Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  പൈതൃകം

Indu V K

IBS Software

പൈതൃകം

പച്ച വിരിച്ച പാടത്തിൻ്റെ വരമ്പത്തൂടെ മുണ്ട് മടക്കി കുത്തി കാലൻ കുടയുടെ മറവിൽ രാഘവേട്ടൻ ധൃതിയിൽ നടക്കുന്നുണ്ട്..

" രാഘവേട്ടാ.. എങ്ങോട്ടാ ഇത്ര ധൃതിയില് ? കൈയ്യിലെന്താ?"
പാടത്ത് പണിയെടുത്തു നിന്ന വേലായുധൻ ചോദിച്ചു.

"ചന്തയിൽ നിന്നാ, കുറച്ച് നല്ല മത്തി കിട്ടിയിട്ടുണ്ട്. "

"ആ നടക്കട്ടെ."

കോലായിൽ വച്ചിരുന്ന കിണ്ടിയിൽ നിന്ന് കാലു കഴുകി കുട മുകളിൽ ഓടിൻ്റെ പട്ടിയലിൽ തിരുകി രാഘവേട്ടനുറക്കെ നീട്ടി വിളിച്ചു.

"എടീ പെണ്ണേ, ഒന്നിങ്ങു വന്നേ... "

"എന്തേ?" സാരിത്തലപ്പു കൊണ്ട് മുഖം തുടച്ചു കൊണ്ട് സുധാമ്മ എത്തി.

" സുധാമ്മേ, നല്ല മത്തി കിട്ടിയിട്ടുണ്ട്. ഇങ്ങു കേറുമ്പോ പറമ്പിൽ നിന്ന് ഒരു മൂട് കപ്പയും പിഴുതു.  തേങ്ങ അരച്ച മത്തിക്കറിയും കപ്പ പുഴുക്കും കഴിക്കാൻ ഒരു പൂതി തോന്നി പെണ്ണേ.. "

"ആ അതിനെന്താ ഉണ്ടാക്കാലോ." കൈയ്യിലെ സംഭാരം രാഘവേട്ടന് നൽകി മീനും കപ്പയുമായി സുധാമ്മ അടുക്കളയിലോട്ട് കേറി.

പുറത്ത് കളിച്ചു കൊണ്ടിരിക്കുന്ന പേരക്കുട്ടി അപ്പൂട്ടനെ അപ്പോഴാണ് രാഘവേട്ടൻ ശ്രദ്ധിച്ചത്.

"എന്താടാ നിൻ്റെ കയ്യില് ?"

" അടമാങ്ങയാണ് അപ്പൂപ്പാ. പത്തായപുരയില് അമ്മൂമ്മ പുളിയെടുക്കാൻ കേറിയപ്പൊ പുറകിലൂടെ കേറി ഭരണിയിൽ നിന്ന് ഒന്ന് രണ്ടെണ്ണം എടുത്ത് ഒറ്റ ഓട്ടം. ഭാഗ്യത്തിന് തല്ല് കിട്ടിയില്ല. അപ്പൂപ്പന് വേണോ.. "

" ഹ ഹ അപ്പൂപ്പന് വേണ്ട. പക്ഷെ അപ്പൂപ്പന് മക്കള് വെറ്റില ഇടികല്ലേൽ ഇടിച്ചു തരാമോ?"

"ഓക്കെ അപ്പൂപ്പാ" ഒറ്റയോട്ടത്തിന് വെറ്റില ചെല്ലം റെഡി. വെറ്റിലയിൽ ചുണ്ണാമ്പു തേച്ച് പാക്ക് തിരുകി ഇടികല്ലിൽ ചതച്ച ആ ചുവന്ന മിശ്രിതം പുകയിലയോടൊപ്പം കൈമാറി അപ്പൂപ്പനെ അവൻ അഭിമാനത്തോടെ നോക്കി നിന്നു.

"അസ്സലായി മക്കളെ. ഇനി മോൻ പോയി കളിച്ചോ."

ആ വലിയ പറമ്പിൻ്റെ ഒരറ്റത്ത് നിന്ന് അവൻ കളിക്കുന്നത് കാണാൻ തന്നെ നല്ല ശേല്. പല നിറത്തിലുള്ള പൂക്കളുടെ ഇടയിൽ ഒരു കുഞ്ഞു പൂവായ് അവനും.
അടുക്കളയിൽ നിന്ന് മത്തിക്കറിയുടെ മണം വന്നപ്പോൾ രാഘവേട്ടനങ്ങോട്ടൊന്ന് എത്തി നോക്കാൻ തോന്നി. അടുക്കളയോട് ചേർന്നുള്ള കിണറിൽ നിന്ന് മരുമകൾ  വെള്ളം കോരുകയാണ്. തെന്നിതെന്നി വെള്ളത്തുള്ളികൾ ഇറ്റിച്ച് കൊണ്ട് ഒരു ഞെരക്കത്തോടെ തൊട്ടി മുകളിലേയ്ക്ക് കേറി വന്നു.
"മോളേ, ഇത്തിരി വെള്ളം ഇങ്ങോട്ടൊഴിച്ചേ."

" അകത്ത് അനത്തിയ വെള്ളമുണ്ട് അച്ഛാ.. "

" വേണ്ടിതു മതി"
കൈക്കുമ്പിളിൽ നിറഞ്ഞൊഴുകുന്ന ആ ജലം മൊത്തി കുടിക്കുമ്പോൾ രാഘവേട്ടന് നല്ല മധുരം തോന്നി.

ആ ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന്‌ അടുക്കളയിൽ അടുപ്പിനടുത്തെത്തുമ്പോൾ അടുപ്പിലിരുന്ന് മത്തിക്കറി തിളച്ചു മറിയുകയാണ്.
" ഉപ്പും പുളിയും പാകാണോന്ന് നോക്കിയേ.." ഒരു തവിയിൽ മീൻ കറിയെടുത്ത് ചൂടാറ്റി സുധാമ്മ രാഘവേട്ടന് നൽകി.

"ആഹാ, എല്ലാം സമാസമം.. "
പുകയടുപ്പിൻ്റെ കരി സുധാമ്മയുടെ മുഖത്ത് നിന്ന് തുടച്ചെടുത്ത് കൊണ്ട് രാഘവേട്ടൻ പറഞ്ഞു.

"രാഘവേട്ടാ, എത്ര ശ്രമിച്ചാലും നിങ്ങടെ ഉള്ളിലെ പിടപ്പ് എനിക്കറിയാൻ പറ്റും.
കഴിഞ്ഞ ദിവസം അവൻ അത് പറഞ്ഞതു മുതലാന്നും അറിയാം. നമ്മുടെ മോനല്ലേ, പറഞ്ഞാൽ അവന് മനസ്സിലാവില്ലേ? നിങ്ങളിങ്ങനെ തീ വിഴുങ്ങിയ പോലെ നടക്കാതെ.. " ഉള്ളിലെ തേങ്ങൽ പുറത്ത് കേൾക്കാതെ അവൾ പറഞ്ഞു.

"പോടി പെണ്ണേ.. " കലങ്ങി തുടങ്ങിയ കണ്ണുകൾ അവളുടെ നോട്ടത്തിൽ നിന്നടർത്തി രാഘവേട്ടൻ അടുക്കളയിൽ നിന്നിറങ്ങി ഊണുമുറിയുടെ നേരെ നടന്നു. അമ്മയുടെ പ്രസവവേദനയുടെ സാക്ഷിയായ  പേറ്റു മുറിയുടെ മുമ്പിലൂടെ  കടന്ന് പോയപ്പോൾ അവിടെയിരിക്കുന്ന ചെറിയ ഗോവണിയുടെ മുകളിൽ കയറി തൻ്റെ അമ്മ മച്ചിലെന്തോ തിരയും പോലെ തോന്നി രാഘവേട്ടന്.  ഊണുമേശയുടെ ഒരു വശത്ത് ആ പേപ്പറുകൾ ഇരിപ്പുണ്ട്. മകളുടെ കല്യാണത്തിനായി വാങ്ങിയ കടത്തിന് പരിഹാരമായി ജനിച്ചു വളർന്ന വീടും പറമ്പും നൽകാനുള്ള സമ്മതപത്രം. പഴമയ്ക്കിന്ന് മോഹവിലയാണത്രെ റിസോർട്ടുകാർ പറഞ്ഞത്. അല്ല അവനിൽ തെറ്റൊന്നുമില്ല, എൻ്റെ കുട്ടിക്കും ആഗ്രഹമുണ്ടാവില്ലേ കടമെല്ലാം തീർത്ത് ഈ പട്ടിക്കാട്ടിൽ നിന്ന് രക്ഷപ്പെടാൻ.
അയാളോരോന്നോർത്തു കൊണ്ട് കോലായിലെ ചാരുകസേരയിൽ നിവർന്നു കിടന്നു. അപ്പൂട്ടൻ പറമ്പിലെ മാവിന് കല്ലെറിയുകയാണ്. ഒരു കുല മാങ്ങ വന്ന് പതിച്ചത് അയാളുടെ ഓർമ്മകളിലായിരുന്നു. വിളഞ്ഞ മാങ്ങ പത്തായപുരയിൽ നെല്ലിൽ പുഴ്ത്തി വച്ച് പഴുപ്പിക്കുന്നതും, അത് തങ്ങൾ സഹോദരങ്ങൾ പങ്കിട്ടെടുക്കുന്നതും, ചന്തയിൽ പോയി ചില്ലറ പൈസയ്ക്ക് ഓരോന്ന് വില പേശി വിൽക്കുന്നതുമെല്ലാം വെറുതെയോർത്ത് അയാൾ ചിരിച്ചു.

"ആശയോടെ മേടിച്ചു വച്ചിട്ട്, ഒന്നും കഴിച്ചില്ലല്ലോ.. " ഊണു വിളമ്പി കൊണ്ട് മേശയരിക്കിൽ നിന്ന് സുധാമ്മ കെറുവിച്ചു.
" ഇറങ്ങുന്നില്ലെടീ.. ഈ ഉരുള നീ കഴിയ്ക്ക്.. " സ്നേഹം കൂട്ടി കുഴിച്ച് രാഘവേട്ടൻ കൊടുത്തത് സുധാമ്മയ്ക്ക് തിരസ്കരിക്കാനായില്ല.
" അപ്പൂപ്പാ, എനിക്കും.." അപ്പൂട്ടനും കിട്ടി ഒരുരുള.

വീണ്ടും സമയമതിൻ്റെ വഴിയ്ക്ക് ആരേയും കാത്തു നിൽക്കാതെ പൊയ്ക്കൊണ്ടേയിരുന്നു. ഒരിക്കലും തമ്മിൽ കാണാൻ കഴിയാത്ത രാവിനും പകലിനുമിടയിൽ സന്ധ്യ വന്നു നിന്നു. കിണറിൻ്റെ തലയ്ക്കൽ ഭംഗി തൂകി നിൽക്കുന്ന ചെമ്പരത്തിപ്പൂക്കൾ വിളക്കിൻ്റെ തട്ടത്തിനു ചുറ്റും അത്തം തീർത്തിരുന്നു. പൂമുഖത്തെ ഉടമ്പറയുടെ മുകളിൽ നിന്ന് തൂങ്ങി കിടക്കുന്ന ഭസ്മച്ചട്ടിയിൽ നിന്ന് കുറി തൊട്ട്, കത്തുന്ന നിലവിളക്കിൻ്റെ ചുറ്റിലും അമ്മൂമ്മയും അപ്പൂട്ടനും പതിവു സന്ധ്യക്കാഴ്ച തീർത്തു.

അധികം വൈകാതെ അഖിലെത്തി. കുറച്ചു ദിവസങ്ങളായി, ചാരുകസേരയിൽ ചിന്താമഗ്നനായിരിക്കുന്ന അച്ഛനാണ് ഓഫീസു വിട്ടു വരുമ്പൊ സ്ഥിരം കാഴ്ച.
വന്നപാടെ അവനച്ഛൻ്റെ അരികിലിരുന്നു.
"അച്ഛാ, ഇത്തിരി വിഷമത്തിലായപ്പൊ അതാലോചിച്ചാലോ എന്ന് പറഞ്ഞൂന്നേയുള്ളൂ. കടലാസ്സുകൾ ശരിയാക്കി കൊണ്ടു വരാൻ അച്ഛനല്ലേ പറഞ്ഞത്. ഇത്ര വിഷമമാണേൽ വേണ്ടച്ഛാ.. നമുക്ക് വേറെ വല്ല മാർഗ്ഗവും നോക്കാം."

"ഏയ്, ഒന്നൂല മോനേ. ഇത്തിരി വിഷമമൊക്കെ ഉണ്ട്. പക്ഷെ എൻ്റെ മോനല്ലല്ലോ കുടുംബ മഹിമ കാണിക്കാൻ നിൻ്റെ അനിയത്തീടെ കല്യാണത്തിന് വേണ്ടി  അച്ഛനുണ്ടാക്കി വച്ചതല്ലേ ഈ കടമൊക്കെ.. മോൻ പോയി വല്ലതും കഴിയ്ക്ക്."

"രാഘവേട്ടാ.. കഞ്ഞിയെടുത്തു വച്ചിട്ടുണ്ട്.. അത്താഴ പഷ്ണി കിടക്കണ്ട. ഉച്ചയ്ക്കേ മര്യാദയ്ക്കൊന്നും കഴിച്ചിട്ടില്ല. " സുധാമ്മ വന്നു വിളിച്ചപ്പോ മറുത്തൊന്നും പറയാതെ കഴിച്ചു കഴിച്ചില്ല വച്ച് രാഘവേട്ടൻ മുൻവശത്തെ തിണ്ണയിൽ വന്നു  കിടന്നു.

" രാഘവേട്ടാ, തറയിൽ കിടന്ന് ഒന്നും വരുത്തണ്ട,  വന്നേ "

"ഞാൻ വന്നോളാം.. ഇതു പോലെ ഈ തറയുടെ തണുപ്പ് പറ്റി ഇനി എത്രനാൾ കിടക്കാൻ പറ്റുമെന്നറിയില്ലല്ലോ.. " കണ്ഠമിടറി ഇതു പറഞ്ഞൊപ്പിക്കുമ്പോൾ അനുവാദത്തിന് കാത്തു നിൽക്കാതെ രണ്ടു തുള്ളി അയാളുടെ കണ്ണുകളിൽ നിന്നുതിർന്നു വീണു. സുധാമ്മ കാണാതെ അയാളതു തൂത്തു മാറ്റി.
വേദനിച്ചെങ്കിലും അയാൾക്കാ സമയം അനുവദിച്ച് സുധാമ്മ അകത്തെ മുറിയിലേയ്ക്ക് പോയി.

രാത്രിയുടെ നിലാവിൽ അയാൾ മുറ്റത്തിറങ്ങി. നിറയെ നക്ഷത്രങ്ങളുള്ള ആകാശത്തിൻ്റെ കീഴിൽ തലയെടുപ്പോടു കൂടി നിൽക്കുന്ന തൻ്റെ വീടിൻ്റെ ചിത്രം കണ്ണിൽ അയാൾ വരച്ചിട്ടു. രാത്രിയോടി വന്ന കാറ്റ് കുളിരിനോടൊപ്പം ആ വീടിൻ്റെ സുഗന്ധവും  പകർന്നതായി അയാൾക്കു അനുഭവപ്പെട്ടു.
നിദ്രാദേവി അയാളോട് ഒട്ടും തന്നെ കനിഞ്ഞില്ല. പൂമുഖത്തെ ചുമരിൽ തൂക്കിയിട്ടിരുന്ന മാല ചാർത്തിയ അച്ഛനമ്മമാരുടെ എണ്ണഛായ ചിത്രം വീണ്ടുമാ ഗതകാല സ്മരണകൾ അയാളിലുണർത്തി. പണിക്കാരുടെ പ്രശ്നങ്ങൾക്ക് തീർപ്പു കൽപ്പിക്കുന്ന അച്ഛനും, കാർത്ത്യായനി ചേട്ടത്തിയും അമ്മയും ചായ്പ്പിലിരുന്ന് അരിയുമുഴുന്നും  അരയ്ക്കുന്നതും, കിണറ്റിലെ വെള്ളം ചൂടാക്കുന്ന പുറത്തെ  കുളിമുറിയിലെ വലിയ കരിപുരണ്ട കലത്തിനടിയിലെ ചാരത്തിൻ്റെ ഗന്ധവുമെല്ലാം രാഘവേട്ടൻ്റെ മുന്നിലൂടെ കടന്നു പോയി. പണ്ടു ആ വീട്ടിലിരുന്നു പറഞ്ഞ പല സംഭാഷണങ്ങളും അയാൾ പിറുപിറുത്തു കൊണ്ടിരുന്നു.

" അച്ഛൻ ഇവിടെ തന്നെ കിടന്നുറങ്ങിയോ?" രാവിലെ അഖിൽ ഉറക്കമെഴുന്നേറ്റു വന്ന്, അച്ഛൻ്റെയടുത്ത്‌ ചുമരിൽ ചാരിയിരിക്കുന്ന അമ്മയോടായി ചോദിച്ചു.

" ഉം. അച്ഛനുറങ്ങി മോനേ, ഇവിടെ തന്നെ കിടന്നുറങ്ങി... " അതു വരെ പിടിച്ചു വച്ച ഏങ്ങൽ പുറത്തു വിട്ടു കൊണ്ട് സുധാമ്മ വാവിട്ടു കരയാൻ തുടങ്ങി.

അകത്തെ ഊണുമേശയുടെ പുറത്ത് വെറ്റില ചെല്ലത്തിൻ്റെ അടിയിൽ വച്ചിരുന്ന സമ്മതപത്രത്തിലെ കയ്യൊപ്പും കണ്ണീരിലിത്തിരി പടർന്നിട്ടുണ്ടായിരുന്നു.