Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  ഒരു ക്ളീഷേ കഥ

ഒരു ക്ളീഷേ കഥ

പണ്ട് പണ്ട് പണ്ട് നടന്ന കഥയൊന്നുമല്ല. ഇത്തിരി പണ്ട്. അത്രേം മതി. വേറൊന്നുംകൊണ്ടല്ല. പറയാൻ പോകുന്നത് എന്നെക്കുറിച്ചാണ്. അപ്പോപ്പിന്നെ കൃത്യം വർഷവും തിയതിയും ഒക്കെ പറഞ്ഞാൽ ഞാൻ ന്യൂ ജനെറേഷൻ അല്ലാന്ന് ആരെങ്കിലും അപഖ്യാതി പറഞ്ഞാലോ. അതുപോലെ  തന്നെ ഇത് വല്യ പുതുമയൊന്നുമുള്ള കഥയുമല്ല. പലപ്പോഴും  പലവട്ടം പറഞ്ഞും കേട്ടും തഴമ്പിച്ച, പണിയെടുക്കാൻ മടിപിടിച്ച് ഉറക്കംതൂങ്ങിയിരിക്കുന്ന 'ഉച്ചകഴിഞ്ഞുകളിൽ' വിളിക്കാതെ കയറിവരുന്ന - ചിലപ്പോൾ തേടിപ്പിടിച്ചു ചെന്ന്  പിടിച്ചു വലിച്ചുകൊണ്ടുവരുന്ന ഒരുപിടി ക്ളീഷേ ഗൃഹാതുരത്വസ്മരണകൾ,  ഉള്ളിന്റെയുള്ളിൽ എവിടെയൊക്കെയോ ഒളിഞ്ഞിരിക്കുന്ന ടൈംലൈൻ ഒന്നുമില്ലാത്ത ചിതറിയ ചില ഓർമപ്പൊട്ടുകൾ.

 

അപ്പോൾപിന്നെ ഇത്തിരി വർഷങ്ങൾക്കു മുൻപ് ഒരു നട്ടപ്പാതിരക്ക് ഞാൻ ജനിച്ചു. കുറച്ചു ദിവസം കഴിഞ്ഞ് ആശുപത്രിയിലെ തിരക്കിൽ നിന്നും ജീപ്പും പിടിച്ച് ഞങ്ങൾ വീട്ടിലെത്തി. സത്യൻ അന്തിക്കാട് സിനിമകളിലൊക്കെ കാണുന്നതുപോലെയുള്ള പച്ചപ്പും ഹരിതാഭയും നിറഞ്ഞ നാട്ടിൻപുറം. തോടും കാടും മലയും, ബസും, ജീപ്പും, കുറെ കുറെ ആളുകളും, അവർക്കൊക്കെ പോകാൻ അമ്പലവും പള്ളിയും അവിടെയൊക്കെ ലൗഡ് സ്പീക്കറുകളുമുള്ള ഒരു വെറും സാധാരണ നാട്ടിൻപുറം. കൂട്ടത്തിൽ ജങ്ഷനിൽ  ചായക്കടയും പലചരക്കുകടയും. രണ്ടും ഓരോന്ന് വീതം.

 

 വീട്, മുറ്റം, മുറ്റത്തിന്റെ വലത്തേ മൂലക്ക് എപ്പോളും നിറയെ പൂക്കളുമായി  നിൽക്കുന്ന ഒരു എമണ്ടൻ ചെത്തി മരം. അതിൽ വന്നിരിക്കുന്ന പല പല നിറങ്ങളിലുള്ള പൂമ്പാറ്റകൾ, ചെത്തിയുടെ  ചുവട്ടിൽ നിന്നും കൃത്യം പന്ത്രണ്ട് കുഞ്ഞിക്കാലടികൾ ഇടത്തോട്ട് മാറി നിൽക്കുന്ന രാജമല്ലി, രാജമല്ലിയുടെ ചുവട്ടിൽ പടർന്നു കിടക്കുന്ന  മുല്ല, മുല്ലയുടെ ഇടയിലൂടെ ഒളിഞ്ഞു നോക്കുന്ന പിങ്ക് പൂവുള്ള ഏതോ ഒരു ചെടി. കാര്യം കുഞ്ഞാണെങ്കിലും ഇടയിൽ വിരിയുന്ന ആ പിങ്ക് പൂക്കൾ മുല്ലപ്പൂക്കൾക് പുതിയൊരു ഭംഗി കൊടുത്തിരുന്നു.   തൊടിയിൽ നിൽക്കുന്ന തെങ്ങും കവുങ്ങും മുരിങ്ങയും. തിണ്ണയിൽ ഇരുന്നു തെങ്ങുകളുടെ  ഇടയിലൂടെ ദൂരേക്ക് നോക്കിയാൽ കാണാൻ പറ്റുന്ന, എല്ലാ വർഷവും ഇഷ്ടം പോലെ മാങ്ങ തരുന്ന രണ്ട് കാട്ടുമാവുകൾ. അതിന്റെയും താഴെ മൺതിട്ട ഇറങ്ങിച്ചെന്നാൽ പറമ്പിന്റെ അതിരിൽ തോടാണ്. എപ്പോളും വെള്ളമുള്ള, മഴക്കാലത്ത് കവിഞ്ഞൊഴുകുന്ന, ഇഷ്ടം പോലെ മീനുകളുള്ള, കരയിൽ വളഞ്ഞ തെങ്ങുകളുള്ള, ഒരു കുഞ്ഞു കയമുള്ള, അന്നത്തെ എനിക്ക് വലുതായിത്തോന്നിയ, എന്നാൽ അധികം വലുതല്ലാത്ത ഒരു തോട്. അന്ന് ആ തോടിനു കുറുകെ ഒരു തടിപ്പാലം ആയിരുന്നു. ആരുടേയും കൈ പിടിക്കാതെ തനിയെ ആ പാലം കടന്നുവന്നാൽ യുദ്ധം ജയിച്ച സന്തോഷമാണ്. രാവിലെ ജോലിക്കു പോകുന്ന അച്ഛനും അമ്മയും തിരിച്ചു വരുന്നതും നോക്കി, ദൂരെയുള്ള ആ തടിപ്പാലത്തിലേക്കു കണ്ണുംനട്ട്, മുത്തശ്ശിക്കൊപ്പം കുഞ്ഞു ഗംഗ മണിക്കൂറുകളോളം വരാന്തയുടെ മൂലയ്ക്ക് നോക്കി നിൽക്കുമായിരുന്നു. ശ്ശെ ഗംഗയല്ല. കുഞ്ഞ് ഞാൻ. 

 

ഇതൊക്കെ എന്തിനാ ഞാൻ ഇവിടെ പറയുന്നേ എന്ന് ചോദിച്ചാൽ, കുറച്ച് മാസങ്ങൾക്ക് മുൻപ്, 'നഷ്ടസ്‌മൃതികളാം മാരിവില്ലിൻ വർണ്ണപ്പൊട്ടുകൾ' പെറുക്കിയെടുത്ത് റീൽസ്  ഉണ്ടാക്കാം എന്ന് വിചാരിച്ച് ഞങ്ങളൊരു യാത്രപോയി. യു പി സ്കൂൾ കാലഘട്ടത്തിനുശേഷം ഒരിക്കൽപ്പോലും തിരിച്ചുപോയിട്ടില്ലാത്ത ആ നാട്ടുവഴികളും തിരഞ്ഞ് ഇറങ്ങുമ്പോൾ ഹൃദയമുടിപ്പു കൂടുന്നുണ്ടായിരുന്നു. എത്രയോകാലത്തെ എന്റെ ഓർമകളാണ് - മറക്കാൻ സമ്മതിക്കാതെ കാലുപിടിച്ചു കൂടെ നിർത്തിയിരിക്കുന്ന ഓർമകളാണ് - വീണ്ടും കണ്മുന്നിൽ തെളിയാൻ പോകുന്നത് എന്നൊക്കെ വിചാരിച്ച് വിചാരിച്ച് കൂർക്കം വലിച്ചുറങ്ങിയ ഞാൻ കണ്ണ് തുറന്നത് "മ്മെ മ്മൾ എത്തിയോ....ഇദാണോ മ്മ പഞ്ഞ സലം"  എന്ന രണ്ടര വയസുകാരന്റെ തോണ്ടി വിളിച്ചുള്ള ചോദ്യം കേട്ടാണ്. 

 

പുറത്തേക്കു നോക്കിയ ഞാൻ "ഏയ് അല്ലട കുഞ്ഞാ.... ഇത് വേറെ എങ്ങാണ്ടാണ്‌...അമ്മ ഇച്ചിരി കൂടെ ഉറങ്ങട്ടെയെ" എന്നും പറഞ്ഞു കണ്ണടക്കുന്നതിനു മുൻപേ ഡ്രൈവിംഗ് സീറ്റിൽ നിന്നൊരു അശരീരി വന്നു. " കണ്ണ് തുറന്നു ഒന്നൂടെ ഒന്നു നോക്കിക്കെ".

 

ഞെട്ടൽ ഒന്ന്, രണ്ട്, മൂന്ന്. പിന്നീടങ്ങോട്ട് കുറച്ചു നേരത്തേക്ക് ഞെട്ടാൻ മാത്രമേ എനിക്ക് സമയം കിട്ടിയുള്ളൂ. 

 

"ഇത് ഏതു സ്ഥലം !!!". 

 

രണ്ടു മൂന്നു വട്ടം ഗൂഗിൾ മാപ്പ് എടുത്തു തിരിച്ചും മറിച്ചും തലകുത്തിയും നോക്കി. 

 

ഇല്ല, മാറ്റമൊന്നുമില്ല. ഇതുതന്നെ അത്. പക്ഷെ ഈ കാണുന്നതൊക്കെ എന്താന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ലല്ലോ എന്റെ ദൈവമേ. ഇനി അതും ഗൂഗിളിനോട് ചോദിക്കേണ്ടി വരുമല്ലോ. 

 

നിങ്ങൾക്ക് ഏറ്റവും അടുത്തറിയാം എന്ന് വിചാരിക്കുന്ന, ഹൃദയത്തിനോട് ചേർന്നുനിൽക്കുന്ന ഒരു സ്ഥലത്ത് തികച്ചും അപരിചിതനായി / അപരിചിതയായി പോകുന്ന ചില സന്ദർഭങ്ങളുണ്ടല്ലോ. വാക്കുകൾകൊണ്ട് പറഞ്ഞുതരാൻ അൽപ്പം പാടാണ്. ആ നിമിഷത്തിൽ ജീവിച്ചു തന്നെ അറിയണം. 

 

എന്തായാലും ഞെട്ടി ഞെട്ടി ഞങ്ങൾ അവസാനം ആ തോട് കണ്ടു പിടിച്ചു. തോട് ഉണ്ടായിരുന്ന സ്ഥലം എന്ന് പറയുന്നതാവും അൽപ്പം കൂടെ മര്യാദ. ഉണങ്ങി വരണ്ടു തുടങ്ങിയ ഒരു ചെറിയ ചാൽ. ഇരു വശങ്ങളിലും വലിയ കരിങ്കൽ മതിലുകൾ. ഒരുകാലത്ത്  ആ നാടിൻ്റെ പല തലമുറകളുടെ ദാഹം മാറ്റിയിരുന്ന, ഭക്ഷണം കൊടുത്തിരുന്ന, ഇരു കരയിലെയും നെൽപ്പാടങ്ങളെ ഫലപൂയിഷ്ടമാക്കിയുന്ന, ഒരുപാട് കുട്ടികളുടെ കളിസ്ഥലമായിരുന്ന ആ  പുഴയെ ആ നാട് തന്നെ ഞെരിച്ച് ഞെരിച്ച് കൊന്നു കളഞ്ഞു. 

 

മറ്റൊന്നുമുണ്ടായിരുന്നില്ല എനിക്ക് തിരഞ്ഞു പിടിക്കാനായി. ഓർമയിലെ നെൽപ്പാടങ്ങളിൽ റബ്ബർ മരങ്ങൾ തലയുയർത്തി നിന്നു. ഒരു മൺവഴി മാത്രമുണ്ടായിരുന്ന അന്നിൽ നിന്നും ഇന്ന് തലങ്ങും വിലങ്ങും ടാർ റോഡുകൾ. ഞങ്ങളുടെ വീട് നിന്നിരുന്നത് എന്ന് എനിക്ക് തോന്നിയ സ്ഥലം ഇന്നൊരു അലൂമിനിയം ഫാബ്രിക്കേഷൻ കടയാണ്. അത് തന്നെയാണോ എന്ന് യാതൊരു ഉറപ്പുമില്ല. എല്ലാം അത്രത്തോളം മാറിപ്പോയി. എന്തായാലും ആ കടയുടെ  വശത്തായി കൂട്ടിയിട്ടിരുന്ന മെറ്റൽ അവശിഷ്ടങ്ങൾക്കിടയിലൂടെ പുറത്തേക്കു തലനീട്ടിയ, കഷ്ടിച്ച് ഒരു അടി മാത്രം നീളമുള്ള ഒരു കുഞ്ഞ് ചെത്തി, അതിൽ ഒരു പൂങ്കുല, അത് എന്നെ നോക്കി കണ്ണിറുക്കുന്നതായി എനിക്ക് മാത്രം തോന്നി. പതിയെ ചെന്ന് ഇരു കൈകളും ചേർത്ത് പിടിച്ചു   ആ പൂക്കളെ തലോടി യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ, എല്ലാം ഒരിക്കൽക്കൂടി ഒരുനോക്കു കാണണം എന്ന എന്റെ ആഗ്രഹങ്ങൾ, എന്റെ ജീവിതത്തോളം പഴക്കമുള്ള ഓർമ്മകൾ, മാമ്പൂക്കളായി പൊലിഞ്ഞു പോയത് കണ്ട്, ചരിത്രാതീത കാലം മുതൽക്കേയുള്ള കണ്ടു മടുത്ത എല്ലാ ക്ളീഷേ സീനുകളിലെയും പോലെ എന്റെ കണ്ണും നിറഞ്ഞു. 

 

നമ്മൾ മാറുകയാണ്. അതിലും വേഗത്തിൽ നമ്മുടെ ചുറ്റുപാടുകളും മാറുകയാണ്. ഓർമകളിലെ നാട്ടുവഴികൾ, നമ്മൾ നടന്നു തുടങ്ങിയ ആ  പ്രിയപ്പെട്ട വഴികൾ, വഴിയോരത്തു കണ്ട കാഴ്ചകൾ, ഹൃദയത്തിൽ കുറിച്ചുവച്ച അടയാളങ്ങൾ,  ഒരുവട്ടം കൂടി ഒരുനോക്കുകാണാൻ ആഗ്രഹിക്കുന്ന  ആളുകളോടാണ് എനിക്ക് പറയാനുള്ളത്. 

 

പ്രിയപ്പെട്ട സുഹൃത്തേ. ദേ ഈ നിമിഷം ഇറങ്ങിക്കോളൂ. നാളത്തെ പ്രഭാതത്തിൽ ആ നാട്ടുവഴികൾ മണ്ണിട്ട് നികത്തപ്പെട്ടേക്കാം, ഓർമകളിലെ ചെത്തിമരങ്ങൾ മുറിച്ചു കളഞ്ഞേക്കാം, എപ്പോളോ കാൽ നനച്ചു കളിച്ച പുഴയോരങ്ങൾ കെട്ടിയടക്കപ്പെട്ടേക്കാം, അന്നത്തെ സൗഹൃദങ്ങൾ എന്നേക്കുമായി നഷ്ടപ്പെട്ടേക്കാം, തിരിച്ചു ചെല്ലുമ്പോൾ നമുക്കായി കാത്തിരിക്കുന്നുണ്ടാവും എന്ന് നമ്മൾ കരുതുന്ന ഓരോന്നും നമ്മളെ  വിട്ടകന്നുപോയിരിക്കാം. നാളെ തിരക്കുകൾഅവസാനിപ്പിച്ച്  അന്വേഷിച്ചു ചെല്ലുമ്പോൾ ചിലപ്പോൾ  നിങ്ങൾക്കു മുൻപിൽ ബാക്കിയാവുക എന്നോ മരിച്ച ഒരു പുഴയുടെ വറ്റിയ കണ്ണ്നീർച്ചാലുകൾ മാത്രമായിരിക്കും..