവിച്ചുകൊള്ളാം. പക്ഷെ എന്റെ ജീവൻ ത്യജിച്ചിട്ടായാൽ പോലും ഇന്ന്‌ ഈ തെറ്റു തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല. മുഖം എന്റെ കഴുത്തിനോട് ഒന്നുകൂടി ചേർന്നു. വിരലുകൾ എന്റെ ഹൃദയത്തിൽ വിശ്രമിച്ചു.

മരണവീട്ടിൽ ആളുകൾ കൂടുംതോറും പലരും അയാളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ആദ്യം സ്വകാര്യങ്ങളായി, പിന്നെ ചെറു ചിരികളും പരിഹാസവുമായി, കുത്തുവാക്കുകളും ശാപങ്ങളുമായി.

“ഇതു മറ്റേ ആളാ, ഇവരുടെ…”

“ ആഹാ, ഭാര്യയും കൂടെ ഉണ്ട്, ഇവർക്കിതൊന്നും അറിയില്ലേ ആവോ?”

“വയസ്സായിട്ടും കിളവന്റെ പൂതി തീർന്നില്ലന്നാ തോന്നുന്നെ. മുഖത്തെ ആ വിഷമം കണ്ടോ?”

എല്ലാം കണ്ടും കേട്ടും വളരെ ശാന്തനായി അയാൾ ഇരുന്നു. ഒരിക്കൽ സുമിത്ര ഒരു മഴയത്ത് പുറത്തുനിന്നും അരിച്ചകത്തേക്കു കാറ്റിനാൽ തള്ളപ്പെടുന്ന വെള്ളതുള്ളികളിൽ ഭയന്ന് അയാളോട് ചേർന്നു നിന്നിരുന്നപ്പോൾ, വഴിയിലൂടെ ഒരു മരണവണ്ടി ശവവുമേന്തി പോകുന്നുണ്ടായിരുന്നു. അതിൽ നോക്കി അവൾ അയാളോട് പറഞ്ഞു.

“എനിക്കാദ്യം മരിക്കണം”

അയാൾക്കു ചിരി വന്നു.

“അതെന്തേ”

ചിരിക്കുന്ന മുഖത്തേക്ക് അവൾ നോക്കി. വല്ലാത്ത ഒരു വികാരഭാവമായിരുന്നു അവളുടെ മുഖത്ത്.

“നിങ്ങളുടെ മരണം അറിഞ്ഞു ഞാൻ വരികയാണെങ്കിൽ, അവസാനമായി നിങ്ങളുടെ മുഖം ഒന്നു കാണാൻ ദേവികയും ബന്ധുക്കളും എന്നെ അനുവദിക്കില്ല. അവർ അസഭ്യം പറയും, എന്നെ തള്ളിപ്പുറത്താകും. ആ വേദന എനിക്ക് താങ്ങാൻ പറ്റില്ല. മരണത്തെക്കാൾ ഞാൻ ഭയക്കുന്നത് അതിനെയാണ്.”

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. തന്റെ കണ്ണുകളിലും പൊടുന്നനെ പൊട്ടി മുളച്ച നനവ്‌ അവൾ അറിയതിരിക്കാൻ അയാൾ അവളുടെ മുഖത്തെ നെഞ്ചോടു ചേർത്തുപിടിച്ചു. പക്ഷെ ആ ഹൃദയമിടിപ്പിൽ അവൾക്കു മനസ്സിലായി, അയാളുടെ ഹൃദയം എത്രത്തോളം വിങ്ങുന്നുണ്ടായിരുന്നു എന്നു. രണ്ടു കൈകളും കോർത്തു അവൾ അയാളെ വാരിപ്പുണർന്നു.

പിന്നീടൊരിക്കൽ മുല്ലപ്പൂ ചൂടി പിറന്നാൾ ദിവസം അമ്പലദർശനം കഴിഞ്ഞു ആൽമരച്ചുവട്ടിൽ ഇരുന്നപ്പോൾ അയാൾ ഒരു മോതിരം അവൾക്കു നേരെ നീട്ടി. അതിൽ നിന്നു കണ്ണെടുക്കാതെ തന്നെ അവൾ ചോദിച്ചു.

“നിങ്ങൾക്കിതെന്നെ അണിയിക്കാൻ പറ്റുമോ? ഭഗവാന്റെ മുന്നിൽ വച്ച്”

ചന്ദനം പൂശിയ നെറ്റി ചുളുങ്ങിയത് സംശയം കൊണ്ടാണെന്നു മനസ്സിലാക്കിയ അയാൾ അവളുടെ കൈകൾ കോരിയെടുത്തു മോതിരവിരലിൽ അതു മെല്ലെ അണിയിച്ചു. കുറേ നേരം അവൾ അതിലേക്കു തന്നെ നോക്കിയിരുന്നു.

“ഇങ്ങനെ ഒന്നു അണിയുവാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, എല്ലാവരുടെയും മുന്നിൽ വച്ചു, പുടവയൊക്കെ ചുറ്റി, നിങ്ങളെ എന്റേതു മാത്രമായി കാണാൻ.. പിന്നെ തോന്നും എന്തൊരു ദുരാഗ്രഹമാണ് എന്റേത് എന്ന്.”

അവൾ അയാളുടെ കൈകൾ കോർത്തുപിടിച്ചു തന്റെ വയറോട് ചേർത്തു. തല തോളിൽ ചാരി വിശ്രമിച്ചു.

“ഇങ്ങനെ കിടന്നു കണ്ണുകൾ അടയ്ക്കുമ്പോൾ ഞാൻ കരുതും ഇവ ഇനി ഒരിക്കലും തുറക്കാതിരുന്നെങ്കിൽ എന്ന്‌”

അയാൾക്കു അരിശം വന്നു.

“എന്താ ഈ ദിവസം ഇങ്ങനെയൊക്കെ പറയുന്നേ? മരിക്കാൻ കൊതിയായോ നിനക്ക്?”

നേർത്ത പുഞ്ചിരിയോടെ അവൾ അയാളുടെ മുഖത്തേക്കു നോക്കി.

“ഇല്ലടോ, എനിക്ക് തന്നെ കണ്ടു കൊതി തീർന്നിട്ടില്ല. ഈ മടിയിൽ തല വച്ചുറങ്ങി മതിയായിട്ടില്ല. തന്റെ ശരീരത്തിന്റെ ഗന്ധം എന്റേതു മാത്രമാകുന്ന  രാത്രികൾ മതിയായിട്ടില്ല. അതു കഴിയുമ്പോൾ ആലോചിക്കാവുന്നതാണ്”

തെല്ലു നിരാശയോടെ അയാൾ പറഞ്ഞു.

“നിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.”

തീവ്രതയേറിയ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, പ്രണയത്തിന്റെ ആലിംഗനങ്ങളിൽ മുഴുകി അങ്ങനെ ഒരുപാട് നാൾ. അയാളെ അവൾ ഒറ്റയ്ക്കാക്കി ഈ ദീർഘ നിദ്രയിൽ അഭയം പ്രാപിക്കുന്നതുവരെ. രാവുകൾ, പകലുകൾ, ശരീരവും മനസ്സും കോർത്തുപിടിച്ചു, നാഗങ്ങളായി ഇണ ചേർന്ന്, ആത്മാവിൽ അന്യോന്യം ലയിച്ച് ജീവിച്ചു നീക്കിയ വർഷങ്ങൾ. ഓർമകൾ വരിയെറിഞ്ഞ മഞ്ചാടികുരുക്കൾ പോലെ മനസ്സിന്റെ അടിത്തട്ടിൽ കിടന്നിരുന്നു. അതെല്ലാം പെറുക്കിയെടുത്ത ഒരു കുട്ടിയായി അയാൾ.

ഒടുവിൽ ആ സമയവും ആഗതമായി.

“എനിക്കൊന്നു കാണണം”

ആരോടിന്നില്ലാതെ പറഞ്ഞുകൊണ്ട് അയാൾ എണീറ്റു. വേച്ചു വേച്ചു ഊന്നുവടിയിൽ ഭാരം മുഴുവനും അർപ്പിച് പതിയെ നടന്നടുത്തു അവളിലേക്ക്. ശക്തിയുണ്ടായിരുന്നില്ല, ആത്മാവിനും മനസ്സിനും ശരീരത്തിനും. കുഴഞ്ഞുവീഴാനായ് ചെരിഞ്ഞപ്പോൾ ആരോ താങ്ങി. രണ്ടു കൈകൾ ചേർത്തു നെഞ്ചിൽ ചാരി നിർത്തി അയാളെ പതുക്കെ പതുക്കെ നടത്തിച്ചു. പാളിയൊന്നു നോക്കിയപ്പോൾ ദേവികയാണ്. ദുഃഖം നിഴലിച്ച ആ മുഖം ഒരമ്മയപോലെ അയാളെ നടത്തിച്ചു സുമിത്രയുടെ അരികിൽ ഇരുത്തി.

“അവസാനം നീ ജയിച്ചു അല്ലെടോ?”

തൊണ്ടയിടറി ഗദ്ഗദമായി അയാളുടെ വായിൽ നിന്ന് വീണ വാക്കുകൾ. രണ്ടു കൈകൾ കൊണ്ട് അവളുടെ മുഖം കോരി അയാൾ ആ ചുണ്ടുകളിൽ തന്റെ ചുണ്ടു ചേർത്തു. തടയാനായി ആരൊക്കെയോ ഓടിയടുത്തുവെങ്കിലും ഭാര്യ ദേവിക അവരോട് മാറി നിൽക്കാൻ പറഞ്ഞു.

“അദ്ദേഹംചുംബിക്കട്ടെ. അവൾക്കു എന്നും നിത്യശാന്തി ഉണ്ടാകട്ടെ.”

പിന്നീട് കത്തിയമരുന്ന അവളുടെ ശരീരവും കണ്ടുനിന്നപ്പോൾ പുകച്ചുരുളുകളുടെ ഇടയിലൂടെ മുല്ലപ്പൂവും ചൂടി, നെറ്റിയിൽ കളഭക്കുറി തൊട്ടു, അയാൾ കൊടുത്ത മോതിരവും ഇട്ടു അവൾ നോക്കി ചിരിക്കുന്നു. കൈകൾ വീശി അന്ത്യയാത്ര നൽകുന്നു.

“പ്രണയിനീ, പോയി വരൂ. അധികനാൾ ഈ വിരഹം ഉണ്ടാകില്ല. നിന്റെ കാലടിപ്പാടുകൾ പിന്തുടർന്നു ഞാനുമെത്തും. അനന്തതയുടെ, അമരത്വത്തിന്റെ സുന്ദരമായ ആ ലോകത്തേക്ക്”

ശുഭം….