Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  ഫസ്റ്റ് ഡേറ്റ്

Pranav Harikumar

Infosys

ഫസ്റ്റ് ഡേറ്റ്

ക്യാനഡക്കാരി പെണ്ണിന്റെയും കൊച്ചിക്കാരൻ പയ്യന്റെയും ഫസ്റ്റ് ഡേറ്റിങ്ങാണിന്ന്.
പയ്യൻ പ്രസ്തുത സ്ഥലത്തെ പ്രധാന പത്രത്തിന്റെ ജേർണലിസ്റ് കം കോളമിസ്റ്റ്.
പെണ്ണ് കേരളത്തെ സ്നേഹിക്കുന്ന പാവം ക്യാനഡക്കാരി. വളക്കൂറുള്ള പ്രസ്തുത രാജ്യത്ത് പഠിപ്പും പണിയും ചെയ്യാൻ വിധിക്കപെട്ടവൾ .
പരസ്പരമുള്ള ആദ്യ കണ്ടുമുട്ടലും ആദ്യ ഡേറ്റിംഗും ഒരുമിച്ചാകുന്നു എന്ന എക്സ്ക്ലൂസിവിറ്റി കൂടിയുണ്ട് ഈ ദിവസത്തിന്.
സർവ്വോപരി പണച്ചാക്കും,പാലാക്കാരിയുമായ  "സലോമി മിഷേൽ അൽഫോൻസോ" എന്ന തന്റെ കടുത്ത  ആരാധികയെ കാണാൻ പയ്യനും ,
"പി.കെ " എന്ന നാമത്തിൽ പ്രശസ്തിയാർജ്ജിച്ച   രാഷ്ട്രീയ നിരീക്ഷകനും  വർത്തയ്ക്കപ്പുറം വായനക്കാരന്റെ ചിന്തകൾക്ക് തീകൊളുത്താൻ പൊട്ടൻഷ്യലുമുള്ള  ജേര്ണലിസ്റ്റിനെ കാണാൻ പെണ്ണും കഴിഞ്ഞ ഒരു മാസമായി തയ്യാറെടുക്കുകയായിരുന്നു.

രാവിലെ  കൃത്യം  ഒമ്പതിന്  തന്നെ  പെൺകിളി  കൊച്ചിയിൽ പറന്നിറങ്ങി .
പുറം കവാടത്തിനരികിലായി രണ്ടു ചിരിക്കുന്ന കണ്ണുകൾ അവൾക്ക് സ്വാഗതം പറയുന്നുണ്ടായിരുന്നു .
'പി.കെ' എന്ന് ഉറക്കെ വിളിച്ച്  അവൾ  അവന്റെ അരികിലെത്തി .
ആദ്യം തന്നെ പ്രസാധകനെ അടിമുടി നോക്കി ഒരു കാനേഡിയൻ ആലിംഗനം വെച്ചുകൊടുത്തു.
പി.കെ  സന്തോഷപൂർവം അത്  കൈപറ്റി .
സൊ.. ഹൌ വാസ് ദി  ജേർണി ? ഈസ് എവെർത്തിങ് ഗുഡ് ??..
പി.കെ  യുടെ ഗതികേടിന്റെ  ആംഗലേയം അവൾക്ക് ദഹിച്ചില്ല.
നോക്കൂ  പി.കെ ..ഈ വൃത്തികെട്ട ഭാഷയുടെ വീർപ്പുമുട്ടലിലാ ഞാൻ നിന്നെ കാണാനും ,നാട് കാണാനും വന്നത് .
എനിക്ക് നിന്നിൽ നിന്ന് കേൾക്കേണ്ടത് നിന്റെ മലയാളമാ ..എന്നെ നിന്നിലേക്കടുപ്പിച്ച   മലയാളം .
ചെറിയൊരു ഞെട്ടലിൽ അത് കേട്ടെങ്കിലും വലിയൊരു ദീര്‍ഖനിശ്വാസത്തില്‍ ആംഗലേയം എന്ന വലിയ ഭാരം പി.കെ  മനസ്സിൽ നിന്നിറക്കി.
ഇന്നേദിവസം തന്റെ വായിൽ നിന്ന് അവൻ പുറത്ത് ചാടില്ലെന്നു  സലോമിക്ക് ഉറപ്പുകൊടുത്തു .
ഇരുവരും വചനത്തിനു തിരിയിട്ട്   പുറത്തേക്കിറങ്ങി .
പി.കെ ..ആദ്യമെങ്ങോട്ട് ? സലോമി ചോദിച്ചു .
ക്യാനഡയെ അപേക്ഷിച്ചു കൊച്ചിയിൽ   ആരെയും മോഹിപ്പിക്കുന്ന ഒരുപാട് കാഴ്ചകളുണ്ടെന്നു കേട്ടിട്ടുണ്ട് ! അവൾ കൂട്ടിച്ചേർത്തു .

തലേന്ന് കൊച്ചി വേഴ്സസ് കാനഡ എന്ന തലകെട്ടിൽ നടത്തിയ റിസർച്ച് മെറ്റീരിയൽസ് നിരത്താൻ പി.കെ-യുടെ വായ  കൊതിച്ചു .
ആമുഖമായി പഠിച്ചു  വെച്ച  " കൊച്ചി കണ്ടവന് അച്ചി വേണ്ടാന്നുള്ള "  പഴമൊഴി മുഴുവനായും പി.കെ  വിഴുങ്ങി .
കാരണം ,എത്ര മെനക്കെട്ടാലും  ഇവളെ  തന്റെ അച്ചി ആക്കണമെന്ന് അയാൾ അതിനകം മനസ്സിൽ ഉറപ്പിച്ചു  കഴിഞ്ഞിരുന്നു .
പി കെ ടാക്സിക്ക് കൈ കാണിച്ചു.
ഇരുവരും അടങ്ങിയ ടാക്സി എയർപോർട്ട് റോഡ് ബേദിച്ച്  പെരിഗ്രിന്‍ ഫാൽക്കനെ  അനുസ്മരിപ്പിക്കും വിധം പറന്നു .
സൈഡ് വിൻഡോയിലൂടെ ചൂട് കാറ്റ് മുഴവനായും അവളുടെ മുഖത്ത്  വന്നു പതിച്ചു .
അവളുടെ മുഖം തിളങ്ങി .അവളുടെ  മുടിയിലൂടെ ആ കാറ്റിന് ജീവന് വെക്കുന്നത് പി.കെ കണ്ടു .

 
അടിക്കുമെന്നു 90 ശതമാനം ഉറപ്പുള്ള ഒരു ബമ്പർ ടിക്കറ്റ് എടുക്കുന്ന ലാഘവത്തോടെ  പി.കെ  സലോമിയെ  പാട്ടിലാക്കാനുള്ള  എല്ലാ വിദ്യകളും തന്നാലാവും വിധം പ്രയോഗിച്ചു .
മതം തനിക്കൊരു വിഷയമേ അല്ലെന്ന ലൈനിൽ ആദ്യം തന്നെ മലയാറ്റൂര്‍ പള്ളിയിലേക്ക് വെച്ച് പിടിച്ചു .
അവിടുന്ന് നേരെ പ്രണയ ഭാവം വിടർത്തി  സുഭാഷ് പാർക്കിലൂടെ ഐസ്ക്രീമും നുണഞ്ഞുകൊണ്ടൊരു   വലം വെയ്പ്പ്.
ഉച്ചയൂണ് ഗ്രാൻഡ് ഹോട്ടലിൽ ബുക്ക് ചെയ്തു (ഒട്ടും കുറച്ചില്ല) .സ്വതവേ അറുപിശുക്കനായ പി.കെ  ഭക്ഷണ കാര്യത്തിൽ കാശ് ഏതെല്ലാം വിധവും പറപ്പിക്കും .
സലോമിക്ക്  സ്പെഷ്യൽ  ദം ബിരിയാണി , പി.കെ  തന്റെ പ്രിയ ഭക്ഷണം പൊറോട്ടയും ബീഫിലും അഭയം പ്രാപിച്ചു  .
കാര്യം ഡേറ്റിംഗ് ലഞ്ച് ഒക്കെ തന്നെ പക്ഷെ , ഓർഡർ ചെയ്‌ത ഐറ്റംസ് ടേബിളിൽ വന്നാൽ പിന്നെ അവനെ അകത്താക്കും വരെ  നോ ഡിസ്കഷൻ .അതാണ് പി.കെ യുടെ ശാപ്പാട്ട് നിയമം.
യുദ്ധം തുടങ്ങി .സലോമി ബിരിയാണിയുടെ മണവും ഗുണവും വേർതിരിക്കുമ്പോളേക്കും പി.കെ മുന്നിലെ പൊറോട്ടയെ പിച്ചി ചിന്തി എടി പിടിന്നു  ബീഫിൽ  കുളിപ്പിച്ചു  ശാപ്പിട്ടു കളഞ്ഞു .
പ്ലേറ്റ് അപ്പടി ക്ലീൻ .കൃത്യം കണ്ട സലോമി മനസ്സറിഞ്ഞു   ചിരിച്ചു .

ഉച്ചതിരിഞ്ഞു ഒരു ചരിത്ര ക്ലാസ്സെന്നവണ്ണം ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം സന്ദർശിക്കാനായിരുന്നു  സലോമിയുടെ താല്പര്യം.ഉറക്ക ചടവോടെ ആണെങ്കിലും കലർപ്പില്ലാത്ത പോർട്ടുഗീസ്-കൊച്ചി ചരിത്ര ബന്ധങ്ങൾ പി.കെ  വിവരിച്ചു.
ഉച്ചതിരിഞ്ഞുള്ള ഉശിരൻ ചായ മറൈന്‍ ഡ്രൈവിലാക്കി.
കാനേഡിയൻ കടൽ കണ്ടു മരവിച്ച അവളെ ഫോര്‍ട്ട് കൊച്ചി ബീച്ച്  കാണാൻ  വിളിക്കുമ്പോൾ ചെറിയൊരു ചളിപ് പി.കെ  യ്ക്ക് തോന്നിയെങ്കിലും  അറബിക്കടലിന്റെ റാണി തന്നെ കാത്തോളുമെന്നു   പി.കെ പ്രത്യാശിച്ചു  .
സലോമി പി.കെ യുടെ കൈ പിടിച്ചു കടലിന്റെ ആഴങ്ങളിലേക്ക് നടന്നു .
തീരത്തെ  കാഴ്ചകൾ അവളെ ആഴത്തിൽ  സ്വാധീനിക്കുന്നതായി പി.കെ  യ്ക്ക് അനുഭവപെട്ടു .
അവൾ സൂര്യനെ നോക്കി കരഞ്ഞു .
ഈ സൂര്യൻ ഈ ആഴങ്ങളിൽ പതിക്കുന്ന വരെയേ എനിക്കീ മണ്ണിൽ ആയുസൊള്ളു ..
അതെന്ത് വർത്തമാനമാ ..? പി.കെ  അധികാരത്തോടെ ചോദിച്ചു .
 കാര്യം ഒരു വിദേശ മലയാളി തന്നെയാ നീ ..എങ്കിലും നിന്റെ സ്വാതത്ര്യമല്ലേ നിന്റെ ജീവിതം .
കുടുംബക്കാർ നാട്ടിലേക്ക് ഇല്ലെങ്കിൽ വേണ്ട ..നിനക്കു ഇവിടെ വന്നു ജീവിച്ചൂടെ. പി.കെ  അവളുടെ കണ്ണീരൊപ്പി .
"ഒരു പെണ്ണിനെ സംബദ്ധിച്ച്  എല്ലാ  സ്വാതന്ത്ര്യത്തിനും  ഒരു പകൽ മാത്രമല്ലെ ആയുസ്സ് ? ?" സലോമി ചോദിച്ചു
പി.കെ ഒന്നും മിണ്ടിയില്ല .
ഫ്ലൈറ്റിനു സമയം ആകുന്നു നമ്മുക്ക് തിരിക്കാം ..സലോമി വിങ്ങികൊണ്ട് പറഞ്ഞു.

ഇരുവരും മനസ്സില്ലാമനസ്സോടെ  ടാക്സിയിൽ കയറി .
കൊറേ നേരം പരസ്പരം ഒന്നും മിണ്ടിയില്ല ..അവളുടെ ആ ചോദ്യത്തിന് മുന്നിൽ  പി.കെ ആകെ അണഞ്ഞ മട്ടായി. തന്നെ ഇഷ്ടപ്പെട്ടോ ? എന്ന് പോലും ചോദിക്കാൻ മുതിരാനാവാത്ത  ഒരു മാനസികാവസ്ഥ.
ഒരുപക്ഷെ ഒരു ഒത്തുചേരലിനപ്പുറം  ഫസ്റ്റ് ഡേറ്റിംഗ് എന്നതുകൊണ്ട് അവൾ ഒന്നും ഉദ്ദേശിച്ച കാണില്ലേ ..എന്ന സംശയത്തിലായി അയാൾ .
സൂര്യൻ അതിനകം ആഴങ്ങളിലേക്ക്  പതിച്ചിരുന്നു  .ഇരുട്ട്  അവന്റെ കണ്ണിലേക്ക് ആഴ്ന്നിറങ്ങി .
ആദ്യമായി  നേരിൽ കാണുമ്പോൾ ചോദിക്കാൻ വെച്ചൊരു ചോദ്യമുണ്ട് .സലോമി പി.കെ യോടായി പറഞ്ഞു.
വലിയ ഭാരമുള്ള ചോദ്യമാണോ ? പി.കെ  ചിരി ഉയർത്തി.
പേടിക്കണ്ട ! ഈ ടാക്സിക്ക് താങ്ങാൻ പറ്റുന്ന ഭാരമേ കാണു .
പി.കെ  മേലോട്ട് തലയെറിഞ്ഞ് ഒറക്കെ ചിരിച്ചു .
കേൾക്കട്ടെ ..ആ ഭാരിച്ച ചോദ്യം !
നല്ല രാഷ്ട്രീയ സാമൂഹിക നിരീക്ഷകൻ ,എഴുത്തിലൂടെ ഒരുപാട് പേരെ സ്വാധീനിക്കാൻ കെൽപ്പുള്ള ഒരാൾ ഇതിലെല്ലാം ഉപരി ഞാൻ പി.കെ  എന്ന  സാധാരണക്കാരനെ  അടുത്തറിഞ്ഞപ്പോൾ..  
ശരിക്കും ഒരു പാഷൻ  കൊണ്ട് ഇതിനു പുറകെ ഇറങ്ങി തിരിച്ച ഒരാളായിട്ട് എനിക്ക് പി.കെ യെ  തോന്നിയിട്ടേ.. ഇല്ല.
സത്യമായിട്ടും  ഈ ഫീൽഡ് ആഗ്രഹിച്ചു വന്നതാണോ ? എന്താ ഇതിനു പുറകിൽ ഉള്ള ഒരു തീ ?

വെറും ഒരു  കോളമിസ്റ്റിന്റെ  ആരാധിക മാത്രമല്ല തനിക്കൊപ്പം യാത്ര ചെയ്യുന്നത് , എവിടെയൊക്കെയോ  ഇവൾക്കെന്നെ മനസിലായിരിക്കുന്നു.
മുഴുവനായും പിടി കൊടുത്താൽ ആ നിമിഷം  തന്റെ അന്ത്യം .പി.കെ സ്വയം പറഞ്ഞു .


എന്തുമാവട്ടെ കള്ളം പറയാൻ അയാൾക്ക് തോന്നിയില്ല !

കേട്ടോ സലോമി ... എന്റെ അച്ഛൻ  ഒരു  മണ്ടനായ ജനപ്രതിനിധിയുടെ രാഷ്ട്രീയ ഉപദേശകനായിരുന്നു .ആ മണ്ടന്  കാലക്രെമേണ ബുദ്ധി വെച്ചപ്പോൾ  അച്ഛന്റെ പണി തെറിച്ചു .പാർട്ടി മാറി ജോലി തേടാൻ അച്ഛനൊട്ടു പോയതുമില്ല . അങ്ങനെ പൊട്ടി പാളീസായ അച്ഛനെ കണ്ടു രാഷ്ട്രീയം പഠിച്ച ആളാണ് ഞാൻ .
പിന്നെ ,പണമില്ലായിമയുടെ ആ പൊതുബോധമാണ് നേരത്തെ ചോദിച്ച ..ആ.... തീ !
സലോമി കരുതുംപോലെ നേരായ  ഒരു പത്രപ്രവർത്തക ജീവിതമല്ലെനിക്കുള്ളത് .20 ശതമാനം സത്യവും ,50 ശതമാനം കള്ളവും 30 ശതമാനവും ഭാഗ്യവും കൊണ്ട് മാത്രമാ എന്റെ ഓരോ ദിവസവും  മുന്നോട്ട് പോകുന്നത് .
നീ കുറച്ച്  മുന്നേ പറഞ്ഞ ആ  'പകലിന്റെ സ്വാതന്ത്ര്യം ' .അത് ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ലാത്ത വെറുമൊരു  സാധാരണക്കാരൻ മാത്രമാ ഞാൻ .
ഒരു ആരാധികയോടുള്ള കുറ്റസമ്മതമല്ല. ഈ തൊഴിൽ ആഗ്രഹിച്ചു ചെയുന്നതല്ല!! വല്ലാത്തൊരു ഗതികേടിന്റെ വയറ്റിപ്പാടാണ് എനിക്ക് പത്രമെഴുത്ത് .
അവളുടെ  കണ്ണുകളിൽ അയാളുടെ മുഖം ആഴത്തിൽ പതിഞ്ഞു.
എയർപോർട്ടിന്  മുന്നിൽ ടാക്സി  ബ്രേക്ക് ഇട്ടു നിർത്തി .
സലോമി മനസ്സ് നിറഞ്ഞു ആശ്വാസത്തിന്റെ കരങ്ങൾ അവനിലേക്ക്‌ നീട്ടി .
നിർവികാരനായി അയാൾ അവൾക്ക് യാത്ര പറഞ്ഞു .
പി.കെ തന്റെ പെർഫോമൻസിനുള്ള മാർക്ക് പ്രതീക്ഷിച്ചു മാത്രം തുടങ്ങിയ  ഈ ദിവസം അവസാനിക്കുന്നത്   വിലമതിക്കാനാവാത്ത എന്തെക്കെയോ മുല്യങ്ങളോട് കൂടിയാണെന്ന സത്യം അയാൾ തിരിച്ചറിയുന്നു.
"പൊരുത്തം മാത്രമല്ല ജീവിതം" എന്ന പിറ്റേന്നത്തെ  പത്രത്തിന്റെ എഡിറ്റോറിയൽ കോളം അത് സാക്ഷ്യപ്പെടുത്തി.