Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  ഭയം

Elixir Vasundharan

RR Donnelley

ഭയം

"അന്ന് സ്കൂളിന്റെ പുറകിൽ ഒരു പറമ്പ്  ഉണ്ട്..  അത് വഴി വന്നാൽ പെട്ടെന്ന് വീടെത്താം നമ്മൾ രണ്ടൂന്നു പേരുണ്ട് നമ്മൾ എന്നും ഉച്ച ആകുമ്പോ അതുവഴി ചാടി ഓടി വന്നു വീട്ടീന്ന് ചോറും തിന്നിട്ടൊക്കെ പോകും... വെള്ളിയാഴ്ച കൊച്ചുങ്ങൾ അത് വഴി പൊക്കൂടന്നു വലിയണ്ണനും അമ്മയും ഒക്ക പറഞ്ഞിട്ടൊണ്ട് നമ്മൾ അതൊന്നും ശ്രെദ്ദിക്കൂല്ല... വരും.. തിന്നും.. പോകും.." 

 

മക്കൾക്കു ഉറക്കം വരുന്നാ...?

കഥ കേട്ടോണ്ട് കിടന്ന മോനോട്  അയാൾ ചോദിച്ചു.. 

 

"ഉച്ചക്കും പൊക്കൂടെ..?"..മോന്റെ സംശയത്തിന് പൊക്കൂടാ എന്നയാൾ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു...."അഹ് എന്നിട്ടാ"..."എന്നിട്ട് എന്തോന്ന് നമ്മൾ എന്നും വന്നു ചോറും തിന്നിട്ടു പോകും... അങ്ങനെ ഒരു വെള്ളിയാഴ്ച നമ്മൾ അത് വഴി വന്ന്... നമ്മക്ക് മനസ്സിൽ ഈ പേടി കിടക്കയല്ലേ.. എന്നാലും ധൈര്യം സംഭരിച്ചു നടന്നു അത് വഴി കുറെ ചെന്നപ്പോ 'ശൂ ശൂ' എന്നാരോ പുറകെന്നു വിളിക്കുന്നപോലെ" 

 

ഇത്രേം പറഞ്ഞു അയാൾ മോനെ നോക്കി 

 

"പേടി ആവുന്നുണ്ടോ മക്കൾക്ക്‌..? "...

"കൊഴപ്പം ഇല്ല "... "പറ എന്നിട്ട് " 

 

"ഹെഹെ... അങ്ങനെ  അവിടെ നിന്നു ചുറ്റും നോക്കി അവിടെ ഒന്നും ആരേം കാണാൻ ഇല്ല...അമ്മള്  വരണ വഴിയിൽ മൊത്തം പുറുത്തി കാട് പിടിച്ചു കിടക്കെയാണ് അതിന്റെ ഇടയിൽ നിന്നു ആണ് ശബ്ദം കേട്ടത്.. അമ്മള്  അങ്ങോട്ട് പോയി നോക്കി അവിടെ പുറുത്തി കാടിന്റെ ഇടയിൽ ഒരു നിഴൽ...നോക്കിയപ്പോ പെൻസിൽ ന്റെ പകുതി പൊക്കം ഉള്ള ഒരു സ്ത്രീ....അമ്മള്  ഓടി.. അപ്പൊ പുറകെന്ന്  "മക്കളേ നിങ്ങൾ പേടിക്കണ്ട ഞാൻ നോക്കിയിരിക്കുന്ന ആള് ഇനി വരെ ഉള്ളൂ.. പേടിക്കാതെ വീട്ടിൽ പോ.. എന്നെ കണ്ട കാര്യം ആരോടും പറയല്ലേ" എന്ന്  പറയണ്  അമ്മളക്ക നല്ലോണം പേടിച്ച്..പിന്നെ ഓട്ടം ഒന്നുല്ല പയ്യ നടന്നു വീട്ടിൽ പോയി... ഇതു വരെ അച്ഛൻ ഇതു ആരോടും പറഞ്ഞിട്ടില്ല കേട്ടാ".. 

 

"അപ്പൊ ഇപ്പൊ പറഞ്ഞതാ " 

 

"അത് മക്കളോട് അല്ലെ കുഴപ്പം ഇല്ല യക്ഷി അതൊക്കെ മറന്നു കാണും" 

 

"കൊച്ചിന്റടുത്തു ആയതു കൊണ്ട് പേടിക്കണ്ട എന്തര് വേണമെങ്കിലും തള്ളി വിടാലോ" കണ്ണടച്ച് കിടന്ന ഭാര്യയുടെ ശബ്ദം കേട്ടു അയാൾ ചിരിച്ചു 

 

"അപ്പൊ നീ ഉറങ്ങിയില്ലേ കഥയും കേട്ടു കിടക്കേണ... ഇതൊക്കെ അമ്മൾക്കു കൊച്ചിലെ ഉള്ള അനുഭവങ്ങളാ നിനക്ക് എന്തര് അറിയാം... ഉറങ്ങിയില്ലെങ്കിൽ പോയൊരു കട്ടൻ ഇട്ടോണ്ട് വാ" 

 

"എനിക്ക് ഇനി വയ്യ" 

 

"എങ്കിൽ ഞാൻ തന്ന പൊക്കോളാം.. എനിക്ക് വെള്ളം കുടിക്കണമെങ്കിൽ ഞാൻ തന്ന പോണമല്ലോ.." അയാൾ മോനോട് ഇപ്പൊ വരാം എന്ന് ആംഗ്യം കാണിച്ചു എഴുനേറ്റു അടുക്കളയിലേക്ക് പോയി, മനസ്സിൽ നിറയെ യക്ഷി ആയിരുന്നു... അയാൾ ഓരോന്ന് പിറുപിറുക്കുകയായിരുന്നു 

 

"ഇത്രേം കാലം ആയില്ലേ ഇനി ഇതു വെളിയിൽ പറഞ്ഞാലും കുഴപ്പം കാണില്ല.. വലിയണ്ണൻ അന്ന് പറഞ്ഞു കൊച്ചുങ്ങളെ യക്ഷി ഒന്നും ചെയ്യൂല്ലെന്നു അതാണ്‌ അമ്മളെ അന്ന് കൊന്നു തിന്നാത്തത്..അഹ് എന്തേലും ആയിക്കോട്ട്.." 

 

ഓരോന്ന്  പറഞ്ഞു കൊണ്ട് അയാൾ അടുക്കളയിൽ പോയി ഒരു  കുപ്പിയിൽ വെള്ളം എടുത്തു മുറിയിലേക്ക് നടന്നു മുറിയുടെ വാതിലിന്റെ മുന്നിലെത്തിയപ്പോൾ കറന്റ്‌ പോയി... 

 

"അല്ലെങ്കിലേ മനുഷ്യൻ ഓരോന്ന് ആലോചിച്ചു പേടിച്ചു ഇരിക്കണു അപ്പഴാണ് പുല്ല് കറന്റ്‌ "... 

 

അയാൾ ഇരുട്ടിൽ ചുവരിലൂടെ കയ്യോടിച്ചു വാതിൽ അന്വേഷിച്ചു... 

 

"ഈ ഡോർ ഇതു എവിടെ ഇരിക്കണ" 

 

ചെവിയുടെ പിന്നിൽ തണുത്ത കാറ്റു വീശുന്നത് പോലെ അയാൾക് അനുഭവപ്പെട്ടു അയാൾ അവിടെനിന്ന്... "എടിയേയ് ആണ് ഫോൺ എടുത്തോണ്ട് വാ ഇങ്ങോട്ട് "... എന്ന്  ഭാര്യയോട് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു പക്ഷെ ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല.. അയാൾ ധൃതി പെട്ടു അവിടെ മുഴുവൻ പരതി ഒടുവിൽ ഡോർ കിട്ടി.. അയാൾ ഡോർ തുറന്നു.. അകത്തു ഇരുട്ട് അയാൾ ഇരുട്ടിൽ തപ്പി തടഞ്ഞു കട്ടിൽ കണ്ടെത്തി കിടന്നു..."ഹോ പേടി... ഇങ്ങനെ ഉണ്ടോ പേടി.. കറന്റ്‌ പോയപ്പോ പേടിച്ചു പോയി കേട്ടാ.. " അയാൾ ഭാര്യയോട് പറഞ്ഞു... കുറച്ചു സമയം ഇക്കാര്യം ആലോചിച്ചു കിടന്നു അയാൾ ഉറക്കത്തിലേക്ക് വഴുതി വീണു .. 

 

മുറിയിൽ ഇപ്പോളും  തണുത്ത കാറ്റു നിറഞ്ഞു നില്കുന്നത് അയാൾക് അറിയാം ഉറങ്ങാതെ കണ്ണുകൾ  തുറന്നു അയാൾ എണീറ്റ് ഇരുന്നു.. 

 

ശൂ ശൂ.....ശൂ ശൂ.... 

 

പിന്നിൽ നിന്നു ശബ്ദം കേട്ടു അയാൾ വിളറി വിയർത്തു, അയാൾ മെല്ലെ തല തിരിച്ചു പിന്നോട്ട് നോക്കി... ഉറങ്ങി കലങ്ങിയ കണ്ണും  തള്ളിപ്പിടിച്ചു ഭാര്യ അയാളെ തന്നെ നോക്കിയിരിക്കുന്നു.... 

 

"എന്താ... എന്താടീ " അയാൾ ഭയത്തോടെ ചോദിച്ചു 

 

"എന്തിനാ അത് പറഞ്ഞത്.... ആരോടും പറയരുതെന്ന് പറഞ്ഞതല്ലേ..." 

 

ഭാര്യയുടെ ചോദ്യം കേട്ടു അയാൾ പേടിച്ചു 

 

"അത് മോൻ... അപ്പൊ ഓർമവന്നു... ക്ഷമിക്കണം.." അയാൾ വിറച്ചു കൊണ്ട് പറഞ്ഞു 

 

"എനിക്ക് സമാധാനം തരൂല്ലെന്നു വല്ല വഴിപാടും ഒണ്ടാ... ഉറങ്ങാനും സമ്മതിക്കൂല എണീറ്റിരുന്നു ഓരോ പ്രാന്തുകൾ പറഞ്ഞോളും.. പേടി ആണെങ്കിൽ അങ്ങനെ ഇരിക്കണം അല്ലാതെ കൊച്ചിനെ  കാണിക്കാൻ ധൈര്യം കാണിക്കല്ല്... ഉറങ്ങുന്നില്ലെങ്കിൽ വായും വെച്ച് ചുമ്മാ ഇരി.... ബാക്കി ഉള്ളവര് ഒറങ്ങട്ട്..." 

 

ചമ്മിയ ഒരു ചിരിയോടെ അയാൾ പുതപ്പു തലവഴി  പുതച്ചു കിടന്നു... 

 

"യക്ഷി ആയിരുന്നു ഭേദം "