Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  ഭാനുവും കള്ളനും

Vishnulal Sudha

ENVESTNET

ഭാനുവും കള്ളനും

കള്ളൻ. ഇനിയുള്ള വിവരണങ്ങളിൽ തന്റെ പേരിനോടൊപ്പം ചാർത്തിത്തരുന്ന വിശേഷണം തെല്ല് ആശങ്കയോടെ തന്നെ കുഞ്ഞനാശാരി തിരിച്ചറിഞ്ഞിരുന്നു. പൂർവ്വികർ ചെയ്തിരുന്ന ജോലിയിൽ നിന്നും സമൂഹം കല്പിച്ചു തന്ന ജാതിപേരിനിമുതൽ… ഈ രാത്രി മുതൽ… പുതിയ വിളിപ്പേരിന് വഴി മാറും. ഒരു പക്ഷെ തന്റെ വരും തലമുറയ്ക്ക് ഭാരമായി തോന്നിയേക്കാവുന്ന പുതിയൊരു ജാതി. കള്ളൻ.

 

അമ്പലകുളത്തിനരുകിലെ പൂത്ത തൊട്ടാവാടി ചെടികൾ ചവുട്ടി ഞെരുക്കിയിരുന്നു മൂത്രമൊഴിക്കുന്നതിനിടയിൽ കുഞ്ഞൻ വീണ്ടും ഭാനുവിനെ ഓർത്തു. പളുങ്കു മണികൾ പോൽ കണ്ണും നിതംബം മറയുമാറ് കറുത്ത മുടിയിഴകളും ഇറുകിയുറച്ച ഇടുപ്പും പരസ്പരം കലഹിച്ചു അകന്നു മാറിയ മാറുകളുമുള്ള അവളെ അവൻ വേളി ചെയ്തു കൊണ്ട് വന്നപ്പോൾ തുറന്നു നിന്ന വാ വട്ടങ്ങളും തുറിച്ചു നിന്ന കണ്ണുകളും ഇന്നും കുഞ്ഞനോർമ്മയുണ്ട്. അവളുടെ നിറം ഗോതമ്പുപോലെന്ന് ശ്രീദേവി തമ്പ്രാട്ടി പറഞ്ഞിരുന്നു. പക്ഷെ പുലർവെട്ടത്തിൽ തങ്കത്തിന്റെ നിറവും നിലാവിൽ ആളുന്ന തീയുമായാണ് കുഞ്ഞന് തോന്നിയിട്ടുള്ളത്. നിലാവ് മായ്ഞ്ഞു കിടന്നുറങ്ങുമ്പോൾ ഒലിച്ചിറങ്ങി ഒഴുകി നീങ്ങുന്ന നീർച്ചാഴിൽ കെടാതെ കത്തി തേങ്ങുന്ന ആ വെളിച്ചം കുഞ്ഞൻ കണ്ടിരുന്നില്ല. ആ തീയുടെ ചൂട് കുഞ്ഞനെക്കാൾ കൂടുതൽ തിരിച്ചറിഞ്ഞത് ദാസപ്പനാണ്. 

 

ദാസപ്പൻ ശക്തനാണ്. അരയിൽ ഒളിച്ചിരുന്നുറങ്ങുന്ന അവന്റെ കത്തി, ഉണർന്നപ്പോഴൊക്കെ ചുവന്നു കറപിടിക്കുമായിരുന്നു. ദാസപ്പന് കുഞ്ഞനെ വല്യ കാര്യമാണ്. എന്നും രാത്രി കുഞ്ഞന് ബോധം പോകുവോളം കുടിക്കാനും കഴിക്കാനും വാങ്ങി നൽകുക ദാസപ്പനാണ്. കുടിച്ചു ചർദ്ദിച്ച്  ബോധം പോകുന്നതിനിടയിൽ കുഞ്ഞനന്നു ദാസപ്പനോട് ഭാനുവിന് മീൻകറിയോടുള്ള ആസക്തി പറഞ്ഞിരുന്നു. പിന്നൊരിക്കലെപ്പഴോ ഷാപ്പിലെ മീൻകറി തീർന്നുപോയെന്നു പറഞ്ഞതിന് ദാസപ്പൻ കുഞ്ഞാപ്പിയുടെ ചെകിടത്തടിച്ചതും നക്ഷത്രങ്ങളെ നോക്കി ഭാനുവിനിപ്പോൾ ചെങ്കല്ലിന്റെ നിറമാണെന്നു പറഞ്ഞതും കുഞ്ഞന്റെ മനസിന്റെ അടഞ്ഞു പോയ അദ്ധ്യായങ്ങളിൽ അടയാളപ്പെടുത്തിയിരുന്നു. 

 

അവസാന തുള്ളിയും ഒഴിച്ച് തീർന്നെന്നു രണ്ടാമതൊന്നുകൂടി ഉറപ്പു വരുത്തിയിട്ട് കുഞ്ഞൻ കയ്യിൽ പാതി കത്തിത്തീർന്നിരുന്ന ബീഡി ഒന്നൂടെ വലിച്ചു, പുകച്ചു, വലിച്ചെറിഞ്ഞു. ഉടുമുണ്ട് അഴിച്ചു മടക്കി തൊട്ടാവാടിക്കടുത്തു ചെളി പറ്റാത്തൊരിടത്തു വെച്ചു. അങ്ങിങ്ങായി ഒറ്റപെട്ടു നിന്നിരുന്ന നക്ഷത്രങ്ങളെ നാണിപ്പിക്കുംപോൽ അവന്റെ നഗ്ന ശരീരം ഇരുട്ടിൽ അലിഞ്ഞില്ലാതായി. ഭാനുവിന്റെ നിറം കിട്ടാത്തതിൽ പലവട്ടം തോന്നിയിട്ടുള്ള പരിഭവം കുഞ്ഞന് ഇപ്പോൾ തോന്നിയില്ല. കുളത്തിനരികിലെ തൊട്ടാവാടിച്ചെടികൾക്കു മുകളിലൂടെ അവൻ നടന്നു നീങ്ങി. വിണ്ടു കീറിയ അവന്റെ പാദങ്ങളെ അലോസരപ്പെടുത്താൻ തൊട്ടാവാടി ദംഷ്ട്രകൾക്കോ അതിനിടയിൽ ഒളിച്ചിരുന്ന കല്ലുകൾക്കോ കള്ളിമുൾ ചെടികൾക്കോ പറ്റുമായിരുന്നില്ല. കാരണം കുഞ്ഞനെ നോവിക്കാൻ ഭാനുവിനെ കഴിയുമായിരുന്നുള്ളൂ.

 

മീൻ പൊരിക്കുന്ന മണം തട്ടിയുണർത്തിയതുകൊണ്ടാണ് കുഞ്ഞനന്നു നേരത്തെ എണീറ്റത്. ഉച്ചവെളിച്ചം തെല്ല് ഭയപെടുത്തിയെങ്കിലും പതിവില്ലാതുള്ള മണത്തെ പറ്റി തിരക്കാൻ കുഞ്ഞൻ മറന്നില്ല. വൈകിയാണെങ്കിലും ഭാനുവിന്റെ പിറന്നാളാണന്നു എന്ന് മനസിലാക്കിയ കുഞ്ഞൻ ചാപ്പന്റെ കടയിലേക്ക് നടന്നു. പിറന്നാൾ സമ്മാനമായി ഭാനുവിന് കണ്മഷി വാങ്ങണം. വിടർന്ന കണ്ണുകളിൽ കറുത്ത കണ്മഷിയുമായി ഇന്ന് നിലാവ് പെയ്തൊഴിയുന്നതോർത്തു അവന്റെ ഉള്ളിലെ പുരുഷനു തിടുക്കമായി. ചാപ്പനോട് കടം പറഞ്ഞു കണ്മഷി വാങ്ങി കുഞ്ഞൻ വീട്ടിലേക്കോടി. ദാസപ്പന്റെ കൂടെ കൂടിയേ പിന്നെ ആരും കുഞ്ഞന് കടം കൊടുക്കാതിരുന്നിട്ടില്ല. 

 

വീടിനു മുന്നിലത്തെ വാഴച്ചോട്ടിൽ വലിച്ചെറിഞ്ഞ വാഴയിലയിലെ എച്ചിൽ അപ്പുറത്തെ നാണിയുടെ നായ നമ്രമുഖനായി നിന്ന് തിന്നുന്നത് കണ്ടപ്പോഴേ വിരുന്നിനാരോ വന്നെന്നു കുഞ്ഞനുറപ്പായി. പിണങ്ങി പോയ അവളുടെ വല്യമ്മയല്ലാതെ വിരുന്നു വരാൻ ആരുമില്ലാത്തോണ്ട് ശങ്കിച്ച കാൽ വെയ്പോടെയാണ് കുഞ്ഞനകത്തു കയറിയത്. അരികത്തായി നിവർത്തി വെച്ച നൂല് പൊട്ടിയ പായിൽ പൊടിഞ്ഞു വീണ മീൻ മുള്ളുകളിൽ ചോണനുറുമ്പുകൾ വന്നു മൂടിയിരുന്നു. കുഞ്ഞന്റെ ഹൃദയമിടുപ്പ് കൂടിക്കൊണ്ടിരുന്നു. അടുക്കള വാതിൽ പടിയിലിരുന്നു അവന്റെ കാൽപ്പെരുമാറ്റം കേട്ട ഭാനു മീൻ ചട്ടി കഴിവുന്നതിനിടയിൽ തല ഉയർത്തി നോക്കി.

 

“ദാസപ്പേട്ടൻ വന്നിരുന്നു. ഇവിടന്നാ ഉണ്ടേ. എന്നേം കൂടെ ഇരുത്തി ഉണ്ണിച്ചു. തങ്കത്തിന്റെ ഒരരഞ്ഞാണം സമ്മാനവും തന്നു.”

 

ചാമ്പൽ ചകിരിയിൽ തേച്ചു മീൻ ചട്ടി തേവുന്നതിനിടയി ഭാനു പറഞ്ഞ ആ വാക്കുകൾ കേട്ട് അവന്റെ കൈ മുതൽ പാദം വരെ തണുത്തുറഞ്ഞു. തേകിയ മീൻ ചട്ടി കമിഴ്ത്തി അടുപ്പിനരികിൽ വെച്ച് അഴയിൽ തൂക്കിയിരുന്ന തുണിയെടുത്തു മാക്സിയ്ക്കു മുകളിലൂടെ ഇട്ടിട്ടു അവൾ പുറത്തേക്കിറങ്ങി.

 

“ദേഹമാസകലം വിയർപ്പായിരുന്നു. ദാസപ്പേട്ടൻ എന്ത് വിചാരിച്ചു കാണുമോ എന്തോ. ഞാനാ ചാപ്പന്റെ കടയിൽ പോയി ഒരു കുളി സോപ്പ് വാങ്ങിയിട്ട് വരാം. അരഞ്ഞാണം ഇട്ടേക്കുന്നതു കാണാൻ വൈകിട്ട് വരാമെന്നാ പറഞ്ഞേക്കുന്നതു.”

 

മുന്നോട്ടു നീങ്ങിയ ഭാനു എന്തോ ഓർത്തിട്ടെന്നോണം ഒന്ന് നിന്ന്. തിരിഞ്ഞവന്റെ കണ്ണുകളിൽ നോക്കി തുടർന്നു.

 

“വൈകിട്ട് നേരത്തെ പൊയ്ക്കോണം. വെറുതെ ദാസപ്പേട്ടനെ കാണാൻ നിക്കണ്ട.”

 

അവൾ നടന്നു നീങ്ങുന്നതും നോക്കി കുഞ്ഞൻ നിന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. നൂല് പൊട്ടിയ പായിൽ അവൻ കമിഴ്ന്നു കിടന്നു. അതിലപ്പോഴും പൊരിച്ച മീനിന്റെ ഗന്ധമുണ്ടായിരുന്നു. അവൻ കൈകൾകൊണ്ട് വാ പൊത്തി കരഞ്ഞു. അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകിയപ്പോൾ അവനു വല്ലാതെ വേദനിച്ചു. ഇടയ്ക്കെപ്പോഴോ അവൻ ഉറങ്ങി.

 

കാക്കകൾ ചേക്കേറുന്ന ശബ്ദകോലാഹലം കേട്ടാണ് അവൻ എണീറ്റത്. നടന്നതെല്ലാം വെറും ഭ്രമമാകണേ എന്നവൻ ആശിച്ചു. എന്നാൽ മുല്ല മൊട്ടു ചൂടി സെറ്റ് സാരി ചാർത്തി കണ്ണുകളിൽ കണ്മഷിയെഴുതുന്ന ഭാനുവിനെ കണ്ടപ്പോൾ അവൻ വീണ്ടും വിങ്ങി പൊട്ടി. തന്നെയൊന്നു നോക്കുക പോലും ചെയ്യാത്ത അവളെ കണ്ടു നിൽക്കാനാവാതെ അവൻ പുറത്തേക്കിറങ്ങി. ദാസപ്പൻ അപ്പോഴേക്കും വാതിക്കലെത്തിയിരുന്നു. 

 

“നീ വല്ലോം കഴിച്ചോ.” 

 

ദാസപ്പൻ ജിജ്ഞാസയോടെ തിരക്കി. കുഞ്ഞൻ വിറയാർന്ന ചുണ്ടുകളുമായി അവനെ നോക്കി നിന്നു. 

 

“ഷാപ്പിൽ പോയി കഴിച്ചോ. കാശ് ഞാൻ കൊടുത്തോളാം.”

 

അവന്റെ  തോളിലൊന്ന് തട്ടിയിട്ട് ദാസപ്പൻ അകത്തേക്ക് കയറി. വാതിൽ തുറന്നു കിടന്നിരുന്നെങ്കിലും അവനു തിരിഞ്ഞു നോക്കാൻ ശക്തി ഇല്ലായിരുന്നു. ദൂരെയായി നാണിയുടെ നായ മിച്ചം വെച്ച എച്ചിലിലേക്കവന്റെ കണ്ണുകളെത്തി. മീൻ മുള്ളുകൾ അതിലപ്പോഴും ബാക്കിയുണ്ടായിരുന്നു. പുറത്തേക്കു നീളുന്ന വഴി അവൻ കുറെ നേരം നോക്കി നിന്നു. കാലുകൾക്കു മുന്നോട്ടു പോകാനുള്ള ശേഷിയില്ലാതായെന്നു അവനു തോന്നി. അവനു വിശപ്പോ ദാഹമോ തോന്നിയില്ല. താങ്ങാനാവാത്ത വിഷമങ്ങൾ വരുമ്പോൾ എന്നുമവനാശ്രയം കുന്നോത്ത് കാട്ടിൽ ദേവിയാണ്. പെറ്റമ്മ മരിച്ചപ്പോഴും അച്ഛൻ വേറെ സംബന്ധം തേടി പോയപ്പോഴുമൊക്കെ അവൻ പോയത് അവിടെയാണ്.

 

ദേവിയെ കണ്ടവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞെഞ്ചിനുള്ളിലെ നീറ്റൽ പതഞ്ഞു പുറത്തേക്കു നുരഞ്ഞിറങ്ങി. മെലിഞ്ഞുണങ്ങിയ ശരീരവും ഇരുണ്ട നിറവും പാതിയുറങ്ങിയ മനസും തന്ന ദേവിയോട് ആദ്യമായി അവൻ നന്ദി പറഞ്ഞത് ഭാനുവിനെ അവനു കിട്ടിയപ്പോഴാണ്. ആ ഭാനുവിനെയും തിരിച്ചെടുക്കുവാണോ എന്ന് ചിന്തിച്ചവൻ വിങ്ങി പൊട്ടി. യവനികയ്ക്കു പിന്നിൽ നിന്ന് കഥയെഴുതി ആട്ടമൊരുക്കിയവനോട് ആട്ടമാടി കല്ലേറ് ഏറ്റുവാങ്ങിയ ആട്ടക്കാരന്റെ രോക്ഷം മുള പൊട്ടി. അവൻ രൂക്ഷമായി ദേവിയെ നോക്കി. മെല്ലെ അവന്റെ നോട്ടം ദേവിയെ അണിയിച്ചൊരുക്കിയിരിക്കുന്ന ആടയാഭരണങ്ങളിലേക്കു വഴുതി മാറി. തങ്കത്തിൽ പൊതിഞ്ഞ ആ വിഗ്രഹത്തിൽ തങ്ക അരഞ്ഞാണവും ചാർത്തി ദാസപ്പന്റെ മാറിൽ മയങ്ങുന്ന ഭാനുവിനെ അവൻ കണ്ടു. അതുപോലെ നൂറോളം അരഞ്ഞാണങ്ങൾ പണിയാൻ കഴിയുന്ന ദേവിയുടെ ആടയാഭരണങ്ങൾ കൊതിയോടെ അവൻ നോക്കി. അവന്റെ കണ്ണുകൾ തിളങ്ങി.തങ്ക അരഞ്ഞാണത്തിനായി ദാസപ്പനു ഊണൊരുക്കിയ ഭാനു തിരിച്ചു വരണമെങ്കിൽ അതുപോലെ നൂറ് അരഞ്ഞാണങ്ങൾ പണിയാൻ തനിക്കു പറ്റണം. അവൻ തീരുമാനമെടുത്തിരുന്നു.

 

മോഷ്ടിച്ച മുതലുമായി അധികനേരം ഇവിടാവില്ല. എത്രയും പെട്ടെന്ന് ഭാനുവുമായി എങ്ങോട്ടെങ്കിലും പോകണം. ദാസപ്പൻ ഒരിക്കലും എത്തിപ്പെടാത്ത എങ്ങോട്ടെങ്കിലും.

കുളത്തിനോട് ചേർന്ന അമ്പല മതിലിൽ വലിഞ്ഞു കയറുമ്പോൾ കുഞ്ഞൻ അത് ഉറപ്പിച്ചിരുന്നു. മതിലിനു മുകളിലൂടെ കുറച്ചു നടക്കണം. പക്ഷെ കാൽ  വഴുതിയാൽ നേരെ കുളത്തിലാവും വീഴുക. നീന്താനറിയാത്ത കുഞ്ഞന് വല്ലാത്ത പേടി തോന്നി. അവൻ മതിലിലിരുന്ന ശേഷം ഇഴഞ്ഞു മുന്നോട്ടു നീങ്ങി. അവന്റെ തുടയും പൃഷ്ഠവും ലിംഗാഗ്രവുമൊക്കെ കൽമതിലിലെ കൂർത്ത മുനകളിൽ ഉരഞ്ഞു മുറിഞ്ഞു. വേദന കടിച്ചമർത്തി അവൻ മുന്നോട്ട് നിരങ്ങി. ശ്രീകോവിലിനു പിൻവശത്തെത്തിയപ്പോൾ ഒരു കൈ കൊണ്ട് മതിലിൽ താങ്ങി അവൻ ശ്രീകോവിലിനു മുകളിലെക്കു എടുത്തു ചാടി. ചാട്ടത്തിന്റെ ശക്തിയിൽ അരയിലെ കറുത്ത ചരടിൽ കെട്ടി വെച്ചിരുന്ന കണ്മഷി തെറിച്ചു അവിടെവിടെയോ വീണു. കാലുകൾ പതിച്ച സ്ഥലത്തെ ഓടുകൾ പൊട്ടി അവൻ ശ്രീകോവിലിനകത്തേക്കു പതിച്ചു. നിലാവിൽ ദൂരെയെവിടെയോ ഇരുന്നു നക്ഷത്രങ്ങൾ അവനെ കാണുന്നുണ്ടായിരുന്നു.

 

കാൽ മുട്ടിടിച്ചു വീണ അവന്റെ ഉള്ളിൽ നിന്നും അലർച്ച അവിടമാകെ പ്രതിധ്വനിച്ചു. അവന്റെ വലത്തേ കാലു താഴെ കുത്താൻ അവനു കഴിയുന്നിലായിരുന്നു. പെട്ടെന്നുണ്ടായ തിരിച്ചറിവിൽ അവൻ കൈകൾ കൊണ്ട് വായ പൊത്തി പിടിച്ചു. അവനിലെ അലർച്ച നിശബ്ദതയുടെ മൂടുപടം ചാർത്തി എവിടെയോ മറഞ്ഞു. കുറച്ചു മാറി വിഗ്രഹത്തോടു ചേർന്ന് ഒരു വിളക്ക് അപ്പോഴും കത്തുന്നുണ്ടായിരുന്നു. അമ്പലമടച്ചിട്ടും വിളക്ക് കെടുത്താത്തതിൽ അവനു കൗതുകവും ആരെങ്കിലും അവിടുണ്ടോ എന്ന പരിഭ്രമവും  ഉടലെടുത്തു. ചുറ്റുപാടും നോക്കി അവിടാരും ഇല്ലെന്നു അവൻ ഉറപ്പു വരുത്തി. വിറച്ച കാൽവെയ്പുകളോടെ അവനാ വിഗ്രഹത്തിനടുത്തേക്കു നടന്നു. 

 

അവിടെ കണ്ട കാഴ്ച്ച അവനെ സ്തബ്ധനാക്കി. വിഗ്രഹത്തിലെ ആഭരണങ്ങൾ കാണ്മാനില്ല. ശ്വാസമെടുക്കാനാകാതെ, തളർന്ന ശരീരവുമായി അവനവിടെ ഇരുന്നു. ശ്രീകോവിൽ പൂട്ടി പോയ തിരുമേനി ആഭരണം കൊണ്ട് പോകുമെന്ന കാര്യം അവനറിവില്ലായിരുന്നു. അവൻ ഭ്രാന്തനെ പോലെ അവിടമാകെ പരതി. അവന്റെ വലത്തേ കാൽ ഒടിഞ്ഞിരുന്നു. ശരീരത്തിന്റെ അവിടിവിടങ്ങളിലായി രക്തം പൊടിയുന്നുണ്ടായിരുന്നു. പരതി നിരാശനായപ്പോൾ അവൻ അവിടെ തളർന്നിരുന്നു. അവൻ തേങ്ങി കരയുവാൻ തുടങ്ങി. എല്ലാം നഷ്ടപെട്ട അവൻ തോൽവി സമ്മതിച്ചിരുന്നു.

 

എത്ര നേരം അവൻ അങ്ങനെ ഇരുന്നെന്നു അറിയില്ല. നേരം പുലരാറായതുപോലെ അവനു തോന്നി. അവൻ പയ്യെ എഴുന്നേറ്റു പുറത്തേക്കു പോകുവാനൊരുങ്ങി. പെട്ടെന്ന് എന്തോ ആലോചിച്ചെന്ന പോലെ അവൻ നിന്നു. വിഗ്രഹം മോക്ഷ്ടിക്കുന്ന കള്ളന്മാരെ കുറിച്ച് അവൻ കേട്ടിട്ടുണ്ട്. പക്ഷെ വിഗ്രഹം ആർക്കാണ് വിൽക്കേണ്ടതെന്നും എത്ര കാശ് കിട്ടുമെന്നും അവനറിയില്ല. ഇന്ന് തന്നെ ഭാനുവിനെയും കൊണ്ട് ഇവിടുന്നു പോകണം. അവളെ എങ്ങനെയും പറഞ്ഞു സമ്മതിപ്പിക്കണം. ജീവിക്കാൻ കാശ് വേണം. അതിനു ദേവി എന്റെ കൂടെ വേണം.

 

വിഗ്രഹത്തെ മാറോടു ചേർത്ത് അവൻ ആ പട്ടികയിൽ വലിഞ്ഞു കയറാൻ ശ്രമിച്ചു. നല്ല ഭാരമുള്ള കൽ വിഗ്രഹമായതുകൊണ്ടു തന്നെ അവനത്തിനു പറ്റിയില്ല. എന്ത് ചെയ്യണമെന്നറിയാതെ അവൻ ചുറ്റുപാടും നോക്കി. ഒരു നെടു വീർപ്പോടെ ദൂരെയായി ചുരുട്ടി ഒതുക്കി വെച്ചിരിക്കുന്ന കയർ അവൻ കണ്ടു. അവിടെ എന്തിനാണ് അങ്ങനെ ഒരു കയർ വെച്ചിരുന്നതെന്നു അവനു മനസിലായില്ല. പക്ഷെ ചോദ്യങ്ങൾ ചോദിക്കാൻ അവന്റെ മനസ്സ് വിസമ്മതിച്ചു. ദാസപ്പൻ പോയി കാണും. എത്രയും പെട്ടെന്ന് ഭാനുവിന്റെ അടുത്തെത്തണം.

 

അവൻ വിഗ്രഹത്തെ നെഞ്ചോട്‌ ചേർത്ത് വെച്ച് കെട്ടി. എന്നിട്ടു നീളമുള്ള ഒരു വിളക്കിന്റെ അരികിൽ ചവുട്ടി നിന്ന് പട്ടികത്തടിയുടെ മുകളിലേക്ക് വലിഞ്ഞു കയറി. അവിടുന്ന് മതിലിലേക്കു ചാടണം. പക്ഷെ കാൽ തെറ്റിയാൽ കുളത്തിൽ വീഴും. പക്ഷെ വേറെ വഴിയില്ല. താഴെ ഇറങ്ങിയാൽ ഈ വലിയ മതിൽകെട്ടിന് മുകളിൽ ഈ ഭാരവുമായി കയറാൻ ആവില്ലെന്നവനറിയാമായിരുന്നു. അവൻ ചാടി മതിലിലേക്കിരുന്നു. അവന്റെ വൃഷണങ്ങൾ ചതഞ്ഞു. അവൻ അലർച്ച കടിച്ചമർത്തി. കണ്ണുകളിൽ വേദന ഒലിച്ചിറങ്ങി. കുളത്തിൽ വീഴാതിരുന്നതിനു അവൻ നെഞ്ചോടു ചേർത്ത് കെട്ടിയിരുന്ന ദേവിയുടെ നെറുകയിൽ ചുംബിച്ചു. നേരം പുലരാൻ ഇനി അധിക സമയമില്ല. കവലകളിൽ ആളുകൾ ഇപ്പൊ വന്നു തുടങ്ങും. അവൻ വന്നതുപോലെ തിരിച്ചു നിരങ്ങാൻ തുടങ്ങി. പെട്ടെന്ന് ദൂരെയെവിടെയോ ഒരു നായുടെ കുര അവൻ കേട്ടു. അവന്റെ ഉള്ളിൽ പരിഭ്രാന്തി ഉടലെടുത്തു. അവൻ വേഗത കൂട്ടി. മതിലിനറ്റമെത്തിയപ്പോൾ ഒരു കയ്യിൽ താങ്ങി അവൻ ചാടാനാഞ്ഞു. പെട്ടെന്ന് അവന്റെ കയ്യിൽ മാംസളമായ എന്തോ തടഞ്ഞു. ഒരു നിമിഷത്തിൽ അവൻ തിരിച്ചറിഞ്ഞു അവൻ കൈ താങ്ങിയിരിക്കുന്നതു ഒരു ഓന്തിന്റെ നടുവിലായിരുന്നു. പെട്ടെന്നുണ്ടായ നടുക്കത്തിൽ അവന്റെ താളം തെറ്റി. അവൻ കുളത്തിലേക്ക് വീണു.

 

ഭാരമുള്ള വിഗ്രഹം അവനെ കുളത്തിന്റെ അടിത്തട്ടിലേക്ക് വലിച്ചുകൊണ്ടു പോയി. മുത്തശ്ശിക്കഥകളിൽ കേട്ടു മറന്ന കുളത്തിനകത്തെ കിണറിനെ അവൻ അറിഞ്ഞു തുടങ്ങിയിരുന്നു. 

 

കുറച്ചു നേരത്തിനുള്ളിൽ ശ്രീകോവിൽ വീണ്ടും തുറന്നു. വിശിഷ്ട ദിവസമായതുകൊണ്ടു തന്നെ അന്ന് കോവിലിൽ ആളുകൾ കൂടി. ആടയാഭരണങ്ങളിൽ അണിഞ്ഞൊരുങ്ങി നിന്ന ദേവിയെ എല്ലാരും കൺ കുളിർക്കെ കണ്ടു.

 

ഭാനുവിനെ ഉപേക്ഷിച്ചു നാടുവിട്ടുപോയ കുഞ്ഞനെ പിന്നെ ആരും കണ്ടിട്ടില്ല. ഒറ്റയ്ക്കായ ഭാനുവിനെ ദാസപ്പൻ കൂടെ കൂട്ടി.

 

ശ്രീകോവിലിനരികിൽ മതിലിനോട് ചേർന്ന് കിടന്ന കണ്മഷി ആരോ അവിടുന്നെടുത്തു പുറത്തേക്കെറിഞ്ഞു.