Skip to main content
banner
Srishti-2022   >>  Poem - Malayalam   >>  സൗഹാർദ്ദ സമർപ്പണം

സൗഹാർദ്ദ സമർപ്പണം

സൗഹാർദ്ദമേ നിന്നോളം ഹൃദയത്തിലൂറിയ  വാക്കില്ല എന്നിൽ...
നിന്നോളം ആത്മാവിൽ ലയിച്ച ഒരു വാക്കും വേറെയില്ല...
നിന്നോളം അഗ്നി ഉതിർക്കുന്ന ഒരു അവസാനവുമില്ലയെന്നിൽ...
നിന്നോളം നീ തന്നെ!
അത്രമാത്രം...
 
പ്രണയം, ഇടയ്ക്കിടെ താഴെ വീഴുന്ന-
പിച്ചള പാത്രം കണക്കെ വക്ക് കോടുമെങ്കിലോ.
സൗഹൃദം എന്നും പുഞ്ചിരിയാൽ പുതുമഴ പെയ്യിച്ചുകൊണ്ടേയിരിക്കും.
ആ പുതുമഴയിൽ ഊറുന്ന മധുര സ്മൃതിയിൽ,
അവൾ ഏകിയ മയിൽപ്പീലിത്തുണ്ട് മാനം കാണാതെ കാത്തു വെച്ചതും...
അവനോടു തല്ലുകൂടി കൈക്കുള്ളിൽ കുത്തി മുറിവേറ്റ് ചോര പൊടിയിച്ച കുപ്പിവള നുറുങ്ങുകളും....
അവരോടൊത്ത് മണ്ണപ്പം ചുട്ടതും മഴയിൽ കുളിച്ചതും ....
പിന്നെ, ഇത്തിരി കണ്ണീരിൻ നോവും...!
 
കലാലയ മുറ്റത്തെ തണൽ മരങ്ങൾ
അത്ര പ്രിയമായി മാറിയത് നിന്നിലൂടെയായിരുന്നു.
ഒരില ചോറിൽ നൂറു കൈകൾ വന്നിട്ടും, 
അതിൻ്റെ വറ്റാത്ത രുചി അറിയിച്ചിരുന്നതും നീ തന്നെ.
 
കരയിച്ച പ്രണയത്തേക്കാൾ എനിക്കേറെ പ്രിയം, കണ്ണീരാലും പൊട്ടിച്ചിരിക്കാൻ പഠിപ്പിച്ച സൗഹൃദ ചുരുളുകളാണ്.
 
സൗഹൃദം അത് വെറുമൊരു വാക്കല്ല...
ആത്മാർത്ഥതയിൽ  ജനിച്ച് , ജീവിച്ചു...
ഒരിക്കലും മരിക്കാത്ത നീരുറവ!