Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  ഗോദ്രയുടെ ബാക്കിപത്രങ്ങൾ

Jince Tom Varghese

Infosys Limited

ഗോദ്രയുടെ ബാക്കിപത്രങ്ങൾ

കനത്ത മഴയിലും ഞാൻ മുന്നോട്ടു നടന്നു കൊണ്ടേയിരുന്നു. ചുറ്റിലും ഉയരുന്ന അപൂർണങ്ങളായ ശബ്ദശകലങ്ങൾക്കു ചെവി കൊടുക്കാതിരിയ്ക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. എന്റെ മനസ്സിനെ അവ തെല്ലും അലട്ടിയില്ല എന്നു തന്നെ പറയേണ്ടി വരും. നെറ്റിയിലെ മുടിയിഴകളിൽ നിന്നും ഊർന്നിറങ്ങുന്ന വെള്ളത്തുള്ളികൾ പലപ്പോഴും എന്റെ കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു.

 

കടമ്മനിട്ടയുടെ വരികൾ ഞാൻ ആവർത്തിച്ചു ഉരുവിട്ടുകൊണ്ടേയിരുന്നു.

 

"നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ".

 

ജീവിച്ചു തീർത്ത നാളുകളെത്രയോ ... ഏയ് , തെറ്റിയോ. മരിച്ചു തീർത്ത നാളുകൾ എന്നു പറയുന്നതാകും ഉചിതം.

 

പ്രയാണമായിരുന്നു നാളത്രയും. ലക്ഷ്യമില്ലാത്ത പ്രയാണം. അഖണ്ഡ ഭാരതത്തിന്റെ നാലറ്റങ്ങളെയും കൂട്ടി മുട്ടിക്കാൻ ഉള്ള പ്രയാണം. സ്വയം പൊട്ടിച്ചിരിക്കാൻ തോന്നി. ഇതിനൊക്കെ നീ മതിയാകുമോ എന്ന സ്വയം വിമർശനം കേട്ടിട്ടാകും പിന്നെ അഖണ്ഡ ഭാരതത്തിന്റെ സുസ്ഥിര നില നില്പിനെ പറ്റി കൂടുതലൊന്നും ചിന്തിച്ചില്ല.

 

മഴ കുറച്ചു കുറഞ്ഞ പോലെ.അൽപം കൂടി വേഗത്തിൽ നടന്നുകൊണ്ടേയിരുന്നു. ഇനിയും ദൂരമെത്ര പോകാനുണ്ട്. ജീവിതത്തിന്റെ മൈൽക്കുറ്റികളിലൊക്കെയും എഴുത്തുകൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു.

 

വഴിയരികിൽ പലയിടത്തും കത്തിക്കരിഞ്ഞ ജഡാവശിഷ്ടങ്ങൾ കാണാം. ആർക്കൊക്കെയോ വേണ്ടപ്പെട്ടവർ. ഒന്നിനെയും കാണാതെ മുന്നോട്ടു പോകേണ്ടി വരിക എന്നത് ഏറെ ശ്രമകരമായ ഒരു കാര്യമാണ്.

 

ആരൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നത് കേൾക്കാം. " ഇതൊരു തുടക്കം മാത്രം ".

 

എങ്ങു നിന്നോ മുഹമ്മദ് റാഫിയുടെ ഒരു ഗാനം അവ്യക്തമായി കേൾക്കാമായിരുന്നു.

 

"ബഹാരോം ഫൂൽ ബർസാവോ .." മരണമില്ലാത്ത ഗാനങ്ങളിൽ ഒന്ന്. അച്ഛനും ഒരുപാടിഷ്ടമായിരുന്നു ഇത്. തന്നെ മടിയിലിരുത്തി മുഹമ്മദ് റാഫിയെ പറ്റി വാചാലനാകുന്ന അച്ഛൻ. പുകയില കറ പിടിച്ച പല്ലുകൾ പുറത്തു കാട്ടി അച്ഛൻ ചിരിക്കും. അച്ഛൻ ചിരികുമ്പോ എന്തോ വല്യ സന്തോഷമാണ് തനിക്കും.

 

എല്ലാം എത്ര പെട്ടെന്നാണ് മാറി മറിഞ്ഞത്, ജീവിതം എന്നൊന്ന് കരുപ്പിടിപ്പിക്കാൻ സ്വപനങ്ങളെ ഒക്കെ മറക്കേണ്ടി വന്നു. പല നാൾ പലയിടത്തും ചുറ്റിത്തിരിഞ്ഞു ഒടുവിൽ എത്തിച്ചേർന്നത് ഇവിടെ.

 

അന്ന് താനുമുണ്ടായിരുന്നു ഗോധ്രയിൽ, ആളിക്കത്തുന്ന അഗ്നി ജ്വാലകൾക്കിടയിൽ പച്ചമാംസം വേവുന്ന ഗന്ധം തലച്ചോറിനുള്ളിൽ ഇപ്പോഴും ചുറ്റിത്തിരിയുന്നു, ഇപ്പോഴെങ്ങും പിൻവാങ്ങാൻ താല്പര്യം ഇല്ലെന്ന മട്ടിൽ. എങ്ങനെയൊക്കെയോ തിരികെ മുറിയിൽ എത്തിച്ചേർന്നതും അച്ഛനൊരു കത്തെഴുതി.

 

പ്രിയ അച്ഛാ,

ഇവിടെ ഇനി വയ്യ. എന്തൊക്കെയോ സംഭവിക്കാൻ പോകുന്ന പോലെ. മറ്റെവിടേക്കെങ്കിലും പോയെ തീരു.

 

ഇത്ര മാത്രമേ എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞുള്ളു. മനസ്സ് മരവിച്ചിരുന്നു.

 

എങ്ങനെ എങ്കിലും പോയെ തീരു. കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കണോ? മനസ്സ് തുലാസിൽ കിടന്നു അങ്ങോട്ടുമിങ്ങോട്ടും ആടുന്ന പോലെ. അധിക ദിവസങ്ങൾ ഒന്നും കാക്കേണ്ടി വന്നില്ല. അതിനു മുൻപേ അപലക്ഷണങ്ങൾ കണ്ടു തുടങ്ങി. രഹസ്യ കൂടിയാലോചനകൾ. വിജനമാകാൻ തുടങ്ങുന്ന തെരുവുകൾ. എവിടെ ഒക്കെയോ എത്തിപ്പെടാനെന്ന പോലെ പരക്കം പായുന്ന ആളുകൾ.

 

ഒടുവിൽ നാലു ദിവസങ്ങൾക്കു ശേഷം അവ്യകതമായ നിലവിളികൾ കേട്ട് തുടങ്ങി. പിന്നൊന്നും ആലോചിച്ചില്ല. കൈയിൽ കിട്ടിയതെല്ലാം എടുത്ത് ചാടിയിറങ്ങി. അത് പക്ഷെ എങ്ങും എത്തിപ്പെടാൻ പോകുന്നില്ലാത്ത ഒരു യാത്രയുടെ തുടക്കമായിരുന്നു അത് എന്ന് അന്ന് മനസ്സിലാക്കാൻ പറ്റിയില്ല.

 

ദിവസങ്ങളായി ഈ തെരുവുകളിൽ കിടന്നു ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട്. എങ്ങോട്ടു തിരിഞ്ഞാലും അഗ്നി ജ്വാലകൾ മാത്രം. ഒന്നും നേടാനില്ലാത്ത ഹതഭാഗ്യരുടെ നിലവിളികൾ മാത്രം. ഉച്ചത്തിലുള്ള കൊല വിളികളും അട്ടഹാസങ്ങളും മാത്രം.

 

എങ്ങനെയും അച്ഛന്റെ അടുത്ത എത്തുക, എന്നു മാത്രമേ ഇപ്പോൾ മനസ്സിലുള്ളു. പക്ഷെ എങ്ങനെ. മാർഗ്ഗങ്ങൾ ഒന്നുമില്ല. എന്തും വരട്ടെ എന്ന് കരുതി മുന്നോട്ട് നടന്നു.

 

ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ഒരു കൂട്ടം ആളുകൾ അതാ മുൻപിൽ. അവർക്കു മറ്റൊന്നും അറിയണ്ട, എന്റെ മതം മാത്രം. ഞാൻ പറഞ്ഞത് ഒന്നും അവർ വിശ്വസിക്കുന്നില്ല.

 

അവർ മുൻവിധി എഴുതി. ഇതാണ് നിന്റെ തെരുവ് എങ്കിൽ നിന്റെ മതവും ഇത് തന്നെ. കൂടുതൽ കേൾക്കാൻ അവർ നിന്നില്ല. ഒരാളുടെ കയ്യിലിരുന്ന വാൾ എന്റെ നെഞ്ചിൽ ഒരു ചിത്രം വരച്ചു.

 

നിലത്തേയ്ക്കു വീഴുമ്പോഴും എന്റെ മനസ്സ് നിറയെ മുഹമ്മദ് റാഫിയെ പറ്റി സംസാരിക്കുന്ന അച്ഛനായിരുന്നു. പിന്നെ അച്ഛനു ഞാൻ എഴുതിയ കത്തിൽ എഴുതാൻ വിട്ടുപോയ ഒരു വരിയെ കുറിച്ചുള്ള ഖേദവും.

 

അതിത്ര മാത്രമായിരുന്നു.

 

"അച്ഛാ, എന്തു വന്നാലും തെക്കേ പറമ്പിലെ മാവു വെട്ടരുത്. അതിന്റെ മാമ്പഴത്തിനു നല്ല മധുരമാ"