Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  നാഗമാണിക്യം

Pramod Chandran

IBS Softwares

നാഗമാണിക്യം

ദൂരെ ഏതോ മരത്തിൽ നിന്നും കൊള്ളിക്കുറവന്റെ ശബ്ദം കേൾക്കുന്നുണ്ട്. കൊള്ളിക്കുറവൻ കരഞ്ഞാൽ പിറ്റേന്ന് മരണ വാർത്ത കേൾക്കും എന്നാണു അമ്മമ്മ പറയാറുള്ളത്. ജനൽപാളികൾക്കിടയിലൂടെ നിലാവ് മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. കൊള്ളിക്കുറവന്റെ ശബ്ദം എന്നെ വല്ലാതെ പേടിപ്പിച്ചുകൊണ്ടിരുന്നു. ചുളുങ്ങി ചുരുങ്ങിയ അമ്മമ്മയുടെ ദേഹത്തേക്ക് ഞാൻ പറ്റിക്കൂടി. ആ ദുർബലമായ കൈകൾ എന്നെ ചുറ്റിപ്പിടിച്ചു. .. എന്നത്തേയും പോലെ..
ചില പുലരികൾ പിറക്കാതിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കില്ലേ .. ജീവിതം ഒരു ദിവസം പിറകിലേക്ക് പോയിരുന്നു എങ്കിലെന്ന് .. ആരോ ഒരാൾ വന്നു ജീവിതത്തിന്റെ ചില പേജുകൾ കീറി എറിഞ്ഞിരുന്നു എങ്കിലെന്ന് ..ഒരാൾ വന്നു ചില കാര്യങ്ങൾ മായ്ച്ചു കളഞ്ഞിരുന്നു എങ്കിലെന്നു.. ചിന്തകൾ കാടുകയറിയപ്പോൾ ഞാൻ അമ്മമ്മയുടെ കൈകൾ പതുക്കെ വിടുവിച് കട്ടിലിൽ നിന്നും എണീച്ചു.. ജനലരുകിലേക്ക് നടന്നു.. ജനാലയുടെ കർട്ടൻ മാറ്റി ഞാൻ പുറത്തേക്കു നോക്കി. തെക്കേപറമ്പിലെ രണ്ടു തെങ്ങിൻ തൈകൾ. അമ്മയും അച്ഛനും.. തൈകളുടെ നിഴലുകൾ വീടിന്റെ വരാന്ത വരെ എത്തിയിരുന്നു. ആ നിഴലുകളിൽ പിടിക്കാൻ ഞാൻ കൈ നീട്ടി.. കൈകളുടെ നീളം എന്നെ നിസ്സഹായയാക്കി. മറക്കാൻ ആഗ്രഹിക്കുന്ന പുലരിയിൽ വെള്ള പുതപ്പിച്ച രണ്ടു രൂപങ്ങൾ കോലായിലെ തിണ്ണയിൽ കിടക്കുമ്പോളും ആരോ പറയുന്നത് കേട്ടു .. ” ഇന്നലെ കൊള്ളിക്കുറവൻ കൂവുന്നത് കേട്ടപ്പോളെ വിചാരിച്ചതാ…”

ദൂരെ ഏതോ മരത്തിൽ നിന്നും ആ പക്ഷി പറന്നു പോകുന്നതു കേട്ടു .. ആ രണ്ടു തെങ്ങിൻ തലപ്പുകൾ നീണ്ടു വന്ന് എന്നെ കെട്ടിപ്പിടിച്ചു തഴുകിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.. വീണ്ടും കിടക്കയിൽ വന്നു കിടന്നു.. അമ്മമ്മയുടെ കൈകൾ എന്നെ ചുറ്റിപ്പിടിച്ചു.. “അമ്മമ്മ ഉറങ്ങിയില്ലേ… ” മറുപടി പറയാതെ ആ കൈകൾ എന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു… എപ്പോളോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു..

തറവാടിന്റെ ഒരു ഭാഗം വലിയൊരു സർപ്പക്കാവാണ്.. വന്മരങ്ങൾ തിങ്ങി നിറഞ്ഞ, മുകളിൽ നിന്നും വലിയ വള്ളികൾ താഴെ മുട്ടി നിൽക്കുന്ന, നട്ടുച്ച സമയത്തു പോലും ചീവീടുകൾ നിർത്താതെ ശബ്ദമുണ്ടാക്കുന്ന വലിയ ഒരു സർപ്പക്കാവ്.. നടുക്കുള്ള വലിയ കുളത്തിൽ നിറയെ പായലുകൾ. നാഗ പ്രതിഷ്ഠയിലേക്ക് എത്തുന്ന ചെറിയ വഴി.. അതിലൂടെ നടന്ന്‌ ഞാനും അമ്മമ്മയും എല്ലാ വൈകുന്നേരങ്ങളിലും സന്ധ്യാ ദീപം തെളിക്കാൻ പോകും.. വിളക്ക് വച്ച് തിരിഞ്ഞു നടക്കുമ്പോൾ എന്നും അമ്മമ്മ ഓർമപ്പെടുത്തി ” തിരിഞ്ഞു നോക്കണ്ട കുട്ടിയെ… ” വിളക്കു കാണാൻ നാഗരാജാവ് പുറത്തിറങ്ങി വരും എന്ന് ചെറുപ്പത്തിൽ അമ്മമ്മ എന്നെ വിശ്വസിപ്പിച്ചിരുന്നു.. നമ്മൾ തിരിഞ്ഞു നോക്കിയാ വരില്ലത്രേ..

ധനുമാസത്തിലെ കുളിരിൽ, കാവിലെ പാലപ്പൂക്കളുടെ മാദക ഗന്ധം പരക്കുമ്പോൾ തറവാട്ടിലെ മുറിയിൽ എന്നെ ചേർത്ത് കിടത്തി അമ്മമ്മ നാഗദൈവങ്ങളുടെ കഥകൾ പറഞ്ഞു കേൾപ്പിച്ചു.. നാഗമാണിക്യത്തിന് കാവലിരുന്ന നാഗരാജാവിന്റെ കഥ. കദ്രുവിനും വിനതക്കും ഉണ്ടായ നാഗങ്ങളുടെ കഥകൾ.. കൗതുകം കൊണ്ട് വിടർന്ന എന്റെ കണ്ണുകൾ ഇരുട്ടിലും അമ്മമ്മയെ തുറിച്ചു നോക്കി. അമ്മമ്മയെയും എന്നെയും രാത്രീയിലും കാത്തു രക്ഷിക്കുന്നത് നാഗരാജാവാണത്രേ.. ആ സംരക്ഷണത്തിന്റെ ആശ്വാസത്തിൽ ഞാനും അമ്മമ്മയും ആരെയും പേടിക്കാതെ കിടന്നുറങ്ങി..

പകൽ സമയങ്ങളിൽ അമ്മമ്മയുടെ കണ്ണ് വെട്ടിച്ചു ഞാൻ കാവിലേക്ക് സഞ്ചരിച്ചു.. അമ്മമ്മയുടെ കഥകളിൽ ഉള്ള വള്ളിപ്പടർപ്പുകളിൽ തൂങ്ങി ആടുന്ന നാഗരാജാവിനെ കാണാൻ.. സർപ്പക്കുളത്തിൽ നീരാടാൻ എത്തുന്ന സ്വർണ നിറമുള്ള നാഗരാജാവിനെ കാണാൻ. രാത്രി സമയങ്ങളിൽ ജനാലകൾ തുറന്നു വച്ചു ഞാൻ പുറത്തേക്കു നോക്കി നിന്നു .. അമ്മമ്മക്കും കൊച്ചു മകൾക്കും സംരക്ഷണം ഒരുക്കുന്ന നാഗരാജാവിനെ നേരിട്ട് കാണാൻ.. അന്തിത്തിരി കത്തിച്ചു വച്ച പുറകോട്ടു നടക്കുമ്പോൾ അമ്മമ്മ കാണാതെ ഞാൻ തിരിഞ്ഞു നോക്കി.. വിളക്കു കാണാൻ എത്തുന്ന സർപ്പത്താനെ കാണാൻ..

സർപ്പകോപം കൊണ്ടാണത്രേ അച്ഛനും അമ്മയും നേരത്തെ മരിച്ചത്.. പണിക്കർ കവടി നിരത്തി അങ്ങനെയാണ് പറഞ്ഞത്.. അതിനു ശേഷം എല്ലാ വർഷവും നാഗദൈവങ്ങൾക്ക് സർപ്പക്കളം വരച്ചു നൂറും പാലും നൽകി വന്നു.. പുള്ളോർക്കുടം പാടിയിരുന്നെങ്കിലും ആരും തുള്ളിയില്ല. എല്ലാ വർഷവും, ആരുടെയെങ്കിലും ശരീരത്തു സർപ്പം വന്നു തുള്ളി അനുഗ്രഹിക്കണമെന്നു അമ്മമ്മ ആഗ്രഹിച്ചു.. തറവാടിന്റെ ഭാവിയും ദോഷവും പറയുമത്രെ.. അമ്മമ്മ ആ പഴയ കഥകൾ പറഞ്ഞു തന്നിരുന്നു..എല്ലാ വർഷവും ഞാനും അമ്മമ്മയും അതിനായി കാത്തിരുന്നു. മറ്റു ബന്ധുക്കൾ വെറും കാഴ്ചക്കാർ മാത്രമായിരുന്നു..

ഉച്ച സമയങ്ങളിൽ ഞാൻ നാഗക്കാവിൽ പോയിരുന്നു.. കാടിനിടയിൽ ഇഴഞ്ഞു നീങ്ങുന്ന പാമ്പുകളെ നോക്കിയിരുന്നു.. നാഗമാണിക്യം തുപ്പുന്ന നാഗത്താനെ നോക്കി എന്റെ കണ്ണുകൾ ചിത്രകൂടത്തിലേക്കു നീണ്ടു.. എന്റെ കണ്ണുകൾ അവയോടു കഥ പറഞ്ഞു.. അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയ നാഗ ദൈവങ്ങളോട് ഞാൻ കലഹിച്ചു.. ആ കോപത്തിന് കാരണമായതിൽ പലവട്ടം ക്ഷമ ചോദിച്ചു.. ആ പ്രതിഷ്ഠയിൽ നിന്നും പുറത്തിറങ്ങി വന്നു സർപ്പ ദൈവം എന്നെ അനുഗ്രഹിക്കാൻ ഞാൻ ആഗ്രഹിച്ചു.. കണ്ണുകൾ പരതി നടന്നു.. ” അവിടേക്കു പോകരുതെന്ന് പറഞ്ഞിട്ടില്ലേ കുട്ടീ നിന്നോട്.. ” അമ്മമ്മയുടെ ശകാരം സ്ഥിരം പല്ലവിയായി..

മേടമാസം വന്നെത്തി.. സർപ്പക്കാവിൽ പൂജകൾക്കായി അമ്മമ്മ ഓടി നടന്നു.. പൂക്കൾ ഒരുക്കാനും, പൂജാ സാധനങ്ങൾ എത്തിക്കാനും .. ബന്ധുക്കൾ തറവാടിന് ചുറ്റും വെടിവട്ടം പറഞ്ഞിരുന്നു.. രാത്രീയുടെ അന്ത്യ യാമങ്ങളിൽ പോലും ഗ്ളാസുകളിൽ മദ്യം നുരഞ്ഞു പൊങ്ങി.. ഞാനും അമ്മമ്മയ്ക്കും ആ ചെറിയ മുറിയിൽ ഉറങ്ങാതെയിരുന്നു..

പുള്ളുവന്മാർ രാവിലെ തന്നെ എത്തി.. പുള്ളോർക്കുടം ശ്രുതി ചേർത്തു തുടങ്ങി.. അമ്മമ്മ രാവിലെ തന്നെ എണീച്ചു കുളിച്ചു വിലക്ക് കൊളുത്തി വച്ചു … നാഗരാജാവിന്റെ വലിയ കളം കാവിന്റെ മുറ്റത്തു തയ്യാറായി.. പല നിറങ്ങളിൽ തീർത്ത ആ കളത്തിലേക്ക് എന്റെ കണ്ണുകൾ പലതവണ എത്തി നോക്കി.. ഭക്തിയുടെ അന്തരീക്ഷം വീട്ടിൽ നിറഞ്ഞു നിന്നു ..

തറവാട്ടിലെ എല്ലാവരും കളത്തിനു ചുറ്റും വലതു വച്ചു .. പുള്ളോർക്കുടം പാടാൻ തുടങ്ങി.. ” നാഗരാജാവ് നല്ല നാഗ യക്ഷിയമ്മ….” .. അമ്മമ്മ തൊഴുകൈകളോടെ എന്നെ ചേർത്ത് നിർത്തി.. “പ്രാർത്ഥിച്ചോളൂ.. ഇത്തവണ നാഗരാജാവ് വരും.. ” അമ്മമ്മ പിറുപിറുത്തു..

എനിക്കും ചുറ്റും ദീപപ്രഭ വളർന്നു വന്നു.. ആ ദീപങ്ങൾ കൂടി ചേർന്ന് എന്റെ കണ്ണിനു മുന്നിൽ ഒരു ഗോളമായി.. ഞാൻ കണ്ണുകൾ അടച്ചു.. എനിക്ക് മുന്നിൽ തൊണ്ടയിൽ നാഗമാണിക്യവുമായി സ്വർണ നിറമുള്ള നാഗരാജാവ് പ്രത്യക്ഷപ്പെട്ടു.. കാലുകളിൽ വിറ പടരുന്നത് ഞാൻ അറിഞ്ഞു.. എന്റെ ചെവിക്കു ചുറ്റും ആർപ്പുവിളികൾ ഉയർന്നു.. സ്ത്രീകൾ കുരവയിട്ടു … എന്റെ കൈകളിൽ കുറെ പൂക്കുലകൾ ആരോ വച്ചുതന്നു.. ഉറക്കാത്ത കാലുകളോടെ ഞാൻ ആ കളത്തിലേക്ക് കയറി.. ചുറ്റും നടന്നു.. ഫണം വിടർത്തി ആടുന്ന നാഗരാജാവ് എനിക്ക് വഴി കാട്ടി.. അപ്പോളും പുള്ളോർക്കുടം പാടിക്കൊണ്ടിരുന്നു.. പുള്ളുവൻ പാട്ടിന്റെ ഈണത്തിനൊപ്പം എന്റെ കാലുകൾ ചലിച്ചു.. എന്റെ കണ്ണുകളിൽ നാഗരാജാവ് മാത്രം.. നാഗമാണിക്യം എനിക്കു തന്നു നാഗരാജാവ് എവിടെയോ മറഞ്ഞു.. ഞാൻ ബോധ രഹിതയായി  കളത്തിൽ വീണു.. കാവിലെ അന്തിത്തിരി അണഞ്ഞു..