Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  കടലാസുതോണി

Aparna Mohan

Tata Elxsi

കടലാസുതോണി

വിധിയുടെ തിരകളിൽ ഉയർന്നും താഴ്ന്നും എത്തിപ്പെട്ട തുരുത്തിൽ തിരിച്ചറിവ് നഷ്ടപ്പെട്ടയാൾ നിന്നു.മുൻ‌കൂർ നിശ്ചയിക്കപ്പെട്ടതും അപരിചിതവുമായ യാത്രയുടെ മധ്യാഹ്നത്തിൽ എത്തിയിരിക്കുന്നു എന്ന സത്യം മനസ്സിനെ തെല്ലും അസ്വസ്ഥമാക്കിയില്ല.തുടങ്ങുന്ന മാത്രയിൽ തന്നെ തിരികെ എത്തിക്കുന്ന കാലചക്രത്തിന്റെ സൂക്ഷ്മവും സങ്കീർണവുമായ കാന്തിക ശക്തിയെ ഭേദിക്കാൻ ആവുമെന്ന ആത്മവിശ്വാസത്തിൽ ചവുട്ടി നേടിയതെല്ലാം ഒരു കൈപ്പാടകലെ സ്വന്തമെന്നു അയാളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.

                                                          അതിജീവനത്തിന്റെ കരുത്തിൽ കൊരുത്തതാണീ ലോകമെന്നു പറഞ്ഞു ശീലിച്ചതും അതിനു പകരമെന്നോണം നഷ്ടപ്പെടുത്തിയ ബാല്യകൗമാര മാധുര്യങ്ങളും സ്വപ്നങ്ങളും മനസ്സിനെ മഥിക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ജീവിതത്തിന്റെ ആദ്യപടികളിൽ കാലിടറി വീണുപോകുമെന്നു വിധിച്ച നാളുകളിൽ നിന്നും തന്റേതായ കഴിവിനാൽ മാത്രം പിടിച്ചു കേറിയ മനസ്സസായിരുന്നു രവിയുടേത് . മനസ്സിൽ വരുന്ന ഏത് പേരിട്ടും വിളിക്കാം അയാളെ. പിന്നീടങ്ങോട് വിധിയാൽ തട്ടിത്തെറിപ്പിക്കപ്പെട്ട സൗഭാഗ്യങ്ങൾ ഒന്നൊന്നായി നേടാൻ വെമ്പൽ  കൊണ്ട് പരതി നടന്നപ്പോളും മാനുഷിക വിചാരങ്ങൾക്കോ മറ്റോ സ്ഥാനം നല്കാൻ  അയാൾ ആഗ്രഹിച്ചില്ല..ജനിച്ചുവീണ അനാഥത്വത്തിൽ നിന്നും സ്വപ്നം കണ്ട മാരിവില്ലുകളിലേക്കുള്ള ദൂരം മാത്രം അളന്നു തിട്ടപെടുത്തി ജീവിച്ചവൻ . മുന്നിൽ തെളിഞ്ഞ വഴികളും സ്വന്തമായി  വെട്ടിയുണ്ടാക്കിയവയും അതിലേക്കുള്ള പടവുകൾ മാത്രം ആയി മാറ്റിയവൻ. ഇന്നിൻറെ വിജയപ്രതീകമായി ചിലരാൽ വാഴ്ത്തപ്പെട്ടവൻ ..

                                                     അകത്തളങ്ങളിൽ പടരുന്ന ഇരുട്ടിന്റെ കാഠിന്യം ഏറി വരുന്നതായി അയാൾക്ക് തോന്നി.ചുറ്റുമുള്ളതിനെ ഒന്നും വേർതിരിച്ചു അറിയാനാകാത്ത വിധം അത് വർധിക്കുന്നതായും  തന്നെ ചുറ്റപെടുന്നതായും തോന്നി.ഇതുവരെ പരിചിതമല്ലാതിരുന്ന ഭയത്തിന്റെ നിഴൽ പാടുകൾ മനസ്സിൽ തെന്നി മായുന്നത് പോലെ.പിന്നിട്ട വഴികളിൽ ഒന്നും ഭയമെന്ന വികാരത്തിന് പ്രസക്തി ഉണ്ടായിരുന്നില്ല. സ്വന്തമായി സൃഷ്ടിച്ച തിരക്കുകളിലും കല്പിച്ചുണ്ടാക്കിയ ആദരവിലും ജീവിച്ചു തീർത്ത വഴികളിലേക്ക് അയാൾ എത്തിനോക്കാൻ ശ്രമിച്ചു .

                       ഇടതു നെഞ്ചിൽ കൊളുത്തിവലിച്ച വിധിയുടെ ചൂണ്ടയിൽ നിന്നും തെന്നി മാറാനുള്ള  തീവ്രശ്രമത്തിനിടയിൽ നീർകുമിളകളായി മിന്നിമാഞ്ഞവയിലൊന്നും ഒരായുഷ്കാലം അയാൾ താണ്ടാൻ ആഗ്രഹിച്ച ദൂരങ്ങൾ ഉണ്ടായിരുന്നില്ല.ചുടുനിണത്തിൻ്റെ ചുവപ്പിൽ അലങ്കരിച്ച പ്രതാപത്തിന്റെ പ്രൗഡി ഉണ്ടായിരുന്നില്ല.തലമുറകളായി പകർന്നു കിട്ടിയ ആഢ്യത്തത്തിന്റെ പെരുമ ഉണ്ടായിരുന്നില്ല.

                     ജീവിതത്തിന്റെ അഭ്രപാളികളിൽ നടത്തിയ പകർന്നാട്ടങ്ങളിൽ ചമയങ്ങളുടെ സാധ്യതകൾ ഏറിയപ്പോൾ  നഷ്ടപ്പെട്ടവയെല്ലാം അയാളുടെ കണ്ണുകളെ ഈറനുറ്റതാക്കി. അജ്ഞാതമായ മയക്കത്തിന്റെ അനന്തതയിലേക്ക് ഊർന്നിറങ്ങവേ അടർന്നു വീണ ആ കണ്ണുനീർ തുള്ളികൾക്ക്  എരിഞ്ഞു തീരാറായ പാഴ്കനലിന്റെ തീക്ഷണതയുണ്ടായിരുന്നു.