Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  പറക്കാൻ അറിയാത്ത ചുരുണ്ട മുടിക്കാരി

Vishnu S. Potty

QuEST Global

പറക്കാൻ അറിയാത്ത ചുരുണ്ട മുടിക്കാരി

ചുരുണ്ട മുടിയായിരുന്നു കാത്തുവിന്. കറുത്ത, ചുരുണ്ട , എണ്ണ മയമുള്ള മുടിയിഴകൾ. ഏതു കാറ്ററിലും പാറി പറക്കാതെ ആ മുടിയിഴകൾ അങ്ങനെ നിൽക്കുമായിരുന്നു. പഠിക്കാൻ മിടുക്കി. പഠിച്ച എല്ലാ ക്ലാസ്സിലും അവൾക് ഒന്നാം റാങ്ക് ആയിരുന്നു. ഒരു സാധാരണ മലയാളി കുടുംബത്തിൽ ജനനം. തനി നാട്ടിൻ പുറത്തുകാരി. ചെറിയ വീട്, കൊച്ചു ഗ്രാമം. പക്ഷെ, അവളുടെ സ്വപ്‌നങ്ങൾ ചെറുതല്ലായിരുന്നു. പഠിച്ചു മിടുക്കി ആയി നല്ല ജോലി വാങ്ങണം എന്നത് അവളുടെ സ്വപ്നം ആയിരുന്നു. മോശമല്ലാത്ത രീതിയിൽ അവൾ ഡിഗ്രി വരെ പഠിച്ചു. അപ്പോഴാണ് അവൾക് ഒരു 'നല്ല' വീട്ടിൽ നിന്നും ആലോചന വരുന്നത്. നല്ല തറവാട്. സാമ്പത്തികവും പ്രശ്നമല്ലാത്ത കുടുംബം. എല്ലാ മലയാളി വീട്ടുകാരെയും പോലെ അവരും കരുതി, മകളുടെ ഭാവി സുരക്ഷിതം ആയെന്നു. നാട്ടിൽ അന്വേഷിച്ചപ്പോൾ പയ്യന് യാതൊരു ദുസ്വഭാവവും ഇല്ല. മദ്യപിക്കില്ല, പുക വലി ഇല്ല. എന്തിനു, മുറുക്കാൻ പോലും ചവക്കാത്ത നല്ല പയ്യൻ. അങ്ങനെ കല്യാണം കഴിഞ്ഞു. അവസാന എക്സാം കഴിഞ്ഞു മൂന്നാം നാൾ ആയിരുന്നു അവളുടെ കല്യാണം. ആഭരണങ്ങളും പട്ടു വസ്ത്രങ്ങളും അണിഞ്ഞു മാലാഖയെ പോലെ അവൾ ആ വീട്ടിലേക്ക് കടന്നു ചെന്നു. ആദ്യ നാളുകൾ സന്തോഷത്തിന്റേതായിരുന്നു. വലിയ വീട്, കൂട്ട് കുടുംബം, മറ്റെല്ലാ സന്തോഷങ്ങളും. പക്ഷെ, ഏറെ വൈകാതെ അവൾക് മനസിലായി, തന്റെ ഭർത്താവ് തന്നെ ഒരു ഭാരം ആയി ആണ് കാണുന്നത് എന്ന്. എന്തിനും ഏതിനും പിശുക്കുന്ന ആ മനുഷ്യന് ഭാര്യ ഒരു ഭാരം ആയിരുന്നു. എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കുന്ന ആളിന് എങ്ങനെ സ്നേഹം തോന്നാൻ!  തൊട്ടതിനും പിടിച്ചതിനും ഒക്കെ അയാൾ അവളോട് ദേഷ്യപ്പെട്ടു. അവൾക്ക് ആവശ്യ സാധനങ്ങൾ വാങ്ങാൻ പോലും അയാൾക് പിശുക്ക് ആയിരുന്നു. കിട്ടുന്ന പണം മുഴുവൻ വെറുതെ സമ്പാദിച്ചു വെക്കൽ മാത്രം ആയിരുന്നു അയാളുടെ ഉദ്ദേശം. പല പ്രശ്നങ്ങൾ കുടുംബത്തിൽ ഉണ്ടായി. എന്നിട്ടും എല്ലാം അവൾ ഉള്ളിൽ ഒതുക്കി. ആർത്തവത്തിന് പാഡ് വാങ്ങാൻ പോലും അയാൾ കണക്കു പറഞ്ഞു തുടങ്ങി. എന്നിട്ടും അവൾ ഉള്ളിൽ വിഷമങ്ങൾ ഒതുക്കി. പതിയെ അവൾ ഒരു 'അമ്മ ആയി. അപ്പോഴും അയാളുടെ പിശുക്കു മാറിയിരുന്നില്ല. അയാൾ പൂർവാധികം മടിയനും പിശുക്കനും ആയി. പലപ്പോഴും ജീവൻ ഒടുക്കാൻ അവൾക്ക് തോന്നി. എന്തിനായിരുന്നു ഡിഗ്രി വരെ പഠിച്ചത്? അടുക്കളയിലെ കരി പുരണ്ട പത്രങ്ങളോട് അവൾ ഇത് പല പ്രാവശ്യം ചോദിച്ചു. മകൾക്ക് വസ്ത്രം വാങ്ങാനും അയാൾ പിശുക്ക് തുടങ്ങിയപ്പോൾ അവൾ ആ തീരുമാനം എടുത്തു. അവൾക് ആ ജീവിതം മടുത്തു. എങ്ങനെയും ജോലി വാങ്ങാൻ അവൾക് ആവേശം ആയി. യൂട്യൂബ് ലെ പി എസ് സി ചാനലുകൾ അവൾക് ആവേശം പകർന്നു. പതിയെ, അവൾ പഠിച്ചു. മുന്നേറി. ചില റാങ്ക് ലിസ്റ്റിൽ കയറി. ഒടുവിൽ അയാളോടൊപ്പം ഉള്ള ജീവിതം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു. ഒരു ജോലി ഇല്ലാതെ പിടിച്ചു നില്ക്കാൻ പറ്റില്ല എന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ടും നാട്ടുകാർ ഒക്കെ എന്ത് പറയും എന്ന ഭയം കൊണ്ടും അവൾ ഇത്രയും നാൾ പിടിച്ചു നിന്നു. ഒടുവിൽ പി എസ് സി യിൽ നിന്നും അഭിമുഖവും കഴിഞ്ഞു. പഠിച്ച ഉത്തരങ്ങൾ അവൾ ആവേശത്തോടെ പറഞ്ഞു. ഏറെക്കുറെ ജോലി ഉറപ്പിച്ചു അവൾ മടങ്ങി. മാസങ്ങൾ കടന്നു പോയി. ജോലിയുടെ ഉത്തരവും കാത്ത് അവൾ ഓരോ ദിവസവും തള്ളി നീക്കി. വര്ഷം രണ്ടു കടന്നു. ചായ ഉണ്ടാക്കുന്നതിനിടെ ടെലിവിഷനിൽ ആ വാർത്ത വന്നു - - പി എസ് സി യുടെ റാങ്ക് ലിസ്റ്റ് പുതുക്കിയില്ല. ഇതോടെ 2018 ലെ റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടു. ഞെട്ടലോടെ അവൾ ആ വാർത്ത കേട്ടു. പൊട്ടി കരയാൻ അവൾ ഏറെ ആഗ്രഹിച്ചു. പക്ഷെ, പെണ്ണിന് കരയാൻ എവിടെ നേരം? അടുക്കളയിലെ കരി പുരണ്ട പത്രങ്ങൾ അവളെ കാത്തിരിക്കുകയല്ലേ? എന്തൊക്കെ പറഞ്ഞാലും വിവാഹ മോചനം നടന്നാൽ അത് പെണ്ണിന്റെ മാത്രം തെറ്റായി കാണുന്ന സമൂഹം ഇന്നും ഇവിടെ ഉണ്ട്.. സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി അവൾ അടുക്കളയിലേക്ക് നടന്നു. ചുരുണ്ട കറുത്ത മുടി അപ്പോഴും പാറി പറക്കാതെ, ഒതുങ്ങി നിന്നു. ചുരുണ്ട മുടിക്ക് പറക്കാൻ പറ്റില്ലല്ലോ?