Skip to main content
banner
Srishti-2022   >>  Poem - Malayalam   >>  ഹാങ്ങ് ഓവർ

ഹാങ്ങ് ഓവർ

കറുത്ത ദ്രാവകം കുതിർത്ത രാത്രിയിൽ
മനസ്സ് കോപ്പയിൽ മറിഞ്ഞ് വീഴവേ
മുളക് തേച്ച വാക്കുകൾ കൊണ്ട് നീ
കരുണയില്ലാതെ കരൾ വരഞ്ഞതും
 
പൊരിച്ച മാംസം കടിച്ചെടുക്കു മ്പോൾ
കരിഞ്ഞ മണം മനം തുളക്കു മ്പോൾ
നീല ദ്രാവകം നുണഞ്ഞു കൊണ്ട് നീ
കഴിഞ്ഞ ഓർമ്മകൾ വറുത്തെ ടുത്തതും
 
പതഞ്ഞു പൊങ്ങിയ പഴയ സൗഹൃദം
നുണയുവാൻ ഞാൻ കൊതിച്ചു നിൽക്കവേ
പീത പീയൂഷം പകർന്നു കൊണ്ട് നീ
തലച്ചോറിനെ പകുത്തെടു ത്തതും
 
ലഹരി തീണ്ടിയ വ്യഥിത മാനസം
കറ പുരട്ടിയ കപട സൗഹൃദം
വ്യർത്ഥമാം വാക്കുകൾക്കക്കരെ യിക്കരെ
അർത്ഥമറിയാതെ പതറി നിന്നതും
 
കുടിച്ച് വീർത്ത വ്യാളീമുഖം കാണവേ
പുകഞ്ഞു തീർന്ന ധൂമപത്രം പാറവേ
നനഞ്ഞു പോയ സ്നേഹ പ്രകടനം
തീൻ മേശയിൽ പടർന്നു വീണതും
 
മുനിഞ്ഞു കത്തിയ നിയോൺ വെളിച്ചം
മണിപ്പന്തലിൽ നിഴൽ പരത്തവേ
പുള്ളോൻ കളം നിറഞ്ഞാടവേ
പകച്ചു നിന്നു കരിവണ്ടുകൾ മൂളിയ
രാത്രിയെന്ന കരിപൂശിയ കമ്പളം
 
അടുത്ത ദിവസം ഉണർന്നെണീ ക്കവേ
കടുത്ത നോവുകൾ തല പിളർ ക്കവേ
വ്രണിത സ്മരണകൾ ചികഞ്ഞെ ടുത്തു നീ
പകർത്തിയെഴുതിയ ദുരിത നാടകം
വിസ്മരിക്കുവാൻ വിഷം തിരയവേ
ഭ്രാന്ത ചിന്തകൾ തുളുമ്പി നിന്നൊരാ
സ്ഫടിക ഭാജനം ഒഴിഞ്ഞിരിക്കുന്നു