Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  പരിസ്ഥിതി

Srijith Kail

Infosys

പരിസ്ഥിതി

ഞാൻ കൃഷ്ണൻ.കുരുക്ഷേത്ര ഭൂമിയിലാണ്.യുദ്ധത്തിന്റെ അവസാന ദിവസം.
ഗാന്ധാരി
എന്റെ ശബ്ദം കേട്ടിട്ടാവണം അവൾ പുറത്തിറങ്ങിയത്.. നിറവയറാണ്.അതെ കഴുത്തോളം എത്തിയിരിക്കുന്നു വയർ.ശരിയാണ് അവൾ നൂറു പുത്രൻമാർക്ക് ജന്മം കൊടുക്കേണ്ടവളല്ലെ. അപ്പോൾ വയർ ഇത്രയെങ്കിലും ഉണ്ടായില്ലെങ്കിലല്ലേ അതിശയം. അവൾക്ക് ശ്വാസം മുട്ടുന്നുണ്ടോ? അതോ.. അതെനിക്കാണോ.. ഉള്ളൊന്നു കാളി.. കവിളിൽ ചെറിയൊരു തണുപ്പ് അനുഭവപ്പെട്ടു.. അവൾ പുഞ്ചിരിച്ചു.. ഞാൻ തലകുനിച്ചു.. തിരിഞ്ഞ് നടന്നകന്നു.
അംബ
എനിക്കിപ്പോൾ ദീഷ്മരുടെ രൂപ സാദൃശ്യം..രാത്രിയിലെ ബസ്സിലാണ്.അവൾ തനിച്ചാണ്. അവരുടെ കയ്യിൽ ആയുധമുണ്ട്.കമ്പിപ്പാരയാണെന്ന് തോന്നുന്നു.കൊത്തിനുറുക്കുന്ന ശബ്ദം കേൾക്കാം. എനിക്ക് ആയുധമുണ്ട്. എന്റെ മുഷ്ടി ഉയർന്നതേ ഇല്ല. ഞാൻ ബന്ധനസ്ഥനാണ്.
കുന്തി
കുലവധുവായിരുന്നു.ഹസ്തിനപുരം വിട്ട് പോവാനാവില്ല. ഇപ്പോൾ ദാസി ആക്കപ്പെട്ടിരിക്കുന്നു. ചൂളം വിളി അടുത്തടുത്ത് വരുന്നു. ആളൊഴിഞ്ഞ കമ്പാർട്ട്മെന്റ്. അവൾ തനിച്ചാണല്ലൊ.. അവനെന്തോ കുറവുകളുണ്ടെന്ന് തോന്നുന്നു. നിലവിളിയോ ചൂളം വിളിയോ.. തിരിച്ചറിവില്ലാതായിരിക്കുന്നു. കുരുവംശത്തെ മുഴുവൻ വിദ്യ അഭ്യസിപ്പിച്ച ഗുരു ആയിട്ടെന്താ..നാം ബന്ധനസ്ഥനാണല്ലൊ.. അപ്പോൾ എനിക്ക് കരുണ കാണിക്കേണ്ടതില്ല. കർമ്മം ചെയ്യേണ്ടതില്ല.
ദ്രൗപതി
യുദ്ധ നിയമങ്ങൾ പഠിച്ചിരിക്കണമല്ലൊ.യുദ്ധഭൂമിയിലെ കുടിലിലാണ് താമസം. പഞ്ചപാണ്ഡവരുടെ ഭാര്യയാണെന്നത് ശരിയാണ്. എങ്കിലും അടച്ചുറപ്പില്ലാത്ത കുടിലിൽ ഉറങ്ങണ മെങ്കിൽ മിനിമം ഒരു പെൻ ക്യാമറയെങ്കിലും വേണം.ദുശ്ശാസനൻ എപ്പോഴാ വരുക എന്നറിയില്ലല്ലോ. തലക്കിഴിൽ തുരുമ്പിച്ച വാക്കത്തിയും എടുത്തുവെച്ചു.ആദ്യം കേശഭാരത്തിൽ തന്നെ പിടിച്ചു വലിച്ചു ദുശ്ശാസനൻ. നിലവിളി കേട്ടിട്ടും അനങ്ങിയില്ല, ദീഷ്മർ, ഗുരു ദ്രോണർ, പാണ്ഡവരിലാരും..
യുധിഷ്ഠിരൻ ധർമ്മജ്ഞാനിയാണ്..
യുദ്ധം അവസാനിച്ചിരിക്കുന്നു. പട്ടാഭിഷേകത്തിനു ശേഷം ഇവിടെ ധർമ്മം സ്ഥാപിക്കപ്പെടുമ്പോൾ നീതിന്യായം തിരിച്ചുവരും. പാഞ്ചാലി വിവസ്ത്രയായി സഭയിൽ തന്നെ ഉണ്ട്.
കൃഷ്ണൻ
ഞാനിപ്പോൾ വനവേടനെ കാത്തു നിൽക്കയാണ്.